സുജിത്ത് വാസുദേവ് അഭിമുഖം: ആറ് ക്യാമറകളുടെ കാഴ്ചയില്‍ യുദ്ധരംഗം, മുന്‍പ് ചെയ്ത സിനിമകളേക്കാള്‍ മൂന്നിരട്ടി അധ്വാനം 

March 29, 2017, 5:48 pm
സുജിത്ത് വാസുദേവ് അഭിമുഖം: ആറ് ക്യാമറകളുടെ കാഴ്ചയില്‍ യുദ്ധരംഗം, മുന്‍പ് ചെയ്ത സിനിമകളേക്കാള്‍ മൂന്നിരട്ടി അധ്വാനം 
Celebrity Talk
Celebrity Talk
സുജിത്ത് വാസുദേവ് അഭിമുഖം: ആറ് ക്യാമറകളുടെ കാഴ്ചയില്‍ യുദ്ധരംഗം, മുന്‍പ് ചെയ്ത സിനിമകളേക്കാള്‍ മൂന്നിരട്ടി അധ്വാനം 

സുജിത്ത് വാസുദേവ് അഭിമുഖം: ആറ് ക്യാമറകളുടെ കാഴ്ചയില്‍ യുദ്ധരംഗം, മുന്‍പ് ചെയ്ത സിനിമകളേക്കാള്‍ മൂന്നിരട്ടി അധ്വാനം 

'ജെയിംസ് ആന്റ് ആലീസ്' എന്ന ആദ്യ സംവിധാന സംരംഭത്തിന് മുന്‍പുതന്നെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിയ ആളാണ് സുജിത്ത് വാസുദേവ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ്, ജീത്തു ജോസഫിന്റെ ദൃശ്യവും മെമ്മറീസും, നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി, ഏറ്റവുമൊടുവില്‍ ജയ് കെയുടെ ഹൊറര്‍ ത്രില്ലര്‍ എസ്ര എന്നിവ ശ്രദ്ധേയ വര്‍ക്കുകള്‍. ഇവ ഓരോന്നിനും അവയുടെ സ്വഭാവത്തിനനുസരിച്ചുള്ള പരിചരണം നല്‍കാനായി സുജിത്തിന്. ഇപ്പോള്‍ കരിയറില്‍ ആദ്യമായി ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന ഒരു വാര്‍ ഡ്രാമയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുകയാണ് അദ്ദേഹം. മേജര്‍ രവി-മോഹന്‍ലാല്‍ ടീമിന്റെ '1971: ബിയോണ്ട് ബോര്‍ഡേഴ്‌സാ'ണ് ചിത്രം. സുജിത്ത് വാസുദേവ് സംസാരിക്കുന്നു.

ത്രില്ലര്‍, ഹൊറര്‍, ഹ്യൂമര്‍ വിഭാഗത്തിലുള്ള സിനിമകളൊക്കെ ചെയ്തുകഴിഞ്ഞു. ആദ്യമായാണ് ഒരു വാര്‍ ഡ്രാമ. അതും ഉയര്‍ന്ന സ്‌കെയിലിലുള്ള ഒന്ന്, മേജര്‍ രവിക്കും മോഹന്‍ലാലിനുമൊപ്പം?

മേജര്‍ രവിയുടെ ആദ്യസിനിമ കാണുമ്പോള്‍ത്തന്നെ ഏതെങ്കിലും സമയത്ത് ഒരു വാര്‍ ഫിലിം ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. അത്തരം സിനിമകളോട് താല്‍പര്യമുള്ള ഒരാളാണ് ഞാന്‍. ‘സേവിംഗ് പ്രൈവറ്റ് റ്യാനും’ ‘ദി തിന്‍ റെഡ് ലൈനു’മൊക്കെ വളരെ ആവേശത്തോടെ കണ്ടിരുന്നിട്ടുണ്ട്. 1971: ബിയോണ്ട് ബോര്‍ഡേഴ്‌സിലേക്ക് വന്നപ്പോള്‍ ഇവിടുത്തെ സിനിമാപ്രേമികള്‍ സ്വീകരിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം. മിലിട്ടറി പശ്ചാത്തലത്തില്‍ വരുന്ന സിനിമയില്‍ പഴയ കാലഘട്ടം പുനരാവിഷ്‌കരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇത്തരത്തിലൊന്ന് മലയാളത്തില്‍ മുന്‍പ് വന്നിട്ടില്ല. സൈന്യത്തിന്റെ ഉപയോഗത്തില്‍ ഇപ്പോഴില്ലാത്ത ആയുധങ്ങളും മറ്റുപകരണങ്ങളുമൊക്കെ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ കുറേയൊക്കെ യഥാര്‍ഥ കാലഘട്ടത്തിലേതുതന്നെ സംഘടിപ്പിക്കാനായി. അതല്ലാതെയുള്ളവ ഗ്രാഫിക്‌സ് ഉപയോഗിച്ച് പഴയകാലത്തിലേക്ക് മാറ്റി. പ്രേക്ഷകര്‍ക്ക് ഒരു പുതിയ കാഴ്ചാനുഭവമായിരിക്കും 1971. മോഹന്‍ലാലിന്റെ മൂന്ന് തരത്തിലുള്ള അപ്പിയറന്‍സ് ഉണ്ട് ചിത്രത്തില്‍. മേജര്‍ മഹാദേവന്റെ രണ്ട് കാലവും മഹാദേവന്റെ അച്ഛന്‍ സഹദേവനും.

1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് 
1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് 

എന്തൊക്കെയായിരുന്നു തയ്യാറെടുപ്പുകള്‍?

ചിത്രീകരണത്തിന് മുന്നോടിയായി ലാല്‍സാര്‍ കുറേ സിനിമകള്‍ എനിക്ക് കാണാന്‍ തന്നിരുന്നു. മറ്റ് ചില സിനിമകളും ഞാന്‍ കണ്ടിരുന്നു. ഒരു നല്ല ഹോംവര്‍ക്കിന് ശേഷമാണ് 1971ലേക്ക് കടന്നത്. സിനിമയിലെ എല്ലാ വിഭാഗങ്ങളും വിശേഷിച്ച് ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച ഹോംവര്‍ക്ക് നടത്തിയിരുന്നു. 71 കാലഘട്ടം സ്‌ക്രീനില്‍ വിശ്വസനീയമായി എത്തിക്കേണ്ടതുണ്ടല്ലോ? കൃത്യമായ പ്ലാനിംഗും രൂപരേഖയും തയ്യാറാക്കിയിരുന്നു ചിത്രീകരണത്തിന് മുന്‍പ്. കഴിയുന്നതിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. ഇനി പ്രേക്ഷകര്‍ കണ്ട് പറയട്ടെ.

‘1971’ന്റെ ചിത്രീകരണത്തില്‍ ഛായാഗ്രാഹകന് മാത്രമായി അഭിമുഖീകരിക്കേണ്ടിയിരുന്ന പ്രതിബന്ധങ്ങള്‍ എന്തൊക്കെയായിരുന്നു? ഒരുപാട് അഭിനേതാക്കള്‍, യുദ്ധരംഗങ്ങള്‍, ഒപ്പം മലയാളത്തിന്റേതായ പരിമിതികളും?

ചിത്രീകരണം പ്ലാന്‍ ചെയ്തതും പൂര്‍ത്തിയാക്കിയതും നാല്‍പത് ദിവസം കൊണ്ടാണ്. ശരിക്കും എണ്‍പത് ദിവസമെടുത്ത് ചിത്രീകരിക്കേണ്ട സിനിമയാണിത്. പക്ഷേ അങ്ങനെ ചെയ്താല്‍ മലയാളത്തിന് താങ്ങാനാവാത്ത ഒരു ബജറ്റിലേക്ക് സിനിമ പോകും. അത്രയും അഭിനേതാക്കളും സാങ്കേതികോപകരണങ്ങളും വൈവിധ്യമാര്‍ന്ന ലൊക്കേഷനുകളുമൊക്കെയുള്ള ഒരു ചിത്രം. 40 ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയിട്ടുതന്നെ മലയാളത്തിന്റെ നോര്‍മല്‍ ബജറ്റിന് മുകളിലാണ് ചിത്രം. പ്ലാന്‍ ചെയ്ത ദിവസത്തിനകം ചിത്രീകരണം നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടിയിരുന്നു. അതിനുള്ള വഴികളെക്കുറിച്ച് ആലോചിച്ചിരുന്നു. റെഡിന്റെ മൂന്ന് ക്യാമറകളായിരുന്നു ചിത്രീകരണത്തിന്. രണ്ട് ‘ഡ്രാഗണും’ ഒരു ‘എപിക്കും’. എല്ലാ ആക്‌സസറീസോടും കൂടിയതായിരുന്നു ഈ മൂന്ന് ക്യാമറകളും. ഒപ്പം എന്റെ പക്കലുണ്ടായിരുന്ന രണ്ട് ഗോപ്രൊ, ഓസ്‌മോ ക്യാമറകളും. ഒരു ഹെലിക്യാമും. എല്ലാം ചേര്‍ത്ത് ആറ് ക്യാമറകള്‍ ഷൂട്ടിംഗിന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട്. ചിലത് ഹൈഡ് ചെയ്താണ് ഉപയോഗിച്ചത്. സമയം എന്നത് പ്രധാന ഘടകമായിരുന്നതിനാല്‍ ചിത്രീകരണം വളരെ ബുദ്ധിപൂര്‍വ്വം നടപ്പാക്കേണ്ട ഒന്നായിരുന്നു. മൊത്തം ക്രൂവിന്റെ സഹകരണം ഇതിനായി ഒപ്പമുണ്ടായിരുന്നു. 40 ദിവസംകൊണ്ട് പൂര്‍ത്തീകരിക്കാനായത് അതുകൊണ്ടാണ്.

ചിത്രത്തിലെ പ്രധാന വാര്‍ സീക്വന്‍സ് എന്നത് രാത്രിയ്‌ക്കൊപ്പം ആരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെവരെ നീണ്ടുനില്‍ക്കുന്ന ഒന്നാണ്. ഒരു രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന യുദ്ധം. കാണുന്നവര്‍ക്ക് ഇത് ഫീല്‍ ചെയ്യണമല്ലോ? പുലര്‍ച്ചെ മൂന്നുമണിക്ക് ഉണര്‍ന്ന് നാല് മണിക്ക് റൂമില്‍ നിന്നിറങ്ങി, അഞ്ചരയ്ക്ക് ലൊക്കേഷനിലെത്തി, പ്രകാശം പൊന്തിവരുന്ന ആ സമയത്തൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. മിക്ക അഭിനേതാക്കളും ഭാഗഭാക്കാവുന്ന രംഗങ്ങള്‍. ഒരു പരാതിയുമില്ലാതെ അവരൊക്കെ സഹകരിച്ചതുകൊണ്ടുകൂടിയാണ് വിചാരിച്ച തരത്തില്‍ പൂര്‍ത്തീകരിക്കാനായത്.

പിന്നെ മോഹന്‍ലാലിനൊപ്പം ഇത്രയും ദിവസം സഹകരിക്കാന്‍ പറ്റുക എന്നത്. എല്ലാവരും പറയുമ്പോലെ അതൊരു അനുഭവമാണ്. ഒപ്പമുള്ളവരെ വളരെ സമത്വത്തോടെ കൂടെക്കൊണ്ടുപോകാനുള്ള കഴിവുണ്ട് അദ്ദേഹത്തിന്. ആ സമത്വം എല്ലാവരിലേക്കും പകരുന്ന ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്. പുലര്‍ച്ചെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഷൂട്ടിംഗ് നിശ്ചയിക്കുമ്പോള്‍ അദ്ദേഹത്തിന് വേണമെങ്കില്‍ അതൃപ്തി അറിയിക്കാം. ഒന്നോരണ്ടോ ദിവസം കഴിയുമ്പോള്‍ മടുപ്പ് തോന്നാം. പക്ഷേ ഒരു പതിനാല് ദിവസത്തോളം പുലര്‍ച്ചെ മൂന്ന് മണിക്കെണീറ്റ് ചിത്രീകരണസ്ഥലത്തേക്ക് പുറപ്പെട്ടു അദ്ദേഹം. ചെയ്യുന്ന കര്‍മ്മത്തോടുള്ള ഡെഡിക്കേഷന്റെ ഭാഗമല്ലേ അതൊക്കെ?

മോഹന്‍ലാല്‍ 
മോഹന്‍ലാല്‍ 

സംവിധായകന്‍ കഴിഞ്ഞാല്‍ ഛായാഗ്രാഹകനാണ് ചിത്രീകരണസമയത്തെ ‘ഡിസിഷന്‍ മേക്കര്‍’. പക്ഷേ ഒരു വാര്‍ ഡ്രാമ, നേരത്തേ പറഞ്ഞതുപോലെ മലയാളത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യുമ്പോള്‍ ഛായാഗ്രാഹകന്റെ റോള്‍ കൂടുകയല്ലേ?

തീര്‍ച്ഛയായും. എന്റെ കാര്യം പറഞ്ഞാല്‍ ഒരു സാധാരണ സിനിമയേക്കാള്‍ മൂന്നിരട്ടി പ്രയത്‌നം കൂടുതലുണ്ട് ഈ സിനിമയില്‍. ഉപയോഗിച്ച ക്യാമറകളുടെ എണ്ണത്തിന്റെ കാര്യം പറഞ്ഞു. ഇത്രയും ക്യാമറകളിലും ചിത്രീകരിക്കുന്ന ഷോട്ടുകളില്‍ പുലര്‍ത്തേണ്ട ശ്രദ്ധ. ഒരു ഷോട്ട് കട്ട് ചെയ്തിട്ട് അടുത്തതായി എന്താണ് വേണ്ടതെന്ന് ടൈമിംഗും ആഗിളും എല്ലാം മനസില്‍ കണ്ടുവേണം തീരുമാനിക്കാന്‍. അങ്ങനെ തീരുമാനിച്ചാല്‍ ലൈറ്റിംഗ് ഉള്‍പ്പെടെയുള്ള പ്രാഥമികകാര്യങ്ങള്‍ ശ്രദ്ധിക്കണം. അതാണ് മൂന്നിരട്ടി എഫര്‍ട്ട് എന്ന് പറഞ്ഞത്. പക്ഷേ ഇതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയിട്ടില്ല. വളരെ എന്‍ജോയ് ചെയ്താണ് ജോലി ചെയ്തത്.

സാഹസിക രംഗങ്ങളില്‍ താല്‍പര്യമുള്ള നടനാണ് മോഹന്‍ലാല്‍. പുലിമുരുകനിലെ അദ്ദേഹത്തിന്റെ പ്രകടനത്തക്കുറിച്ച് പീറ്റര്‍ ഹെയ്ന്‍ മികച്ച അഭിപ്രായം പറഞ്ഞിരുന്നു. യുദ്ധരംഗങ്ങള്‍ ഹൈലൈറ്റായി വരുന്ന സിനിമയാണ് 1971. എങ്ങനെയുണ്ടായിരുന്നു മോഹന്‍ലാല്‍?

നമ്മള്‍ വിചാരിച്ചത് പെര്‍ഫെക്ട് ആക്കിത്തരുന്ന നടനാണ് മോഹന്‍ലാല്‍. ഇതില്‍ അദ്ദേഹം ടാങ്ക് ഓടിക്കുന്ന ഒരു രംഗമുണ്ട്. അദ്ദേഹം ജീവിതത്തില്‍ ആദ്യമായാണ് ടാങ്ക് ഓടിക്കുന്നത്. രാജസ്ഥാനിലായിരുന്നു ആ ദിവസം ചിത്രീകരണം. ടാങ്കിന്റെ ഡ്രൈവിംഗ് ക്യാബിന്‍ വളരെ ഇടുങ്ങിയതാണ്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരാള്‍ക്ക് മാത്രമേ അതിനുള്ളില്‍ കയറി നന്നായി ഇരിക്കാന്‍ കഴിയൂ. ലാല്‍സാര്‍ പക്ഷേ എവിടെയും അഡ്ജസ്റ്റ് ചെയ്യുന്ന ഒരാളാണ്. പുള്ളി അതില്‍ ചാടിക്കയറിയിരുന്ന് സ്റ്റാര്‍ട്ട് ചെയ്തു. ക്യാമറ വെക്കുന്നില്ലേ എന്ന് എന്നോട് ചോദിച്ചു. അല്ല സര്‍, ഒന്ന് ഓടിച്ചുനോക്കി റിഹേഴ്‌സല്‍ എടുത്തിട്ട് പോരേ എന്ന് ഞാന്‍ ചോദിച്ചു. ധൈര്യമായി ക്യാമറ വെക്കൂ എന്ന് അദ്ദേഹം വീണ്ടും. ഞാനും രവിയുമായിരുന്നു ക്യാമറ ഓപറേറ്റ് ചെയ്തിരുന്നത്. ഞങ്ങള്‍ രണ്ട് ആംഗിളുകളില്‍ രണ്ട് ക്യാമറകള്‍ വെച്ചു. അദ്ദേഹം ടാങ്ക് ഓടിച്ചു. ലാല്‍സാര്‍ ആദ്യമായാണ് അതോടിക്കുന്നതെന്ന് എനിക്കോ അവിടെ കൂടിനിന്നിരുന്ന ടെക്‌നീഷ്യന്‍സിനോ തോന്നിയില്ല. ഇത് അതിശയോക്തി പറയുന്നതല്ല. അത്ര സ്വാഭാവികമായാണ് അദ്ദേഹം അത് ചെയ്തത്. അസ്തമയസമയത്തുള്ള ഒരു രംഗമായിരുന്നു അത്. ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതുപോലെ അസ്തമയസൂര്യന്റെ വെളിച്ചം മുഖത്ത് വീഴുന്ന തരത്തില്‍ ഡ്രൈവിംഗ് അദ്ദേഹം മാനേജ് ചെയ്തു. ഒറ്റ ഷോട്ടില്‍ത്തന്നെ ഓകെയായി ആ രംഗം. ഡ്രൈവിംഗ് സീറ്റില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ സെറ്റില്‍ ആളുകള്‍ വലിയ അത്ഭുതമൊക്കെ പ്രകടിപ്പിച്ചു. ‘കപ്പല് വരെ ഓടിക്കും, പിന്നാണോ ഇത്’ എന്ന് പറഞ്ഞ് അദ്ദേഹം അതിനെ തമാശയാക്കി.

മുന്‍പ് മോഹന്‍ലാലിനൊപ്പം വര്‍ക് ചെയ്തത് ദൃശ്യത്തിലാണ്. ത്രില്ലര്‍ ആണെങ്കിലും മറ്റൊരു മൂഡിലുള്ള സിനിമ. 1971ല്‍ അഭിനേതാവെന്ന നിലയിലുള്ള മറ്റൊരു മോഹന്‍ലാലിനെ കാണാനായോ?

ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോള്‍ കണ്ട സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. കുട്ടിക്കാലത്ത് അത്രയും താല്‍പര്യമുണ്ടാക്കിയ ഒരു സിനിമ ഓര്‍മ്മയിലില്ല. ഒരുപക്ഷേ ഭാവിയില്‍ സിനിമയിലേക്ക് വരാന്‍പോലും ആദ്യമായി വഴിമരുന്നിട്ട ചിത്രം. അവിടുന്നിങ്ങോട്ട് ഒരു സിനിമാപ്രേമി എന്ന നിലയില്‍ ഓരോ ഘട്ടത്തിലും മോഹന്‍ലാല്‍ എന്ന നടനെ സസൂക്ഷ്മം നോക്കികണ്ടിട്ടുണ്ട്. ഒരു വലിയ മോഹന്‍ലാല്‍ ഫാന്‍ ഉണ്ട് എനിക്കുള്ളില്‍. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം എന്നെ സംബന്ധിച്ച് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. കടലിനെ കണ്ടാലും ആനയെ കണ്ടാലും മടുക്കില്ല എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് മോഹന്‍ലാലും. കണ്ടുകൊണ്ടിരുന്നാല്‍ മടുപ്പ് തോന്നില്ല.

1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് ചിത്രീകരണത്തിനിടെ സുജിത്ത് വാസുദേവ് 
1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് ചിത്രീകരണത്തിനിടെ സുജിത്ത് വാസുദേവ് 

വിരുദ്ധ കാലാവസ്ഥകളുള്ള രണ്ട് ലൊക്കേഷനുകളില്‍ സിനിമ ചിത്രീകരിച്ചു. രാജസ്ഥാനും ജോര്‍ജിയയും. ഒന്ന് കൊടും ചൂടും മറ്റൊന്ന് കൊടും തണുപ്പും. എങ്ങനെയായിരുന്നു ജോര്‍ജിയന്‍ ഷെഡ്യൂള്‍?

അഞ്ച് ദിവസത്തെ ഷെഡ്യൂളായിരുന്നു ജോര്‍ജിയയില്‍. ഒരു പ്രത്യേക ഘട്ടത്തിലുള്ള വാര്‍ സീക്വന്‍സ് ആയിരുന്നു ജോര്‍ജിയയില്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. പക്ഷേ അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ല. കാരണം പ്രേക്ഷകരുടെ തുറന്ന കാഴ്ചയ്ക്ക് അത് വിഘാതമാവും. കാലാവസ്ഥയുടെ കാര്യം പറഞ്ഞാല്‍ ഞങ്ങള്‍ ചെന്നിറങ്ങുന്ന ദിവസം അവിടെ വലിയ തണുപ്പൊന്നുമില്ല. പക്ഷേ തൊട്ടുപിറ്റേദിവസം അന്തരീക്ഷം മാറി. പക്ഷേ കാലാവസ്ഥാ മുന്നറിയിപ്പൊക്കെ വളരെ കാര്യക്ഷമമാണ് അവിടെ. മഞ്ഞുവീഴ്ചയുടെ കാര്യം മുന്‍കൂട്ടി അറിയിപ്പ് കിട്ടിയിരുന്നു. പിന്നെ തൊഴില്‍നിയമങ്ങള്‍ വളരെ കര്‍ശനമാണ് അവിടെ. സിനിമാചിത്രീകരണമായാലും സമയനിഷ്ഠയൊക്കെ കൃത്യമായി പാലിക്കണം. ഏഴ് മണിക്ക് താമസസ്ഥലത്തുനിന്ന് ഇറങ്ങി, ഏഴരയ്ക്ക് വാഹനത്തില്‍ കയറുക, എട്ട് മണിയോടെ ലൊക്കേഷനിലെത്തുക, 8.10ന് ഷൂട്ടിംഗ് തുടങ്ങുക ഇങ്ങനെയൊക്കെയായിരുന്നു സമയക്രമം. ഇതിനെ കൃത്യമായി പിന്തുടരേണ്ട അവസ്ഥയുണ്ടായിരുന്നു. അതുപക്ഷേ വളരെ പോസിറ്റീവ് ആയ ഒരു കാര്യമായാണ് തോന്നിയത്. ആദ്യത്തെ ദിവസം ഇതൊന്നും പാലിച്ചില്ല. കാരണം നമ്മള്‍ കേരളത്തില്‍ നിന്നാണല്ലോ പോകുന്നത്. വാഹനത്തില്‍ കയറാന്‍ അഞ്ച് മിനിറ്റ് താമസിച്ചപ്പോള്‍ അവര്‍ ചോദിച്ചു, ഇന്ന് ചിത്രീകരണമില്ലേ എന്ന്. വളരെ സിസ്റ്റമാറ്റിക് ആയി വര്‍ക് ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് ജോര്‍ജിയന്‍ ഷെഡ്യൂള്‍ നല്‍കിയത്. ക്യാമറ, ക്രെയ്ന്‍ തുടങ്ങി എല്ലാ മേഖലകളിലും അവിടെനിന്നുള്ള ആളുകളുമുണ്ടായിരുന്നു.

മനസില്‍ വിഷ്വലൈസ് ചെയ്തത് നടപ്പില്‍ വരുത്താന്‍ ബജറ്റ് തടസമായിട്ടുണ്ടോ?

ഉറപ്പായും ഉണ്ടാവുമല്ലോ. ലഭ്യമായ ബജറ്റില്‍ ഏറ്റവും മനോഹരമായി എങ്ങനെ ചെയ്യാമെന്നാണ് ആലോചിട്ടിട്ടുള്ളത്. ലോകത്തെല്ലായിടത്തും നിന്നിറങ്ങുന്ന സിനിമകള്‍ കാണുന്ന പ്രേക്ഷകരാണ് ഇന്നുള്ളത്. അവര്‍ക്ക് വിശ്വസനീയമായി ഒരു വാര്‍ ഫിലിം നല്‍കാന്‍ ഞങ്ങളുടെ ഹോം വര്‍ക്കുകള്‍ സഹായകമായിട്ടുണ്ടെന്നാണ് വിശ്വാസം.

ചിത്രീകരണം പ്ലാന്‍ ചെയ്യുമ്പോള്‍ റഫറന്‍സായി ഏതെങ്കിലും സിനിമകള്‍ മുന്നില്‍ കണ്ടിരുന്നോ? ഒരു സിനിമയോ ഒന്നിലധികം സിനിമകളോ?

ഷൂട്ടിംഗിന് മുന്‍പേ കുറേയധികം സിനിമകള്‍ കണ്ട കാര്യം പറഞ്ഞല്ലോ? എല്ലാം കാണുക, എന്നിട്ട് എല്ലാം മറക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. കാരണം ഏതെങ്കിലും സിനിമകളെ മാതൃകകളാക്കി മുന്നില്‍വെച്ചാല്‍ ചില സീക്വന്‍സുകള്‍ പോലും അതേപോലെ ചെയ്യണമെന്ന് ചിലപ്പോള്‍ തോന്നാം. അതിനാല്‍ റഫറന്‍സ് ആവാം പക്ഷേ അവയാല്‍ സ്വാധീനിക്കപ്പെടരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. വാര്‍ഫിലിം ആദ്യമായാണെങ്കിലും ഒരു സിഗ്നേച്ചര്‍ നല്‍കാനാണ് ശ്രമിച്ചിട്ടുള്ളത്.

സുജിത്ത് വാസുദേവ് 
സുജിത്ത് വാസുദേവ് 

കരിയറില്‍ ആദ്യമായി ഇത്തരത്തിലൊരു സിനിമ ചെയ്തുകഴിയുമ്പോള്‍ ഒരു സിനിമാറ്റോഗ്രഫര്‍ എന്ന നിലയില്‍ പുതുക്കപ്പെട്ടതായി തോന്നുന്നുണ്ടോ?

എനിക്ക് പല ആഗ്രഹങ്ങള്‍ സാധിച്ചുതന്ന സിനിമയാണ് ‘1971’. വര്‍ത്തമാനകാലം പശ്ചാത്തലമാക്കുന്ന ഒരു മിലിട്ടറി സിനിമയും പഴയകാലം പശ്ചാത്തലമാക്കുന്ന മറ്റൊന്നും ഇതിലൂടെ സാധിച്ചു. ലാല്‍സാറുമായി ചേര്‍ന്ന് ഒരു നാടന്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെയുള്ളിലെ മോഹന്‍ലാല്‍ ആരാധകന്റെ ആഗ്രഹമായിരുന്നു അത്. 1971ല്‍ അത്തരം ചില സീക്വന്‍സുകളുമുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പ്രായം ചെന്ന അവസ്ഥയുണ്ട് സിനിമയില്‍. കണ്ടുനില്‍ക്കേണ്ട പ്രകടനം തന്നെയാണ് അത്. എല്ലാംകൊണ്ടും നല്ല അനുഭവമാണ് 1971 നല്‍കിയത്.

സിനിമാറ്റോഗ്രഫര്‍ എന്ന നിലയില്‍ പുതുക്കപ്പെട്ടോ എന്ന ചോദ്യം. തീര്‍ച്ഛയായും അങ്ങനെയുണ്ട്. ഓരോ വര്‍ക്കിന് ശേഷവും തോന്നുന്ന കാര്യമാണ് അത്. പക്ഷേ ഷൂട്ടിംഗ് കഴിഞ്ഞ്, ഡിഐക്കും പോസ്റ്റ് പ്രൊഡക്ഷനുമൊക്കെ ഇരിക്കുമ്പോള്‍ മറ്റൊന്നാണ് തോന്നാറ്. ഇവിടെ ഇങ്ങനെ ആയിരുന്നില്ല വേണ്ടിയിരുന്നത്, അവിടെ അല്‍പംകൂടെ നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നും. പക്ഷേ അത്തരം അപൂര്‍ണതകളൊക്കെ അടുത്ത സിനിമയ്ക്കുള്ള ഊര്‍ജ്ജമാണ് എനിക്ക്.