സുരാജ് വെഞ്ഞാറമ്മൂട് അഭിമുഖം: ദിലീഷിനെ അങ്ങോട്ട് വിളിക്കാനിരുന്നപ്പോ ലഭിച്ച ക്ഷണം, കണ്ടുപഠിക്കേണ്ട ചിത്രീകരണ രീതി 

July 17, 2017, 11:35 am
സുരാജ് വെഞ്ഞാറമ്മൂട് അഭിമുഖം: ദിലീഷിനെ അങ്ങോട്ട് വിളിക്കാനിരുന്നപ്പോ ലഭിച്ച ക്ഷണം, കണ്ടുപഠിക്കേണ്ട ചിത്രീകരണ രീതി 
Celebrity Talk
Celebrity Talk
സുരാജ് വെഞ്ഞാറമ്മൂട് അഭിമുഖം: ദിലീഷിനെ അങ്ങോട്ട് വിളിക്കാനിരുന്നപ്പോ ലഭിച്ച ക്ഷണം, കണ്ടുപഠിക്കേണ്ട ചിത്രീകരണ രീതി 

സുരാജ് വെഞ്ഞാറമ്മൂട് അഭിമുഖം: ദിലീഷിനെ അങ്ങോട്ട് വിളിക്കാനിരുന്നപ്പോ ലഭിച്ച ക്ഷണം, കണ്ടുപഠിക്കേണ്ട ചിത്രീകരണ രീതി 

ഹാസ്യതാരമായും നായകന്‍മാരുടെ ശിങ്കിടി റോളുകളിലും കണ്ട സുരാജ് വെഞ്ഞാറമ്മൂടിന്റെ മേക്ക് ഓവര്‍ പേരറിയാത്തവര്‍ എന്ന ചിത്രമായിരുന്നു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ചെറുകഥാപാത്രത്തിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേതാക്കളുടെ നിരയിലേക്ക് സുരാജ് തന്നെ സാന്നിധ്യമുറപ്പിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പ്രസാദിനൊപ്പം വീണ്ടും സ്വാഭാവിക അഭിനയത്തിന്റെ മികവ് സുരാജ് പ്രകാശിപ്പിച്ചു. സുരാജ് വെഞ്ഞാറമ്മൂടുമായി സുധീഷ് പയ്യന്നൂര്‍ സംസാരിക്കുന്നു.

ദിലീഷ് പോത്തന്റെ രണ്ടാംചിത്രം എന്ന നിലയില്‍ സിനിമാപ്രേമികളില്‍ ഏറെ കാത്തിരിപ്പുണര്‍ത്തിയ ചിത്രമായിരുന്നു ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ‘മഹേഷിന്റെ പ്രതികാര’ത്തിന് ശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രം. എങ്ങനെയാണ് അതിലേക്ക് വരുന്നത്?

അതൊരു വലിയ കഥയാണ്. ‘മഹേഷിന്റെ പ്രതികാരം’ കണ്ടുകഴിഞ്ഞപ്പോള്‍ത്തന്നെ ദിലീഷ് പോത്തന്‍ ഫാനായി. പടം കണ്ടാല്‍ ആരും അങ്ങനെ ആയിപ്പോകുമല്ലോ. മുന്‍പേ എനിക്ക് അറിയാമായിരുന്നു ദിലീഷിനെ. സ്റ്റേജ് ഷോകളുടെ ഒക്കെ അസോസിയേറ്റ് ആയി വന്നപ്പോള്‍ സംസാരിച്ചിട്ടൊക്കെ ഉണ്ട്. വലിയ കമ്പനിയില്ല, എങ്കിലും പരസ്പരം അറിയാം. അങ്ങനെ ‘എബി’യില്‍ അഭിനയിക്കുന്ന സമയത്താണ് സെറ്റിലെ ഒരു പയ്യന്‍ പറഞ്ഞത് ദിലീഷ് പോത്തന്‍ അടുത്ത സിനിമ ചെയ്യാന്‍ പോവുകയാണെന്നും പേരിട്ടെന്നും. എന്താണ് പേരെന്ന് ഞാന്‍ ചോദിച്ചു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയു’മെന്ന് അവന്‍ പറഞ്ഞു. അത് കേട്ടയുടനെ ഞാന്‍ കുറേ ചിരിച്ചു. പേര് കൊള്ളാലോ എന്ന് മനസില്‍ ഓര്‍ത്തു. അപ്പോള്‍ത്തന്നെ ദിലീഷിന്റെ നമ്പര്‍ സംഘടിപ്പിച്ചു, സുഹൃത്തായ നന്ദന്‍ ഉണ്ണിയില്‍ നിന്ന്. നന്ദനോട് ഞാന്‍ പറയുകയും ചെയ്തു, എനിക്ക് അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സീനിലെങ്കിലും അഭിനയിക്കണമെന്നും എനിക്ക് അത്രയ്ക്കും ഇഷ്ടപ്പെട്ട സംവിധായകനാണെന്നും. അന്ന് വൈകുന്നേരം വിളിക്കാമെന്ന് കരുതി. കാരണം പകല്‍ അദ്ദേഹം എന്തെങ്കിലും തിരക്കിലാണെങ്കില്‍ ബുദ്ധിമുട്ടിക്കേണ്ടല്ലോ. രാത്രി ഒരു എട്ടു മണി ആയപ്പോള്‍ ഞാന്‍ ഫോണെടുത്ത് വിളിക്കാന്‍ നോക്കുമ്പോള്‍ എനിക്കൊരു കോള്‍ വരുന്നു. ഞാന്‍ എടുത്ത് സംസാരിച്ചു. അത് ദിലീഷ് ആയിരുന്നു! അപ്പുറത്തുനിന്ന് അങ്ങനെ കേട്ടപ്പോള്‍ ഞാന്‍ ആകെ ത്രില്‍ഡ് ആയിപ്പോയി. നമ്പര്‍ വാങ്ങി അങ്ങോട്ട് വിളിക്കാന്‍ നില്‍ക്കുകയായിരുന്നെന്ന് പറഞ്ഞു. പടത്തിന്റെ പേര് കിടുക്കിയെന്നും എങ്ങനെയായാലും ഒരു സീന്‍ തരണമെന്നും ഞാന്‍ പറഞ്ഞു. അത് നമുക്ക് ആലോചിക്കാം, ഇപ്പോ നമുക്ക് കാണാന്‍ പറ്റുമോ എന്ന് ചോദ്യം. തീര്‍ച്ചയായും കാണാമെന്ന് പറഞ്ഞു. ഇപ്പോള്‍ത്തന്നെ തന്നെ വരാമെന്ന് ദിലീഷ് പറഞ്ഞു. ഫോണ്‍ വെക്കുന്നതിന് മുന്‍പ് ഞാന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു, സീനിന്റെ കാര്യം മറക്കല്ലേ എന്ന്. മിക്കവാറും ഏതെങ്കിലും സ്‌കൂളിന്റെ പരിപാടിക്കോ മറ്റോ പങ്കെടുക്കാന്‍ ക്ഷണിക്കാനായിരിക്കും ദിലീഷ് വരുന്നതെന്നാണ് ഞാന്‍ കരുതിയത്. ദിലീഷ് അപ്പോള്‍ത്തന്നെ റൂമിലെത്തി. എന്ത് ചോദിച്ചാലും ഞാന്‍ ശരിയാക്കാം, പക്ഷെ എനിക്ക് സിനിമയില്‍ ഒരു സീനെങ്കിലും വേണം എന്ന് വീണ്ടും ഓര്‍മിപ്പിച്ചശേഷമാണ് ദിലീഷിനെ സംസാരിക്കാന്‍ വിട്ടത്. ദിലീഷ് ഇരുന്നു. അണ്ണാ നമ്മള്‍ എടുക്കാന്‍ പോകുന്ന സിനിമയുടെ കഥ പറയാം, ഡിസംബറില്‍ ഇത്ര ദിവസത്തെ ഡേറ്റ് ഉണ്ടാകുമോ എന്ന് ചോദിച്ചു. ആ സമയത്ത് വേറെ സിനിമ പ്ലാന്‍ ചെയ്തതിരുന്നു എങ്കിലും അതൊക്കെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞു. തുടര്‍ന്ന് കഥാപാത്രവും സിനിമയും ഒക്കെ പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഞാന്‍ ഓകെ പറഞ്ഞു. ശരിക്കും ഫഹദും സൗബിനും ചെയ്യണമെന്ന് തുടക്കത്തില്‍ പ്ലാന്‍ ചെയ്തതാണ്. പിന്നീടാണ് എന്നിലേക്ക് വന്നത്. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. എല്ലാം നിമിത്തമാണ്. ദിലീഷ് അപ്പോഴും പറഞ്ഞിരുന്നു, നിര്‍മ്മാതാക്കളോടും സംസാരിക്കണമെന്ന്. പക്ഷെ എനിക്കുറപ്പായിരുന്നു, ദിലീഷ് ഒരാളെ തെരഞ്ഞെടുത്താല്‍ വെറുതെ ആകില്ലെന്നും നിര്‍മാതാക്കള്‍ നോ പറയില്ല എന്നും. കഥാപാത്രങ്ങളെ തെരഞ്ഞടുക്കുന്നതിലൊക്കെ ദിലീഷിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. വേറൊരാളെ വച്ച് കാണാന്‍ പറ്റാത്ത രീതിയില്‍ നടന്മാരെ പ്ലേസ് ചെയ്യും. ഫഹദുമായൊക്കെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റിയതുതന്നെ വലിയ കാര്യമായി കരുതുന്നു.

കരിയറില്‍ ഇതുവരെ ലഭിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങള്‍ക്കൊപ്പം എടുത്തുവെക്കാവുന്ന കഥാപാത്രമാണ് ‘തൊണ്ടിമുതലി’ലെ പ്രസാദ്. സിനിമയ്ക്കൊപ്പം വിവിധ മാനസിക തലങ്ങളിലൂടെ കടന്നുപോകുന്നുണ്ട് ആ കഥാപാത്രം. ഷൂട്ടിംഗ് അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു? പ്രസാദിനെ തിയേറ്ററില്‍ കണ്ടപ്പോള്‍ എന്തുതോന്നി?

ദിലീഷിന്റെ കൂടെ അര മണിക്കൂര്‍ ഇരുന്നപ്പോള്‍ത്തന്നെ പ്രസാദ് ആരാണ് എന്നത് കൃത്യമായി മനസിലാക്കി തന്നു. കുടുംബ പശ്ചാത്തലം മുതല്‍ ആ കഥാപാത്രത്തെ സംബന്ധിക്കുന്ന എല്ലാം. പക്ഷേ ചിത്രീകരണം കഴിഞ്ഞ് ആലോചിച്ചത് മറ്റൊന്നായിരുന്നു, ഇതില്‍ പെര്‍ഫോം ചെയ്യാനുള്ള ഒന്നും ഇല്ലായിരുന്നല്ലോ എന്ന്. ചിത്രീകരണത്തിലെ വലിയ സവിശേഷതകളില്‍ ഒന്ന് സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളും എല്ലാ അഭിനേതാക്കള്‍ക്കും അറിയാം എന്നതായിരുന്നു. നമ്മള്‍ അത്രയും ഇഴുകി നില്‍ക്കുകയാണ് സിനിമയുമായി. അത് സംവിധായകന്റെ കഴിവാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് പുതിയൊരു അനുഭവമാണ്. ആര്‍ട്ടിസ്റ്റുകളെ ദിലീഷ് കൊണ്ടുനടക്കുന്ന രീതിയൊക്കെ കണ്ടുപഠിയ്ക്കേണ്ടതാണ്. ലൈവ് ആന്‍ഡ് കൂള്‍ ആക്കി നിര്‍ത്തും എല്ലാവരെയും. അങ്ങനെ സിനിമ ഷൂട്ട് ഒക്കെ കഴിഞ്ഞു സ്റ്റുഡിയോയില്‍ കണ്ടപ്പൊ എനിക്ക് തോന്നി, ആഹാ പ്രസാദ് കൊള്ളാലോ എന്ന്. അത് സംവിധായകന്റെ കഴിവാണ്. പടം കഴിഞ്ഞപ്പൊ ദിലീഷും ചോദിച്ചു, നിങ്ങള്‍ക്ക് ഇതില്‍ പെര്‍ഫോം ചെയ്തില്ല എന്നൊരു തോന്നല്‍ വന്നിരുന്നോ എന്ന്. സത്യമായിരുന്നെന്ന് ഞാന്‍ പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ അങ്ങനെ തോന്നിയെന്ന്. ശ്യാം പുഷ്‌കരന്റെ കാര്യവും എടുത്തുപറയണം. അദ്ദേഹത്തിന്റെ കൂടെ പത്തു മിനിറ്റ് ചെലവഴിച്ചാല്‍ മതി. ഒരൊറ്റ ഡയലോഗിലൂടെ കഥാപാത്രത്തെ മൊത്തം കാണിച്ചു തരും. നമുക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഉദാഹരണങ്ങള്‍ പറഞ്ഞുതരും. ആള് പുലിയാണ്. രാജീവേട്ടന്റെ ഫ്രെയിമില്‍ നില്‍ക്കാന്‍ പറ്റി. ‘രസികനി’ലാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ‘ക്ലാസ്‌മേറ്റ്സി’ലും അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാട’ത്തിലും. ക്യാമറ ഇല്ല എന്നാണ് എനിക്ക് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ കണ്ടപ്പോള്‍ തോന്നിയത്.

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മുന്‍പ് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. പക്ഷേ ‘ആക്ഷന്‍ ഹീറോ ബിജു’ ഉള്‍പ്പെടെ ചില സിനിമകളിലെ പ്രകടനങ്ങള്‍ കണ്ട് അവര്‍ ഞെട്ടി. ഉള്ളിലെ നടനെ പ്രേക്ഷകര്‍ തിരിച്ചറിയണമെങ്കില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യണമെന്ന് തോന്നുന്നുണ്ടോ?

അന്ന് ഒരുപാട് കോമഡി ചെയ്തതുകൊണ്ടാണ് ഇപ്പൊ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പെട്ടെന്ന് ഇഷ്ടപ്പെടുന്നത്. കോമഡി റോളുകള്‍ ചെയ്യുമ്പോഴൊക്കെ ഇത്തരം കഥാപാത്രങ്ങളെ ആഗ്രഹിച്ചിരുന്നു. നടനെ ശരിക്കും പ്രേക്ഷകര്‍ക്കിടയില്‍ നിലനിര്‍ത്തുന്നത് ക്യാരക്ടര്‍ റോളുകള്‍ തന്നെയാണെന്ന് തോന്നുന്നു. കോമഡി ചെയ്താല്‍ പ്രേക്ഷകര്‍ കാണുന്നു, ചിരിക്കുന്നു എന്നേയുള്ളൂ. ബാബു ജനാര്‍ദ്ദനന്‍ സാറിന്റെ ‘ഗോഡ് ഫോര്‍ സെയില്‍’ എന്ന ചിത്രത്തിലാണ് ആദ്യമായി നല്ലൊരു ക്യാരക്ടര്‍ റോള്‍ കിട്ടിയത്. അന്ന് അദ്ദേഹം പറഞ്ഞു നന്നായി ചെയ്തെന്ന്. അപ്പോഴൊരു വിശ്വാസമായി, ഇങ്ങനെയുള്ള റോളുകള്‍ വന്നാല്‍ ധൈര്യത്തോടെ ഏറ്റെടുക്കാമെന്ന്. ജനങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം അത്തരം റോളുകളില്‍ വരുമ്പോഴാണെന്ന് തോന്നുന്നു.

ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ് ‘പേരറിയാത്തവര്‍’. പക്ഷേ അതിലെ അഭിനയത്തെക്കുറിച്ച് അങ്ങനെ ചര്‍ച്ചകളൊന്നും കണ്ടില്ല. പ്രേക്ഷകരിലേക്ക് അങ്ങനെ എത്താത്തതുകൊണ്ടായിരിക്കാം?

‘പേരറിയാത്തവര്‍’ സംസാരിച്ചത് സാമൂഹ്യപ്രസക്തമായ കാര്യങ്ങളായിരുന്നു. പ്രേക്ഷകര്‍ എന്തുകൊണ്ടാണ് അത്തരം ചിത്രങ്ങളെ മാറ്റിനിര്‍ത്തുന്നതെന്ന് അറിയില്ല. ‘മഹേഷിന്റെ പ്രതികാര’ത്തിനും അവാര്‍ഡ് കിട്ടിയിട്ടുണ്ടല്ലോ. ‘പേരറിയാത്തവര്‍’ ഒരുപാട് പേര്‍ കാണും എന്നൊക്കെയാണ് ഞാനും കരുതിയത്. അതേസമയം ‘ആക്ഷന്‍ ഹീറോ ബിജു’ ഒരുപാട് പ്രേക്ഷകരിലെത്തുകയും അവര്‍ ആ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ‘തൊണ്ടിമുതലി’ലേക്ക് ദിലീഷ് ക്ഷണിച്ചതിന് കാരണവും ആ ഒരു സീനാണ്. ആ കഥാപാത്രത്തിന്റെ സത്യസന്ധതയാണ് വേണ്ടതെന്നാണ് ദിലീഷ് പറഞ്ഞത്.

ഈ പറഞ്ഞ ക്യാരക്ടര്‍ റോളുകളൊക്കെ കണ്ടതിനാലാവാം, ‘തൊണ്ടിമുതലി’ലെ ആദ്യഗാനം വന്നപ്പോള്‍ത്തന്നെ സുരാജിന്റെ സാന്നിധ്യം പ്രേക്ഷകര്‍ ശ്രദ്ധിച്ചു. ‘സുരാജേട്ടന് പ്രേമിക്കാന്‍ അറിയില്ലെന്ന് ആര് പറഞ്ഞു’ എന്ന മട്ടിലുള്ള പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു?

പിന്നല്ലാതെ (ചിരി). സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരോട് വലിയ നന്ദിയുണ്ട്. അവരാണ് നമ്മളെയിങ്ങനെ എല്ലാവരിലേക്കും എത്തിക്കുന്നത്. പിന്നെ പ്രണയാനുഭവങ്ങളൊക്കെ നമുക്കുമുണ്ട്. അവസരം താ, നന്നായി പ്രേമിച്ചു കാണിക്കാം. ഞാന്‍ കാത്തിരിക്കുന്നുണ്ട്. ആളുകള്‍ കഥയുമായി വരേണ്ട താമസം.

? ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന രണ്ട് സിനിമകളിലും പ്രധാന കഥാപാത്രങ്ങള്‍ ആയിട്ടുണ്ട്. തൊണ്ടിമുതലിലും ടിയാനിലും, രണ്ടിലും ജാതിരാഷ്ട്രീയം പരാമര്‍ശിക്കുന്നുണ്ട്. ഒന്നില്‍ ജാതിയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കുന്ന സമയത്തു മറ്റൊന്നില്‍ ജാതിയുടെ പേരില്‍ നില നിന്നും വലുതാവാന്‍ ആഗ്രഹിക്കുകയാണ്. രണ്ടു കഥാപാത്രങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു?

രണ്ടു പേരും നമുക്കിടയില്‍ ഉള്ളവര്‍ തന്നെ ആണ്. അവരില്‍ നിന്നും ഉള്‍ക്കൊണ്ട് തന്നെയാണ് കഥാപാത്രങ്ങളും വരുന്നത്. തന്റെ ജാതി തന്നെയാണ് എല്ലാം എന്ന് അഹന്ത കാണിച്ചു നടക്കുന്നവരും ഉണ്ട്, അതെ സമയം ഇതൊക്കെ എന്ത്, ജീവിതം വേറെ ആണ് എന്ന് കരുതുന്നവരും ഉണ്ട്. സമൂഹത്തിന്റെ ഭാഗം ആണല്ലോ രണ്ടു പേരും.

സാന്ദര്‍ഭിക നര്‍മ്മങ്ങളില്‍ നിന്ന് മാറി കുറേക്കൂടി റിയലിസ്റ്റിക്കായ തമാശകളാണ് ഇപ്പോള്‍ സിനിമയിലുള്ളത്. തമാശയ്ക്ക് വേണ്ടി വെറുതെ ഒരു രംഗം കൂട്ടിച്ചേര്‍ത്താല്‍ കയ്യടിയും ചിരിയും കിട്ടില്ലെന്ന തലത്തിലെത്തിയിട്ടുണ്ട്. ഹാസ്യവേദിയില്‍ നിന്ന് സിനിമയിലെത്തിയ നടന്‍ എന്ന നിലയില്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

സിദ്ദിഖ് - ലാല്‍ സിനിമകളില്‍ ഒക്കെ സിറ്റുവേഷന്‍ തന്നെ ആണ് പ്രധാനം. സംഭാഷണം ഒക്കെ വളരെ കുറച്ചു മതി. പിന്നെ അത് മാറി ഡയലോഗ് കോമഡി വന്നു. എന്റെ ഒരു കാഴ്ചപ്പാടില്‍ അത് മാറി സിറ്റുവേഷന് പ്രാധാന്യം വരുകയും അതുമായി ബന്ധപ്പെട്ടു നല്ല തമാശകളും വരുന്നുണ്ട്. നല്ല മിടുക്കന്മാരായ പിളേളര് അങ്ങനെ വഴി തെളിക്കും എന്ന് തന്നെയാണ് വിശ്വാസം.

സുരാജ് എന്ന നടനെ പ്രേക്ഷര്‍ ആദ്യം തിരിച്ചറിഞ്ഞത് തിരുവനന്തപുരം ഭാഷ പറയുന്ന നടന്‍ ആയിട്ടാണ്. പിന്നെ ഒരുപാട് സിനിമകളില്‍ അത് ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോ അതില്‍ നിന്നും പുറത്തു ചാടിയിട്ടും ഉണ്ട്. ഈ ഭാഷയുടെ പേരില്‍ തന്നെ കഥാപാത്രങ്ങള്‍ വരുന്നത് എപ്പോഴെങ്കിലും കരിയറിനെ ബാധിക്കും എന്ന് തോന്നിയിരുന്നു?

ഒരിക്കലുമില്ല. ഈ ഭാഷ വച്ച് എനിക്ക് നല്ലതു മാത്രമേ സംഭവിച്ചിട്ടുള്ളൂ. തിരുവനന്തപുരം ഭാഷ അതിനു മുന്നേയും വന്നിട്ടുണ്ട്, എന്തോ ഞാന്‍ ചെയ്തപ്പോള്‍ ഭാഗ്യം കൊണ്ട് ക്ലിക് ആയി എന്നും പറയാം. പിന്നെ അത് പക്കാ തിരുവനന്തപുരം ഭാഷയും അല്ലായിരുന്നു, ചിലയിടങ്ങളില്‍ മാത്രം ഉള്ളതായിരുന്നു. ലോകത്തുള്ള എല്ലാവരും ഇങ്ങനെ ഒരു ഭാഷ ഉണ്ടെന്നു മമ്മുക്ക വഴി അറിഞ്ഞതില്‍ ഭാഗഭാക്കായതു തന്നെ വലിയ കാര്യം. പിന്നെ തിരുവനന്തപുരം എന്റെ തലയില്‍ ഫിറ്റ് ചെയ്ത അവസ്ഥ ആയി. കഥാപാത്രങ്ങള്‍ എല്ലാം അങ്ങനെ ആയി. എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു ഭാഷ മാറ്റി ചെയ്യണം എന്ന്. അപ്പോള്‍ ആഷിക് അബു ആണ് ‘ഡാഡി കൂള്‍’ ഇത് ഒരു കൊച്ചിക്കാരന്‍ ആയി വേഷം തന്നത്. അങ്ങനെ മെല്ലെ മാറിത്തുടങ്ങി. ഇപ്പോ അങ്ങനെ ഇല്ല എന്നാണ് എന്റെ തോന്നല്‍. നമ്മള്‍ കമ്യൂണിക്കേറ്റ് ചെയ്യുക എന്നതല്ലേ കാര്യം, ഭാഷ ഒരു പ്രശ്‌നമേ അല്ല. ഭാഷ ഒരിക്കലും അഭിനയിക്കുമ്പോള്‍ പ്രശ്‌നം ആവില്ല എന്നാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഒരു നാടും പശ്ചാത്തലവും ഒകെ വരുമ്പോള്‍ അവിടത്തെ ഭാഷയും ഉപയോഗിക്കുമ്പോള്‍ നന്നാവും. തൃശ്ശൂര്കാരന്റെ കഥ പറയാന്‍ തൃശൂര്‍ ഭാഷയും ഉപയോഗിക്കണം എങ്കില്‍ അത് തീര്‍ച്ചയായും വേണമല്ലോ.

മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ നന്നായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ത്രൂ ഔട്ട് റോളില്‍ മമ്മൂട്ടിക്കൊപ്പം കുറേയായല്ലോ കണ്ടിട്ട് ?

എനിക്ക് പറ്റിയ വേഷങ്ങള്‍ വരാത്തത് കൊണ്ടായിരിക്കാം ഇപ്പോള്‍ കാണാത്തതു. ഞാനും കാത്തിരിക്കുകയാണ്. മമ്മുക്കയുടെ ഒരു കിടിലന്‍ പടം ചെയ്യാന്‍.

സിനിമ സെറ്റുകളില്‍ സൂരജ് വെഞ്ഞാറമ്മൂട് എങ്ങനെ ആണ്?

സെറ്റുകളില്‍ ഒക്കെ വളരെ ഫ്രണ്ട്ലി ആയി ഇടപെടാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ദിലീഷിന്റെ കൂടെ ഉണ്ടായ സമയത്തും ഞാന്‍ കണ്ട ഒരു പ്രത്യേകത അതാണ്, അഭിനയിക്കുന്നവരടക്കം സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഒരു കുടുംബം പോലെ ആയിരിക്കും. ആരും ആരോടും ദേഷ്യപ്പെടില്ല. തമാശയും കാര്യങ്ങളും ഒക്കെ ആയി പോകും. അപ്പോ എല്ലാവര്ക്കും അവരുടെ മാക്‌സിമം തന്നെ സിനിമയ്ക്കായി മാറ്റി വയ്ക്കാനും പറ്റും. ഞാനൊക്കെ മുന്‍പ് അഭിനയിക്കാന്‍ പോകുന്ന സമയത്തു ചിലപ്പോ ചില തെറ്റുകള്‍ പറ്റുന്ന സമയത്തു ഒരുപാട് ചീത്ത വിളികള്‍ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ടെന്ഷനടിച്ചു പോയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ സെറ്റില്‍ എത്തിയാല്‍ ആദ്യം തന്നെ എല്ലാരോടും കമ്പനി ആകും. ഇനിയിപ്പോ ആര്‍ക്കേലും തെറ്റ് പറ്റിയാലും ‘ഇതൊക്കെ സാധാരണയല്ലേ, വിട്ടുകള’ എന്ന മനോഭാവം ആണ്. അങ്ങനെ ആകുമ്പോള്‍ ഉണ്ടാകുന്ന പോസിറ്റീവ് ചുറ്റുപാടാണ് നല്ലതു എന്നും തോന്നിയിട്ടുണ്ട്.

വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയിലും രസമുള്ള റോളാണല്ലോ?

ചാക്കോച്ചന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരുടെ കൂടെ പ്രാധാന്യമുള്ള വേഷത്തില്‍ തന്നെയാണ് ഞാനും വരുന്നത്. അത് കഴിഞ്ഞു വരാന്‍ പോകുന്നത് രാജീവ് രവിയുടെ നിര്‍മാണത്തില്‍ വരുന്ന ആഭാസം ആണ്. മാര്‍ക്കോസിന്റെ കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു റിട്ടയേര്‍ഡ് ഹെഡ് കോണ്‍സ്റ്റബിള്‍ ആയിട്ടാണ് അഭിനയിക്കുന്നത്. ഈ ചിത്രങ്ങളില്‍ എല്ലാം തന്നെ നല്ല വേഷങ്ങള്‍ തന്നെയാണ് ചെയ്യന്നത്. പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.