‘ടേക്ക് ഓഫ്’ കണ്ടു..; പാര്‍വ്വതിയോടും ഫഹദിനോടും സൂര്യയ്ക്ക് പറയാനുള്ളത് 

April 3, 2017, 3:52 pm
‘ടേക്ക് ഓഫ്’ കണ്ടു..; പാര്‍വ്വതിയോടും ഫഹദിനോടും സൂര്യയ്ക്ക് പറയാനുള്ളത് 
Celebrity Talk
Celebrity Talk
‘ടേക്ക് ഓഫ്’ കണ്ടു..; പാര്‍വ്വതിയോടും ഫഹദിനോടും സൂര്യയ്ക്ക് പറയാനുള്ളത് 

‘ടേക്ക് ഓഫ്’ കണ്ടു..; പാര്‍വ്വതിയോടും ഫഹദിനോടും സൂര്യയ്ക്ക് പറയാനുള്ളത് 

മലയാളത്തില്‍ നിന്നുണ്ടായ അന്തര്‍ദേശീയ സിനിമയെന്നാണ് മഹേഷ് നാരായണന്റെ ആദ്യചിത്രം 'ടേക്ക് ഓഫ്' കണ്ട പലരുടെയും അഭിപ്രായം. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രിയില്‍ ബന്ദികളാക്കപ്പെട്ട നഴ്‌സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ സിനിമ അഭിനേതാക്കളുടെ പ്രകടനങ്ങളാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വ്വതിയുടെ ഏറ്റവും മികച്ച പ്രടനങ്ങളില്‍ ഒന്നാണ് ചിത്രത്തിലേത്. ഫഹദും കുഞ്ചാക്കോ ബോബനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് 24ന് തീയേറ്ററുകളിലെത്തി മികച്ച പ്രകടനവുമായി തുടരുന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യ. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള സൂര്യയുടെ പരാമര്‍ശം.

ടേക്ക് ഓഫില്‍ പാര്‍വ്വതി 
ടേക്ക് ഓഫില്‍ പാര്‍വ്വതി 
ടേക്ക് ഓഫ് കണ്ടു. ഏറെ ഇഷ്ടമായി. ഏത് തരത്തില്‍ നോക്കിയാലും മികച്ചത്. മഹേഷ് നാരായണന്‍, ഫഹദ്, പാര്‍വ്വതി.. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ 
സൂര്യ 

മലയാളത്തിലെ മുന്‍നിര എഡിറ്റര്‍ കൂടിയായ മഹേഷിന്റെ ആദ്യസിനിമയുടെ മികവിനും തിയറ്ററുകളില്‍ നേടിയ അംഗീകാരത്തിനും മോഹന്‍ലാലും മമ്മൂട്ടിയും അഭിനന്ദനമറിയിച്ചിരുന്നു. സിനിമയുടെ റിലീസിന് മുമ്പ് മമ്മൂട്ടിയും മോഹന്‍ലാലും സിനിമയുടെ ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ആദ്യമായാണ് ഇരുവരും ഒരുമിച്ച് തങ്ങള്‍ ഭാഗമാകാത്ത സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. ഇവരെ കൂടാതെ മലയാളത്തിലെ പ്രധാന താരങ്ങളിലേറെയും ടേക്ക് ഓഫിന് പിന്തുണയുമായി എത്തിയിരുന്നു.

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ മോഹന്‍ലാലിനെ കണ്ട മഹേഷ് നാരായണന് സിനിമ ഉടന്‍ കാണാമെന്ന് മോഹന്‍ലാല്‍ ഉറപ്പു നല്‍കി. ചിത്രീകരണ തിരക്കായതിനാലാണ് സിനിമ കാണാന്‍ കഴിയാതിരുന്നതെന്നും താരം അറിയിച്ചിരുന്നു. സിനിമയുടെ നിര്‍മ്മാതാവ് ആന്റോ ജോസഫ്, സഹനിര്‍മ്മാതാവ് മേഘാ രാജേഷ് പിള്ള എന്നിവര്‍ക്കൊപ്പമാണ് മഹേഷ് നാരായണന്‍ മോഹന്‍ലാലിനെ കണ്ടത്. സിനിമ നേടിയ വലിയ വിജയത്തില്‍ ആഹ്ലാദമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

സിനിമ ഏറെ ഇഷ്ടമായെന്നും ഗംഭീരമാണെന്നുമുള്ള അഭിനന്ദനങ്ങളോടെയാണ് മമ്മൂട്ടി സംവിധായകനെ വരവേറ്റത്. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് ചിത്രത്തിന് നല്‍കിയ പിന്തുണയില്‍ താരത്തിന് നന്ദി അറിയിച്ചത്. സിനിമയിലെ താരങ്ങളുടെ പ്രകടനത്തെയും മമ്മൂട്ടി പ്രകീര്‍ത്തിച്ചു.

ടേക്ക് ഓഫില്‍ ഫഹദ് ഫാസില്‍ 
ടേക്ക് ഓഫില്‍ ഫഹദ് ഫാസില്‍ 

മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ടേക്ക് ഓഫ്. ഇറാഖില്‍ ആഭ്യന്തരയുദ്ധത്തിനിടെ ഐസിസ് പിടിയിലായ ഇന്ത്യന്‍ നഴ്‌സുമാരുടെ അതിജീവനമാണ് സിനിമ. കഥാകൃത്ത് പി വി ഷാജികുമാറിനൊപ്പം ചേര്‍ന്ന് മഹേഷ് നാരായണനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫലി എന്നിവരാണ് താരങ്ങള്‍. സാനു ജോണ്‍ വര്‍ഗ്ഗീസ് ആണ് ക്യാമറ. ആന്റോ ജോസഫ് ഫിലിം കമ്പനി രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള രാജേഷ് പിള്ളാ ഫിലിംസുമായി സഹകരിച്ചാണ് ടേക്ക് ഓഫ് നിര്‍മ്മിച്ചിരിക്കുന്നത്.അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.