‘പ്രതിസന്ധിക്ക് പിന്നില്‍ സോപ്പ്കച്ചവടം പോലെ സിനിമയെ കാണുന്നവര്‍’; സത്യന്‍ അന്തിക്കാടിന് പറയാനുള്ളത് 

December 28, 2016, 10:27 pm
‘പ്രതിസന്ധിക്ക് പിന്നില്‍ സോപ്പ്കച്ചവടം പോലെ സിനിമയെ കാണുന്നവര്‍’; സത്യന്‍ അന്തിക്കാടിന് പറയാനുള്ളത് 
Celebrity Talk
Celebrity Talk
‘പ്രതിസന്ധിക്ക് പിന്നില്‍ സോപ്പ്കച്ചവടം പോലെ സിനിമയെ കാണുന്നവര്‍’; സത്യന്‍ അന്തിക്കാടിന് പറയാനുള്ളത് 

‘പ്രതിസന്ധിക്ക് പിന്നില്‍ സോപ്പ്കച്ചവടം പോലെ സിനിമയെ കാണുന്നവര്‍’; സത്യന്‍ അന്തിക്കാടിന് പറയാനുള്ളത് 

പലപ്പോഴും സംഭവിക്കാറുള്ളതുപോലെ മലയാളസിനിമയില്‍ വിജയങ്ങളുടെയും ലാഭത്തിന്റെയും ചില കഥകള്‍ കേട്ടുതുടങ്ങിയപ്പോഴേക്കും പിന്നാലെ സമരവും വന്നിരിക്കുന്നു. കളക്ഷന്‍ പങ്കുവെക്കുമ്പോള്‍ മള്‍ട്ടിപ്ലെക്‌സുകളുടെ അതേ വിഹിതം തങ്ങള്‍ക്ക് നല്‍കണമെന്ന എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ ആവശ്യമാണ് ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കിയത്. ആറ് സിനിമകളാണ് ഉത്സവസീസണ്‍ മുന്നില്‍കണ്ട് എല്ലാ ജോലികളും തീര്‍ത്ത് റിലീസിന് ഒരുങ്ങിയിരുന്നത്. അതിലൊന്ന് സത്യന്‍ അന്തിക്കാട് ആദ്യമായി ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത 'ജോമോന്റെ സുവിശേഷങ്ങളാ'യിരുന്നു. അപ്രതീക്ഷിതമായെത്തിയ സമരം താനുള്‍പ്പെടെയുള്ളവരെ എങ്ങനെ ബാധിച്ചുവെന്ന് പറയുന്നു മലയാളിയുടെ പ്രിയസംവിധായകന്‍.

ഈ ക്രിസ്മസ് സീസണ്‍ മലയാളസിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ടതായിരുന്നു. കാരണം പുലിമുരുകന്‍ വമ്പന്‍ വിജയം നേടിയതിന് പിന്നാലെയാണ് നോട്ട് അസാധുവാക്കല്‍ വരുന്നത്. തീയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ വരവില്‍ കുറവുണ്ടായി പിന്നീട്. അത് തിരിച്ചുപിടിക്കേണ്ടതായിരുന്നു ക്രിസ്മസ് റിലീസുകള്‍?

തീര്‍ച്ഛയായും. സിനിമാവ്യവസായത്തെ സംബന്ധിച്ച് വലിയ ബൂം ഉണ്ടായേനെ. ഇപ്പോള്‍ ആമിര്‍ഖാന്റെ ദംഗലിന് വലിയ പ്രതികരണമാണ് നമ്മുടെ തീയേറ്ററുകളില്‍. മലയാളത്തിലെ സ്ഥിതി തന്നെയെന്താ ഇപ്പോള്‍? ഒരിത്തിരി മികവ് കാട്ടുന്ന ഒരു സിനിമയും തീയേറ്ററില്‍ വീഴുന്നില്ല. ആളുകള്‍ വ്യാജ സിഡി കാണുന്നത് നിര്‍ത്തി, ടെലിവിഷന് മുന്നിലിരിക്കുന്നത് നിര്‍ത്തി സിനിമ കാണാന്‍ വന്നുതുടങ്ങി. പക്ഷേ അവര്‍ വരുമ്പോള്‍ നല്ല തീയേറ്ററുകള്‍ ഒരുക്കിക്കൊടുക്കണം.

ക്രിസ്മസിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രങ്ങള്‍ 
ക്രിസ്മസിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രങ്ങള്‍ 

മലയാളസിനിമയില്‍ സമരം ആദ്യമല്ല. മികപ്പോഴും ചില വിജയങ്ങളൊക്കെ ഉണ്ടായി ഈ മേഖല ഒന്ന് പച്ചപിടിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവുമ്പോഴാണ് പിന്നാലെ സമരവും വരുക. ഇത്തവണത്തെ ക്രിസ്മസ് റിലീസുകളുടെ കൂട്ടത്തില്‍ ദുല്‍ഖറിനെ നായകനാക്കിയുള്ള സ്വന്തം ചിത്രവുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി വന്ന ഈ സമരത്തെക്കുറിച്ച് എന്താണ് തോന്നിയത്?

ശരിക്ക് പറഞ്ഞാല്‍ ഇതൊരു ചതിയായാണ് എനിക്ക് തോന്നിയത്. ക്രിസ്മസ് പോലൊരു ഫെസ്റ്റിവല്‍ സീസണില്‍ ഇത്ര കിട്ടിയാലേ ഞങ്ങള്‍ പടം കളിക്കൂ എന്ന് ദിവസങ്ങള്‍ക്ക് മുന്‍പുമാത്രം നോട്ടീസ് തന്നിട്ട് ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ ശ്രമിച്ചവരുടെ ഉദ്ദേശശുദ്ധി ഏതായാലും നല്ലതല്ല. അത് മര്യാദയല്ല. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ഇങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ ഒരു മൂന്ന് മാസം മുന്‍പെങ്കിലും ചേംബറുമായി സംസാരിച്ച്, ധാരണയിലെത്തുകയല്ലേ വേണ്ടിയിരുന്നത്? അങ്ങനെയെങ്കില്‍ അതിനുശേഷം തുടങ്ങുന്ന പടങ്ങളുടെ കാര്യത്തില്‍ അത് ചിന്തിക്കാമല്ലോ? പക്ഷേ ഇപ്പോഴത്തെ അവസ്ഥയെന്താ? പുലിമുരുകനും ഒപ്പവും ആനന്ദവുമൊക്കെ റിലീസ് ചെയ്തതുപോലെ തന്നെയായിരിക്കും തങ്ങളുടെ സിനിമകളും തീയേറ്ററുകളിലെത്തുക എന്നാവില്ലേ ഈ ക്രിസ്മസ് റിലീസുകളുടെ നിര്‍മ്മാതാക്കളും ധരിച്ചിരിക്കുക. കാരണം അവര്‍ പടം തുടങ്ങുമ്പോഴൊന്നുമുള്ള നിയമമല്ല ഇവര്‍ ഈ പറയുന്നത്. പെട്ടെന്ന് ഈ പതിനഞ്ചാംതീയ്യതി മുതല്‍ ഒരു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടുമില്ല. ഇപ്പോള്‍ നമ്മുടെ സിനിമകള്‍ക്ക് ആദ്യ വാരങ്ങളിലാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍. അതിന്റെ നേര്‍പകുതി വേണമെന്ന് ഒരു തീയേറ്ററിന്റെ പിന്‍ബലത്തില്‍ പറയുന്നത് മര്യാദയാണെന്ന് എനിക്ക് തോന്നുന്നില്ല.

മള്‍ട്ടിപ്ലെക്‌സുകള്‍ക്കുള്ള അതേ വിഹിതം തങ്ങള്‍ക്കും വേണമെന്നാണ് എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ ആവശ്യം? 12 വര്‍ഷമായി തുടരുന്ന നിരക്കിലുള്ള മാറ്റമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു?

മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകളുമായി സാധാരണ തീയേറ്ററുകളെ താരതമ്യം ചെയ്യരുത്. മള്‍ട്ടിപ്ലെക്‌സുകളില്‍ ഒരുപാട് മറ്റ് സൗകര്യങ്ങളുണ്ട്. മണ്ണാര്‍ക്കാട് പോലെയുള്ള സ്ഥലത്തൊക്കെ ഇപ്പോഴും ഓലപ്പുരയാണ് തീയേറ്റര്‍. ടോയ്‌ലറ്റ് എന്നുപറയുന്നത് തീയേറ്ററിന് പിന്നിലുള്ള മരച്ചുവടാണ്. അവര്‍ക്കും ഇവര്‍ക്കും ഒരേ ലാഭവിഹിതം നല്‍കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ‘ജിലേബി’ എന്ന സിനിമയുടെ ഉദാഹരണം ചിലരൊക്കെ ഈ വിഷയത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ആ സിനിമ ലിറ്റില്‍ ഷേണായ്‌സില്‍ റിലീസ് ചെയ്തപ്പോള്‍ കിട്ടിയ ഷെയര്‍ 85,000 രൂപയായിരുന്നു. അതേ സിനിമയ്ക്ക് ലുലു മാളിലെ തീയേറ്ററില്‍ നിന്ന് ലഭിച്ചത് 8.40 ലക്ഷം രൂപയും. അതാണ് അതിന്റെ വ്യത്യാസം.

ചലച്ചിത്രമേഖലയിലെ പലരും ഇപ്പോള്‍ തീയേറ്റര്‍ നടത്തുന്നുണ്ട്. ദിലീപും വിനോദ് ഷൊര്‍ണൂരുമൊക്കെ ഉദാഹരണം. ഇവര്‍ക്കൊക്കെ ലാഭമാണല്ലോ ഈ ബിസിനസ്? നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ തീയേറ്ററുകളും ലാഭകരമാണ്. പിന്നെ ഫെഡറേഷന്‍ പറയുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്? ലെനിന്‍ രാജേന്ദ്രന്‍ ഒരിക്കല്‍ ഏതോ ചാനലില്‍ പറയുന്നത് കേട്ടു, ലാഭകരമല്ലാത്ത തീയേറ്ററുകള്‍ ഏറ്റെടുക്കാന്‍ കെഎസ്എഫ്ഡിസി തയ്യാറാണെന്ന്. അതിനിവര്‍ മറുപടിയൊന്നും പറഞ്ഞില്ലല്ലോ?

തീയേറ്ററുകാരെ ഇങ്ങനെയൊരു ആവശ്യത്തിന് ഇപ്പോള്‍ പ്രേരിപ്പിച്ചതുതന്നെ തീയേറ്ററുകളിലെ കളക്ഷന്‍ ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു എന്നതാവണം. അപ്പോള്‍ കിട്ടാവുന്നത് കുറച്ചൂടെ പോരട്ടെ എന്നായിരിക്കാം അവര്‍ കരുതിയത്. പിന്നെ സിനിമകളുടെ കാര്യം പറയുമ്പോള്‍ മറ്റൊന്നുമുണ്ട്. ഇപ്പോള്‍ പുലിമുരുകന്‍ പോലെ വമ്പന്‍ കളക്ഷന്‍ നേടുന്ന വലിയ സിനിമകള്‍ മാത്രമല്ലല്ലോ ഇറങ്ങുന്നത്? പരാജയപ്പെടുന്ന ചെറിയ പടങ്ങളുമുണ്ട് അക്കൂട്ടത്തില്‍. അതിന്റെയും 50 ശതമാനമല്ലേ ഇവര്‍ ആവശ്യപ്പെടുന്നത്? സങ്കടരമാണ് അത്. 80 ശതമാനം സിനിമകളും പരാജയപ്പെടുകയല്ലേ ചെയ്യുന്നത്?

പുലിമുരുകന്‍
പുലിമുരുകന്‍

ഏറെക്കാലമായി ഇന്റസ്ട്രിയിലുള്ള ആളെന്ന നിലയില്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രായോഗികമായി തോന്നുന്ന ഒരു പരിഹാരം എന്താണ്?

ഇക്കാര്യത്തില്‍ മന്ത്രി എ.കെ.ബാലന്റെ നിര്‍ദേശമാണ് എനിക്ക് പ്രായോഗികമായി തോന്നിയത്. തീയേറ്ററുകളുടെ വര്‍ഗീകരണത്തിനും മറ്റും ഒരു കമ്മിഷന്‍ ഉണ്ടായാല്‍ എന്തെങ്കിലും പ്രശ്‌നമുള്ളപക്ഷം ഇവര്‍ക്ക് അത് അവതരിപ്പിക്കാമല്ലോ? തീയേറ്ററുകാര്‍ മാത്രം സഹകരിക്കാതിരുന്നതിനാലാണ് അത് സംബന്ധിച്ച ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉണ്ടാവാതിരുന്നത്.

ഇതിനൊക്കെ അപ്പുറത്ത് എന്റെയൊരു ഫീലിംഗ് എന്ന് പറഞ്ഞാല്‍ ഇവര്‍ സിനിമയെ വെറുമൊരു കച്ചവടവസ്തു മാത്രമായാണ് കാണുന്നത്. തീയേറ്ററുകാരുടെ കാര്യം മാത്രമല്ല പറഞ്ഞത്. സിനിമയെ മുന്‍നിര്‍ത്തി ഒരു വിലപേശല്‍ നടത്തുന്നത് കാണുന്നത് നമുക്ക് ബുദ്ധിമുട്ടാണ്. കുറേ ആളുകള്‍ അവരുടെ ബുദ്ധിയും ഭാവനയുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കലാസൃഷ്ടിയല്ലേ ഇത്? അതിനെ സോപ്പ്കച്ചവടം പോലെ ചിലര്‍ പരിഗണിക്കുന്നത് കാണുമ്പോള്‍ ഒരുതരം അലര്‍ജിയാണ് തോന്നുന്നത്.

തീയേറ്റര്‍ ഉടമകള്‍ മാത്രമാണോ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍?

സിനിമാമേഖലയില്‍ പലപ്പോഴുമുണ്ടാകുന്ന പ്രതിസന്ധിയില്‍ രണ്ട് പക്ഷത്തിനും പങ്കുണ്ടാകും. പക്ഷേ ഇത്തവണ തീയേറ്ററുകാരുടെ പിടിവാശി മാത്രമായിരുന്നു കാരണം. അക്കാദമി ചെയര്‍മാനും കെഎസ്എഫ്ഡിസി ചെയര്‍മാനും തുടങ്ങി എല്ലാവരും അനുകൂലിച്ച ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയെ അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാവേണ്ടതായിരുന്നു. കാരണം പ്രേക്ഷകര്‍ക്ക് ഒരു ഫെസ്റ്റിവല്‍ അല്ലേ നഷ്ടപ്പെട്ടത്? അത് അവര്‍ക്ക് തിരിച്ചുകിട്ടുന്നതല്ലല്ലോ? ക്രിസ്മസ് ഇനി അടുത്ത കൊല്ലമല്ലേയുള്ളൂ? ആത്മഹത്യാപരമായ നീക്കമായിരുന്നു തീയേറ്ററുകളുടേത്. അവര്‍ക്കും വരുമാനം വേണ്ടേ? നാല് സിനിമകള്‍ റിലീസിന് റെഡിയായി ഇരിക്കുമ്പോഴാണ് പല തീയേറ്ററുകളും ശൂന്യമായി കിടക്കുന്നത്.

ഇത്തവണ തികച്ചും ഏകപക്ഷീയമായിരുന്നു തീയേറ്റര്‍ ഉടമകളുടെ നിലപാട്. അല്‍പം വൈകിയാണെങ്കിലും അവര്‍ സമരം പിന്‍വലിക്കുന്നതാണ് നല്ലത്. പിന്നീട് ഒരു കമ്മിഷനെവെച്ച് ചര്‍ച്ച ചെയ്തിട്ട് ന്യായമായ കാര്യങ്ങള്‍ തീരുമാനിക്കട്ടെ. സൗകര്യങ്ങളുള്ള തീയേറ്ററുകളുടെ കാര്യത്തില്‍ പരിഗണനയുണ്ടാവും. പക്ഷേ അക്കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍പോലും തയ്യാറാവാതെ ഒരു ഫെസ്റ്റിവലിന്റെ തലേദിവസം വിളിച്ച്, ഇങ്ങനെയാണ്, ഇങ്ങനെയാണെങ്കിലേ റിലീസ് ചെയ്യൂ എന്ന് പറഞ്ഞതിലാണ് മര്യാദകേട്.

ദുല്‍ഖറിനൊപ്പം ‘ജോമോന്റെ സുവിശേഷങ്ങളു’ടെ സെറ്റില്‍ 
ദുല്‍ഖറിനൊപ്പം ‘ജോമോന്റെ സുവിശേഷങ്ങളു’ടെ സെറ്റില്‍ 

സിനിമാസംഘടനകളുടെ നേതൃത്വത്തില്‍ ഏറ്റവും അവസാനം നടന്ന ചര്‍ച്ചയും പരാജയമായിരുന്നു. പക്ഷേ ജോമോന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീയേറ്ററുകളില്‍ എത്തിയേക്കുമെന്ന് സിനിമാമേഖലയില്‍ ഒരു വാര്‍ത്ത പരക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ?

ജോമോന്‍ മാത്രമായി എന്തായാലും റിലീസ് ചെയ്യില്ല. സത്യംപറഞ്ഞാല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കുറേ തീയേറ്ററുകാര്‍ക്ക് താല്‍പര്യമുണ്ട്. ഫെഡേറഷന് കീഴിലുള്ള പല തീയേറ്ററുകാര്‍ക്കും സംഘടനയുടെ പ്രസിഡന്റിനോട് അഭിപ്രായവ്യത്യാസമുണ്ട്. തീയേറ്ററുകള്‍ പൂട്ടിയിടാന്‍ താല്‍പര്യമില്ലാത്തവരുണ്ട് അക്കൂട്ടത്തില്‍. തീയേറ്റര്‍ ഉടമകളില്‍ ചിലര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമൊക്കയായി ബന്ധപ്പെടുന്നുണ്ട്. മുന്നറിയിപ്പൊന്നുമില്ലാതെ ഇത്തരം ഒരു അവസ്ഥയിലെത്തിച്ചതിന്റെ അമര്‍ഷം ആ സംഘടനയ്ക്കുള്ളില്‍ നീറിപ്പുകയുന്നുണ്ട്. സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി കൂടുതല്‍ തീയേറ്ററുകാര്‍ മുന്നോട്ടുവരുകയാണെങ്കില്‍ ജോമോനും മുന്തിരിവള്ളികളും ഒരുമിച്ച് പുറത്തിറങ്ങും. തീയേറ്റര്‍ ഉടമകളുടെ ജനറല്‍ ബോഡിയുണ്ട് വ്യാഴാഴ്ച. അതിന്‌ശേഷമേ അക്കാര്യമൊക്കെ പറയാന്‍പറ്റൂ.