ടൊവീനോ തോമസ് അഭിമുഖം: അഭിനയം സിനിമയില്‍ പോരേ? ‘ഗോദ’യ്ക്ക് ‘ദംഗലു’മായി താരതമ്യം വേണ്ട 

May 18, 2017, 1:16 pm
ടൊവീനോ തോമസ് അഭിമുഖം: അഭിനയം സിനിമയില്‍ പോരേ? ‘ഗോദ’യ്ക്ക് ‘ദംഗലു’മായി താരതമ്യം വേണ്ട 
Celebrity Talk
Celebrity Talk
ടൊവീനോ തോമസ് അഭിമുഖം: അഭിനയം സിനിമയില്‍ പോരേ? ‘ഗോദ’യ്ക്ക് ‘ദംഗലു’മായി താരതമ്യം വേണ്ട 

ടൊവീനോ തോമസ് അഭിമുഖം: അഭിനയം സിനിമയില്‍ പോരേ? ‘ഗോദ’യ്ക്ക് ‘ദംഗലു’മായി താരതമ്യം വേണ്ട 

പരസ്യചിത്രങ്ങളിലെ ചെറുസാന്നിധ്യങ്ങള്‍, നായകനൊപ്പം പ്രേക്ഷകപ്രീതി നേടിയ ഉപനായകവേഷം, പുതിയ താരോദയമെന്ന് അടിവരയിടുന്ന തരത്തിലുള്ള തീയേറ്റര്‍ പ്രതികരണം.. ടൊവീനോ തോമസ് എന്ന നടന്റെയും താരത്തിന്റെയും വളര്‍ച്ച ഒരുപാട് കാലമെടുത്ത് സംഭവിച്ച ഒന്നല്ല. 'എന്ന് നിന്റെ മൊയ്തീനി'ലെ 'അപ്പു'വിലൂടെ യുവനിരയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായ ടൊവീനോ നായകനായൊരു ചിത്രത്തിന്റെ പേരിലാണ് ഇന്ന് മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ഇനിഷ്യല്‍ കളക്ഷനുകളിലൊന്ന്. ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ അവസാനം തീയേറ്ററുകളിലെത്തിയ ടൊവീനോ തോമസ് ചിത്രം 'ഒരു മെക്‌സിക്കന്‍ അപാരത'യാണ് ആ ചിത്രം. ടൊവീനോ സംസാരിക്കുന്നു. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്ന ചിത്രം 'ഗോദ'യെക്കുറിച്ച്.. സിനിമകളുടെ തെരഞ്ഞെടുപ്പിലുള്ള മാനദണ്ഡത്തെക്കുറിച്ച്.. 'അഹങ്കാരി' എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയാ പ്രചരണങ്ങളെക്കുറിച്ച്..

എന്താണ് ‘ഗോദ’?

സൗഹൃദത്തിന്റെയും കുടുംബബന്ധങ്ങളുടെയും ഒക്കെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ഗുസ്തിപ്പടമാണ് ഗോദ. ഗുസ്തിയാണ് സിനിമയുടെ നട്ടെല്ല്. അതേസമയം ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രവുമാണ്. ഒരു ഫുള്‍ പാക്കേജ് സിനിമ. ഈ വേനലവധിക്കാലത്ത് കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാവര്‍ക്കുംകൂടി പോയിക്കാണാവുന്ന, ആസ്വദിക്കാവുന്ന സിനിമയുമായിരിക്കും ഗോദ.

ടൊവീനോ തോമസ് 
ടൊവീനോ തോമസ് 

ഗുസ്തി പശ്ചാത്തലമാക്കി അടുത്തകാലത്തിറങ്ങിയ രണ്ട് ബോളിവുഡ് സിനിമകള്‍ക്ക് ഇവിടെയും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താനും ആമിര്‍ഖാന്റെ ദംഗലും. ഗോദയുടെ ട്രെയ്‌ലറൊക്കെ കാണുമ്പോള്‍ പെട്ടെന്ന് ആ സിനിമകളുടെ വിഷ്വലുകള്‍ ഓര്‍മ്മയിലേക്കെത്തുന്നു. ഗോദ തീയേറ്ററുകളിലെത്തുമ്പോള്‍ അവയുമായി ഒരു താരതമ്യം ഉണ്ടാവുമോ?

താരതമ്യം ഉണ്ടാവുന്നതിന് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. ദംഗല്‍ ഞാനും കണ്ടതാണ്. അത്തരമൊരു സിനിമയേയല്ല ഗോദ. ഇത് പൂര്‍ണമായും മലയാളി പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍പറ്റുന്ന ഒരു കഥയും പശ്ചാത്തലവും കഥപറച്ചില്‍ രീതിയുമൊക്കെയുള്ള സിനിമയാണ്. ദംഗലിന്റെ പശ്ചാത്തലം ഹരിയാനയാണല്ലോ? സാര്‍വലൗകികമായ ഒരു പ്രമേയമായിരിക്കുമ്പോള്‍ത്തന്നെ കഥാപാത്രങ്ങള്‍ ആ മണ്ണില്‍ നിന്നുള്ളവരായിരുന്നു. അതുപോലെതന്നെ മറ്റൊരു സ്ഥലത്തേക്ക് പ്ലേസ് ചെയ്യാന്‍ പറ്റാത്ത സിനിമയായിരിക്കും ഗോദ. പിന്നെ താരതമ്യങ്ങളേക്കാള്‍ ആ സിനിമകള്‍ നേരത്തേ വന്നത് ഗുണമാണ് ചെയ്യുക എന്നാണ് എന്റെ വിചാരം. ഗുസ്തി പശ്ചാത്തലമാക്കി ഒരു സിനിമ മലയാളത്തില്‍ വന്നിട്ട് ഏറെക്കാലമായിട്ടില്ലേ? ‘ഒരിടത്തൊരു ഫയല്‍വാനും’ ‘മുത്താരംകുന്ന് പിഒ’യുമല്ലാതെ ഒരു സിനിമ ഗുസ്തി പശ്ചാത്തലമാക്കി മലയാളത്തില്‍ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. സുല്‍ത്താനും ദംഗലുമൊക്കെ വന്നുപോയതിനാല്‍ ആ പശ്ചാത്തലം ഇപ്പോള്‍ അപരിചിതമല്ല പ്രേക്ഷകര്‍ക്ക്. ഗുസ്തിയെക്കുറിച്ച് ഇനി അവരോട് പറഞ്ഞു മനസിലാക്കേണ്ടതില്ല. എന്താണ് ഗുസ്തി, എങ്ങനെയാണ് ഗുസ്തി എന്നൊക്കെ അവര്‍ കണ്ടുകഴിഞ്ഞു. സുല്‍ത്താനും ദംഗലുമൊക്കെ ‘ഗോദ’ നമ്മുടെ പ്രേക്ഷകരിലേക്കെത്താന്‍ എളുപ്പമുണ്ടാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. താരതമ്യത്തിന്റെ കാര്യം പറഞ്ഞാല്‍ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ എന്ന സിനിമയ്ക്ക് ‘അനിയത്തിപ്രാവു’മായുള്ള ബന്ധമേ ഗുസ്തി പശ്ചാത്തലമാക്കിയ ബോളിവുഡ് സിനിമകള്‍ക്ക് ‘ഗോദ’യുമായി ഉണ്ടാവൂ. ആ രണ്ട് സിനിമകളിലും പ്രണയമായിരുന്നു വിഷയമെങ്കില്‍ ഇവിടെ ഗുസ്തിയാണ് എന്നുമാത്രം. പിന്നെയും താരതമ്യത്തിന് ഉദ്ദേശമുണ്ടെങ്കില്‍ രണ്ട് സിനിമകളുടെയും ബജറ്റ് പരിശോധിക്കണം. അവര്‍ക്കും നമുക്കും കിട്ടിയിരിക്കുന്ന സമയവും സാഹചര്യവുമൊക്കെ പരിഗണിക്കണം.

ടൊവീനോ തോമസ് 
ടൊവീനോ തോമസ് 

‘ആഞ്ജനേയ ദാസി’നെ അവതരിപ്പിക്കാന്‍ വേണ്ടിവന്ന തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണ്? ശാരീരികമായ തയ്യാറെടുപ്പുകള്‍ക്കൊപ്പം ഗുസ്തിയില്‍ പരിശീലനം നേടിയോ?

ആഞ്ജനേയ ദാസിന്റെ ശരീരം എത്തരത്തില്‍ വേണമെന്ന് ‘ഗോദ’യുടെ കഥ പറഞ്ഞ ഘട്ടത്തില്‍ത്തന്നെ ബേസില്‍ എന്നോട് പറഞ്ഞിരുന്നു. ഒരു ഗുസ്തിക്കാരന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരം വേണമെന്നാണ് ബേസില്‍ ആവശ്യപ്പെട്ടത്. ഒരു ബോഡി ബില്‍ഡറുടേതെന്ന് തോന്നിക്കാന്‍ പാടില്ലെന്നും പറഞ്ഞു. സിക്‌സ് പാക്ക് എന്നതിനേക്കാള്‍, ബലിഷ്ഠമായ കൈകാലുകളും തോളുകളുമൊക്കെയുള്ളയാളാണ് കഥാപാത്രമെന്നായിരുന്നു ബേസിലിന്റെ വിവരണം. ഭക്ഷണത്തില്‍ കര്‍ശനനിയന്ത്രണമൊക്കെ ഏര്‍പ്പെടുത്തി സിക്‌സ് പാക്കിന് ശ്രമിക്കുന്നയാളാവില്ലല്ലോ ഒരു ഗുസ്തിക്കാരന്‍. നന്നായിട്ട് ഭക്ഷണം കഴിച്ച്, നന്നായി വ്യായാമം ചെയ്യുന്ന, ‘നാച്വറലി ഹെല്‍ത്തി’ എന്നൊക്കെ പറയാവുന്ന ശരീരത്തിനുടമകളായിരിക്കും ഗുസ്തിക്കാര്‍. അത്തരമൊരു ശരീരമാണ് ഈ സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചത്. അതോടൊപ്പം ഒരു മാസം നീണ്ട ഗുസ്തിപഠനവുമുണ്ടായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ മിന്നല്‍ ജോര്‍ജ്ജ് എന്ന മിന്നലാശാന്റെ അഖാറയില്‍. അതും നല്ലൊരു അനുഭവമായിരുന്നു. സിനിമയ്ക്കുവേണ്ടിയാണെങ്കിലും പുതിയൊരു കാര്യം പഠിക്കാന്‍ പറ്റുക എന്നത് സന്തോഷമുള്ള കാര്യമാണ്.

‘മാലൈ നേരത്ത് മയക്ക’ത്തിലൊക്കെ അഭിനയിച്ച പഞ്ചാബി താരം വമിഖ ഗബ്ബിയാണല്ലോ നായികയെ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയ്‌ലര്‍ കാണുമ്പോള്‍ ആഞ്ജനേയ ദാസിനൊപ്പമോ അതില്‍ കൂടുതലോ പ്രാധാന്യമുള്ള കഥാപാത്രമായി തോന്നുന്നുണ്ട് വമിഖയുടേത്?

തീര്‍ച്ഛയായും. രണ്‍ജി സാറിന്റെ ‘ക്യാപ്റ്റന്‍ ഫയല്‍വാന്‍’, എന്റെ ‘ആഞ്ജനേയ ദാസ്’, വമിഖയുടെ ‘അദിതി സിങ്’.. ഗുസ്തിക്കാരായ ഈ മൂന്നുപേരുടെയും കഥയാണ് ‘ഗോദ’. ഗോദയിലെ അവരുടെ വിജയങ്ങളുടെ കഥ. തന്റെ പ്രൊഫഷനോട് വലിയ അര്‍പ്പണമുള്ള നടിയാണ് വമിഖ. അതിനാല്‍ കഥാപാത്രത്തെക്കുറിച്ച് അവരോട് കമ്യൂണിക്കേറ്റ് ചെയ്യാനും എളുപ്പമായിരുന്നു. അതുപോലെതന്നെ ഒപ്പമുള്ള അഭിനയവും. ഈ സിനിമയ്ക്കുവേണ്ടി അവരും ഗുസ്തിയില്‍ പരിശീലനം നടത്തിയിട്ടുണ്ട്. എന്നേക്കാളും രണ്‍ജി സാറിനെക്കാളും ഗുസ്തി സീക്വന്‍സുകള്‍ വമിഖയ്ക്കാണ് അവതരിപ്പിക്കാനുണ്ടായിരുന്നത്.

‘ഗോദ’ ചിത്രീകരണമാരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഞങ്ങള്‍ക്കെല്ലാമിടയില്‍ ഒരു കെമിസ്ട്രി രൂപപ്പെട്ടിരുന്നു. അത് അഭിനേതാക്കള്‍ക്കിടയില്‍ ഒതുങ്ങുന്നതുമായിരുന്നില്ല. മൊത്തം ക്രൂവും ഇത് തങ്ങളുടെ സിനിമയാണെന്ന് കരുതി പ്രവര്‍ത്തിക്കുന്നതുപോലെ ഉണ്ടായിരുന്നു. ഗുസ്തിയുടെ പശ്ചാത്തലമായതുകൊണ്ടുതന്നെ പിന്നണിയില്‍ ഒരു അധികപരിശ്രമത്തിന്റെ ആവശ്യമുണ്ട്. പക്ഷേ ആ പരിശ്രമത്തേക്കാള്‍ മുകളില്‍ സ്‌ക്രീനില്‍ കാണാനാകുമെന്നാണ് കരുതുന്നത്. അതിന് കാരണം ഈ പറഞ്ഞതാണ്. എല്ലാവരും അങ്ങനെയാണ് ഈ സിനിമയോട് സഹകരിച്ചത്.

ഗോദയില്‍ ടൊവീനോ 
ഗോദയില്‍ ടൊവീനോ 

തൊട്ടുമുന്‍പിറങ്ങിയ രണ്ട് സിനിമകള്‍ ടൊവീനോയുടെ കരിയറിന് ഗുണം ചെയ്ത സിനിമകളാണ്. ഗപ്പിയും മെക്‌സിക്കന്‍ അപാരതയും. ഗപ്പി തീയേറ്റര്‍ വിജയമായില്ലെങ്കിലും മികച്ച അഭിപ്രായം നേടി, പ്രത്യേകിച്ചും ഡിവിഡി ഇറങ്ങിയതിന് ശേഷം. അടുത്തകാലത്ത് ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഇനിഷ്യലാണ് മെക്‌സിക്കന്‍ അപാരതയ്ക്ക് ലഭിച്ചത്. യുവനിരയിലെ ഒരു പ്രധാനതാരം എന്ന നിലയിലേക്കുള്ള വളര്‍ച്ചയുടെ ഈ ഘട്ടം കരിയറില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടോ?

ഒരു സമ്മര്‍ദ്ദമായല്ല ഞാനതിനെ കാണുന്നത്. നേരെമറിച്ച് ഒരു ഉത്തരവാദിത്തമാണ്, ഓരോ സിനിമ ചെയ്യുമ്പൊഴും. സ്വയം ബോധ്യമാവാത്ത ഒരു സിനിമ ചെയ്യാനില്ല. തെരഞ്ഞെടുക്കുന്ന സിനിമകള്‍ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നതാണോ എന്നും ശ്രദ്ധിക്കാറുണ്ട്. എന്നെവച്ച് സിനിമയെടുക്കുന്ന ഒരു പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടാവരുതെന്ന് ആഗ്രഹമുണ്ട്. ‘ഗപ്പി’യില്‍ അത്തരമൊരു നഷ്ടമുണ്ടായിട്ടുണ്ട്. പക്ഷേ അതേ നിര്‍മ്മാതാക്കളാണ് പിന്നീട് ‘എസ്ര’ നിര്‍മ്മിച്ചത്. ഇപ്പോള്‍ ‘ഗോദ’യും നിര്‍മ്മിച്ചിരിക്കുന്നത്. ‘ഗപ്പി’യിലുണ്ടായ നഷ്ടം ‘ഗോദ’യിലൂടെ പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. ഇനി ചെയ്യാനിരിക്കുന്ന സിനിമകളുടെ കാര്യത്തിലും ഈ ആഗ്രഹമുണ്ട്. നിര്‍മ്മാതാവിന് കൈ പൊള്ളരുതെന്ന ആഗ്രഹം. ‘സ്റ്റാര്‍ വാല്യു’ എന്നതിനേക്കാള്‍ ‘മാര്‍ക്കറ്റ് വാല്യു’ ഉള്ള നടനെന്ന് വിലയിരുത്തപ്പെടാനാണ് ആഗ്രഹം. വിപണിമൂല്യം ഉയരുന്നത് നല്ലതാണ്. ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വലിയ സിനിമകള്‍, വലിയ സ്‌കെയിലിലുള്ള സിനിമകള്‍ ഭാവിയില്‍ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങണമെങ്കില്‍ ഇപ്പോള്‍ ബോക്‌സ്ഓഫീസ് വിജയങ്ങള്‍ സംഭവിക്കണം.

മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം മുന്നിലേക്കെത്തുന്ന പ്രോജക്ടുകളുടെ എണ്ണവും വൈവിധ്യവും കൂടിയിട്ടുണ്ടോ?

തെരഞ്ഞെടുപ്പിനുള്ള സാഹചര്യം എനിക്ക് ‘മൊയ്തീന്റെ’ സമയം മുതലേ ഉണ്ട്. അങ്ങനെതന്നെയാണ് അതിനുശേഷം വന്ന സിനിമകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഇപ്പോഴത്തെ സ്ഥിതി എന്താണെന്നുവച്ചാല്‍ പ്രോജക്ടുകളുടെ സ്‌കെയില്‍ കൂടാന്‍ തുടങ്ങിയിട്ടുണ്ട്. അതുകാരണം ഒരു നല്ല സബ്ജക്ട്, ബജറ്റ് കുറവായതിന്റെ പേരില്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച നടത്തി നിര്‍മ്മിക്കേണ്ടിവരുന്നില്ല.

സിനിമയോട് നന്നേ ചെറുപ്പം തൊട്ടേ വലിയ ഇഷ്ടമുണ്ട്. ഇപ്പോള്‍ അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞു. ഇതില്‍നിന്ന് എന്തെങ്കിലും ലാഭമുണ്ടാക്കി വീട്ടില്‍ കൊണ്ടുപോകാം എന്നതിനേക്കാള്‍ പ്രവര്‍ത്തിക്കുന്ന കാലം കൊണ്ട് എങ്ങനെ എന്റെ സാന്നിധ്യം അടയാളപ്പെടുത്താനാവും എന്നാണ് ചിന്ത. മലയാളസിനിമ അതിന്റെയൊരു നല്ല കാലത്തിലൂടെ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരുപാട് നല്ല സിനിമകള്‍ വരുന്നു. അവയെല്ലാം സ്വീകരിക്കപ്പെടുന്നു. ചെയ്യുന്ന സിനിമകളുടെ സാമ്പത്തികവിജയം പ്രധാനമാണ്, അല്ലെന്നല്ല. പക്ഷേ അവയുടെ ഗുണനിലവാരമാണ് എന്നെ സംബന്ധിച്ച് അതിലും പ്രധാനം. നമ്മള്‍ ചെയ്യുന്ന ഒരു സിനിമ മറ്റ് ഇന്റസ്ട്രികളിലുള്ളവര്‍ക്ക് മുന്നിലും അന്തസ്സോടെ കൊണ്ടുവെക്കാന്‍ പറ്റണം. അങ്ങനെയുള്ള സിനിമകളുടെ ഭാഗമാവാനാണ് ആഗ്രഹം. പിന്നെ, എല്ലാവരും നല്ല സിനിമ ചെയ്യാന്‍വേണ്ടിത്തന്നെയാണ് ഇന്റസ്ട്രിയിലേക്ക് വരുന്നത്. ഒരു മോശം സിനിമയെടുത്തേക്കാമെന്ന് കരുതി ആരും വരില്ലല്ലോ? ഫിലിംമേക്കിംഗ് ഒരു പ്രോസസ് ആണ്. ഒരു ടീം വര്‍ക്ക് ആണ്. അന്തിമമായി മെച്ചപ്പെട്ട റിസല്‍ട്ട് ഉണ്ടാക്കാന്‍ കഴിഞ്ഞോ എന്നത് മാത്രമാണ് ചോദ്യം. വിജയവും പരാജയവും തീരുമാനിക്കുന്നത് പ്രേക്ഷകരാണ്.

ഗോദയുടെ പ്രചരണത്തിനിടെ സംവിധായകന്‍ ബേസില്‍ ജോസഫിനൊപ്പം ടൊവീനോ 
ഗോദയുടെ പ്രചരണത്തിനിടെ സംവിധായകന്‍ ബേസില്‍ ജോസഫിനൊപ്പം ടൊവീനോ 

വരാനിരിക്കുന്ന പ്രോജക്ടുകളില്‍ പലതും വലിയ ലൈനപ്പുകളിലുള്ളതാണ്. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിലൊന്ന്, അമല്‍ നീരദിന്റെ കഥയില്‍. മറ്റൊന്ന് ധനുഷ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമ. തുടക്കക്കാര്‍ക്ക് അപ്രാപ്യനാകുമോ ടൊവീനോ?

എന്നിലെ നടനെയും എന്നിലെ സാധാരണക്കാരനായ പ്രേക്ഷകനെയും എക്‌സൈറ്റ് ചെയ്യിക്കുന്ന പ്രോജക്ടുകളാണ് ഇതൊക്കെത്തന്നെ. വൈവിധ്യമുള്ള സിനിമകള്‍. പുതിയ ആളുകള്‍ക്ക് അപ്രാപ്യനാകുമോ എന്ന് ചോദിച്ചല്ലോ. ഒരിക്കലുമില്ല എന്നാണ് ഉത്തരം. ഞാന്‍ ഇത്രകാലവും വര്‍ക്ക് ചെയ്തത് തന്നെ കൂടുതലും അത്തരം ആളുകളുടെ കൂടെയാണ്. അതുകൊണ്ട് എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ. സമീപിക്കുന്നത് തുടക്കക്കാരനാണോ അനുഭവ പരിചയമുള്ള ആളാണോ എന്നതല്ല ആ തിരക്കഥ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നതാണോ എന്നേ ഞാന്‍ നോക്കാറുള്ളൂ. ഒരു മികച്ച സംവിധായകനാണ് ചെയ്യുന്നതെങ്കില്‍ ആ തിരക്കഥകളെയൊക്കെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനും പറ്റും.

ഒരു തമിഴ് പ്രോജക്ട് ചെയ്യുന്നില്ലേ?

തമിഴില്‍ ഒരു സിനിമ ചെയ്തിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസ് മസാല എന്റര്‍ടെയ്‌നറോ ആക്ഷന്‍ പടമോ ഒന്നുമല്ല അത്. പ്രാഥമികമായി ഒരു പ്രണയകഥയാണ്. പറയുന്ന വിഷയത്തിലാണ് ആ സിനിമയുടെ നില്‍പ്പ്. പക്ഷേ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അവര്‍ ഔദ്യോഗികമായി അനൗണ്‍സ് ചെയ്യാത്തതിനാല്‍ ഇപ്പോള്‍ പറയാനാവില്ല.

ടീം ഗോദയ്‌ക്കൊപ്പം 
ടീം ഗോദയ്‌ക്കൊപ്പം 

‘മെക്‌സിക്കന്‍ അപാരത’യുടെ പ്രൊമോഷനിടെ ആരാധകരില്‍ നിന്നാരോ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തുറന്നുപ്രതികരിച്ചത് സോഷ്യല്‍ മീഡിയയില്‍ അഹങ്കാരവും പെരുമാറ്റദൂഷ്യവുമായൊക്കെ പ്രചരിപ്പിക്കപ്പെട്ടു. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നോ ഇത്?

ടൊവീനോ തോമസ് എന്ന നടന്‍ സ്‌ക്രീനില്‍ അഭിനയിച്ചാല്‍പ്പോരേ? സിനിമയില്‍ അഭിനയിക്കുന്നവര്‍ സ്‌ക്രീനിന് പുറത്തും അഭിനയിക്കണമെന്ന് പറയുന്നതില്‍ ഔചിത്യമുണ്ടോ? അന്നങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ പ്രതികരിച്ചത് എന്നിലെ മനുഷ്യനാണ്. എന്റെ ദേഹത്ത് എന്റെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും ഞാന്‍ അനുവാദം കൊടുത്തിട്ടില്ല. ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയായി ആര്‍ക്കും ഞാനെന്നെ എഴുതിക്കൊടുത്തിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് മറ്റ് വ്യക്തിസ്വാതന്ത്ര്യങ്ങളൊന്നും വേണ്ട എന്നില്ലല്ലോ? ആകാശത്ത് വിരിഞ്ഞുനില്‍ക്കുന്ന ഒരു താരമാകാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ഞാന്‍ ഞാനായിട്ട് തന്നെയാണ് നില്‍ക്കുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പ് എങ്ങനെതന്നെയായിരുന്നോ അങ്ങനെതന്നെയാണ് ഇപ്പൊഴും.

പിന്നെ ആ വീഡിയോ അതിന്റെ ഫുള്‍ വെര്‍ഷനിലല്ല പ്രചരിച്ചത്. എഡിറ്റ് ചെയ്യപ്പെട്ടതായിരുന്നു അത്. ആള്‍ക്കൂട്ടത്തില്‍നിന്നൊരാള്‍ വന്ന് എന്റെ തോളത്തടിച്ചിട്ട് പോയത് ശരിയായിട്ട് തോന്നിയില്ല. സിനിമയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാന്‍ വന്നതാണെങ്കില്‍ കുഴപ്പമില്ല. ഇത് ഒരാള്‍ വന്ന് അടിച്ചിട്ട് ഒന്നുംമിണ്ടാതെ പോവുകയാണ്. ആ ഒരു ആറ്റിറ്റിയൂഡിനോടാണ് ഞാന്‍ പ്രതികരിച്ചത്. ഞാന്‍ കാറിലേക്ക് ഇരിക്കുന്നതുവരെയുള്ള രംഗങ്ങളേ ആ വീഡിയോയില്‍ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തിറങ്ങി അവര്‍ക്കൊപ്പം അര മണിക്കൂറോളം ചെലവഴിച്ചതിന് ശേഷമാണ് അവിടെനിന്ന് മടങ്ങിയത്. കേക്ക് മുറിക്കലും ഫോട്ടോയെടുക്കലുമൊക്കെ കഴിഞ്ഞ്. അതിന്റെയൊന്നും വീഡിയോ എവിടെയും പ്രചരിച്ചുകണ്ടില്ല.

അത്തരമൊരു പ്രചരണം ബോധപൂര്‍വ്വം ആരോ നടപ്പില്‍ വരുത്തിയതാണെന്ന് കരുതുന്നുണ്ടോ? എന്തെങ്കിലും അജണ്ട അതിനുപിന്നില്‍ ഉള്ളതായി തോന്നിയോ?

അതിനെക്കുറിച്ച് എനിക്ക് തെളിവൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ആരെയും കുറ്റപ്പെടുത്താനും കഴിയില്ല. പക്ഷേ സുഹൃത്തുക്കളില്‍ പലരും പറഞ്ഞിട്ടുണ്ട് അത്തരത്തില്‍ ഒരു ‘പ്ലാനിംഗ്’ ഇതിന്റെ പിന്നില്‍ നടന്നിരിക്കാമെന്ന്. അതേസമയം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന പൂര്‍ണ്ണബോധ്യമുണ്ട്. അതിനാല്‍ത്തന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നു. സത്യം എന്നെങ്കിലും തിരിച്ചറിയപ്പെടും. ജോലി നന്നായി ചെയ്യുന്നതിലാണ് ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും. അതിനുള്ള റിസല്‍ട്ട് പ്രേക്ഷകര്‍ തരുന്നുമുണ്ട്.

ടൊവീനോ തോമസ് 
ടൊവീനോ തോമസ് 

‘ഗോദ’യിലേക്ക് തിരിച്ചെത്തിയാല്‍ സിനിമ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയാണ്. എന്താണ് പ്രതീക്ഷ?

‘ഗോദ’ ഞങ്ങള്‍ ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ റിസല്‍ട്ടായി പുറത്തുവരുന്ന സിനിമയാണ്. ഞങ്ങളൊക്കെ പ്രതീക്ഷിച്ച രീതിയില്‍ നന്നായിട്ട് വന്നിട്ടുണ്ട് പടം. അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ്. അവരാണ് തീരുമാനിക്കേണ്ടത്.