ഫേസ്ബുക്കില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തിയെന്ന് ടൊവിനോ, ‘എന്റെ സ്വീകാര്യത കുറയ്ക്കാന്‍ ആരൊക്കെയോ ആഗ്രഹിച്ചു’ 

May 12, 2017, 5:39 pm
ഫേസ്ബുക്കില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തിയെന്ന് ടൊവിനോ, ‘എന്റെ സ്വീകാര്യത കുറയ്ക്കാന്‍ ആരൊക്കെയോ ആഗ്രഹിച്ചു’ 
Celebrity Talk
Celebrity Talk
ഫേസ്ബുക്കില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തിയെന്ന് ടൊവിനോ, ‘എന്റെ സ്വീകാര്യത കുറയ്ക്കാന്‍ ആരൊക്കെയോ ആഗ്രഹിച്ചു’ 

ഫേസ്ബുക്കില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തിയെന്ന് ടൊവിനോ, ‘എന്റെ സ്വീകാര്യത കുറയ്ക്കാന്‍ ആരൊക്കെയോ ആഗ്രഹിച്ചു’ 

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തിയെന്ന് ടൊവിനോ തോമസ്. തന്റെ പേര് ഇല്ലാതാക്കാനും സ്വീകാര്യത തകര്‍ക്കാനും ചിലര്‍ ആസൂത്രിത ശ്രമം നടത്തിയെന്നും ടൊവിനോ തോമസിന്റെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ ഫേസ്ബുക്കില്‍ ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത് നിര്‍ത്തി, ഞാന്‍ പറയുന്ന കാര്യങ്ങള്‍ അതിന്റെ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കഴിവുള്ള ജനത ഇവിടെ ഉണ്ടാകുമ്പോള്‍ ഫേസ്ബുക്കില്‍ ആക്ടീവ് ആകാമെന്നും ടോവിനോ തോമസ്. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ആസൂത്രിതമായ നീക്കമാണ് നടന്നത്. എഡിറ്റ് ചെയ്ത വീഡിയോയിലൂടെയും ട്രോളുകളിലൂടെയും തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ശ്രമം നടന്നതായും ടോവിനോ തോമസ്.

ഒരു ട്രോള്‍ പേജില്‍, ഞാന്‍ പേര് പറയുന്നില്ല, ഒരു ദിവസം എട്ട് ട്രോളുകളെങ്കിലും എനിക്കെതിരെ വന്നു, അത് ആസൂത്രിതമല്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ, ആര്‍ക്കൊക്കെയോ ആഗ്രഹമുണ്ടായിരുന്നു എന്റെ സ്വീകാര്യത കുറയണമെന്ന്. ഞാന്‍ ആരുടെയും പേര് പറയുന്നില്ല. എന്നെ മോശമായി ചിത്രീകരിക്കാന്‍ എഡിറ്റ് ചെയ്ത ചില വീഡിയോകള്‍ ഉപയോഗിച്ചു. ടോവിനോ മോശമായി പെരുമാറിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.

ന്യൂസ് 18 കേരളായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ തോമസിന്റെ വെളിപ്പെടുത്തല്‍. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ പ്രചാരണ ചടങ്ങിനിടെയുണ്ടായ ചില സംഭവ വികാസങ്ങള്‍ വീഡിയോയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടോവിനോയെ ദേഹോപദ്രവം ഏല്‍പ്പിച്ച ആളോട് പരുഷമായി പെരുമാറിയതും മറ്റൊരു സന്ദര്‍ഭത്തില്‍ പി്ന്നില്‍ നിന്ന് തല്ലിയ ആളോട് ക്ഷമ പറയാന്‍ ആവശ്യപ്പെട്ടതുമാണ് വിവാദമായത്.

പ്രചരിക്കുന്ന വീഡിയോകളിലെ സംഭവങ്ങളൊന്നും ജാടയോ അഹങ്കാരമോ കൊണ്ടല്ലെന്നും വേദനിച്ചപ്പോള്‍ ഒരു പച്ച മനുഷ്യനായി പ്രതികരിച്ചതാണെന്നും ടൊവീനോ മുമ്പ് പറഞ്ഞിരുന്നു.

ടൊവിനോ തോമസ് വിവാദ വേളയില് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്

പ്രിയപെട്ടവരെ, നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ ഒരാള്‍. പ്രേക്ഷകരില്‍നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാനാകുന്ന കഥാപാത്രങ്ങള്‍ എന്നും ചെയ്യാന്‍ കഴിയണമെന്നാണ് ഓരോ സിനിമയ്ക്ക് മുന്‍പും ശേഷവും ആഗ്രഹിക്കുന്നത്. നല്ല സിനിമകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന എത്രയോ പേരുടെ അനുഗ്രഹത്താലാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്ന് നല്ല ബോധ്യമുണ്ട്. പ്രൊമോഷന് വേണ്ടി തീയേറ്ററുകളിലും ക്യാമ്പസുകളിലുമൊക്കെ പോയപ്പോള്‍ എത്രയോ പേര്‍ സിനിമകളോടുള്ള അവരുടെ ഇഷ്ടം ഞങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കയ്യടിയുമാക്കി മാറ്റിയിരുന്നു. ഇനിയുള്ള സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും മാത്രമേ നിങ്ങളുടെ അളവില്ലാത്ത സ്‌നേഹത്തിനു പകരം നല്‍കാനാവൂ. ഇതിനിടയില്‍ ചില മോശം അനുഭവങ്ങള്‍ കൂടിയുണ്ടായി. വീട്ടിലൊരാളെയോ കൂട്ടുകാരനെയോ പോലെ കണ്ട് എത്രയോ പേര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനിടെ ആരോ ഉപദ്രവിച്ചപ്പോള്‍ പ്രതികരിച്ചിരുന്നു. വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചുപോയതാണ്. അത് ജാടയോ അഹങ്കാരമോ കൊണ്ടായിരുന്നില്ല . അതാരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.സിനിമയ്‌ക്കൊരു സത്യമുണ്ട്. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രമേ എല്ലാ കാലത്തേക്കും നിലനില്‍ക്കൂ. മറ്റെല്ലാം കാലം തെളിയിക്കട്ടെ..
ടൊവിനോ തോമസ്