‘ഞാന്‍ കൊച്ചിയിലെത്തിയപ്പോള്‍ ദുല്‍ഖര്‍ മുംബൈയില്‍’; വിധു വിനോദ് ചോപ്ര പറയുന്നു 

March 25, 2017, 11:42 am
‘ഞാന്‍ കൊച്ചിയിലെത്തിയപ്പോള്‍ ദുല്‍ഖര്‍ മുംബൈയില്‍’; വിധു വിനോദ് ചോപ്ര പറയുന്നു 
Celebrity Talk
Celebrity Talk
‘ഞാന്‍ കൊച്ചിയിലെത്തിയപ്പോള്‍ ദുല്‍ഖര്‍ മുംബൈയില്‍’; വിധു വിനോദ് ചോപ്ര പറയുന്നു 

‘ഞാന്‍ കൊച്ചിയിലെത്തിയപ്പോള്‍ ദുല്‍ഖര്‍ മുംബൈയില്‍’; വിധു വിനോദ് ചോപ്ര പറയുന്നു 

മലയാളസിനിമ എക്കാലത്തും ഇന്ത്യയിലെ മറ്റ് ഭാഷാസിനിമകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ കലാമൂല്യമുള്ള, ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശനങ്ങളുള്ള സിനിമകളാണ് മുന്‍കാലങ്ങളില്‍ അത്തരത്തില്‍ ശ്രദ്ധ നേടിയിരുന്നതെന്ന് മാത്രം. പക്ഷേ മള്‍ട്ടിപ്ലെക്‌സുകളുടെ വരവോടെ മുഖ്യധാരാ മലയാളസിനിമകളും അത്തരത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. വാണിജ്യവിജയം നേടുന്ന ഒരു സിനിമയുടെ അന്യഭാഷാ നിര്‍മ്മാണാവകാശം ആര്‍ക്കാണെന്ന ചോദ്യം സാധാരണമാണിന്ന്. ബോളിവുഡ് ഉള്‍പ്പെടെ മലയാളത്തിലിറങ്ങുന്ന പുതിയ സിനിമകള്‍ ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. പലരും തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ അവയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താറുമുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' താന്‍ ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും മികച്ച സിനിമയാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് പറഞ്ഞത് ഏതാനും ദിവസം മുന്‍പാണ്. മലയാളത്തില്‍ തനിക്ക് പ്രിയങ്കരനായ ഒരു യുവനടന്‍ ഉണ്ടെന്ന് പറയുകയാണ് ബോളിവുഡില്‍ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമൊക്കെയായ വിധു വിനോദ് ചോപ്ര.

ദുല്‍ഖര്‍ സല്‍മാനാണ് പുതുതലമുറയില്‍ വിധുവിന്റെ ശ്രദ്ധ പിടിച്ച നടന്‍. കൊച്ചിയില്‍ ബിനാലെ കാണാനെത്തിയപ്പോഴാണ് വിധു മലയാളത്തില്‍ താന്‍ ശ്രദ്ധിക്കാറുള്ള യുവനടനെക്കുറിച്ച് പറഞ്ഞത്. പ്രകടനം കണ്ട് ദുല്‍ഖറിനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും പക്ഷേ കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനായില്ലെന്നും വിധു പറയുന്നു.

ദുല്‍ഖര്‍ അഭിനയിച്ച മികച്ച ചില സിനിമകള്‍ കണ്ടിട്ടുണ്ട്. ഗംഭീരമായിരുന്നു അവ. അതിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും. അവ കണ്ട് ഞാന്‍ ഫോണില്‍ ദുല്‍ഖറുമായി സംസാരിച്ചിട്ടുണ്ട്. 
വിധു വിനോദ് ചോപ്ര 

മലയാളത്തിന്റെ പ്രിയയുവതാരത്തോടൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹവും വിധു വിനോദ് ചോപ്ര മറച്ചുവെക്കുന്നില്ല. 'അദ്ദേഹം അത്രയുംനല്ല നടനാണ്. ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ളതില്‍ മികച്ച നടന്മാരിലൊരാള്‍. ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണം.' എന്നാല്‍ ഇതുവരെ ദുല്‍ഖറിനെ നേരിട്ട് കണ്ടിട്ടില്ലെന്നും താന്‍ കൊച്ചിയിലെത്തിയപ്പോള്‍ ദുല്‍ഖര്‍ മുംബൈയില്‍ പോയിരിക്കുകയാണെന്നും പറയുന്നു വിധു.

മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'വസീറാ'ണ് വിധു വിനോദ് ചോപ്ര അവസാനം നിര്‍മ്മിച്ച ചിത്രം. അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ വിധു എഡിറ്റര്‍മാരില്‍ ഒരാളുമായിരുന്നു. പികെ, 3 ഇഡിയറ്റ്‌സ്, മുന്നാഭായി എംബിബിഎസ് തുടങ്ങി ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങളുണ്ട് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയില്‍.

(കടപ്പാട്: ഡെക്കാണ്‍ ക്രോണിക്കിള്‍)