വിനീത് ശ്രീനിവാസന്‍ അഭിമുഖം: ‘സിനിമാക്കാരന്‍’ ഒരു സാധാരണക്കാരന്‍  

June 23, 2017, 6:50 pm
 വിനീത് ശ്രീനിവാസന്‍ അഭിമുഖം: ‘സിനിമാക്കാരന്‍’ ഒരു സാധാരണക്കാരന്‍  
Celebrity Talk
Celebrity Talk
 വിനീത് ശ്രീനിവാസന്‍ അഭിമുഖം: ‘സിനിമാക്കാരന്‍’ ഒരു സാധാരണക്കാരന്‍  

വിനീത് ശ്രീനിവാസന്‍ അഭിമുഖം: ‘സിനിമാക്കാരന്‍’ ഒരു സാധാരണക്കാരന്‍  

ഒരേ സമയത്തുതന്നെ അഭിനയം, തിരക്കഥ, സംവിധാനം അങ്ങനെ സിനിമയിലെ പ്രധാന മേഖലകളിലെല്ലാം വിനീത് ശോഭിക്കാറുണ്ട്. എങ്കിലും അഭിനയിക്കാനുള്ള കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡം എന്താണ്?

തിരക്കഥ കേള്‍ക്കുമ്പോള്‍ തോന്നുന്ന ആവേശം തന്നെയാണ് ആദ്യത്തെ കാര്യം. അതുപോലെ തന്നെ അത് പറയുന്ന ആളും പറയുന്ന രീതിയും പ്രധാനമാണ്. അപ്പോഴേക്കും നമുക്ക് ഏകദേശം ഉറപ്പിക്കാം ഈ സിനിമ നന്നായി വരുമോ എന്ന്. ആ ഒരു വിശ്വാസം തിരക്കഥയിലും സംവിധാനം ചെയ്യുന്ന ആളിലും ഉണ്ടാകുമ്പോഴാണ് ഞാന്‍ കഥാപാത്രം തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്. കഥാപാത്രത്തേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുക്കുക തിരക്കഥയ്ക്കും സംവിധായകനും തന്നെയാണ്. ട്രാഫിക് എന്ന സിനിമയില്‍ ഞാന്‍ വളരെ ചെറിയൊരു റോളിലാണ് വന്നത്. അതേസമയം അതിന്റെ തിരക്കഥ ഗംഭീരമായിരുന്നു. കഥാപാത്രം ഇങ്ങനെയൊക്കെ വേണം എന്ന സങ്കല്പമോ നിര്‍ബന്ധമോ ഒരിക്കലും ഉണ്ടായിട്ടില്ല.

‘ഒരു സിനിമാക്കാരന്റെ’ കഥയ്ക്ക് സ്വന്തം ജീവിതവുമായോ അല്ലെങ്കില്‍ താങ്കള്‍ക്ക് അറിയുന്ന ആരുടെയെങ്കിലും ജീവിതവുമായോ സാമ്യം തോന്നിയിട്ടുണ്ടോ?

ഈ സിനിമ പൂര്‍ണമായി ഒരു സിനിമയ്ക്കുള്ളിലെ കഥ അല്ല. സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യുന്ന ഒരാളുടെ ജീവിത കഥയാണ്. നമുക്ക് പരിചയമുള്ള ഒരുപാടുപേര്‍ സിനിമയിലുണ്ട്, പ്രത്യേകിച്ച് സംവിധായകരുടെ സഹായി ആയിട്ടുള്ളവരൊക്കെ. ഞാന്‍തന്നെ സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ഏറ്റവുമടുപ്പം ഉണ്ടാകുന്നത് അസിസ്റ്റന്റ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഇവരോടൊക്കെയാണ്. സിനിമ തുടങ്ങുന്നത് മുതല്‍ അത് തിയേറ്ററില്‍ എത്തുന്നത് വരെ നമ്മളെല്ലാം ഒരു ടീമായിട്ടു തന്നെയാണ് ഉണ്ടാവുക. സിനിമയ്ക്കപ്പുറത്തേക്ക് വലിയൊരു വ്യക്തിബന്ധം ഉണ്ടാവുകയും ചെയ്യും. അവരുടെ സ്വപ്നങ്ങള്‍, അതില്‍ എത്തിച്ചേരാനുള്ള പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ നമ്മുടെ സംസാരത്തില്‍ വകടന്നുവരും. അത്തരം ഒരുപാട് ആളുകള്‍ സുഹൃത്തുക്കളായുള്ള ആളാണ് ഞാന്‍. അവരില്‍ പലരുടെയും ജീവിതത്തിലെ സംഭവങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നുതന്നെയാണ് ‘ഒരു സിനിമാക്കാരന്‍’.

ഒരു സംവിധായകന്‍ എന്ന നിലയില്‍ സിനിമയെ സമീപിക്കുമ്പോള്‍ അഭിനേതാക്കള്‍ക്ക് ഹോം വര്‍ക്ക് നിഷ്‌കര്‍ഷിക്കാറുണ്ടോ? അതേസമയം മറ്റു സംവിധായകര്‍ വിനീത് എന്ന നടനോടും?

തീര്‍ച്ചയായും. ഞാന്‍ അത് ചെയ്യാറുണ്ട്. അവര്‍ അതില്‍ എത്രത്തോളം സന്തോഷിക്കുന്നു എന്നത് എനിക്കറിയില്ല. എന്നോടും ആവശ്യപ്പെടാറുണ്ട്. സന്തോഷത്തോടെ തന്നെ ഞാന്‍ ചെയ്യാറുമുണ്ട്. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ സംവിധാനം ചെയ്യുന്ന സമയത്ത് എന്നോട് നന്നായി തടി കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ഇത്രയും കാലത്തിനിടയ്ക്ക് ശാരീരികമായി ശ്രമം നടത്തിയ സിനിമ അതായിരുന്നു. ‘എബി’ ചെയ്യുന്നതിന് മുന്‍പ് ആ കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജ് ഒക്കെ ചെയ്യുന്നത് കണ്ടുപഠിക്കാന്‍ ശ്രീകാന്തേട്ടന്‍ കുറെ വീഡിയോ ഒക്കെ തന്നിട്ടുണ്ട്. അത് കണ്ടിരുന്നു. എന്നെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുമുണ്ട്യ ‘ഒരു സിനിമാക്കാരന്‍’ എത്തിയപ്പോള്‍ ലിയോ ചേട്ടന്‍ എന്നോട് ആവശ്യപ്പെട്ടത് സാധാരണ ലൈഫില്‍ സംസാരിക്കുന്നതു പോലെ ചെയ്യാനാണ്. കഥാപാത്രം അങ്ങനെ ആയാല്‍ ആണ് മികച്ചു നില്‍ക്കുക എന്നും പറഞ്ഞു. നല്ലൊരു ടീം ആയതുകൊണ്ട് തന്നെ പരമാവധി ചെയ്യാന്‍ പറ്റി എന്നുതന്നെയാണ് വിശ്വാസം. പിന്നെ ആവശ്യപ്പെട്ടത് താടി വളര്‍ത്തണം എന്ന് ആയിരുന്നു. ഇത്രയും താടി ഞാന്‍ ജീവിതത്തില്‍ തന്നെ വളര്‍ത്തിയത് ഈ സിനിമയ്ക്ക് വേണ്ടിയാണ്.

സിനിമയില്‍ വലിയ കൂട്ടുകെട്ടുകളേക്കാള്‍ ഏറെ പുതിയ ആള്‍ക്കാരുമായാണ് താങ്കളുടെ സിനിമകള്‍. കൂടുതല്‍ സിനിമകള്‍ വന്നത് നോക്കിയാല്‍ അത് നിവിന്‍ പോളിയുടെ കൂടെയാണ്. സൗഹൃദങ്ങള്‍ സിനിമയില്‍ പൂര്‍ണമായും ഒരു പോസിറ്റീവ് സ്പേസില്‍ തന്നെ ആണ് മുന്നോട്ടു പോകുന്നത് എന്ന് പറയാന്‍ പറ്റുമോ?

അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണെന്നു വച്ചാല്‍ നമ്മള് ഫ്രണ്ട്ലി ആയിട്ടുള്ള സാഹചര്യത്തില്‍ ആണ് പെര്‍ഫോം ചെയ്യുന്നതെങ്കില്‍ അഭിനേതാക്കള്‍ക്ക് ഒരു നല്ല ഊര്‍ജം കിട്ടുന്നതായി തോന്നിയിട്ടുണ്ട്. എനിക്ക് നല്ല ബന്ധം ഉള്ള സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കുന്ന സമയത്ത് നല്ല ഈസി ആയി തോന്നാറുണ്ട്. സുഹൃത്തുക്കള്‍ ആവുമ്പോള്‍ തുറന്ന് അഭിപ്രായം പറയും, പോരായ്മകള്‍ തുറന്നു പറയാന്‍ പ്രശ്‌നം ഉണ്ടാകില്ല. അതേസമയം സീനിയര്‍ ആയിട്ടുള്ള ഒരു സംവിധായകന്റെ അടുത്ത് അങ്ങനെ സംസാരിക്കാന്‍ പലപ്പോഴും പേടി ആയിരിക്കും. സുഹൃത്തുക്കള്‍ ആവുമ്പോള്‍ അത്തരം മടിയും പേടിയും ഒന്നും ഉണ്ടാകില്ല എന്നത് തന്നെ പോസിറ്റീവ് ആയ കാര്യമല്ലേ.

മോഹന്‍ലാല്‍-ശ്രീനിവാസന്‍ സിനിമ, ‘തിര’യുടെ രണ്ടാം ഭാഗം.. വിനീത് ശ്രീനിവാസന്‍ വാര്‍ത്തകളില്‍ ഇടയ്‌ക്കൊക്കെ സ്ഥാനം പിടിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇവയാണ്. പ്രേക്ഷകരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകള്‍ ആണവ. എന്നാണ് ഈ സിനിമകള്‍ നമുക്ക് കാണാന്‍ പറ്റുക?

തിരയുടെ രണ്ടാം ഭാഗം, അത് ചെയ്‌തെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് നീണ്ടുപോകുന്നതാണ്. ഇപ്പോഴും അതില്‍ ഉറപ്പുപറയാന്‍ പറ്റുന്ന അവസ്ഥയില്‍ എത്തിയിട്ടില്ല. സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമകള്‍ എപ്പോള്‍ സംഭവിക്കും എന്ന ഉറപ്പ് നല്‍കാന്‍ പറ്റിയ ഒരു സാഹചര്യത്തില്‍ അല്ല ഇപ്പോള്‍.

ആദ്യത്തെ സിനിമ ശ്രീനിവാസനോടൊപ്പവും മൂന്നാമത്തെ സിനിമ വിനീത് ശ്രീനിവാസനോടൊപ്പവും ആണ് ലിയോ ചെയ്യുന്നത്. ലിയോ എന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു?

എപ്പോഴാണെങ്കിലും സിനിമ ചെയ്തുകഴിയുമ്പോള്‍ അതിലെ സംവിധായകനും നിര്‍മ്മാതാവുമൊക്കെയായി ഒരു നല്ല സൗഹൃദം ഉണ്ടാകാറുണ്ട്. ലിയോ ചേട്ടന്റെ കാര്യത്തിലും അത് നല്ല രീതിയില്‍ തന്നെ സംഭവിച്ചിട്ടുണ്ട്. ഈ സിനിമയുടെ സെറ്റില്‍ നല്ല ഈസി ആയി തന്നെ എനിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി. രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു എന്ന അനുഭവത്തിനപ്പുറം ഭദ്രന്‍ സാറിന്റെയൊക്കെ കൂടെ കുറേക്കാലം അസോസിയേറ്റ് ചെയ്ത ഒരു ടെക്നീഷ്യനാണ് അദ്ദേഹം. ഒരു സീനെടുക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്റ അനുഭവം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതൊക്കെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. പുതിയ സംവിധായകര്‍ക്ക് പുതിയ ചിന്തകളും അപ്രോച്ചും ഒക്കെയുണ്ടാകും. പക്ഷെ ലൊക്കേഷനില്‍ അതെങ്ങനെ ചെയ്യും എന്ന കണ്‍ഫ്യുഷന്‍ മിക്കപ്പോഴും പ്രശ്‌നമാണ്. ഈ സീന്‍ എങ്ങനെയാണ് ചെയ്യുക എന്ന് നമ്മള്‍ ആലോചിക്കുന്ന സമയത്തേക്ക് ലിയോ ചേട്ടന്‍ ഗംഭീരമായി അത് പകര്‍ത്തിയെടുത്തിട്ടുണ്ടാകും. എന്റെയൊക്കെ പ്രായത്തില്‍ ഉള്ള ആള്‍ക്കാര്‍ സിനിമ ചെയ്യുമ്പോള്‍ വിട്ടുപോകുന്ന പല കാര്യങ്ങളുമുണ്ട്. പ്രതേകിച്ച് സിനിമയിലെ ഇമോഷണല്‍ രംഗങ്ങള്‍. നമ്മള്‍ക്കൊന്നും പലപ്പോഴും എത്തേണ്ട ഒരാഴത്തില്‍ എത്താനാവില്ല അത്തരം രംഗങ്ങളില്‍. അതേസമയം അനുഭവസമ്പത്തുള്ള ഒരാള്‍ വരുമ്പോള്‍ അത് കൃത്യമായി ചെയ്യാറുണ്ട്. ഇമോഷണല്‍ സീനുകള്‍ ഒക്കെ കൈകാര്യം ചെയ്യുന്നതില്‍ ലിയോ ചേട്ടന്‍ ഗംഭീരം ആണെന്ന് തോന്നിയിട്ടുണ്ട്.

ആദ്യ ചിത്രത്തില്‍ത്തന്നെ സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് രജിഷ വിജയന്‍. കൂടെയുള്ള അഭിനയം എങ്ങനെയായിരുന്നു?

വളരെ ഈസി ആയിട്ട് അഭിനയിക്കുന്ന ആളാണ് രജിഷ. ഒരു റിഹേഴ്‌സല്‍ പോലും ഇല്ലാതെ പലപ്പോഴും നേരെ ടേക് എടുക്കാറുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ചെയ്ത സമയത്ത് ശ്രീനാഥ് ഭാസിയും ഇങ്ങനെ ഉള്ള ഒരു അഭിനേതാവാണെന്ന് തോന്നിയിട്ടുണ്ട്. ശ്രീനാഥ് അഭിനയിക്കുന്നത് കാണാന്‍തന്നെ ഭയങ്കര രസമാണ്. അങ്ങനെ ഒരാള്‍ കൂടെ ഉണ്ടാകുമ്പോള്‍ നമുക്കും നല്ല രീതിയില്‍ ചെയ്യാന്‍ പറ്റും. എന്നെ സംബന്ധിച്ചിടത്തോളം റിഹേഴ്‌സല്‍ കഴിഞ്ഞ്, അത് ഡയറക്ടര്‍ കണ്ട് ഇഷ്ടപ്പെട്ട് ടേക്ക് എടുക്കുക എന്ന രീതിയാണ്. രജിഷയൊക്കെ വളരെ പെട്ടെന്ന് കഥാപാത്രത്തെ ഏറ്റെടുത്ത് ഒരു മാജിക്കല്‍ പ്രകടനം തന്നെ കാഴ്‌ചെവക്കും. അതെസമയത്തുതന്നെ നമ്മുടെ ഭാഗം മികച്ചതാകാനുള്ള കാര്യങ്ങള്‍ കൂടെ ചെയ്തിട്ടുണ്ടാകും. നല്ല നിമിഷങ്ങളാണ് ഓര്‍ക്കാനുള്ളത്.

വളരെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ‘ഒരു സിനിമാക്കാരന്‍’ സഎന്ന ചിത്രത്തെ എങ്ങനെ വിശേഷിപ്പിക്കും?

സിനിമയുടെ പേര് ഒരു സിനിമാക്കാരന്‍ എന്നാണെങ്കിലും ഇത് ഒരു സാധാരണക്കാരന്റെ കഥ പറയുന്ന സിനിമ ആയിരിക്കും.