വിഷ്ണു ഗോവിന്ദൻ അഭിമുഖം; സിനിമയെ പ്രണയിച്ച കലാകാരൻ 

November 8, 2017, 6:20 pm
വിഷ്ണു ഗോവിന്ദൻ അഭിമുഖം; സിനിമയെ പ്രണയിച്ച കലാകാരൻ 
Celebrity Talk
Celebrity Talk
വിഷ്ണു ഗോവിന്ദൻ അഭിമുഖം; സിനിമയെ പ്രണയിച്ച കലാകാരൻ 

വിഷ്ണു ഗോവിന്ദൻ അഭിമുഖം; സിനിമയെ പ്രണയിച്ച കലാകാരൻ 

ഒരു സിനിമ ഭ്രാന്തൻ അല്ലെങ്കിൽ ഒരു സിനിമ മോഹി ഇതാണ് വിഷ്ണു ഗോവിന്ദൻ എന്ന കലാകാരൻ സ്വയം തന്നെ വിശേഷിപ്പിക്കുന്നത്. മെക്സിക്കൻ അപാരത എന്ന രാഷ്ട്രീയ ചിത്രത്തിലെ നർമ്മം കൈകാര്യം ചെയ്ത ജോമി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിഷ്ണു ഗൂഢാലോചന എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ ഷറഫ് എന്ന കഥാപാത്രമായി എത്തിയിരിക്കുകയാണ്. അഭിനയത്തിനൊപ്പം സംവിധാനത്തെയും സീരിയസായി കാണുന്ന ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ഹിസ്റ്ററി ഓഫ് ജോയ് റിലീസിന് തയാറെടുക്കുകയാണ്. വിഷ്ണു ഗോവിന്ദൻ സൗത്ത് ലൈവിനോട് സംസാരിക്കുന്നു.

ഗൂഢാലോചനയുടെ  വിശേഷങ്ങൾ ?

ഗൂഢാലോചന എന്ന ചിത്രം എന്നെ ഏറ്റവും അധികം ആകർഷിച്ചത് അതിന്റെ തിരക്കഥാകൃത്ത് ധ്യാൻ ശ്രീനിവാസൻ ആണെന്നതാണ്. ശ്രീനിവാസനെ പോലെയും വിനീത് ശ്രീനിവാസനെ പോലെയും ഐഡിയൽ എന്ന് വിളിക്കാവുന്നവരുടെ കുടുംബത്തിലെ മൂന്നാമത്തെ വ്യക്തിയാണ് ധ്യാൻ. അതുകൊണ്ടു തന്നെ ആ തിരക്കഥയിൽ പൂർണ വിശ്വാസം തോന്നി. കൂട്ടുകാരോടൊത്തു അഭിനയിക്കാൻ സാധിച്ചതാണ് മറ്റൊരു പ്രധാന കാര്യം. ചിത്രത്തിലെ അണിയറ പ്രവർത്തകർ അടക്കം എല്ലാവരും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ പേടിയോ ടെൻഷനോ ഉണ്ടായിരുന്നില്ല. മൂന്നാമത്തെ കാര്യം കോഴിക്കോട് നടന്ന ഷൂട്ടിംഗ് ആണ്. കോഴിക്കോടിന്റെ രുചിയും അവിടുത്തെ ജനങ്ങളുടെ ആദിത്യ മര്യാദയും എന്നെ വളരെ അധികം സന്തോഷിപ്പിച്ചു. കോഴിക്കോട് വർക്ക് ചെയ്യാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു.

ഗൂഢാലോചന വ്യത്യസ്തമാകുന്നത് എങ്ങനെയാണ്

നാലു കൂട്ടുകാരുടെ കഥപറയുന്ന ചിത്രമാണ് ഗൂഢാലോചന. ഷറഫ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണ രീതി തികച്ചും വ്യത്യസ്ഥമായിരുന്നു. സ്വന്തമായി തന്നെയാണ് കഥാപാത്രത്തിന്റെ ചലനങ്ങൾ ചെയ്തത്. സംഭാഷണവും അവരവരുടെ യുക്തിക്കും കൂടി ചേരുന്ന രീതിയിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതു. വളരെ നാച്ചുറലായ രീതിയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 

മെക്സിക്കൻ അപാരത പോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ താങ്കൾക്കു കഴിഞ്ഞാലോ, എങ്ങനെയായിരുന്നു പ്രേക്ഷക പ്രതികരണം 

മെക്സിക്കൻ അപാരത പോലൊരു റിബൽ സീരിയസ് ചിത്രത്തിലെ നർമ ഭാഗങ്ങൾ ചെയ്യുന്നതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ, ജോമി എന്ന എന്റെ കഥാപാത്രത്തെ എല്ലാവരും അംഗീകരിക്കുകയാണ് ചെയ്തത്. ജോമിയുടെ നിഷ്ക്കളങ്കത വലിയ നടൻമാർ പോലും അംഗീകരിച്ചതായി അവരുടെ സ്നേഹത്തിൽ നിന്നും അറിയാൻ കഴിഞ്ഞു. അതിലൊക്കെ വലിയ സന്തോഷമാണ് തോന്നിയത്. ജോമി എന്ന കഥാപാത്രം ചിരിപ്പിക്കാൻ വേണ്ടിയായിരുന്നില്ല മറിച്ച് കഥാപാത്രത്തിന്റെ അവസ്ഥകളിലൂടെ ആണ് പോയത്. ജോമിയുടെ വിഷമങ്ങളിലും സന്തോഷങ്ങളിലും എല്ലാം ജനങ്ങൾ പങ്കുകൊണ്ടു.

സിനിമയിൽ ഒരു മെയിൻ സ്ട്രീം കൊമേഡിയൻ എന്ന നിലയിൽ താങ്കൾ ഉയരുകയാണലോ, ഇത് സ്വാഭിവകമായി സംഭവിച്ചതാണോ ?

ചെറുപ്പം മുതലേ സിനിമ ഇഷ്ടമായിരുന്നു. സിനിമയുടെ ഭാഗമാകാൻ കൊതിച്ചിരുന്നു. ഒരു സിനിമ ഭ്രാന്തൻ അല്ലെങ്കിൽ സിനിമ മോഹി എന്ന് തന്നെ കരുതാം. അതിൽ നടൻ സംവിധായകൻ എന്ന് ഒന്നും ചിന്തിച്ചിട്ടില്ല. ഫിലിം ഫെസ്റ്റിവലിൽ എല്ലാം തന്നെ പങ്കെടുക്കുമായിരുന്നു. സഹ തിരക്കഥാകൃത്ത്, സഹ സംവിധായകൻ എന്നി നിലകളിലൊക്കെ പ്രവർത്തിച്ചു. പരസ്യ ചിത്രങ്ങളുടെ ഭാഗമായി. നാടകത്തിൽ അഭിനയിച്ചിരുന്നത് കൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കാനും അവസരം കിട്ടി. എല്ലാം ഒരു നിയോഗം പോലെ സംഭവിച്ചതാണ്. സിനിമയെ സ്നേഹിച്ചതിനു സിനിമ തിരിച്ചു തന്നതാണ് എന്ന് കരുതുന്നു.

അഭിനയത്താലാണോ സംവിധാനത്തിലാണോ താങ്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നത് ?

സിനിമയുടെ ഭാഗമായി മുന്നോട്ടു പോകുക എന്നത് തന്നെയാണ് ഇനിയുള്ള  തീരുമാനം. അഭിനയത്തിൽ തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിചാരിക്കുന്നത്. സിനിമയിൽ നല്ലപോലെ നിലയുറപ്പിക്കുന്നതു വരെ ഒരു അംഗീകാരം ലഭിക്കുന്നത് വരെ അഭിനയത്തിൽ മാത്രം നിൽക്കാനാണ് ആഗ്രഹിക്കുന്നത്.

താങ്കൾ സംവിധാനം ചെയ്ത ചിത്രമാണലോ ഹിസ്റ്ററി ഓഫ് ജോയ്, സിനിമയെക്കുറിച്ച് എന്താണ് പങ്കുവെക്കാൻ ഉള്ളത് ?

ഞാൻ സംവിധാനം ചെയ്ത പുതിയ ചിത്രം ഹിസ്റ്ററി ഓഫ് ജോയ് പ്രദർശനത്തിന് ഒരുങ്ങുകയാണ്. നവംബർ 24നാണ് റിലീസ്. ചിത്രത്തിന് U സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജോയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ വിനയന്റെ പുത്രൻ വിഷ്ണു വിനയ് ആണ്. വിനയ് ഫോർട്ട്, ജോജു, സായികുമാർ, നന്ദു, ശ്രീകുമാർ, കോട്ടയം പ്രദീപ്, സുനിൽ സുഗത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖ നടിമാരായ ശിവഗാമി അപർണ തോമസ് എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ കാമറ രതീഷ് നിർവഹിക്കുന്നു. സംഗീതം ജോവി. കലനൂർ ശശികുമാർ ആണ് ചിത്രത്തിന്റെ നിർമാതാവ്. ബന്ധങ്ങളുടെ മൂല്യവും, ജീവിതത്തിൽ എല്ലാർക്കും രണ്ടാം അവസരം ആവശ്യമാണെന്നും അതായതു തെറ്റിൽ നിന്ന് ശരിയിലേക്കു എത്താനുള്ള ഒരു അവസരം അത് പലപ്പോഴും നമ്മുക്ക് കിട്ടാതെ പോകുന്നു -ഇതിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് . അതോടൊപ്പം കേന്ദ്ര കഥാപാത്രം എറണാകുളം പോലൊരു നഗരത്തിൽ തന്റെ ജീവിതം പടുത്തുയർത്താൻ ഒറ്റയ്ക്കു പോരാടുന്ന ഒരു വ്യക്തിയാണ്. നല്ലൊരു സാമൂഹ്യ മൂല്യം, ഒരു സന്ദേശം ഈ ചിത്രം പങ്കുവെക്കുന്നുണ്ട്.