‘രണ്ടാമൂഴം’ തിരക്കഥയാക്കുമ്പോള്‍ ‘ഭീമന്’ എന്റെ സ്വരമായിരുന്നോ? എംടിയോട് മമ്മൂട്ടിക്ക് ചോദിക്കാനുള്ളത് 

April 10, 2017, 11:22 am
‘രണ്ടാമൂഴം’ തിരക്കഥയാക്കുമ്പോള്‍ ‘ഭീമന്’ എന്റെ സ്വരമായിരുന്നോ? എംടിയോട് മമ്മൂട്ടിക്ക് ചോദിക്കാനുള്ളത് 
Celebrity Talk
Celebrity Talk
‘രണ്ടാമൂഴം’ തിരക്കഥയാക്കുമ്പോള്‍ ‘ഭീമന്’ എന്റെ സ്വരമായിരുന്നോ? എംടിയോട് മമ്മൂട്ടിക്ക് ചോദിക്കാനുള്ളത് 

‘രണ്ടാമൂഴം’ തിരക്കഥയാക്കുമ്പോള്‍ ‘ഭീമന്’ എന്റെ സ്വരമായിരുന്നോ? എംടിയോട് മമ്മൂട്ടിക്ക് ചോദിക്കാനുള്ളത് 

എം.ടി.വാസുദേവന്‍ നായരുടെ സിനിമാരംഗത്തെ സംഭാവനകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന സിനിമകളിലൊന്ന് 'ഒരു വടക്കന്‍ വീരഗാഥ' ആയിരിക്കും. വടക്കന്‍ പാട്ടുകളിലെ 'ചതിയന്‍ ചന്തു'വിന് എംടി തന്റേതായ ഭാഷ്യം ചമച്ചപ്പോള്‍ ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെ രൂപവുമായിരുന്നു. ഐവി ശശിയുടെ 'തൃഷ്ണ' മുതല്‍ ഹരിഹരന്റെ കേരളവര്‍മ്മ പഴശ്ശിരാജ വരെ ഒട്ടേറെ എംടി തിരക്കഥകളില്‍ നായകനായിരുന്നു മമ്മൂട്ടി. സിനിമയ്ക്ക് പുറത്ത് ഇഴയടുപ്പമുള്ള വ്യക്തിബന്ധവുമുണ്ട് അവര്‍ക്കിടയില്‍. 2013ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ ചിത്രം 'ഏഴാമത്തെ വരവി'ന് ശേഷം ഒരു എംടി തിരക്കഥ സ്‌ക്രീനിലെത്തുകയാണ്. സ്വന്തം കണ്ണിലൂടെ എംടി പുരാണത്തിലെ ഭീമനെ നോക്കിക്കണ്ട നോവല്‍ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രഭാഷ്യമാണ് അത്. പരസ്യചിത്രരംഗത്തെ പ്രമുഖന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പക്ഷേ മോഹന്‍ലാലാണ് നായകന്‍. 600 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കാന്‍ ആലോചിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷമാവും നടക്കുക.

2009ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ‘ഭീമം’ ദൃശ്യാവിഷ്‌കാരത്തില്‍ ഭീമനായി മമ്മൂട്ടി 
2009ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ‘ഭീമം’ ദൃശ്യാവിഷ്‌കാരത്തില്‍ ഭീമനായി മമ്മൂട്ടി 

എന്നാല്‍ തന്റെ പ്രിയനോവലിന്റെ സിനിമാരൂപത്തിന് തിരക്കഥ തയ്യാറാക്കുമ്പോള്‍ എംടിയുടെ മനസില്‍ ഭീമനായി താനുണ്ടായിരുന്നോയെന്ന് ആലോചിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിക്കുവേണ്ടി തിരക്കഥകളെഴുതുമ്പോള്‍ നായകകഥാപാത്രങ്ങള്‍ പറയുന്ന സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കുമായിരുന്നെന്ന് എംടി പറഞ്ഞിട്ടുണ്ടെന്നും 'രണ്ടാമൂഴ'ത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും മമ്മൂട്ടി പറയുന്നു. മലയാള സാഹിത്യത്തിന്റെ ആറ് പതിറ്റാണ്ടിന് ആദരമെന്ന നിലയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന 'വാക്ക് പൂക്കും കാല'മെന്ന പരിപാടിയിലാണ് എംടിയുമായുള്ള ഊഷ്മളബന്ധത്തെക്കുറിച്ചും ഭീമനാകാനുള്ള ആഗ്രഹത്തെക്കുറിച്ചും മമ്മൂട്ടി മനസ് തുറക്കുന്നത്.

ഭീമം 
ഭീമം 

എംടിയെയും ‘രണ്ടാമൂഴ’ത്തെയും കുറിച്ച് മമ്മൂട്ടി

പല അവസരങ്ങളിലും എന്നോട് ഒരുപാട് വാല്‍സല്യവും സ്‌നേഹവും കാട്ടിയ കഥാകാരനാണ് അദ്ദേഹം. കഥാപാത്രങ്ങളിലൂടെ ഞാനെന്ന നടനാണോ അതോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്ന് എനിക്കറിയില്ല. പല അവസരങ്ങളിലും അദ്ദേഹം എന്നെപ്പറ്റി പറയുമ്പോള്‍ വാചാലനാകാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുമ്പോള്‍, സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ എന്റെ ചെവിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന്. അതൊക്കെ ഒരു നടനെന്ന നിലയില്‍ എനിക്ക് വലിയ അഭിമാനം തോന്നുന്ന കാര്യങ്ങളാണ്. എംടിയെപ്പോലെ ലബ്ധപ്രതിഷ്ഠനായ ഒരു സാഹിത്യകാരന് എന്നെപ്പോലെ ഒരു സാധാരണ സിനിമാനടന്റെ ശബ്ദത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നുവെന്ന് തോന്നുന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ വലിയ നേട്ടം തന്നെയാണ്.

ഭീമനായി മമ്മൂട്ടി 
ഭീമനായി മമ്മൂട്ടി 
ഒരിക്കല്‍ ഞാന്‍ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ചോദിക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോഴെന്ന്. പക്ഷേ അങ്ങനെ സംസാരിക്കാന്‍ ഒരു അവസരം കിട്ടിയിട്ടില്ല. 
മമ്മൂട്ടി 

എംടിയുടെ രണ്ടാമൂഴത്തിന് ടി.കെ.രാജീവ്കുമാറിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കിയ ദൃശ്യാവിഷ്‌കാരത്തെക്കുറിച്ചും മമ്മൂട്ടി ഓര്‍മ്മിക്കുന്നു.

മമ്മൂട്ടി, എം.ടി.വാസുദേവന്‍ നായര്‍ 
മമ്മൂട്ടി, എം.ടി.വാസുദേവന്‍ നായര്‍ 
“പക്ഷേ ഭീമം എന്ന പേരില്‍ ആ പുസ്തകത്തിന്റെ (രണ്ടാമൂഴം) ഒരു ദൃശ്യാവിഷ്‌കാരമുണ്ടായപ്പോള്‍ ഭീമനായി രംഗത്തുവന്നത് ഞാനാണ്. ഒരു പൂര്‍ണ നാടകമോ കഥാവിഷ്‌കാരമോ ആയിരുന്നില്ല അത്. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിറ്റോളം വരുന്ന ഒരു ദൃശ്യാവിഷ്‌കാരം. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അതുകഴിഞ്ഞ് സ്‌റ്റേജില്‍ കയറി അദ്ദേഹം ഇതിനെക്കുറിച്ചൊക്കെ സംസാരിച്ചതിന് ശേഷം ഇറങ്ങിപ്പോകുമ്പോള്‍ എന്റെ തലയില്‍ കൈവെച്ച് പറഞ്ഞു ‘വിജയിച്ച് വരിക’.. ഞാനിപ്പോഴും അതിനാണ് ശ്രമിക്കുന്നത്. ഇനി അദ്ദേഹത്തിന്റെ ആ അനുഗ്രഹം എനിക്ക് വിജയങ്ങളുണ്ടാക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. അതിനായി കഠിനശ്രമം നടത്തുന്നു..” 
രണ്ട് തലമുറകള്‍ക്കൊപ്പം എം.ടി, മമ്മൂട്ടിയും ദുല്‍ഖറുമൊത്ത്‌ 
രണ്ട് തലമുറകള്‍ക്കൊപ്പം എം.ടി, മമ്മൂട്ടിയും ദുല്‍ഖറുമൊത്ത്‌ 

അതേസമയം ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരിക്കുന്ന രണ്ടാമൂഴത്തിന്റെ തിരക്കഥ എം.ടി ഒന്നരവര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയതാണ്. അന്തര്‍ദേശീയ സ്റ്റുഡിയോകള്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമനാവുമ്പോള്‍ പ്രമുഖ മറുഭാഷാ താരങ്ങളും മഹാഭാരതത്തിലെ വിവിധ കഥാപാത്രങ്ങളായെത്തും. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ് പതിപ്പുകളും ഉണ്ടാവുമെന്നാണ് സൂചന. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, ശിവ് രാജ്കുമാര്‍, വിക്രം, പ്രഭു, ഐശ്വര്യ റായ്, മഞ്ജു വാര്യര്‍ എന്നിവരൊക്കെ ചിത്രത്തിന്റെ ഭാഗമാവുമെന്ന് പല സമയങ്ങളില്‍ കേട്ടിരുന്നെങ്കിലും മോഹന്‍ലാല്‍ ഒഴികെയുള്ളവരുടെ താരനിര്‍ണയത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.