‘2.0’യ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്കോ? ആരാധകരോട് നിലപാട് വെളിപ്പെടുത്തി രജനീകാന്ത് 

May 15, 2017, 3:36 pm
‘2.0’യ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്കോ? ആരാധകരോട് നിലപാട് വെളിപ്പെടുത്തി രജനീകാന്ത് 
Celebrity Talk
Celebrity Talk
‘2.0’യ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്കോ? ആരാധകരോട് നിലപാട് വെളിപ്പെടുത്തി രജനീകാന്ത് 

‘2.0’യ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്കോ? ആരാധകരോട് നിലപാട് വെളിപ്പെടുത്തി രജനീകാന്ത് 

തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഏറെക്കാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി രജനീകാന്ത്. ചെന്നൈ രാഘവേന്ദ്ര വെഡ്ഡിംഗ് ഹാളില്‍ ഒത്തുകൂടിയ എഴുനൂറോളം ആരാധകരോട് സംവദിക്കുകയായിരുന്നു രജനി. എട്ട് വര്‍ഷത്തിന് ശേഷമാണ് രജനി ആരാധകരെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്.

രാഷ്ട്രീയപ്രവേശം തന്റെ അഭിലാഷമല്ലെന്നും എന്നാല്‍ ദൈവനിശ്ചയം അതാണെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും രജനി പറഞ്ഞു.

ജീവിതത്തില്‍ നമ്മള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് ദൈവമാണ്. ഇപ്പോള്‍ ഞാനൊരു നടനാവണമെന്നാണ് അദ്ദേഹത്തിന്. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. ഇനി ദൈവത്തിന്റെ തീരുമാനം നാളെ മറ്റൊന്നാണെങ്കില്‍, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണമെന്നാണെങ്കില്‍ അങ്ങനെ ചെയ്യും. 
രജനീകാന്ത് 

അത്തരത്തിലൊന്ന് സംഭവിച്ചാല്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രീയത്തെ ധനസമ്പാദന മാര്‍ഗ്ഗമായി കാണുന്നവരെ അകറ്റിനിര്‍ത്തുമെന്നും രജനി പറഞ്ഞു. 96 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്‌ക്കൊപ്പം നിന്ന് ജയലളിതയ്‌ക്കെതിരേ നടത്തിയ പ്രചരണം ഒരു 'രാഷ്ട്രീയ അപകട'മായിരുന്നെന്നും രജനീകാന്ത്.

'ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെ'ന്ന രജനീകാന്തിന്റെ അക്കാലത്തെ പ്രസ്താവന ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നാണ്. ആ തെരഞ്ഞെടുപ്പിലെ ജയലളിതയുടെ വന്‍പരാജയത്തിന് ഒരു കാരണമായും ആ പ്രസ്താവന വിലയിരുത്തപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ജയലളിതയുടെ മരണാനന്തരം നടന്ന ഒരു അനുസ്മരണച്ചടങ്ങില്‍ രജനി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. താന്‍ ജയലളിതയെ വേദനിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ഒരു 'രത്‌ന'മായിരുന്നുവെന്നും അന്ന് രജനി പറഞ്ഞു.

“21 വര്‍ഷം മുന്‍പ് ഒരു രാഷ്ട്രീയ കൂട്ടുകെട്ടിനെ പിന്തുണച്ചത് എന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റായിരുന്നു. അന്നുമുതല്‍ രാഷ്ട്രീയക്കാര്‍ അനേക അവസരങ്ങളില്‍ എന്റെ പേര് തെറ്റായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഞാനൊരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരു പാര്‍ട്ടിയിലും ചേരുന്നില്ല..” 

ബിജെപി പിന്തുണയോടെ രജനീകാന്ത് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹമെത്തിയത്. ആരാധകരമായുള്ള സമ്പര്‍ക്കം രജനി വരുന്ന നാല് ദിവസങ്ങളില്‍ തുടരും.