25 വര്‍ഷത്തിന് ശേഷം ‘യോദ്ധ’യ്ക്ക് രണ്ടാംഭാഗം വരുമോ? സംഗീത് ശിവന്റെ മറുപടി 

April 21, 2017, 12:12 pm
25 വര്‍ഷത്തിന് ശേഷം ‘യോദ്ധ’യ്ക്ക്  രണ്ടാംഭാഗം വരുമോ? സംഗീത് ശിവന്റെ മറുപടി 
Celebrity Talk
Celebrity Talk
25 വര്‍ഷത്തിന് ശേഷം ‘യോദ്ധ’യ്ക്ക്  രണ്ടാംഭാഗം വരുമോ? സംഗീത് ശിവന്റെ മറുപടി 

25 വര്‍ഷത്തിന് ശേഷം ‘യോദ്ധ’യ്ക്ക് രണ്ടാംഭാഗം വരുമോ? സംഗീത് ശിവന്റെ മറുപടി 

'യോദ്ധ'യോളം മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സിനിമകള്‍ കുറവായിരിക്കും. മോഹന്‍ലാലും ജഗതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, സംഗീത് ശിവന്റെ സംവിധാനത്തില്‍ 25 വര്‍ഷം മുന്‍പ് പുറത്തെത്തിയ ചിത്രം തുടര്‍ ടെലിവിഷന്‍ സംപ്രേക്ഷണങ്ങളിലൂടെ ഇപ്പോഴും ചിരിയലകള്‍ തീര്‍ക്കുന്നുണ്ട്. മലയാളിയുടെ ഹൃദയത്തിനുള്ളില്‍ ഇരിപ്പുറപ്പിച്ച ചിത്രത്തിന് ഒരു രണ്ടാംഭാഗം ഒരുക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അത്തരത്തിലൊന്ന് യാഥാര്‍ഥ്യമാവാനുള്ള സാധ്യതകള്‍..? പലരും ഈ ചോദ്യം തന്റെ മുന്നില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് പറയുന്നു സംഗീത് ശിവന്‍. അത്തരത്തിലൊരു രണ്ടാംഭാഗത്തിന്റെ സാധ്യതകളെക്കുറിച്ചും പറയുന്നു അദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'പാട്ടെഴുത്ത്' എന്ന രവി മേനോന്‍ പംക്തിയിലാണ് സംഗീത് തന്റെ കരിയറിലെ എവര്‍ഗ്രീന്‍ ഹിറ്റിനെക്കുറിച്ച് പറയുന്നത്.

യോദ്ധയ്ക്ക് ഒരു രണ്ടാംഭാഗം മനസ്സിലുണ്ടോ എന്ന് ചോദിക്കാറുണ്ട് പലരും. അത്തരത്തില്‍ ഒരു തുടര്‍ച്ച ഉണ്ടായാല്‍ തന്നെ അത് പഴയ യോദ്ധയില്‍നിന്ന് അടിമുടി വ്യത്യസ്തമായിരിക്കും. കാല്‍ നൂറ്റാണ്ടിനിടെ കാലം ഏറെ മാറിയില്ലേ? അഭിരുചികളും ആസ്വാദനശീലങ്ങളും സാങ്കേതികവിദ്യയും ഒക്കെ മാറി. യോദ്ധയില്‍ തകര്‍ത്തഭിനയിച്ചവര്‍ പലരും ദീപ്തസ്മരണകളുടെ ഭാഗമാണിന്ന്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, എം.എസ്.തൃപ്പൂണിത്തുറ, ജഗന്നാഥ വര്‍മ്മ, സുകുമാരി, മീന.. അങ്ങനെ പലരും. ആ വേഷങ്ങളില്‍ പകരക്കാരായി മറ്റാരെയെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലുമാകുമോ നമുക്ക്. മോഹന്‍ലാലിനൊപ്പം യോദ്ധയുടെ ഹൃദയവും ആത്മാവുമായിരുന്ന ജഗതിയുടെ അവസ്ഥയാണ് ഏറ്റവും വേദനാജനകം. ഇനിയൊരിക്കല്‍ക്കൂടി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനാവാത്തവിധം തളര്‍ന്നുപോയിരിക്കുന്നു ആ അനുഗൃഹീത നടന്‍. ജഗതിയില്ലാത്ത യോദ്ധ എത്ര ശൂന്യം? 
സംഗീത് ശിവന്‍ 
യോദ്ധയില്‍ മോഹന്‍ലാലും സിദ്ധാര്‍ത്ഥ് ലാമയും 
യോദ്ധയില്‍ മോഹന്‍ലാലും സിദ്ധാര്‍ത്ഥ് ലാമയും 

യോദ്ധയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സിനിമാജീവിതത്തിന്റെ പ്രാരംഭദശയിലായിരുന്ന സാങ്കേതികവിദഗ്ധര്‍ പലരും ഇന്ന് പ്രശസ്തിയുടെ ഔന്നത്യങ്ങളിലാണെന്നും അവരില്ലാതെ യോദ്ധയില്ലെന്നും സംഗീത് പറയുന്നു. 'ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, കലാസംവിധായകന്‍ സമീന്‍ ചന്ദ, ആക്ഷന്‍ ഡയറക്ടര്‍ ശ്യാം കൗശല്‍, കോസ്റ്റിയൂം ഡിസൈനര്‍ സലിം ആരിഫ് എന്നിവരെല്ലാം ഇന്ന് ഇന്ത്യന്‍ സിനിമയിലെ തിരക്കേറിയ ടെക്‌നീഷ്യന്മാരാണ്. ഒപ്പം എ.ആര്‍.റഹ്മാന്റെ മാന്ത്രികസാന്നിധ്യവും', സംഗീത് ശിവന്‍ പറയുന്നു. എ.ആര്‍.റഹ്മാന്റെ രണ്ടാം ചിത്രമായിരുന്നു യോദ്ധ. മണി രത്‌നത്തിന്റെ സംവിധാനത്തില്‍ 1992ല്‍ത്തന്നെ പുറത്തെത്തിയ 'റോജ'യായിരുന്നു റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ആദ്യചിത്രം.