കുമരങ്കരിയില്‍ പുണ്യാളന്‍ പിറന്നിട്ട് നാല് കൊല്ലം, അത്രമേല്‍ അഴകുള്ള ആമേന്‍  

March 22, 2017, 12:29 pm
കുമരങ്കരിയില്‍  പുണ്യാളന്‍ പിറന്നിട്ട് നാല് കൊല്ലം, അത്രമേല്‍ അഴകുള്ള ആമേന്‍  
Film Debate
Film Debate
കുമരങ്കരിയില്‍  പുണ്യാളന്‍ പിറന്നിട്ട് നാല് കൊല്ലം, അത്രമേല്‍ അഴകുള്ള ആമേന്‍  

കുമരങ്കരിയില്‍ പുണ്യാളന്‍ പിറന്നിട്ട് നാല് കൊല്ലം, അത്രമേല്‍ അഴകുള്ള ആമേന്‍  

ചേരുവാചവര്‍പ്പുകളെ മടുക്കാതെയും മറികടക്കാതെയും സാമ്പ്രദായികതയില്‍ ഏറെ കാലം വട്ടംചുറ്റിയ മലയാള സിനിമയെ ദൃശ്യഭാഷയിലൂന്നിയ പുതുപരീക്ഷണങ്ങളിലേക്ക് വഴിനടത്തിയ ചിത്രങ്ങളായിരുന്നു ട്രാഫിക്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ചാപ്പാക്കുരിശ് തുടങ്ങിയവ. ദൃശ്യാവിഷ്‌കാരത്തിലും വ്യാകരണത്തിലുമെല്ലാമുള്ള പുതുരീതികളുമായെത്തിയ നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളിലൂടെ ഈ ശ്രമങ്ങളുടെ ഭാഗമാകാനും തുടര്‍ച്ചയേകാനും ലിജോ ജോസ് പെല്ലിശേരിയുണ്ടായിരുന്നു. ആമേന്‍ എന്ന മൂന്നാം സിനിമയിലെത്തിയപ്പോള്‍ ജനപ്രിയതയുടെ രസപ്പൊരുത്തവും, ദൃശ്യപരിചരണത്തില്‍ തുടര്‍ന്ന വ്യത്യസ്ഥതയും ലിജോയ്ക്ക് ഒരു പോലെ നടപ്പാക്കാനായി.

മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ കൂടി ഇടകലര്‍ന്നതോടെ ആമേന്‍ പരീക്ഷണത്തിനായി കാത്തിരുന്ന ആസ്വാദകര്‍ക്കും ബോക്‌സ് ഓഫീസിനും ഒരു പോലെ സ്വീകാര്യമായി. 2013 മാര്‍ച്ച് 22ന് പുറത്തുവന്ന ആമേന്‍ പ്രേക്ഷകര്‍ സ്വീകരിച്ചിട്ട് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു. സിനിമയെന്ന മാധ്യമത്തിന് മേല്‍ സവിശേഷമായ കയ്യടക്കമുള്ള സമഗ്രതയില്‍ സൂക്ഷ്മശ്രദ്ധയുള്ള ചലച്ചിത്രകാരനായി അഞ്ചാം ചിത്രത്തിലെത്തുമ്പോള്‍ ലിജോ പെല്ലിശേരി ഉയര്‍ന്നിരിക്കുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം,അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളിലൂടെ മലയാളിയുടെ ആസ്വാദനത്തിലും സ്വാഭാവികമായ നവീകരണം സാധ്യമായിരിക്കുന്നു. പ്രാസമൊപ്പിച്ചുള്ള പഞ്ച് ഡയലോഗുകളില്‍ അല്ല ദൃശ്യഭാഷയുടെ ഉള്‍ക്കരുത്താലാണ് സിനിമ മുന്നേറേണ്ടതെന്ന് ഓരോ സൃഷ്ടിയിലും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

സോളമന്‍ എന്ന കഥാപാത്രത്തിലൂടെ ഫഹദ് ഫാസില്‍ കുമരങ്കരിയുടെ ദൈവപുത്രനായ സോളമനായി അനായാസ ഭാവവേഗങ്ങളില്‍ അതിമനോഹരമാക്കി. ഇന്ദ്രജിത്ത് എന്ന അഭിനേതാവിനെ മലയാള സിനിമ ഇപ്പോഴും വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നത് പരിഭവമല്ല വസ്തുതയാണെന്നതിന് ആമേനിലെ വിന്‍സെന്റ് വട്ടോളിയെ കണ്ടാല്‍ മതി. അമ്മ അറിയാന്‍ എന്ന ജോണ്‍ എബ്രഹാം സിനിമയ്ക്ക് ശേഷം ജോയ് മാത്യുവിലെ ഗംഭീര നടനെ ഫാദര്‍ ഒറ്റപ്ലാക്കല്‍ എന്ന അധികാരമോഹിയായ വികാരിയിലൂടെ വീണ്ടും അനുഭവപ്പെടുത്തിയിരുന്നു ആമേന്‍.

കലാസംവിധായകന്‍ ബാവ ഒരുക്കിയ കുമരങ്കരി പള്ളി 
കലാസംവിധായകന്‍ ബാവ ഒരുക്കിയ കുമരങ്കരി പള്ളി 

ആമേന്‍ മനീഷ് നാരായണന്‍ എഴുതിയ റിവ്യൂ

ചാട്ടം പിഴച്ച് കാലൊടിഞ്ഞ ക്ഷമാപരീക്ഷണങ്ങള്‍ മലയാളസിനിമയുടെ മാറ്റമാണെന്ന് വിശ്വസിക്കേണ്ടിവന്ന പ്രേക്ഷകരിലേക്കാണ് ‘ആമേന്‍’ ആത്മവിശ്വാസമാകുന്നത്. കുമരംകരി എന്ന മായാഭൂമികയിലേക്ക് സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റയും കൈകളില്‍ തൂങ്ങിയാത്ര. മാര്‍ക്കേസിയന്‍ ലാന്‍ഡ്‌സ്‌കേപില്‍ കെട്ടുകഥകളിലേക്ക് വള്ളമൂന്നി കുറെ യാത്രികര്‍. അവരിലൊരാളായി പ്രേക്ഷകരും യാത്ര തുടരുമ്പോള്‍ എല്ലാം അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന സ്തുതിവചനനത്തില്‍ പ്രണയത്തിന്റെയും സംഗീതത്തിന്റെയും വിശുദ്ധിയിലേക്കുള്ള തിരികെനടത്തമാകുന്നു ആമേന്‍. കഥയെ നിരാകരിച്ച് കാഴ്ചയുടെ അമ്പ് പെരുന്നാള്‍ ഒരുക്കുകയാണ് ലിജോ ജോസ് പെല്ലിശേരി. മണ്ണും പെണ്ണും നേടാനുള്ള ഉത്സവത്തല്ലും,പകിടകളിയും,പണ്ടേക്ക് പണ്ടേ പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ സ്ഥാപനപവല്‍ക്കരിക്കപ്പെട്ട ആത്മീയതയെയും വിശ്വാസപ്രതീകങ്ങളെയും പൊളിച്ചെടുത്ത് മുന്നിലേക്ക് വയ്ക്കുന്നു സംവിധായകന്‍. അരങ്ങേറ്റം മുതല്‍ സിനിമയുടെ പൊതുനിരത്തുകളില്‍ നിന്ന് മാറിസഞ്ചരിച്ച ലിജോ ജോസ് പെല്ലിശേരിക്ക് മലയാളസിനിമയുടെ നവശൈലീമാറ്റത്തെ മുന്നില്‍ നിന്ന് നയിക്കാനാണ് തുടര്‍നിയോഗമെന്ന് ഈ സിനിമ ഉറപ്പിക്കും.

ഇതു പോലെ വശ്യതയാര്‍ന്ന ദൃശ്യഭാഷയിലും ശൈലിയിലും മലയാളം മുമ്പൊരു സിനിമ കണ്ടിട്ടില്ല. നാടോടിക്കഥകളുടെ ലാളിത്യവും ഉള്‍ക്കനവും സമന്വയിച്ച സിനിമകളിലും പശ്ചാത്തസൗന്ദര്യം മാത്രമായിരുന്നു ഗ്രാമമുഖങ്ങള്‍. എന്നാല്‍ ആമേനിലെ കുമരങ്കരി എന്ന കുട്ടനാട്ടിലൊരുക്കിയ കാല്‍പ്പനികഗ്രാമം കൊതിപ്പിക്കുന്ന പശ്ചാത്തലമല്ല അമ്പരപ്പ് മാറാത്ത അനുഭവമാണ്.

പഴകി മുനയും മൂര്‍ച്ചയും പോയ ഒരു കഥയെ ഭ്രമാത്മകതയുടെ കെട്ടുവള്ളമൂന്നി പുതിയ കരയിലെത്തിച്ചിടത്താണ് ആമേന്‍ ഒരു കാഴ്ചയില്‍ മതിവരാത്ത അതുല്യാനുഭവമാകുന്നത്. ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ അനുഗ്രഹവും സാന്നിധ്യവുമുള്ള കുമരങ്കരി ഗ്രാമം. സംഗീതമാണ് അന്നാടിന്റെ ശ്വാസതാളം. പുണ്യാളന്റെ പേരിലുള്ള ബാന്‍ഡ് സംഘം പോയിടത്തെല്ലാം ട്രോഫി നേടുന്ന കാലമുണ്ടായിരുന്നു. പള്ളിയുടേതാണ് ബാന്‍ഡ് സംഘം. ബാന്‍ഡ് സംഘം ഒരു വട്ടം കൂടി തോല്‍ക്കുന്നിടത്ത് ആമേന്‍ തുടങ്ങുന്നു. പ്രണയത്തെയും സംഗീതത്തെയും വിശ്വാസവും മതവുമായി സമന്വയിപ്പ് കാണിക്കുകയാണ് ആദ്യരംഗങ്ങള്‍. സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന മതം വിശ്വാസത്തിലും സംഗീതത്തിലും പ്രണയത്തിലും ഇടപെടുകയാണ്. ദൈവത്തിന്റെ മധ്യസ്ഥരായ കപ്യാരും വികാരിയും ബാന്‍ഡ് സംഘത്തെ നിഷേധിക്കുന്നതിനൊപ്പം ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന സോളമന്റെ പ്രണയത്തെയും നിരസിക്കുന്നുണ്ട്. എഴുത്തില്‍ മാര്‍ക്കേസിനെയും ദൃശ്യാനുഭവത്തില്‍ പസോളിനിയെയും പിന്തുടരുകയാണ് ആമേന്‍.

വേദഗ്രന്ഥങ്ങളെ സൗകര്യാനുസരണം വ്യാഖ്യാനിച്ച് മതത്തെ നിയന്ത്രിക്കുന്ന അധികാരസ്ഥാപനങ്ങള്‍ എത്രമാത്രം ജനവിരുദ്ധ നിലപാടുകളുടെ പ്രചാരകരാകുന്നുവെന്ന് ഫാദര്‍ ഒറ്റപ്‌ളാക്കനിലൂടെയും കപ്യാരിലൂടെയാണ് ആമേന്‍ കാണിക്കുന്നു.

മാജിക്കല്‍ റിയലിസം പക്വത കൈവിടാതെ ഒരു മുഖ്യധാരസിനിമ അവതരണശൈലിയാക്കിയപ്പോള്‍ താരകേന്ദ്രീകൃതമാകാതെ ഒരാളിലേക്ക് മാത്രം കാഴ്ചയൂന്നാതെ കുമരങ്കരിയുടെ അനുഭവത്താള്‍ ആകുന്നു ആമേന്‍. താള വര്‍ണ്ണ ലയലഹരിയില്‍ ഭ്രമാത്മക ഭാവനയുടെ അതിസൗന്ദര്യം. ഫാന്റസിയുടെ തേരിറങ്ങിയാണ് ഓരോ കഥാപാത്രവും ക്യാമറയ്ക്ക് മുന്നില്‍ വരുന്നത്. ചുക്കുകാപ്പിയിടുകയും കുന്നിക്കുരു കളിക്കുകയും ചെയ്യുന്ന മാലാഖമാരും, തെങ്ങില്‍ നിന്ന് കുമരങ്കരിയുടെ നന്മയും തിന്മയും കാണുന്ന കള്ളുചെത്തുകാരനും. ഫാന്റസിയുടെ അതുവരെ കാണാത്ത ലോകം.

ബൈബിളിന്റെ വിശ്വാസത്തിന്റെ വഴിപ്പുസ്തകമാകുന്നവരെയും അധികാരത്തിന്റെ മാര്‍രേഖയാക്കുന്നവരെയും കാട്ടുന്നു ചിത്രം. തോറ്റുകൊണ്ടേയിരിക്കുന്ന ബാന്‍ഡ് സംഘത്തെ ജയിപ്പിച്ചും, സോളമന്റെയും ശോശന്നയുടെയും പ്രണയം സാധ്യമാക്കിയും, പള്ളി പൊളിക്കാന്‍ കാരണം കണ്ടെത്തുന്നവര്‍ക്ക് വെളിപാട് നല്‍കി തിരുത്തിയും ഫാദര്‍ വട്ടോളി നാട് വിടുമ്പോള്‍ അത് വിശുദ്ധിയുടെ വഴി ചൂണ്ടാനെത്തിയ പുണ്യാളന്റെ ഇടപെടലാകുന്നു.

കുമരങ്കരിയെ നസ്രാണികളുടെ മാത്രം ഗ്രാമമായാണ് അവതരിപ്പിക്കുന്നത്. അന്യമതങ്ങള്‍ ഇല്ലാതിരുന്നാല്‍ മാത്രമേ പ്രണയത്തെയും സംഗീതത്തെയും നിയന്ത്രിക്കാന്‍ മതാധികാരകേന്ദ്രത്തിനാകൂ എന്നതിനാലാകാം കുരമങ്കരിയെ ക്രിസ്ത്യന്‍ ഗ്രാമമാക്കിയത്. വെള്ള വസ്ത്രങ്ങളില്‍ മാത്രമാണ് കുമരങ്കരിക്കാരെ കൂടുതല്‍ സമയവും കാണിക്കുന്നത്.

മലയാളത്തിലുള്ള ഭൂരിപക്ഷം കമേഴ്‌സ്യല്‍ സിനിമകളിലുമെന്നപോലെ രണ്ട് കരക്കാര്‍ക്ക് വേണ്ടിയൊരു മത്സരം. ജയിച്ചാല്‍ നായകന് കാമുകിയെ സ്വന്തമാക്കാം. ഈ ക്‌ളീഷേ ആശയത്തെയാണ് സംഗീതാത്മകമായും ഹാസ്യാത്മകമായും ദൃശ്യശൈലീനവീനതയാലും ചിത്രം പൊളിച്ചെഴുതിയത്. തെങ്ങിന്‍ മുകളില്‍ കുമരങ്കരിയുടെ എല്ലാം കാണുന്ന ചെത്തുകാരനും ഫാദര്‍ വട്ടോളിയും പുണ്യാളന്റെ ഇടപെടലാകാം. ശോശന്നയെ കാണാന്‍ സോളമനെ തോളിലേറ്റിയാണ് ഇന്ദ്രജിത്തിന്റെ ഫാദര്‍ വട്ടോളി അവസരമൊരുക്കുന്നത്. ബാന്‍ഡ് സംഘത്തിന് ഊര്‍ജം പകര്‍ന്ന് അവര്‍ക്കിടയില്‍ ആടിപ്പാടുന്നുമുണ്ട് വട്ടോളി. പ്രണയത്തെ തോളിലേറ്റുന്ന, സംഗീതത്തെ നെഞ്ചിലേറ്റുന്ന മതത്തെയും വിശ്വാസത്തെയും തന്നെയാണ് ഇവിടെ അടയാളപ്പെടുത്തിയത്.

കുമരങ്കരിയുടെ കഥ. ക്യാമറയില്‍ പതിഞ്ഞവരുടെയെല്ലാം സിനിമ. ഒരു നാടിന്റെയാകെ കഥ പറഞ്ഞപ്പോള്‍ അവരെല്ലാവരും തന്നെയായി ക്യാമറയ്ക്ക് മുന്നിലെ താരങ്ങള്‍. ഫഹദ് ഫാസിലും ഇന്ദ്രജിത്തും ജോയ്മാത്യുവും സ്വാതിയും കലാഭവന്‍ മണിയും നന്ദുവും തുടങ്ങിയ താരങ്ങളുടെ അതേ പ്രകടനമികവിലേക്ക് പരിചിതരും അപരിചിതരുമായ കുറേയേറെ അഭിനേതാക്കള്‍. ഫഹദ് ദുര്‍ബലനായ സോളമനെ ഭാവ ആകാര ശൈലിയിലെ ദ്രുതവഴക്കത്താല്‍ അനുഭവപ്പെടുത്തിയപ്പോള്‍ വട്ടോളിയായ ഇന്ദ്രജിത്തും ഒറ്റപ്ലാക്കന്‍ അച്ചനായ ജോയ്മാത്യുവും അമ്പരപ്പിച്ചു. നായകന്റെ ക്‌ളോസപ്പുകളില്‍ ഭൂരിഭാഗം രംഗങ്ങളും കാട്ടുന്ന പതിവിനെയും ലിജോ നിരാകരിച്ചു. ചില രംഗങ്ങളില്‍ ഫഹദിന്റെ സോളമനും ഇന്ദ്രജിത്തിന്റെ വട്ടോളിയും നാട്ടുകാരിലൊരാളായി ക്യാമറയുടെ കണ്ണെത്താ ഓരങ്ങളിലാണ്.

സംവിധായകനൊപ്പം അഭിനന്ദന്‍ രാമാനുജം എന്ന ഛായാഗ്രാഹകന് കൂടി എഴുന്നേറ്റ് കയ്യടി നല്‍കി മാത്രമേ ആമേന്‍ കണ്ടിറങ്ങാനാകൂ. കുമരങ്കരി തിയറ്റര്‍ വിട്ടിറങ്ങിയാലും മനസ്സകലാത്ത സ്വപ്നഗ്രാമമാകുന്നത് ഈ ഛായാഗ്രഹകന്റെ പ്രയത്‌നത്തിലാണ്. ഒറ്റഷോട്ടിലെ ഷാപ്പ് പാട്ട്, രാത്രികാലത്തെ തോണിയാത്രകള്‍. പ്രകാശക്രമീകരണങ്ങള്‍. ക്യാമറാ ഗിമ്മിക്കുകളല്ലാത്ത ദൃശ്യപരിചരണം. അധികാരപ്രതീകമായി ജോയ്മാത്യുവിന്റെ വികാരിയെ കാട്ടുന്ന ലോ ആംഗിള്‍ ഷോട്ട്, പാപ്പന്റെ മരണരംഗം. കുറച്ചുകാലത്തേക്കെങ്കിലും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായില്ല ഈ ഫ്രയിമുകള്‍.

കുമരങ്കരി എന്ന സാങ്കല്‍പ്പികഗ്രാമത്തിന് ജീവനേകിയത് ബാവയുടെ കലാസംവിധാനവും രംഗനാഥ് രവിയുടെ ശബ്ദസംവിധാനവും കൂടിയാണ്. കുട്ടനാടിന്റെ താളമായി കാവാലത്തിന്റെ വരികളെയും ക്രിസ്ത്യന്‍ സ്തുതിഗീതങ്ങളുടെ പശ്ചാത്തലത്തെയും ഉപയോഗപ്പെടുത്തിയപ്പോള്‍ ടൈറ്റില്‍ സോംഗ് ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ വിശുദ്ധിയുടെ സംഗീതാവരണം നല്‍കുന്നു ആമേന്. മലയാളത്തിന് പരിചിതമല്ലാത്ത അവതരണ വൈദഗ്ധ്യത്താല്‍ മികച്ച മ്യൂസിക്കല്‍ സറ്റയര്‍ ആയി ആമേന്‍ മാറിയതും പ്രശാന്ത് പിള്ളയുടെ സംഗീതസാമര്‍ത്ഥ്യത്താലാണ്.

പൂര്‍ണതയുടെ സൗന്ദര്യം വരിച്ച ആമേന് ചേര്‍ന്ന് പോകാത്തത് തമാശയ്ക്ക് ശ്രമിച്ച് വളിപ്പുകളിലേക്ക് വഴിതെറ്റിയ ഷാപ്പിലെ ചില തമാശകള്‍ മാത്രമാണ്. ഇതു പോലൊരു നാട്ടില്‍ എല്ലാം വിശുദ്ധമാക്കണമെന്ന നിര്‍ബന്ധം വെടിഞ്ഞാല്‍ ക്‌ളൈമാക്‌സിലെ ബാന്‍ഡ് മത്സരത്തിന്റെ നീളക്കൂടുതലും അവിടെ ഉയര്‍ന്ന ഫ്‌ളക്‌സും പോരായ്മകളാതെ സമീപകാലമലയാളം കണ്ട ഏറ്റവും മികച്ച സിനിമയെ കാണാം. അഭിനന്ദനങ്ങള്‍ ലിജോ ജോസ് പെല്ലിശേരി, കാഴ്ചയുടെ പുതുകാലത്തേക്ക് മലയാളിആസ്വാദനെ കൂടെ നടത്തിയതിന്.