കുട്ടിച്ചാത്തനും വീരഗാഥയ്ക്കും ഇല്ലാതെ പോയ ആ ദൃക്‌സാക്ഷി! 

May 6, 2017, 1:16 pm
കുട്ടിച്ചാത്തനും വീരഗാഥയ്ക്കും ഇല്ലാതെ പോയ ആ ദൃക്‌സാക്ഷി! 
Film Debate
Film Debate
കുട്ടിച്ചാത്തനും വീരഗാഥയ്ക്കും ഇല്ലാതെ പോയ ആ ദൃക്‌സാക്ഷി! 

കുട്ടിച്ചാത്തനും വീരഗാഥയ്ക്കും ഇല്ലാതെ പോയ ആ ദൃക്‌സാക്ഷി! 

ചലച്ചിത്രകാരനും ചലച്ചിത്ര നിരൂപകനും

"What if...." എന്നൊരു കൗതുകാവിഷ്ടമായ അവസ്ഥയുടെ ചിന്തയിൽ നിന്നുമാണ് കഥാംശങ്ങൾ രൂപപ്പെടുന്നതും പിന്നീട് രൂപാന്തരപ്പെട്ട് തിരക്കഥകൾ ആയിത്തീരുന്നതും. എന്നാൽ ഈ കടലാസ്സു കൂട്ടം തിരശീലയിൽ എത്തിക്കുന്നതിന് പിന്നിൽ വലിയൊരു പ്രക്രിയ നടക്കുന്നുണ്ട്. തമാശക്ക് പറഞ്ഞാൽ, "മഴ" എന്ന തിരക്കഥയിലെ രണ്ടക്ഷരത്തിനു വേണ്ടി ഒരു തുള്ളി മഷിയുടെ ചെലവ് പോലും വേണ്ട എന്നിരിക്കെ അത് സിനിമക്ക് വേണ്ടി ദൃശ്യവൽക്കരിക്കാൻ വേണ്ടുന്ന സന്നാഹത്തെപ്പറ്റി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. "പൈ" ആയാലും "പുലി"യായാലും "ബാഹുബലി"യായാലും, പ്രേക്ഷകർ രസിക്കുന്നതിനു മാസങ്ങൾക്കും വർഷങ്ങൾക്കും മുന്നേ പണത്തിന്റെയും, ആശയങ്ങളുടെയും, വീക്ഷണങ്ങളുടെയും, കരവിരുതുകളുടെയും, അധ്വാനത്തിന്റെയും, ബാഹ്യ പ്രകടനങ്ങളുടെയും എന്ന് വേണ്ട ലോകത്തിലെ സകല മേഖലകളിലെയും വൈദഗ്ദ്ധ്യങ്ങളുടെ ഒരു സമ്മിശ്രണം (amalgamation) സിനിമ എന്ന പോപ്പുലർ ആർട് ഫോമിനകത്തു നടപ്പിലാവുന്നുണ്ട്. സമയത്തെയും, കാലത്തെയും, വസ്തുക്കളെയും, ജീവജാലങ്ങളെയും, മൊത്തത്തിൽ പ്രപഞ്ചത്തെ വരെ തിരശീലയിൽ സൃഷ്ടിച്ചടുക്കുന്ന/ മാറ്റിമറിക്കുന്ന പിന്നീട് നമ്മളുടെ കണ്ണിനെയും കേൾവിയെയും വികാരങ്ങളെയും ഇരുട്ടത്ത് നിയന്ത്രിക്കുന്നവരെ "മഹേന്ദ്രജാലക്കാർ" എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്? ഒരു പടി കൂടി കടന്നാൽ ദൈവം എന്ന അലങ്കാരപ്രയോഗമാകുമത്. അതുകൊണ്ടു കൂടിയാണ് 'സൃഷ്ടി' എന്ന പേരിട്ട് സിനിമയെ വിളിക്കുന്നത്.

അലെഹാന്ദ്രോ ജോഡോറോവ്സ്കി എന്ന ചിലിയൻ ഫിലിം മേക്കറുടെ നടക്കാതെ പോയ സിനിമാ സംരംഭമായിരുന്നു "ഡൂൺ". അതിനു വേണ്ടി അദ്ദേഹം കാലങ്ങളെടുത്തു തയ്യാറാക്കിയ വിഷ്വൽ ഡയറി പിന്നീട് ഹോളിവുഡ് എക്കാലവും റെഫർ ചെയ്തു പോരുന്ന ഒരു ഒരു 'ബൈബിൾ' ആയി മാറി എന്ന് കേട്ടിട്ടുണ്ട്. "സ്റ്റാർ വാർസ്" മൂതൽ "മട്രിക്സ്" വരെ അത് തുടർന്ന്, ശേഷം ഇന്നും ഇൻസ്പിരേഷൻ തുടരുന്നുണ്ടത്രേ! അത് പോലെ ഒന്നാണ് ഫ്രാൻസിസ്‌ ഫോർഡ് കൊപ്പോളയുടെ "ഗോഡ്‌ഫാദർ" പ്രോഡക്‌ഷൻ ഡയറി. കമ്പ്യൂട്ടർ അനിമേഷനിൽ വിപ്ലവം കൊണ്ട് വന്ന "ജുറാസിക് പാർക്ക്' എന്ന സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ എഫക്ട്; ഒരു ഗ്ലാസിലെ വെള്ളത്തിൽ ഒരു കുഞ്ഞോളം സൃഷ്ടിക്കുക എന്നതായിരുന്നു എന്ന് അതിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിപ്രശസ്തമായ അഭിമുഖ-സംഭാഷണ സമാഹാരമായ 'ഹിച്ച്‌കോക്ക് / ത്രൂഫൊ' എന്ന പുസ്തകം ഇരുസംവിധായകരുടെയും സിനിമകളെയും രീതികളെയും എണ്ണിയെണ്ണി ഡീകോഡ് ചെയ്യുന്നതാണ്. അത് പോലെ എത്രയെത്ര നടീനടന്മാരുടെ കഥാപാത്ര വിശേഷങ്ങൾ, സാങ്കേതിക വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തലുകൾ! പക്ഷെ ഇവയൊക്കെ നാം കാണുന്നത് പലപ്പോഴും വീഡിയോ, പത്രം, പത്രികകൾ, ബിയോഗ്രഫി, കേട്ടുകേൾവി എന്നിങ്ങനെയുള്ള ചിതറിക്കിടക്കുന്ന സ്രോതസ്സുകളിൽ കൂടിയാണ്. ഇവയുടെ വിശ്വസനീയമായ ഒരു സമഗ്രത/ ഏകീകരണം ആണ് പ്രസ്തുത സിനിമകളുടെ മേക്കിങ്‌ പുസ്തകങ്ങൾ നമുക്ക് വാഗ്ദാനം ചെയ്യുന്നത്. ഹോളിവുഡിൽ ഇത് ഒട്ടുമിക്ക സിനിമകളെയും അധികരിച്ചു ഇറങ്ങാറുണ്ട്. ഒരു വീഡിയോ ഉൽപ്പന്നത്തിന്റെ സമയക്രമമോ ആശയ വിനിമയങ്ങളിലെ ന്യൂനതയോ ഇത്തരം പുസ്തകകങ്ങൾ പരിഹരിക്കാറുണ്ട്. ഉദാഹരണത്തിന്, അഭിമുഖങ്ങൾക്കു പുറമെ വിരളമായ പ്രൊഡക്ഷൻ സ്റ്റിൽസ്, നോട്ടുകൾ, ചിത്രീകരണ തിരക്കഥ, സ്ഥിതിവിവരണക്കണക്ക്, ചരിത്രപരമായ റെഫെറൻസുകൾ, അങ്ങനെ നിരവധി വസ്തുതകളുടെ ആധികാരികമായൊരു സൂക്ഷിപ്പ്. ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പുറമെ ചലച്ചിത്രമേഖലയിലെ പല പഠനങ്ങൾക്കും ഇവ വിധേയമാകാറുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമായ നമ്മുടെ കുട്ടിച്ചാത്തനെപ്പറ്റി മേൽപ്പറഞ്ഞ പ്രകാരത്തിലുള്ള ഒരു പുസ്തകമുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്, പിന്നീടു “പടയോട്ടം”, “വൈശാലി”, “ഒരു വടക്കൻ വീരഗാഥ”, “ഗുരു” അങ്ങനെ എത്രയെത്ര വലിയ സിനിമകളുടെ സമ്പൂർണ്ണ പിന്നണി പ്രവർത്തനങ്ങൾ എന്നത് നമുക്കു വിടവുകളുള്ള അറിവുകളാണ്! പ്രിയദർശൻ തൊണ്ണൂറിലധികം സിനിമകൾ ചെയ്തു എന്നു ചിലരെങ്കിലും ചർച്ച ചെയ്യുന്നത് അദ്ദേഹം ഇപ്പോഴും സജീവമായതുകൊണ്ടാവാം എന്നാൽ ഐ. വി. ശശിയും, പി. ചന്ദ്രകുമാറും, ശശികുമാറുമെല്ലാം ഇത്രത്തോളം തന്നെ ചിത്രങ്ങൾ ചെയ്തു മലായാളസിനിമാ വിപണിയെ മുന്നോട്ടു കൊണ്ടുപോയിരുന്നു എന്നുള്ള യാഥാർഥ്യം വിസ്മരിക്കപ്പെടുന്നത് അവയെ ഡോക്യുമെന്റ് ചെയ്യപ്പെടാത്തതു കൊണ്ട് കൂടിയാണ്.

ഇന്ത്യൻ പോപ്പുലർ സിനിമ എന്നും സ്‌ട്രാറ്റജികൾ പിന്തുടരുന്നവയാണ്. അവ വ്യത്യസ്താമാവുന്നത് ടെക്നോളജിയിൽ അധിഷ്ഠിതമായ അവതരണത്തിൽ മാത്രമാണ്. ഈ സ്ട്രാറ്റജികൾ പലപ്പോഴും സ്റ്റുഡിയോകളുടെ സ്വകാര്യസ്വത്താണ്. പിന്നീടുള്ളത് അതിന്റെ ബിസിനസ്, സുതാര്യത കുറവായതിനാൽ അതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ ഡോക്യുമെന്റ് ഇവിടെ ഉണ്ടോ എന്നതും സംശയമാണ്. മേൽപ്പറഞ്ഞ രീതിയിലുള്ള പഠനങ്ങൾക്കുള്ള അവസരം ഇല്ലാത്തതിലാണ് സിനിമ ഇവിടെ ഒരു കൺസ്യൂമർ പ്രോഡക്റ്റ് എന്ന രീതിയിൽ മാത്രമായി പലപ്പോഴും ചുരുങ്ങാറ്. ഒരു നിരൂപകൻ നടത്തുന്നത് ഉണ്ടാക്കി വെച്ച ഒരു കലാരൂപത്തിന്റെ രാഷ്ട്രീയവും സാങ്കേതികവുമായ വായനയും അപനിർമിതിയും മാത്രമാണ്. കേരളത്തിലെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ്, സിനിമ പാരഡിസോ ക്ലബ് തുടങ്ങിയ എണ്ണാവുന്ന ഗ്രൂപ്പുകളിൽ ഗൗരവമേറിയ ചർച്ചകളും വിവരശേഖരങ്ങളുമൊക്കെ നടക്കുന്നുണ്ടെങ്കിലും ഒരു സമഗ്രതയോ ആധികാരികതയോ റഫറൻസ് മെറ്റീരിയൽ സ്വഭാവമോ അവക്ക് കൈ വരാൻ നമുക്ക് കാത്തിരിക്കേണ്ടിവരാം. അത് ആ വഴിക്കു വിജയകരമായി തുടരാൻ നമുക്ക് പ്രത്യാശിക്കാം. ചുരുക്കത്തിൽ, ഇന്നത്തെ സോഷ്യൽ/ വിർച്വൽ ലോകത്തു പോലും സിനിമ ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇല്ല എന്ന അഭിപ്രായത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനുള്ള അറിവ് ശേഖരണം ഈ നാട്ടിൽ പ്രേക്ഷകപക്ഷത്തു നിന്നും അസാധ്യമാണ്, അപ്പോൾ 'എങ്ങിനെ ഉണ്ടാക്കിയെടുത്തു' എന്നത് വിദൂരമായൊരു സങ്കല്പമായി ആവേശിഷിക്കും അവർക്ക്. കുറച്ചൊക്കെ സാധ്യമായവർക്കാകട്ടെ, ഒരു പ്രിവിലേജ്‌ഡ്‌ സ്വഭാവം ഇപ്പോഴുമുണ്ട്. ഐ.ടി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ ഇൻഡസ്‌ട്രി വിനോദമേഖലയാണെന്നിരിക്കെ, കലാ-മാധ്യമങ്ങളിലുള്ള അറിവുകുറവിനോടൊപ്പം തന്നെ ജനപ്രിയ കലകളുടെ യഥാർത്ഥ വിവരശേഖരണങ്ങൾ ഇവിടെ ഒട്ടുമേ ലഭ്യമല്ല എന്നുള്ളത് വിരോധാഭാസമാണ്. പൊതുവിലുള്ള ജിജ്ഞാസയില്ലായ്മ ബുക്ക് മാർകെറ്റിൽ ഈ ശ്രേണിയിലുള്ളവയ്ക്ക് ഡിമാൻഡ് കുറക്കുന്നുമുണ്ട്.

 പുലിമുരുകന്‍ :ബോക്‌സോഫീസിലൊരു ഗര്‍ജനം ഉള്‍പ്പേജ് 
പുലിമുരുകന്‍ :ബോക്‌സോഫീസിലൊരു ഗര്‍ജനം ഉള്‍പ്പേജ് 

ഉദാഹരിച്ചാൽ, പോപ്പുലർ സിനിമാ സ്‌കേപ്പിൽ നാം ഇന്ന് 'ബാഹുബലി'യെയും വരാൻ പോകുന്ന 'രണ്ടാമൂഴ'ത്തെയും പ്രകീർത്തിക്കുന്നത് ആത്യന്തികമായി അല്ലെങ്കിൽ ആദ്യമായി അതിലെ ബഡ്ജറ്റിനെ ചൊല്ലിയാണ്. എന്നാൽ ഇന്ത്യൻ സിനിമയിലെ പ്രഥമ (ആപേക്ഷികമാണ്) ബിഗ് ബജറ്റ് സിനിമ എന്നത് 1948-ൽ മുപ്പതു ലക്ഷം രൂപ ചിലവിട്ടിറക്കിയ "ചന്ദ്രലേഖ" എന്ന തമിഴ് ചിത്രമാണ് എന്ന് അറിയാവുന്നവർ ചുരുക്കം. ഏഴു വര്ഷങ്ങളുടെ മുന്നൊരുക്കത്തിന് ശേഷം ജമിനി സ്റ്റുഡിയോയുടെ സാരഥി എസ്. എസ്. വാസനാണത് നിർമ്മിച്ചു സംവിധാനം ചെയ്തത്. അതിലെ പത്തു മിനുട്ട് ക്ലൈമാക്സ് സീക്വെൻസിനാണ് പത്തുലക്ഷം രൂപയും ചെലവിട്ടത്. അതുവരെ സിനിമാലോകം കാണാത്തത്ര മാർക്കറ്റിങ് തന്ത്രങ്ങളും, വൈഡ് റിലീസിങ്ങും അതിനു സാദ്ധ്യമായി. ഹിന്ദി ഡബ്ഡ് വേർഷൻ കൂടി റിലീസ് ചെയ്തതിന് ശേഷം 1.55 കോടി അന്നത് കളക്ട് ചെയ്തു. ശേഷം ലോകത്തിലെ പല സിനിമാവിദഗ്ധരും അതിനെ കുറിച്ച് പഠിക്കാൻ മുതിർന്നു, അങ്ങിനെ കുറെ എഴുത്തുകുത്തുകൾ സിനിമാ ചരിത്രത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടു. ഇന്നും ഹോമേജ് എന്ന രീതിയിൽ അതിനെക്കുറിച്ചു ബുക്കുകൾ കാണും, എന്നാൽ വ്യക്തമായ റിയൽ ടൈം പ്രൊഡക്ഷൻ / മേക്കിങ് ഡോക്യുമെന്റ് ഒരു പക്ഷെ ജമിനി സ്റ്റുഡിയോവിൽ ഉണ്ടെന്നല്ലാതെ പൊതുജനത്തിന് പ്രാപ്യമല്ല. ഹിന്ദിയിൽ, റിലീസായി വർഷങ്ങൾക്ക് ശേഷമെങ്കിലും ചിലവ പുറത്തിറങ്ങിയിട്ടുണ്ട്. "ഷോലെ" അതിനൊരുദാഹരണം.

ഇന്ത്യയിലെ ആദ്യത്തെ 3D ചിത്രമായ നമ്മുടെ കുട്ടിച്ചാത്തനെപ്പറ്റി മേൽപ്പറഞ്ഞ പ്രകാരത്തിലുള്ള ഒരു പുസ്തകമുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്, പിന്നീടു "പടയോട്ടം", "വൈശാലി", "ഒരു വടക്കൻ വീരഗാഥ", "ഗുരു" അങ്ങനെ എത്രയെത്ര വലിയ സിനിമകളുടെ സമ്പൂർണ്ണ പിന്നണി പ്രവർത്തനങ്ങൾ എന്നത് നമുക്കു വിടവുകളുള്ള അറിവുകളാണ്! പ്രിയദർശൻ തൊണ്ണൂറിലധികം സിനിമകൾ ചെയ്തു എന്നു ചിലരെങ്കിലും ചർച്ച ചെയ്യുന്നത് അദ്ദേഹം ഇപ്പോഴും സജീവമായതുകൊണ്ടാവാം എന്നാൽ ഐ. വി. ശശിയും, പി. ചന്ദ്രകുമാറും, ശശികുമാറുമെല്ലാം ഇത്രത്തോളം തന്നെ ചിത്രങ്ങൾ ചെയ്തു മലായാളസിനിമാ വിപണിയെ മുന്നോട്ടു കൊണ്ടുപോയിരുന്നു എന്നുള്ള യാഥാർഥ്യം വിസ്മരിക്കപ്പെടുന്നത് അവയെ ഡോക്യുമെന്റ് ചെയ്യപ്പെടാത്തതു കൊണ്ട് കൂടിയാണ്. ഇന്നാട്ടിൽ സിനിമയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധർ തങ്ങളുടെ അധ്വാനത്തിന്റെ ആഴം പുറംലോകത്തിനു വെളിവാകണം എന്ന് മനസ്സാൽ ആഗ്രഹിക്കുന്നുണ്ട്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, പ്രകീർത്തി പലപ്പോഴും പ്രോജക്‌ട് ചെയ്യപ്പെടുന്ന മേക്കപ്പിട്ട മുഖങ്ങൾക്കാണ് കിട്ടാറ്‌.

 പള്‍പ്പ് ഫിക്ഷനെക്കുറിച്ചുള്ള പുസ്തകം (2) സ്‌പേസ് ഒഡീസിയുടെ നിര്‍മ്മിതി പ്രതിപാദിക്കുന്ന രചന 
പള്‍പ്പ് ഫിക്ഷനെക്കുറിച്ചുള്ള പുസ്തകം (2) സ്‌പേസ് ഒഡീസിയുടെ നിര്‍മ്മിതി പ്രതിപാദിക്കുന്ന രചന 

സിനിമാ വാരികകളിലും മറ്റുമായി വരുന്ന വാർത്തകൾക്ക് പ്രൊമോഷൻ സ്വഭാവമോ, താരാധിപത്യമോ ഉണ്ടാവും. പ്രൊഡക്ഷൻ പ്രക്രിയകളെ കുറിച്ച് ഉപരിതലത്തിലുള്ള നേർത്തൊരു അറിവ് മാത്രമേ നമുക്ക് അവയിൽ നിന്നും കിട്ടുകയുള്ളൂ. യൂട്യുബിലും മറ്റും പ്രചരിക്കാറുള്ള പിന്നണി പ്രവർത്തനങ്ങളുടെ വിഡിയോകളും സമഗ്രമല്ല. അങ്ങനെയിരിക്കെ ഒരേ സമയം സമഗ്രതയും പ്രത്യേകതയും ഉൾക്കൊള്ളിച്ചു സിനിമയ്ക്കൊപ്പം യാത്ര ചെയ്തതുമായ മലയാളത്തിലുള്ള പ്രഥമ പുസ്തകമായിരുന്നു "ലോർഡ് ലിവിങ്‌സ്റ്റൻ 7000 കണ്ടി" എന്ന സിനിമക്ക് വേണ്ടി പത്രപ്രവർത്തകനും സിനിമാസ്വാദകനും ആയ ടി. അരുൺകുമാർ തയ്യാറാക്കിയത്. പ്രൊഡക്ഷൻ ദിനങ്ങളിലത്രയും സിനിമാ യൂണിറ്റിനോടൊപ്പം കൗതുകവും അന്വേഷണാത്മകതയും ഇന്ധനമാക്കി കാട് കയറി, അഭിമുഖ സംഭാഷണങ്ങളും ഒരു തേർഡ് ഐ റിപ്പോർട്ടിങ്ങും അനുഭവക്കുറിപ്പും സംയോജിപ്പിച്ചു, ആ സിനിമയുടെ സാങ്കേതിക വശങ്ങളെ വസ്തുനിഷ്ഠമായി, പിക്ടോറിയലായി വിവരിച്ചുകൊണ്ടുള്ള ഒരു ഊർജ്ജിത പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്ന് ആ പുസ്തകത്തിലൂടെ വ്യക്തമാണ്. വളരെ സെലക്ടീവ് ആയൊരു കൂട്ടം സിനിമാകുതുകികൾ ആ പുസ്തകത്തെ സ്വീകരിച്ചിരുന്നു.

ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി സാക്ഷാല്‍ക്കാരം,സഹയാത്ര എന്ന പുസ്തകം ഇന്‍സെറ്റില്‍ ടി.അരുണ്‍കുമാര്‍ 
ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി സാക്ഷാല്‍ക്കാരം,സഹയാത്ര എന്ന പുസ്തകം ഇന്‍സെറ്റില്‍ ടി.അരുണ്‍കുമാര്‍ 

അരുൺകുമാർ, പക്ഷെ രണ്ടാമത്തെ പുസ്തകമായ "പുലിമുരുകൻ: ബോക്സ് ഓഫീസിലൊരു ഗർജ്ജനം" റിലീസിന് ശേഷമാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. മോഹൻലാലിന്റെ ഒരു തട്ടുപൊളിപ്പൻ ആക്ഷൻ സിനിമയുടെ വിജയം "ടേക്കൺ ഫോർ ഗ്രാന്റഡ്" ആണെന്ന പൊതുതത്വം നിരത്തി അതിന്റെ 100 കോടി വിജയത്തിനെ പഠിക്കാൻ ആരും മിനക്കെട്ടിരുന്നില്ല, സോഷ്യൽ മീഡിയയിൽ പോലും ഫാൻ കുറിപ്പുകളും, ഹായ് -പൂയ് കൊടുക്കൽ വാങ്ങലുകളുമല്ലാതെ അതിലെ തന്ത്രങ്ങളെക്കുറിച്ചോ ആകർഷണഘടകങ്ങളെക്കുറിച്ചോ സീരിയസ് ആയൊരു ചർച്ച വിരളമായിരുന്നു. 25 കോടി മുടക്കി കൊച്ചു മലയാളഭൂമികയിൽ ഇറങ്ങിയ ചിത്രം, തെലുങ്കുദേശത്തിലടക്കം ഓടി മൂന്നിരട്ടി തിരിച്ചു പിടിക്കുക എന്നൊരു തന്ത്രം, ഒരു കലാ-കച്ചവട സൃഷ്ടി നടപ്പിലാക്കിയെങ്കിൽ വേണ്ടപ്പെട്ടവരിൽ നിന്ന് തന്നെ അതിനെക്കുറിച്ചറിയണം എന്നൊരു ജേർണലിസ്റ്റിക് ആപ്പ്രോച് ആണ് അരുൺകുമാർ ഇതിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ആമുഖത്തിൽ നിന്ന് തന്നെ വ്യക്തം. ഈയൊരു ശ്രമത്തിന്റെ ആവശ്യകത പിന്നീട് എഴുത്തുകാരൻ പുറത്തും അകത്തും മാറി മാറി നോക്കി ഒരു ലോകസിനിമയെ മുൻ നിറുത്തിയുള്ള താരതമ്യാഅടിസ്ഥാനത്തിൽ വിവരിക്കുന്നുമുണ്ട്. മലയാള പോപ്പുലർ സിനിമയിലെ സർവ്വ സ്വീകാര്യമായ, താരതമ്യേന നവീനമായ ഒരു കലാപ്രവർത്തനത്തെ ഡീകോഡ് ചെയ്യാനുള്ള അഭിനിവേശം പ്രകടമാകുന്ന അഭിമുഖ ചോദ്യങ്ങളാണദ്ദേഹം ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ടെക്‌നിക്കൽ ഡീറ്റൈൽസും പ്രൊഡക്ഷൻ നോട്ടുകളും അധികരിച്ചു അതിനെല്ലാം വ്യക്തമായ ഉത്തരങ്ങൾ പിന്നണി പ്രവർത്തകർ നൽകിയിട്ടുമുണ്ട്. എഡിറ്ററുടെയും കലാസംവിധായകന്റെയും അസാന്നിധ്യം അടക്കം പുസ്തകത്തിന്റെ സമഗ്രതയിൽ കുറച്ചൊക്കെ കുറവുകൾ കാണാമെങ്കിലും സിനിമയുടെ വിജയാഘോഷമൊക്കെ നിലച്ചു അതിന്റെ അലയൊലികൾ അടങ്ങവെയാണ് അദ്ദേഹം ഈ പുസ്‌തകം എഴുതാൻ തീരുമാനിച്ചത് എന്നത് ഉദ്ദേശശുദ്ധിയെ വെളിവാക്കുന്നുണ്ട്. വരാൻ പോകുന്ന മികച്ച സിനിമകൾക്കെല്ലാം തന്നെ, ഭ്രൂണാവസ്ഥയിൽ നിന്ന് മുതൽക്കേ അവയുടെ വളർച്ചക്കൊപ്പം ഇത്തരത്തിൽ സിനിമാപ്രേമിയായ ഒരു സാക്ഷിയുടെ വസ്തുനിഷ്ഠമായ രേഖപ്പെടുത്തലുകൾ അനിവാര്യമാണ്. കോടികളുടെ കിലുക്കത്തിലുപരി സിനിമയെന്ന ബൃഹത്തായ നമ്മുടെ കലാപ്രവർത്തനത്തെ രേഖപ്പെടുത്തുന്നത്, ചുരുങ്ങിയ വിക്കിപീഡിയ പേജുകളുടെ മാത്രം അടിസ്ഥാനത്തിലല്ലാതെയാകട്ടെ മേലിൽ!

പുലിമുരുകന്‍ ബോക്‌സ് ഓഫീസില്‍ ഒരു ഗര്‍ജ്ജനം എന്ന പുസ്തകം ഡിസി ബുക്‌സ്/ കറന്റ് ബുക്‌സ് ഷോപ്പുകളില്‍ ലഭ്യമാണ്