അന്വേഷണം ചലച്ചിത്രമേഖലയിലേക്കും; ക്രിമിനല്‍ സംഘത്തെ ചലച്ചിത്രലോകം പോറ്റിവളര്‍ത്തുന്നതെന്തിന്? 

February 20, 2017, 7:30 pm
 അന്വേഷണം ചലച്ചിത്രമേഖലയിലേക്കും; ക്രിമിനല്‍ സംഘത്തെ ചലച്ചിത്രലോകം പോറ്റിവളര്‍ത്തുന്നതെന്തിന്? 
Film Debate
Film Debate
 അന്വേഷണം ചലച്ചിത്രമേഖലയിലേക്കും; ക്രിമിനല്‍ സംഘത്തെ ചലച്ചിത്രലോകം പോറ്റിവളര്‍ത്തുന്നതെന്തിന്? 

അന്വേഷണം ചലച്ചിത്രമേഖലയിലേക്കും; ക്രിമിനല്‍ സംഘത്തെ ചലച്ചിത്രലോകം പോറ്റിവളര്‍ത്തുന്നതെന്തിന്? 

പ്രമുഖനടി സിനിമാലൊക്കേഷനില്‍നിന്ന് മടങ്ങുംവഴി സ്വന്തം വാഹനത്തില്‍ അതിക്രമിച്ചുകയറിയവരാല്‍ അക്രമിക്കപ്പെട്ടെന്ന വാര്‍ത്ത സാംസ്‌കാരിക കേരളം ഞെട്ടലോടെയാണ് കേട്ടത്. നടിയുടെ മൊഴിയില്‍നിന്ന് അക്രമികളെ പൊലീസ് വേഗത്തില്‍ തിരിച്ചറിഞ്ഞു. മുഖ്യപ്രതിയായ പെരുമ്പാവൂര്‍ കോടനാട് സ്വദേശി 'പള്‍സര്‍ സുനി' എന്ന സുനില്‍കുമാര്‍ സിനിമാമേഖലയിലുള്ളവരെ സംബന്ധിച്ച് 'അന്യന'ല്ലെന്ന് പിന്നാലെ വെളിവായി. മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സുനിലുമായി തങ്ങള്‍ക്കുണ്ടായ മുന്‍ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി. എന്നാല്‍ 'പള്‍സര്‍ സുനി'യും അഞ്ചംഗസംഘവും നടപ്പാക്കിയ 'കൃത്യം' സംബന്ധിച്ച് ഇപ്പോഴും നിഗൂഢത നിലനില്‍ക്കുന്നു. ഒരു മാസത്തോളം നീണ്ട ആസൂത്രണം സംഭവത്തിന് പിന്നില്‍ ഉണ്ടെന്നാണ് സംഭവം നടക്കുമ്പോള്‍ നടിയുടെ വാഹനം ഓടിച്ചിരുന്ന, ഇപ്പോള്‍ കസ്റ്റഡിയിലുള്ള കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി അടക്കമുള്ളവര്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആ 'ആസൂത്രണം' എവിടെ നിന്നാണ്, ആരില്‍നിന്നാണ് യഥാര്‍ഥത്തില്‍ തുടങ്ങുന്നത്? പള്‍സര്‍ സുനി എന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള, വാഹനമോഷണമടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ വ്യക്തിയില്‍ ആരംഭിച്ച് അവസാനിക്കുന്നതാണോ ഇതിന്റെ 'പ്ലാനിംഗും' നടപ്പാക്കലും? അതോ പലരും സംശയിക്കുന്നതുപോലെ 'കൃത്യ'നിര്‍വഹണത്തില്‍ സിനിമാമേഖലയില്‍ നിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ? പൊലീസ് അന്വേഷണം ആ വഴിക്കും പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന.

ലൊക്കേഷനില്‍ നിന്നുള്ള രാത്രിയാത്രയ്ക്ക് മാര്‍ട്ടിന്‍ എങ്ങനെ നിയോഗിക്കപ്പെട്ടു?

നിലവില്‍ നടിക്ക് സംരക്ഷണം നല്‍കുന്ന നടനും സംവിധായകനുമായ വ്യക്തി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അവര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള യാത്രയ്ക്കിടെയാണ് അക്രമം നേരിട്ടതെന്നാണ് നടി നല്‍കിയ മൊഴി. വൈകിയനേരത്ത് നടി സഞ്ചരിക്കുന്ന വാഹനത്തിന് ഡ്രൈവറായി ഏര്‍പ്പെടുത്തിയത് മാര്‍ട്ടിന്‍ ആന്റണിയെയും. മാര്‍ട്ടിന്‍ ആന്റണി 'ഹണീ ബീ 2'വിന്റെ ലൊക്കേഷനിലെത്തിയത് പള്‍സര്‍ സുനിയുടെ പകരക്കാരന്‍ ഡ്രൈവറായി, അയാള്‍ തന്നെ പരിചയപ്പെടുത്തിയതനുസരിച്ചാണെന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍ സൗത്ത്‌ലൈവിനോട് പറഞ്ഞത്. പള്‍സര്‍ സുനി നേരത്തേ നടിയുടെ ഡ്രൈവറായിരുന്നു. പെരുമാറ്റദൂഷ്യവും ക്രിമിനല്‍ പശ്ചാത്തലവും അറിഞ്ഞപ്പോഴാണ് സുനിലിനെ അവര്‍ പറഞ്ഞുവിട്ടത്. നടിയുമായി ഇത്തരത്തിലൊരു 'മുന്‍പരിചയ'മുള്ള പള്‍സര്‍ സുനി പകരക്കാരനായി കൊണ്ടുവന്ന മാര്‍ട്ടിനെത്തന്നെ നടിയുടെ രാത്രിയാത്രാവാഹനത്തിന്റെ ഡ്രൈവറായി നിയോഗിച്ചതില്‍ ദുരൂഹതയുണ്ട്. ഇതൊന്നും തങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെന്ന കൈമലര്‍ത്തലാണ് സിനിമാലോകത്തിന്റേതെങ്കില്‍ അത് ഗൗരവമുള്ള ഉത്തരവാദിത്വമില്ലായ്മയാണ്. ആ ഒഴികഴിവ് മുഖവിലയ്‌ക്കെടുക്കാനും ബുദ്ധിമുട്ടുണ്ട്.

എന്തിനാണ് പിന്നെ സംഘടനകള്‍?

സംഘടനാസംബന്ധമായ ഏറ്റവുമധികം വാര്‍ത്തകള്‍ വരുന്ന ഒരു മേഖലയാണ് മലയാളസിനിമ. അത്രയധികം സംഘടനകളുണ്ട് സിനിമാപ്രവര്‍ത്തകര്‍ക്ക്. പക്ഷേ 'വെള്ളം വെള്ളം സര്‍വ്വത്ര..' എന്ന് പറയുമ്പോലെയാണ് പല കാര്യങ്ങളും. നടി ആക്രമിക്കപ്പെട്ട ദിവസം ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ആളല്ല പള്‍സര്‍ സുനി. വാഹനമോഷണമടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയായ വ്യക്തിയാണ് സുനില്‍കുമാര്‍. അതൊക്കെ സിനിമയ്ക്ക് പുറത്ത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ ഏറെക്കാലമായി മലയാളസിനിമയുടെ ഇടനാഴികളിലുണ്ട്. നടി അക്രമിക്കപ്പെട്ടതിന് ശേഷം അയാള്‍ തന്റെ മുന്‍ഡ്രൈവറായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയത് ഇപ്പോള്‍ ജനപ്രതിനിധി കൂടിയായ മുകേഷ് ആണ്. അമിതവേഗം കാരണമാണ് സുനിലിനെ ഒഴിവാക്കിയതെന്നും ക്രിമിനല്‍ പശ്ചാത്തലം ഇപ്പോഴാണ് അറിയുന്നതെന്നുമാണ് മുകേഷ് പറഞ്ഞത്. നടിയായ തന്റെ ഭാര്യയ്ക്ക് സുനിലില്‍ നിന്ന് മുന്‍പൊരിക്കല്‍ നേരിട്ട ദുരനുഭവം ഒരു നിര്‍മ്മാതാവും ഇപ്പോള്‍ തുറന്നുപറഞ്ഞിരുന്നു. പക്ഷേ ഇത്തരമൊരു സംഭവം ഉണ്ടായപ്പോള്‍ മാത്രമാണ് ഇത്തരമൊരു വ്യക്തി തങ്ങളുടെ കണ്‍മുന്നില്‍ സിനിമാലോകത്തുണ്ടെന്ന് ഇവരെല്ലാം തുറന്നുപറയുന്നതെന്ന് മാത്രം.

സംഘടനയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമേ സിനിമയുടെ ഏത് മേഖലയിലും ജോലി ചെയ്യാന്‍ കഴിയൂ എന്ന് മുന്‍പ് തീരുമാനമെടുത്തിരുന്നു. പക്ഷേ അതിനെതിരേ സിനിമയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും എതിര്‍പ്പിന്റെ സ്വരങ്ങളും പിന്നാലെയെത്തി. ഇതില്‍ തൊഴിലവകാശ നിഷേധമുണ്ടെന്ന് ആരോപണം വന്നു. ആ സമയത്തുതന്നെ നിര്‍മ്മാതാക്കള്‍ ഒരു പ്രത്യേക ആവശ്യവും ഉന്നയിച്ചിരുന്നു. അവരില്‍ മിക്കവരും ഒന്നില്‍ക്കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമായുള്ളവരാണ്. ആ വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ സഹിതം ലൊക്കേഷനുകളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് രേഖാമൂലം സമ്മതം നല്‍കണമെന്നായിരുന്നു ആവശ്യം. അവരുടെ ചെലവ് അത്രയും കുറയുമല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ അത് അനുവദിച്ചു. അതില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കണ്‍ട്രോള്‍ ഇല്ല. ഇപ്പോഴത്തെ സംഭവത്തിലെ പ്രതികളുടെ പേര് കേള്‍ക്കുന്നതുതന്നെ ആദ്യമായിട്ടാണ്. പിന്നെ, താരങ്ങളുടെ പേഴ്‌സണല്‍ സഹായികളുടെ കാര്യത്തിലും സംഘടനയ്ക്ക് നിയന്ത്രണമില്ല. അവര്‍ ഒരു ഇന്റസ്ട്രിയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നവരല്ല. പക്ഷേ ലൊക്കേഷനില്‍ വാഹനമോടിക്കാന്‍ എത്തുന്ന പുറത്തുനിന്നുള്ളവരുടെ കാര്യത്തിലടക്കം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട പല കാര്യങ്ങളുമുണ്ടെന്ന് ഇപ്പോള്‍ തെളിയുന്നു. ഈ വിഷയങ്ങളില്‍ ഫെഫ്കയുടെ ഭാഗത്തുനിന്ന് ഉചിതമായ ചില തീരുമാനങ്ങളുണ്ടാവും. 
ബി. ഉണ്ണികൃഷ്ണന്‍ 

അക്രമത്തിന് ഇരയായ നടിയുടെയോ മുകേഷിന്റെയോ മാത്രം ഡ്രൈവര്‍ ആയിരുന്നില്ല സുനില്‍കുമാര്‍. പലരുടെയും വെറും ഡ്രൈവര്‍ മാത്രമായിരുന്നില്ല ഇയാളെന്നും വളരെ അടുപ്പം പുലര്‍ത്തിയിരുന്ന ആളാണെന്നും വെളിവാക്കുന്നതാണ് സംഭവത്തിന് ശേഷം സുനിലിന്റെ സഹോദരിയുടെ പ്രതികരണം. സുനിലിന്റെ സഹോദരി മാതൃഭൂമിയോട് പറഞ്ഞത് ഇപ്രകാരം.

സുനില്‍ പ്രമുഖ നടന്മാരുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. പ്രമുഖ താരങ്ങളില്‍ പലരും എന്നെ വിളിച്ച് സുനിയെ നേരെയാക്കാമെന്ന് പറഞ്ഞിരുന്നു. വീടുമായോ നാടുമായോ ബന്ധം സൂക്ഷിക്കാത്ത ആളായിരുന്നു. 
പള്‍സര്‍ സുനിയുടെ സഹോദരി 

മസില്‍ പവര്‍ നല്‍കുന്ന സംരക്ഷണം

തൊട്ടതെല്ലാം പൊന്നാകുന്ന മേഖലയൊന്നുമല്ല മലയാളസിനിമ. ഇന്ത്യയിലെ പ്രാദേശിക ചലച്ചിത്രവ്യവസായങ്ങള്‍ പരിഗണിക്കുമ്പോള്‍ മുടക്കുമുതലിന്റെ കാര്യത്തിലും ലാഭത്തിന്റെ കാര്യത്തിലുമൊക്കെ പരിമിതികളുള്ള വ്യവസായമാണ് മോളിവുഡ്. പക്ഷേ കാലാകാലങ്ങളായി കളമറിഞ്ഞ് കളിച്ച് പ്രൊഫഷണലായും സാമ്പത്തികമായും നേട്ടമുണ്ടാക്കുന്നവരുമുണ്ട് ഇവിടെ. സിനിമയ്ക്ക് പുറത്ത് പല മേഖലകളിലും അതില്‍ പലര്‍ക്കും നിക്ഷേപങ്ങളുമുണ്ട്. വലിയ തര്‍ക്കങ്ങളും സാമ്പത്തികകുറ്റകൃത്യങ്ങളും കടന്നുവരാറുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പള്‍സര്‍ സുനിയെപ്പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള സഹായികളെ പലരും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്.

സിനിമ മുന്‍പ് ഒരു സാംസ്‌കാരിക രൂപകം കൂടിയായിരുന്നു. നമ്മുടെ സമൂഹത്തെ അത് ഏതെല്ലാമൊക്കെയോ രീതിയില്‍ പ്രതിഫലിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതൊരു വിനോദോപാധി മാത്രമായി ചുരുങ്ങിപ്പോയി. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെ ഈ പറഞ്ഞതിന്റെ അംശങ്ങളുണ്ട്. സിനിമ മാറിയപ്പോള്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളുടെ കാര്യത്തിലും വ്യത്യാസം വന്നു. മൊത്തത്തില്‍ നമ്മുടെ സാംസ്‌കാരികമേഖലയ്ക്കുണ്ടാകുന്ന കോട്ടത്തിന്റെ പ്രതിഫലനവുമാണ് ഇത്. എത്തിനില്‍ക്കുന്ന അപകടത്തിന്റെ ആദ്യത്തെ ചില സൂചനകളാണ് ഇതൊക്കെ. സിനിമ ഒരു വ്യവസായവും കൂടിയാണ്. പക്ഷേ ഒരു ഇന്റസ്ട്രിക്ക് അതിന്റെ അച്ചടക്കം വേണം. മറ്റെല്ലാ മേഖലകളിലും നിക്ഷേപകന്റെ പശ്ചാത്തലം പരിഗണിക്കാറും പരിശോധിക്കാറുമുണ്ട്. പക്ഷേ സിനിമയില്‍ അങ്ങനെയൊന്നില്ല. പക്ഷേ അത്തരം കാര്യങ്ങളിലൊക്കെ ഇനിയെങ്കിലും ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ശിക്ഷിക്കണം. കൂടാതെ ഇത്തരത്തിലൊരു സംഭവം ഉണ്ടാവാനിടയാക്കിയ കാരണങ്ങളും പരിശോധിക്കപ്പെടണം. 
ഷാജി എന്‍. കരുണ്‍ 

മുഖ്യധാരയില്‍ നിന്ന് പിന്തള്ളപ്പെട്ട നടി

നാല് വര്‍ഷത്തോളമായി മലയാളത്തില്‍ അത്ര സജീവമല്ല അക്രമത്തിനിരയായ നടി. അവര്‍ക്ക് അവസരം കുറയുന്നതിന് പിന്നില്‍ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന് സിനിമാമേഖലയില്‍ സംസാരമുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കേള്‍ക്കുന്നത് വെറും ഗോസിപ്പല്ലെന്ന് നടി പറഞ്ഞു. പല ചിത്രങ്ങളില്‍നിന്നും താന്‍ ഒഴിവാക്കപ്പെട്ടെന്നും പക്ഷേ അവയില്‍ പലതും പരാജയങ്ങളായിരുന്നുവെന്നും ഇതിനാല്‍ ആ 'ഒഴിവാക്കലുകള്‍' ഒരു അനുഗ്രഹമായി തോന്നിയെന്നും അവര്‍ അന്ന് പറഞ്ഞു.

ഇപ്പോള്‍ മുന്‍നിരയില്‍ ഇല്ലാത്തതിനാല്‍ സിനിമാമേഖലയില്‍ നിന്ന് 'സംരക്ഷിക്കുന്ന കരങ്ങള്‍' ഉണ്ടാവില്ലെന്നുമുള്ള ധാരണ നടിക്കെതിരായ കുറ്റകൃത്യത്തിലേക്ക് പ്രതിയെ നയിച്ചോ എന്നും സംശയിക്കാവുന്നതാണ്. മുന്‍നിര സിനിമക്കാരുമായി ഇയാള്‍ക്കുള്ള ബന്ധവും നടിക്കെതിരേ നടന്ന അക്രമവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷണത്തില്‍ തെളിയേണ്ടതാണ്.

'പള്‍സര്‍ സുനി' ആരിലേക്കുള്ള ചൂണ്ടുപലകയാണ്?

അക്രമിക്കപ്പെട്ട നടിക്ക് സിനിമാമേഖലയില്‍ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളിലൊരാളാണ് മഞ്ജു വാര്യര്‍. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാപ്രവര്‍ത്തകര്‍ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നടത്തിയ കൂട്ടായ്മയില്‍ മഞ്ജു പറഞ്ഞത്, ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു. ഒരു പ്രമുഖ നടന്റെയും ഇടതുപക്ഷത്തെ ഒരു നേതാവിന്റെ രണ്ട് ആണ്‍മക്കളുടെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പള്‍സര്‍ സുനി എന്ന ഒറ്റവ്യക്തിക്ക് പുറത്തേക്ക് സംഭവത്തിന്റെ ഗൂഢാലോചന നീണ്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്ന കേസായതിനാല്‍ പൊലീസ് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.