ബിനാമി നിര്‍മ്മാതാവും റിയല്‍ എസ്‌റ്റേറ്റ് കണ്ണി ചേരലും ക്വട്ടേഷനും, മലയാള സിനിമയുടെ ക്രിമിനല്‍ ബാന്ധവം ഒരു കെട്ടുകഥയല്ല 

July 12, 2017, 4:01 pm
ബിനാമി നിര്‍മ്മാതാവും റിയല്‍ എസ്‌റ്റേറ്റ് കണ്ണി ചേരലും ക്വട്ടേഷനും, മലയാള സിനിമയുടെ ക്രിമിനല്‍ ബാന്ധവം ഒരു കെട്ടുകഥയല്ല 
Film Debate
Film Debate
ബിനാമി നിര്‍മ്മാതാവും റിയല്‍ എസ്‌റ്റേറ്റ് കണ്ണി ചേരലും ക്വട്ടേഷനും, മലയാള സിനിമയുടെ ക്രിമിനല്‍ ബാന്ധവം ഒരു കെട്ടുകഥയല്ല 

ബിനാമി നിര്‍മ്മാതാവും റിയല്‍ എസ്‌റ്റേറ്റ് കണ്ണി ചേരലും ക്വട്ടേഷനും, മലയാള സിനിമയുടെ ക്രിമിനല്‍ ബാന്ധവം ഒരു കെട്ടുകഥയല്ല 

അയ്യോ ഇത്ര ക്രൂരനായിരുന്നോ പള്‍സര്‍ സുനിയെന്ന മട്ടില്‍ സിനിമാറ്റിക് അമ്പരപ്പ് മുഖത്ത് വരുത്തിയാണ് ചലച്ചിത്രലോകം സിനിമയ്ക്ക് പുറത്തും അഭിനയപാടവം കാട്ടിയത്. പള്‍സറുമായി അടുപ്പം ആക്രമിക്കപ്പെട്ട നായികയ്ക്കാണെന്ന് വരെ ഒരു ഘട്ടത്തില്‍ പറഞ്ഞ നടന്‍ ദിലീപും അമിത വേഗതയില്‍ കാര്‍ ഓടിച്ചതിനാല്‍ സൗഹാര്‍ദാന്തരീക്ഷത്തില്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഡ്രൈവറാണ് സുനിയെന്ന് ആവര്‍ത്തിച്ച മുകേഷും മാത്രമല്ല മലയാള സിനിമയിലെ പ്രധാനികള്‍ തന്നെയാണ് പള്‍സറിനെ വേണ്ടപ്പെട്ടവനായി ഒപ്പം നിര്‍ത്തി വളര്‍ത്തിയത്. അഞ്ച് വര്‍ഷം മുമ്പ് മലയാളത്തിലെ ഒരു മുന്‍നിര നിര്‍മ്മാതാവിന്റെ ഭാര്യയും നടിയുമായ ആളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നാലെ അപ്രത്യക്ഷനായ പള്‍സര്‍ സുനി പിന്നീടിങ്ങോട്ട് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലാകും വരെ സിനിമയുടെ അകത്തളങ്ങളില്‍ എങ്ങനെ വിലസിയെന്നത് സിനിമയിലെ മാഫിയാ-ക്വട്ടേഷന്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ എത്രമാത്രം ശക്തമാണെന്നതിന് തെളിവ് കൂടിയാണ്.

'ബിനാമി' നിര്‍മ്മാതാക്കളുടെ സിനിമ

കള്ളപ്പണം വെളുപ്പിക്കാനുള്ള സുരക്ഷിത മേഖലയായി റിയല്‍ എസ്റ്റേറ്റ് ഇടപാടിനെയും ചലച്ചിത്രലോകത്തെയും ഉപയോഗിക്കുന്നത് അടുത്ത കാലം മുതല്‍ക്കൊന്നുമല്ല. ഒരു വര്‍ഷം 350-400 കോടി രൂപയുടെ നേട്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടാകുന്നത്. മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളെ അപേക്ഷിച്ച് ചെറിയ വ്യവസായമാണ് മലയാള സിനിമ. 100 നും 150നും ഇടയില്‍ സിനിമകള്‍ മലയാളത്തില്‍ ഒരു വര്‍ഷം ചിത്രീകരിക്കുന്നു.

സാറ്റലൈറ്റ് വരുമാനത്തിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നവ ഇവയില്‍ അഞ്ചിലൊന്ന് മാത്രമാണ്. പ്രധാനമായും മുന്‍നിര താരചിത്രങ്ങള്‍. പ്രധാന താര ചിത്രങ്ങളില്‍ ഉള്‍പ്പെടെ കോടികളുടെ കള്ളപ്പണം നിക്ഷേപിക്കുന്നതും വെളുപ്പിച്ചെടുക്കുന്നതും പരസ്യമായ കഥയാണ്. മറ്റ് വ്യവസായമേഖകളെ അപേക്ഷിച്ച് ഒട്ടും സുതാര്യമല്ല ചലച്ചിത്രലോകം. സിനിമയില്‍ ആര് പണം മുടക്കുന്നു എന്നത് മുതല്‍ താരങ്ങളുടെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലം, സിനിമ തിയറ്ററുകളില്‍ നിന്ന് നേടുന്ന വരുമാനം എന്നിവയൊന്നും കൃത്യമായി പുറത്തുവരാറില്ല. പണം മുടക്കുന്നയാള്‍ക്ക് നികുതിവെട്ടിപ്പിന് സഹായകമായ ഇടമെന്ന സുരക്ഷിതത്വം ചലച്ചിത്ര വ്യവസായം നല്‍കുന്നുണ്ട്. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ ബിനാമി പണം ഒഴുകുന്നത് കഴിഞ്ഞ കുറേവര്‍ഷങ്ങളിലായി കൂടിയിട്ടുണ്ട്. സിനിമയിലെ ക്രിമിനല്‍വല്‍ക്കരണം ഇല്ലാതാക്കി ശുദ്ധീകരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞെങ്കിലും അത് നടപ്പാക്കുക അത്ര എളുപ്പമാവില്ല. നിലവില്‍ മൂന്നോ നാലോ സംഘടനകളുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ചലച്ചിത്രനിര്‍മ്മാണം നടക്കുന്നത്. ഫിലിം റെഗുലേറ്ററി അതോറിറ്റിയും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പാക്കുന്നതോടെ സിനിമാ മേഖലയില്‍ സര്‍ക്കാരിന് ഇടപെടല്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലായിരിക്കാം എകെ ബാലന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ക്ക് മുതല്‍മുടക്കാനും നിര്‍മ്മാണപങ്കാളിയാകാനും അവസരമുള്ളിടത്തോളം ഈ ശുദ്ധീകരണം പ്രഖ്യാപനമായി ഒതുങ്ങും.

നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം താരങ്ങളെയോ സംവിധായകരെയോ മുന്‍നിര നിര്‍മ്മാതാക്കളെയോ മുന്നില്‍ നിര്‍ത്തി പണം നിക്ഷേപിക്കുകയും ചലച്ചിത്രലോകവും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതാണ് ചിലരുടെ രീതി. തമിഴിനെയും ബോളിവുഡിനെയും താരതമ്യപ്പെടുത്തിയാല്‍ ദീര്‍ഘകാല പാരമ്പര്യമുള്ള പ്രൊഡക്ഷന്‍ ഹൗസുകള്‍ മലയാളത്തില്‍ കുറവാണ്. പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അത്ര തന്നെ വേഗത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ബാനറുകളും ഉണ്ട്. അടുത്തിടെ നൂറ് കോടിക്ക് മുകളിലുള്ള ഹവാലാ ബന്ധത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീവല്‍സം ഗ്രൂപ്പ് എംജിആര്‍ പിള്ളയ്‌ക്കെതിരെയുള്ള അന്വേഷണത്തില്‍ മലയാള സിനിമയുമായി അദ്ദേഹത്തിനുള്ള സാമ്പത്തിക ബന്ധവും കടന്നുവന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയും ക്വട്ടേഷന്‍ സംഘവും അധോലോക സ്വഭാവമുള്ള ക്രിമിനല്‍ സംഘങ്ങളുമെല്ലാം സിനിമയില്‍ ഇടം പിടിക്കുന്നതും താരലാളനയില്‍ വിലസുന്നതും ഇത്തരം ബിനാമി സഹകരണങ്ങളുടെ പിന്നാലെയാണ്. ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലൂടെയാണ് മലയാളത്തില്‍ സിനിമാ നിര്‍മ്മാണം നടക്കുന്നത്. സിനിമകളുടെ രജിസ്‌ട്രേഷന്‍ മുതല്‍ വിതരണം വരെ സര്‍ക്കാരിന് നേരിട്ട് ഒരു ഘട്ടത്തിലും പങ്കാളിത്തമില്ലാതെ. സിനിമാ വ്യവസായം സുതാര്യമല്ലാതെ നീങ്ങുന്നതും ക്രിമിനല്‍ സംഘങ്ങളുടെ നുഴഞ്ഞുകയറ്റവും സാമ്പത്തിക കുറ്റകൃത്യവും പെരുകുന്നതും സര്‍ക്കാരിന് ഒരു തരത്തിലുള്ള ഇടപെടലും സാധ്യമല്ലാത്തതിനാല്‍ കൂടിയാണ്.

ഒരു സിനിമയുടെ മുടക്കുമുതല്‍, സിനിമയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, താരങ്ങളുടെ പ്രതിഫലം എന്നിവ സംബന്ധിച്ചും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരാറില്ല. പ്രധാന താരങ്ങളുടെ പ്രതിഫലം പലപ്പോഴും പകുതി ബാങ്കിംഗ് സംവിധാനങ്ങളിലൂടെയും പകുതി റൊക്കം തുകയായി നേരിട്ടുമാണ് നല്‍കിവരാറുള്ളത്. നികുതി വെട്ടിപ്പിന് മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ തന്നെ മുന്‍വര്‍ഷങ്ങളില്‍ പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരായത് ഇത്തരം പ്രവണതകള്‍ തുടര്‍ന്നതിനാലാണ്.

തമിഴ്,തെലുങ്ക് സിനിമാ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള നിര്‍മ്മാതാക്കളും പ്രമുഖ ബാനറുകളുമാണ് നിര്‍മ്മാണരംഗം നിയന്ത്രിക്കുന്നത്. മലയാളത്തില്‍ നേരേ തിരിച്ചാണ് കാര്യം. മലയാളത്തില്‍ നീണ്ടവര്‍ഷക്കാലം സിനിമാ നിര്‍മ്മാണവുമായി സജീവമായിരുന്ന പല പ്രധാന ബാനറുകളും സിനിമാ മേഖല വിട്ടു. അവശേഷിക്കുന്ന പത്തില്‍ താഴെ വരുന്ന ബാനറുകള്‍ അപൂര്‍വമായാണ് സിനിമകള്‍ നിര്‍മ്മിക്കാറുളളത്. ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വരുന്ന വിസിറ്റിംഗ് പ്രൊഡ്യൂസേഴ്സാണ് കൂടുതലും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുതിയ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി മാനദണ്ഡവും നിബന്ധനയുമൊക്കെ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും കൈ നിറയെ കാശുള്ള നിര്‍മ്മാതാവിന്റെ സാമ്പത്തിക പശ്ചാത്തലമോ ക്രിമിനല്‍ പശ്ചാത്തലമോ സിനിമാ വ്യവസായത്തിലേക്കുള്ള വരവിന് തടസമാകാറില്ല. സിനിമാ നിര്‍മ്മാതാവായി ചലച്ചിത്രലോകവുമായി ബന്ധം സ്ഥാപിച്ച് ക്രിമിനല്‍ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ആഗ്രഹിച്ചെത്തുന്നവരും നിരവധി. സിനിമാ നിര്‍മ്മാതാക്കള്‍ വലിയ തോതില്‍ പലിശ ഇടപാടുകാരെ ആശ്രയിക്കുന്നതും, ഇടപാടുകളുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ മേഖലയിലുള്ളവരും ക്വട്ടേഷന്‍ സംഘങ്ങളുമായി ചങ്ങാത്തം രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായി സിനിമയെ കാണുന്നവരുമുണ്ട്.

ബിനാമിയായി ഒരു നിര്‍മ്മാതാവിനെ മുന്നില്‍ നിര്‍ത്തി സിനിമാ നിര്‍മ്മാണത്തിന് പണമിറക്കുന്നവരും കുറവല്ല. താരങ്ങളുമായി സഹകരിച്ചോ, സംവിധായകരുമായോ പ്രധാന നിര്‍മ്മാതാക്കളുമായോ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടോ ആയിരിക്കും നിര്‍മ്മാതാവായുള്ള ഇവരുടെ രംഗപ്രവേശം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട ഫയാസ് മലയാള സിനിമയില്‍ മുതല്‍മുടക്കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രമുഖ നിര്‍മ്മാതാവിന് നേരെ തോക്കുചൂണ്ടി ഭീഷണി മുഴക്കിയ പണമിടപാട് മാഫിയയെക്കുറിച്ചും സിനിമാ മേഖലയില്‍ ചര്‍ച്ചയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുകയും നികുതി വെട്ടിപ്പിന്റെ പേരില്‍ കേസിലാവുകയും ചെയ്ത ഒരു വ്യവസായി മലയാള സിനിമയില്‍ 2016ല്‍ പുറത്തിറങ്ങിയ പ്രധാന സിനിമയുടെ നിര്‍മ്മാതാവായിരുന്നു. മുന്‍നിര നടനുമായി കൈകോര്‍ത്തായിരുന്നു ആ ബിസിനസുകാരന്‍ സിനിമയില്‍ പണം മുടക്കിയത്.

സിനിമയുമായി ബന്ധപ്പെട്ട ടൈറ്റില്‍ രെജിസ്‌ട്രേഷന്‍ , പബ്ലിസിറ്റി ക്ലിയറന്‍സ് തുടങ്ങി എല്ലാ കാര്യങ്ങളും സര്‍ക്കാരിന്റെ കീഴില്‍ ചലച്ചിത്ര അക്കാദമിയോ കെ എസ് എഫ് ഡി സി യോ ഏറ്റെടുക്കാനുള്ള അടിയന്തിര നടപടി സര്‍ക്കാര്‍ കൈ കൊള്ളണം . ഇതൊക്കെ ഇനിയും സിനിമാ സംഘടനകള്‍ക്ക് സര്‍വ സ്വാതന്ത്ര്യത്തോടെ ജനാധിപത്യ വിരുദ്ധമായി നടത്തി കൊണ്ട് പോകാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കരുത്.
ഡോ.ബിജു, സംവിധായകന്‍

റിയല്‍ എസ്റ്റേറ്റും ബിസിനസ് പങ്കാളിത്ത വാഗ്ദാനങ്ങളും

ഒരു നടനോ നടിയോ സംവിധായകനോ തുടര്‍ച്ചയായ സാമ്പത്തിക വിജയമുള്ള സിനിമകളുടെ ഭാഗമാവുകയും താരമൂല്യം ഉയര്‍ത്തുകയും ചെയ്താല്‍ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരും വ്യവസായ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നവരും ഇവരുടെ പിന്നാലെ കൂടും. കേരളത്തിലോ ഗള്‍ഫിലോ ഉള്ള കമ്പനികളില്‍ ഓഹരി പങ്കാളിത്തമോ സഹകരണമോ ആഗ്രഹിച്ചാണ് ഇവരെ സമീപിക്കുന്നത്. താരങ്ങളുടെയോ സംവിധായകന്റെ സെലിബ്രിറ്റി പ്രതിഛായ തങ്ങളുടെ ബിസിനസിന് ഗുണമുണ്ടാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ പേരുമെത്തുന്നത്. മുതല്‍മുടക്കില്ലാതെ ലഭിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ കൊതിപൂണ്ട് താരങ്ങളോ സംവിധായകരോ ഇവരുമായി സൗഹൃദത്തിലും ബിസിനസ് പങ്കാളിത്തത്തിലും ഏര്‍പ്പെടും. പലപ്പോഴും തങ്ങളെ തേടിയെത്തുന്ന ബിസിനസുകാരന്റെ പശ്ചാത്തലത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇവര്‍ക്ക് വലിയ പിടിയുണ്ടാകില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരും, തട്ടിപ്പുകേസുകളുടെ പശ്ചാത്തലമുളളവരും,ക്രിമിനല്‍ ബന്ധമുള്ളവരുമെല്ലാം ഇത്തരത്തില്‍ ചലച്ചിത്രലോകവുമായി ചങ്ങാത്തത്തിലും കൂട്ടുകച്ചവടത്തിലുമാകുന്നു.

റിയല്‍ എസ്റ്റേറ്റ് മാഫിയയും അവരുടെ പ്രധാന താല്‍പ്പര്യമേഖലയായി സിനിമയെ പരിഗണിക്കുന്നത് ചുരുങ്ങിയ കാലയളവില്‍ വലിയ പണം സമാഹരിക്കാവുന്ന ഇടം എന്ന നിലയ്ക്കും സുതാര്യമല്ലാതെ സാമ്പത്തിക ഇടപാടുകള്‍ താല്‍പ്പര്യപ്പെടുന്നവര്‍ കൂടുതലുള്ള മേഖല എന്നതിനാലുമാണ്. റിയല്‍ എസ്റ്റേറ്റിന് സമാനമായി കളളപ്പണത്തിന്റെ വിനിമയം നടക്കുന്ന ഇടമാണ് ചലച്ചിത്ര വ്യവസായം. കേരളത്തിലെ ഏത് ജില്ലയിലാണെങ്കിലും കണ്ണായ ഇടത്ത് നടക്കുന്ന വസ്തുക്കച്ചവടത്തില്‍ വിലപേശല്‍ ഘട്ടത്തില്‍ മറുഭാഗത്ത്് നിലയുറപ്പിക്കുന്നവരില്‍ സിനിമാ നിര്‍മ്മാതാവോ താരങ്ങളോ മിക്കവാറും കാണും. നികുതിവെട്ടിപ്പിനായി ഏറ്റവും എളുപ്പത്തില്‍ നിക്ഷേപിക്കാവുന്ന മേഖല എന്നതും ചലച്ചിത്രവ്യവസായവും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായുള്ള സൗഹൃദ ദൃഢതയ്ക്ക് ഒരു കാരണമാണ്. ഹ്രസ്വകാലം മാത്രമാണ് സിനിമയിലെ കരിയര്‍ എന്ന് ചിന്തിക്കുന്ന നടിമാരുടെ മാതാപിതാക്കളെ ഇക്കാര്യത്തില്‍ സ്വാധീനിക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ക്ക് എളുപ്പം സാധിക്കാറുണ്ട്. പലപ്പോഴും തട്ടിപ്പുകേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടീനടന്‍മാര്‍ കുടുങ്ങുന്ന സാഹചര്യം ഇത് കൂടിയാണ്. താരമൂല്യത്തില്‍ ഉള്‍പ്പെടെ വലിയ മാറിമറിച്ചില്‍ സംഭവിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മേഖലയില്‍ പണം നിക്ഷേപിച്ചാല്‍ സിനിമ ഇല്ലാതെ വീട്ടിലിരിക്കേണ്ടി വന്നാലും ബുദ്ധിമുട്ടില്ലെന്ന ചിന്തയില്‍ പല മേഖലയിലും മുതല്‍മുടക്കിയ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെയുണ്ട്. എന്നാല്‍ സാമ്പത്തിക സഹകരണത്തില്‍ ഏര്‍പ്പെടുന്നവരുടെ പശ്ചാത്തലമോ വിശ്വാസ്യതയോ കൃത്യമായി മനസിലാക്കിയെടുക്കാന്‍ പലര്‍ക്കും കഴിയാറില്ല.

കേരളത്തിലും വിദേശത്തുമായി മുന്‍നിര താരങ്ങളുടെയും സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും പേരിലോ പങ്കാളിത്തത്തിലോ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നവരുടെ സാമ്പത്തിക പശ്ചാത്തലം ആരും അന്വേഷിക്കാറില്ല. സിനിമാക്കാരുടെ അടുത്ത ചങ്ങാതിമാരായി ചലച്ചിത്ര കൂട്ടായ്മകളിലും സിനിമാ പരിപാടികളിലും ഇവരുടെ സാന്നിധ്യവും ഉണ്ടാകും. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമായി നടക്കുന്ന താരനിശകളുടെ പിന്നണിയിലും ഹവാലാ-കള്ളക്കടത്ത് ആരോപണങ്ങള്‍ നേരത്തെയും ഉയര്‍ന്നിട്ടുണ്ട്. താരങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് മുന്‍പ്് പല ഘട്ടങ്ങളില്‍ അന്വേഷണ പരിധിയില്‍ വന്നിട്ടുമുണ്ട്. അടുത്തിടെ 1100 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയ ധനകാര്യ സ്ഥാപനം മലയാളത്തില്‍ വന്‍മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കുന്നവരാണ്. നികുതിയും പിഴയും അടക്കം മൂന്നിറിലേറെ കോടിയായിരുന്നു ഈ ഗ്രൂപ്പ് അടക്കേണ്ടിവന്നത്. ദിലീപിന്റെ അറസ്റ്റിനപ്പുറം സിനിമാ ലോകവുമായി ബന്ധപ്പെട്ട ഹവാലാ ബന്ധവും മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന ആവശ്യമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത് പിടി തോമസ് എംഎല്‍എ ആണ്.

പ്രമാദമായ കള്ളക്കടത്ത് കേസുകളിലും, കൊലപാതക കേസുകളിലും പലപ്പോഴും ചലച്ചിത്രലോകത്തോട് കണ്ണി ചേര്‍ക്കപ്പെടാറുണ്ട്. ഗുണ്ടാ ആക്രമണ കേസില്‍ ഹാസ്യതാരം ഉള്‍പ്പെടുന്നതും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന യുവവ്യവസായിയുടെ കൊലപാതകത്തോട് ബന്ധിപ്പിച്ച് ഒരു നായികയുടെ സാന്നിധ്യം ചര്‍ച്ചയായതും കേരളത്തിലുള്ളവര്‍ മറന്നിട്ടില്ല.

പിന്നണിയിലെ ക്വട്ടേഷന്‍

അധോലോക സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നത് അപൂര്‍വമാണ്, എന്നാല്‍ സിനിമ അധോലോക ഇടങ്ങളുമായി എത്രമാത്രം ചങ്ങാത്തത്തിലാണെന്ന് മനസിലാകണമെങ്കില്‍ ഫോര്‍ട്ട് കൊച്ചിയിലോ,എറണാകുളത്തെ ഉള്‍പ്രദേശങ്ങളിലോ ഷൂട്ടിംഗ് നടക്കുമ്പോള്‍ നാലോ അഞ്ചോ ദിവസം ചെലവഴിച്ചാല്‍ മതിയാകും. ക്വട്ടേഷന്‍-ഗുണ്ടാ വിളയാട്ടമുള്ള ലൊക്കേഷനുകളില്‍ ചിത്രീകരണ സഹായത്തിനായി ഗത്യന്തരമില്ലാതെയാണ് ഗുണ്ടകളുമായും ക്രിമിനല്‍ ബന്ധമുള്ളവരുമായും തുടക്കത്തില്‍ സഹകരിച്ചിരുന്നത്. എന്നാല്‍ പിന്നീടെപ്പോഴോ ക്രിമിനല്‍ സംഘങ്ങളുടെ നുഴഞ്ഞുകയറ്റം വ്യാപകമായി. നിരവധി കേസുകളില്‍ പ്രതികളായി മുങ്ങിനടക്കുന്നവരുടെ ഒളിത്താവളായും പലവേളകളിലും ലൊക്കേഷനുകള്‍ മാറി. സിനിമാ ലൊക്കേഷനിലേക്ക് മദ്യവും മറ്റ് ലഹരിവസ്തുക്കളും എത്തിക്കുന്നതിനും ലൊക്കേഷന്‍ മാനേജര്‍മാരായും മറ്റ് പല സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങളെയടക്കം പ്രയോജനപ്പെടുത്തുന്നുണ്ട്. പലപ്പോഴും പ്രധാന താരങ്ങളോ സംവിധായകരോ നിര്‍മ്മാതാക്കളോ പോലും തങ്ങളുടെ സിനിമയുമായി ഇവര്‍ സഹകരിക്കുന്ന കാര്യവും ലൊക്കേഷനില്‍ വിലസുന്ന കാര്യവും അറിയണമെന്നില്ല. പ്രൊഡക്ഷന്‍ മാനേജര്‍മാരും കണ്‍ട്രോളര്‍മാരുമൊക്കെയാവും ഇവരുടെ അടുപ്പക്കാര്‍.

2006-2007 കാലയളവില്‍ മട്ടാഞ്ചേരിയിലും കൊച്ചിയിലുമായി ചിത്രീകരിച്ച അധോലോക പശ്ചാത്തലമുള്ള രണ്ട് സിനിമകളുടെ ചിത്രീകരണം ഗുണ്ടാപ്പിരിവ് നല്‍കാത്തത് മൂലം ക്വട്ടേഷന്‍ ടീമംഗങ്ങള്‍ തടസ്സപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആദ്യകാലത്ത് സിനിമാ ലൊക്കേഷനുകളില്‍ പുറത്തുനിന്നുള്ളവരെ നിയന്ത്രിക്കാനും, പ്രദേശവാസികളിലെ 'വില്ലന്‍മാരുടെ' വിളയാട്ടം ഒതുക്കാനും ചെറിയ കൈമടക്ക് മതിയായിരുന്നു. പിന്നീട് ഗുണ്ടാപ്പിരിവ് നല്‍കുന്നതിന് പകരം ഇത്തരക്കാരെ തന്നെ ലൊക്കേഷന്‍ നിയന്ത്രണ ചുമതല ഏല്‍പ്പിച്ചു. ഇതോടെ സിനിമയ്ക്കകത്തും ക്വട്ടേഷന്‍ ടീമിന്റെ സൈ്വര്യവിഹാരം തുടങ്ങി. ആറ് മാസം മുമ്പ് ഫോര്‍ട്ട് കൊച്ചിയില്‍ ഒരു ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ വീട്ടമ്മ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ചോദ്യം ചെയ്യാനെത്തിയത് ക്വട്ടേഷന്‍ ടീമംഗമാണ്. അതിന് മുമ്പ് നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഫോര്‍ട്ട് കൊച്ചിയില്‍ ചെറുകിട വ്യാപാരികളുടെ വ്യാപാരം തടസ്സപ്പെടുത്തി ചിത്രീകരണം നടത്തുന്നതിനെതിരെ കടയുടമകള്‍ ചോദ്യം ചെയ്തപ്പോള്‍ ലോക്കല്‍ പോലീസും ജനപ്രതിനിധികളും നടപടിയെടുത്തില്ലെന്ന് പരാതിയുണ്ടായിരുന്നു. പരാതി നല്‍കിയ കടയുടമകളെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ ടീമുകളുമെത്തി. സിനിമാ മേഖലയിലുള്ളവരെ വെറുതെ പിണക്കാന്‍ നില്‍ക്കേണ്ടതില്ലല്ലോ എന്ന ചിന്തയിലാണ് ലോക്കല്‍ പോലീസ് ഇടപെടാത്തത്, മുകളില്‍ പിടിയുള്ളതിനാല്‍ സിനിമയിലുള്ളവരെ തൊട്ടാല്‍ പണി കിട്ടുമെന്ന പേടിയും.

24ഃ7 സേവനകേന്ദ്രമാകുന്ന ഗുണ്ടകളും ക്രിമിനലുകളും ഔട്ട് ഡോര്‍ ചിത്രീകരണത്തില്‍ സിനിമയുടെ രഹസ്യസ്വഭാവം നിലനിര്‍ത്താനും ചിത്രീകരണം കാണാനെത്തുന്നവര്‍ താരങ്ങള്‍ക്കായി തിക്കുംതിരക്കുമുണ്ടാക്കുന്നത് തടയാനും മൊബൈല്‍ ഉപയോഗിച്ചും ക്യാമറയിലും ചിത്രീകരണ രംഗങ്ങള്‍ പകര്‍ത്തുന്ന ഒഴിവാക്കാനുമാണ് ലൊക്കേഷന്‍ സഹായികളാണ് ക്വട്ടേഷന്‍ ടീമുകള്‍ രംഗത്തിറങ്ങുന്നത്. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും സിനിമാ ചിത്രീകരണം മലയാളമോ മറുഭാഷയോ ആകട്ടെ ലൊക്കേഷന്‍ സേവനത്തിന് ഗുണ്ടാപ്പട റെഡിയാണ്. ചിത്രീകരണം മുലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തി രംഗത്തുവരുന്ന പ്രാദേശവാസികളെ മെരുക്കാനും ഇവര്‍ക്കാകും. സിനിമയുടെ ചിത്രീകരണം ആതിരപ്പളളിയിലോ പൊന്‍മുടിയിലോ വാഗമണ്ണിലോ മൂന്നാറിലോ ഏതെങ്കിലും വനമേഖലയിലോ ആകട്ടെ നാടന്‍മദ്യവും വെടിയിറച്ചിയുമൊക്കെയായി നിര്‍മ്മാതാവിനെയും ചലച്ചിത്രപ്രവര്‍ത്തകരെയും തൃപ്തരാക്കാന്‍ ഇവരെത്തും. ഗത്യന്തരമില്ലാതെയും ഇത്തരക്കാരെ സിനിമയുമായി സഹകരിപ്പിക്കാറുണ്ട്. ചിത്രീകരണം നടക്കുന്ന പ്രദേശത്ത് സ്വാധീനമുള്ള ഇക്കൂട്ടരെ പിണക്കിയാലുള്ള ഭവിഷ്യത്താവും ചലച്ചിത്രമേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കുക. രാത്രിയോ പകലോ ഇല്ലാതെ സേവനം ലഭ്യമാകുമെന്നതാണ് ലൊക്കേഷനില്‍ ക്വട്ടേഷന്‍ ടീമിനെ ഉപയോഗപ്പെടുത്താന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ പ്രേരിപ്പിക്കുന്നത്. കഞ്ചാവോ മറ്റ് ലഹരിവസ്തുക്കളോ സിനിമാ പ്രവര്‍ത്തകര്‍ക്ക് എത്തിക്കുന്നതിലും മുന്‍നിരയിലും ഇവരുണ്ട്.

ദിവസം 25,000 രൂപ മുതല്‍ പ്രതിഫലം, ഗുണ്ടാനേതാവിന് ഒരു റോള്‍

കൊച്ചിയിലെ ചില ഏരിയകളാണ് ഏറ്റവും പ്രശ്‌നമെന്ന് പറയുന്നു മലയാളത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ''തീരമേഖലയിലും അങ്കമാലി, ചാവക്കാട് മേഖലകളിലും പ്രാദേശിക പിന്തുണയേക്കാള്‍ ക്വട്ടേഷന്‍ ടീമുകളുടെ സമ്മതമാണ് പ്രധാനം. പൊലീസിലൊന്നും പരാതിപ്പെട്ടിട്ട് കാര്യമുണ്ടാവില്ല. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, ഏലൂര്‍, ശാന്തിനഗര്‍ എന്നിവിടങ്ങളാണ് കൊച്ചിയിലെ 'പ്രശ്‌നബാധിത' ഏരിയകള്‍. തീരെ ഒഴിവാക്കാന്‍ പറ്റാത്തതാണ് ആ ലൊക്കേഷനുകളെങ്കിലേ സിനിമക്കാര്‍ അവിടേക്ക് പോകാറുള്ളൂ. തോപ്പുംപടി, മരട്, കുണ്ടന്നൂര്‍, നെട്ടൂര്‍, തൃപ്പൂണിത്തുറ, തിരുവാങ്കുളം എന്നിവിടങ്ങളിലൊന്നും പ്രശ്‌നമുണ്ടാവാറില്ല. ചെറിയ സിനിമകള്‍ക്ക് ഒരു ദിവസത്തെ ചിത്രീകരണം മുടങ്ങിയാല്‍ ഒന്നര-രണ്ട് ലക്ഷം രൂപ നഷ്ടം വരും. സൂപ്പര്‍സ്റ്റാര്‍ സിനിമയാണെങ്കില്‍ ഏഴ്-എട്ട് ലക്ഷം രൂപയും. എട്ട് പോന്നതിനേക്കാള്‍ 50,000 കൊടുത്ത് നടക്കട്ടേ എന്ന് ചിന്തികും. സിനിമാനിര്‍മ്മാതാവ് ഒരു കറവപ്പശുവാണ്. പരിചയക്കാരുണ്ടെങ്കില്‍ ചിലര്‍ റേറ്റ് കുറയ്ക്കാന്‍ തയ്യാറാവാറുണ്ട്. തിരുവനന്തപുരത്തും തൃശൂരും ചില പ്രത്യേക സ്ഥലങ്ങളില്‍ ഈ പ്രശ്‌നമുണ്ട്. പക്ഷേ കൊച്ചി പോലെ മലയാളസിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷനായ തൊടുപുഴയിലൊന്നും ഈ പ്രശ്‌നമില്ല. ഒരു ഗാനരംഗമെങ്കിലും കൊച്ചിയില്‍ ചിത്രീകരിക്കാത്ത മലയാളസിനിമകള്‍ അപൂര്‍വ്വമാണിന്ന്. തുക വാങ്ങിക്കൊടുത്താല്‍ ലൊക്കേഷന്‍ മാനേജര്‍മാര്‍ക്ക് ചെറിയ കമ്മിഷനുണ്ട്. ഡെയ്‌ലി 5,000 രൂപയൊക്കെ ലൊക്കേഷന്‍ മാനേജര്‍ക്ക് വിഹിതം കിട്ടും. 'പക്ഷേ കൊച്ചിയെന്നല്ല, കേരളത്തില്‍ മിക്കയിടങ്ങളിലും കടപ്പുറം ചിത്രീകരിക്കണമെങ്കില്‍ ഗുണ്ടാപ്പിരിവ് കൊടുക്കണമെന്ന് മലയാളത്തിലെ ഒരു മുന്‍നിര സംവിധായകന്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പറയുന്നു..

''നിയമപരമായ അനുമതികള്‍ ഇല്ലാതെ ഒരു സ്ഥലത്തും ഒരു സിനിമാക്കാരനും ഷൂട്ട് ചെയ്യുന്നില്ല. അങ്ങനെ പറ്റില്ല. സര്‍ക്കാര്‍ അനുമതി ആവശ്യമുള്ള സ്ഥലമാണെങ്കില്‍ ട്രഷറിയില്‍ പണമടച്ച്, പൊലീസ് സ്റ്റേഷനില്‍ നിന്ന് കത്ത് വാങ്ങിയിരിക്കും. പക്ഷേ അതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ചിത്രീകരണം നടത്തിപ്പോകാമെന്ന് കരുതണ്ട. അതിന് മറ്റ് ചിലരുടെ അനുമതി കൂടി വേണം. ചിത്രം മുടക്കാന്‍ സാധ്യതയുള്ള സാമൂഹ്യവിരുദ്ധര്‍ക്ക് അത് മുടക്കാതിരിക്കാനുള്ള ഗുണ്ടാപ്പിരിവ് നല്‍കണം. പത്ത് പേര്‍ സംഘം ചേര്‍ന്ന് വന്നാല്‍ മതിയല്ലോ നമ്മുടെ ചിത്രീകരണം മുടങ്ങാന്‍''

ബൗണ്‍സേഴ്സ് ടീമിന്റെ റോളിലും ക്വട്ടേഷന്‍ അംഗങ്ങള്‍

മലയാള സിനിമയില്‍ അധോലോക നിയന്ത്രണമുണ്ടെന്ന് വെളിപ്പെടുത്തിയത് താരസംഘടനയായ അമ്മ വൈസ് പ്രസിഡന്റും യുഡിഎഫ് ഭരണകാലത്ത് സിനിമാ മന്ത്രിയുമായിരുന്ന നടന്‍ കെബി ഗണേഷ്‌കുമാറാണ്. സിനിമാമേഖലുടെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലും തുറന്നടിച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞത് ക്രിമിനലുകളുടെ സിനിമാ മേഖലയിലുള്ള നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ്. കൂട്ടത്തിലുള്ള ഒരു താരം ക്രൂരമായി ആക്രമിക്കപ്പെട്ട ഘട്ടത്തില്‍ മാത്രമാണ് മറ്റ് സിനിമാ മേഖലയെക്കാള്‍ സംഘടനകളുടെ ആധിക്യമുള്ള മലയാള സിനിമാ മേഖല സിനിമയിലെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് മിണ്ടിത്തുടങ്ങിയത്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് സൂപ്പര്‍താരവും അമ്മ ജനറല്‍ സെക്രട്ടറിയുമായ മമ്മൂട്ടി പറഞ്ഞത് കൂട്ടത്തില്‍ ക്രിമിനലുകള്‍ ഉണ്ടെന്നത് നാണക്കേടാണെന്നാണ്.

താരനിശകളിലും അവാര്‍ഡ് നിശകളിലും പ്രധാന താരങ്ങള്‍ക്ക് അകമ്പടിയായി അവരെ വേദിയിലേക്ക് ആനയിക്കാന്‍ പലപ്പോഴുമെത്തുന്നത് സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളുടെ യൂണിഫോം ധരിച്ച ക്വട്ടേഷന്‍ അംഗങ്ങളാണ്. സെലിബ്രിറ്റികളുടെ സുരക്ഷാ ചുമതല ഏറ്റെടുത്ത് ലൊക്കേഷനിലും പൊതുചടങ്ങുകളിലും സജീവസാന്നിധ്യമായ ബൗണ്‍സേഴ്സ് എന്നറിയപ്പെടുന്ന സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളുടെ കൂട്ടത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.

സിനിമ മുന്‍പ് ഒരു സാംസ്‌കാരിക രൂപകം കൂടിയായിരുന്നു. നമ്മുടെ സമൂഹത്തെ അത് ഏതെല്ലാമൊക്കെയോ രീതിയില്‍ പ്രതിഫലിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതൊരു വിനോദോപാധി മാത്രമായി ചുരുങ്ങിപ്പോയി. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെ ഈ പറഞ്ഞതിന്റെ അംശങ്ങളുണ്ട്. സിനിമ മാറിയപ്പോള്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളുടെ കാര്യത്തിലും വ്യത്യാസം വന്നു. മൊത്തത്തില്‍ നമ്മുടെ സാംസ്‌കാരികമേഖലയ്ക്കുണ്ടാകുന്ന കോട്ടത്തിന്റെ പ്രതിഫലനവുമാണ് ഇത്. എത്തിനില്‍ക്കുന്ന അപകടത്തിന്റെ ആദ്യത്തെ ചില സൂചനകളാണ് ഇതൊക്കെ. സിനിമ ഒരു വ്യവസായവും കൂടിയാണ്. പക്ഷേ ഒരു ഇന്റസ്ട്രിക്ക് അതിന്റെ അച്ചടക്കം വേണം. മറ്റെല്ലാ മേഖലകളിലും നിക്ഷേപകന്റെ പശ്ചാത്തലം പരിഗണിക്കാറും പരിശോധിക്കാറുമുണ്ട്. പക്ഷേ സിനിമയില്‍ അങ്ങനെയൊന്നില്ല. പക്ഷേ അത്തരം കാര്യങ്ങളിലൊക്കെ ഇനിയെങ്കിലും ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ശിക്ഷിക്കണം. കൂടാതെ ഇത്തരത്തിലൊരു സംഭവം ഉണ്ടാവാനിടയാക്കിയ കാരണങ്ങളും പരിശോധിക്കപ്പെടണം.
ഷാജി എന്‍. കരുണ്‍

ദിലീപിലും ഒരു പള്‍സര്‍ സുനിയിലും തീരുന്നില്ല സിനിമയിലെ ക്രിമിനല്‍ ചങ്ങാത്തവും അധോലോക ബാന്ധവവും. ക്രിമിനല്‍ പശ്ചാത്തലമുളളവരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരും ക്വട്ടേഷന്‍ ഇടപാടുകാരുമെല്ലാം താരങ്ങളുടെ ഡ്രൈവര്‍മാരായും സഹായിമാരായും ലൊക്കേഷന്‍ മാനേജര്‍മാരായും വിലസുന്നുണ്ട്. പ്രശസ്തിയും താരപ്രതിഛായയും സംരക്ഷിക്കാനായും താരപ്രതിഛായ ബാധ്യതയാകുന്ന ചില കാര്യങ്ങളില്‍ വഴിവിട്ട സഹായത്തിനും ഇത്തരക്കാരെ ഉപയോഗിക്കുമ്പോള്‍ വരാനിരിക്കുന്ന വലിയ അപകടത്തെക്കുറിച്ച് ഇവര്‍ ബോധവാന്മാരാകുന്നില്ല.