ദംഗലിലെ മഹാവീര്‍, അലിഗഡിലെ ശ്രീനിവാസ്, കമ്മട്ടിപ്പാടത്തെ ഗംഗ..; ജൂറി കണ്ണടച്ച് ഇരുട്ടില്‍ നിര്‍ത്തിയ പകര്‍ന്നാട്ടങ്ങള്‍ 

April 8, 2017, 9:08 pm
ദംഗലിലെ മഹാവീര്‍, അലിഗഡിലെ ശ്രീനിവാസ്, കമ്മട്ടിപ്പാടത്തെ ഗംഗ..; ജൂറി കണ്ണടച്ച് ഇരുട്ടില്‍ നിര്‍ത്തിയ പകര്‍ന്നാട്ടങ്ങള്‍ 
Film Debate
Film Debate
ദംഗലിലെ മഹാവീര്‍, അലിഗഡിലെ ശ്രീനിവാസ്, കമ്മട്ടിപ്പാടത്തെ ഗംഗ..; ജൂറി കണ്ണടച്ച് ഇരുട്ടില്‍ നിര്‍ത്തിയ പകര്‍ന്നാട്ടങ്ങള്‍ 

ദംഗലിലെ മഹാവീര്‍, അലിഗഡിലെ ശ്രീനിവാസ്, കമ്മട്ടിപ്പാടത്തെ ഗംഗ..; ജൂറി കണ്ണടച്ച് ഇരുട്ടില്‍ നിര്‍ത്തിയ പകര്‍ന്നാട്ടങ്ങള്‍ 

മികവുകളുടെ മാനദണ്ഡങ്ങളെല്ലാം വളരെ പുറമേയ്ക്കുള്ളതാവുന്നുവോയെന്ന ഭയമുണര്‍ത്തുന്നതായിരുന്നു കഴിഞ്ഞ തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം. 180 കോടി മുതല്‍മുടക്കി ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമിയെ ദൃശ്യങ്ങളില്‍ അഭിരമിപ്പിച്ച 'ബാഹുബലി'യായിരുന്നു കഴിഞ്ഞ തവണത്തെ ദേശീയ അവാര്‍ഡില്‍ മികച്ച ചിത്രം. ബോക്‌സ്ഓഫീസ് വിജയം നേടുന്ന ചിത്രത്തെ അവാര്‍ഡിന് പരിഗണിക്കരുതെന്നോ കൊടുക്കരുതെന്നോ ജൂറിയുടെ നിയമപുസ്തകങ്ങളിലെവിടെയും എഴുതിവെച്ചിട്ടില്ല. പക്ഷേ അനേകഭാഷകളിലായി ഇന്ത്യയില്‍ ഒരു വര്‍ഷമിറങ്ങിയവയില്‍ നിന്ന് 'ബാഹുബലി'യേക്കാള്‍ 'മികച്ചതൊന്നും' ഉണ്ടായില്ലെന്ന് ജൂറി തീരുമാനിച്ചിടത്താണ് കല്ലുകടിയും ആദ്യം പറഞ്ഞ ഭയവുമുണ്ടായത്. ദേശീയ അവാര്‍ഡിന്റെ ഈ 'ഗുണനിലവാര ചോര്‍ച്ച' അപൂര്‍വ്വമാവാനിടയില്ലെന്നും അതൊരു തുടര്‍ച്ച ആയേക്കാമെന്നും തോന്നലുളവാക്കുന്നതാണ് ഇത്തവണത്തെ പുരസ്‌കാരങ്ങള്‍. മികച്ച നടന്‍ അക്ഷയ്കുമാര്‍, ജനതാ ഗ്യാരേജിലെയും മുന്തിരിവള്ളികളിലെയും പുലിമുരുകനിലെയും അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം.. അക്ഷയ്കുമാറിനപ്പുറം നില്‍ക്കുന്ന പ്രകടനങ്ങളൊന്നും പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയുടെ കണ്ണില്‍ പെട്ടില്ലേ? അതോ കണ്ടിട്ടും കണ്ണടച്ച് ആ പ്രകടനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നോ അവര്‍?

ജൂറി കണ്ണടച്ച് ഇരുട്ടില്‍ നിര്‍ത്തിയ ആറ് പ്രകടനങ്ങള്‍ ഇവയാണ്

മനോജ് വാജ്‌പേയി- അലിഗഡ്

രണ്ട് പതിറ്റാണ്ടിലേറെയായി ചെറുതും വലുതുമായ എത്രയോ വേഷങ്ങളിലൂടെ സിനിമാ പ്രേമിയുടെ കണ്ണില്‍ കൊളുത്തിയിട്ടുള്ള നടനാണ് മനോജ് വാജ്‌പേയി. പക്ഷേ ഹന്‍സല്‍ മെഹ്തയുടെ 'അലിഗഡി'ല്‍ ശ്രീനിവാസ് രാമചന്ദ്ര ശിരസ് എന്ന സ്വവര്‍ഗ ലൈംഗികാനുരാഗിയായ പ്രൊഫസറിലൂടെ തന്നിലെ നടന്‍ എത്രത്തോളം സൂക്ഷ്മദൃക്കാണെന്നും അയാള്‍ എത്രത്തോളം വളര്‍ന്നിരിക്കുന്നുവെന്നും പറഞ്ഞു മനോജ്. വിഭിന്ന ലൈംഗികാഭിരുചി മൂലം ജീവിതത്തില്‍ ഒറ്റപ്പെട്ട, ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന മധ്യവയസ്‌കനായ മനുഷ്യന്റെ ഉള്‍വേവുകള്‍ ഉള്ളില്‍ത്തൊടുംവിധം അയാള്‍ പകര്‍ന്നാടി. ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരത്തിന് എന്തുകൊണ്ടും യോഗ്യനാണ് മനോജ് വാജ്‌പേയിയെന്നും അലിഗഡിലെ അയാളുടെ പ്രകടനമെന്നും വിചാരിക്കുന്ന പ്രേക്ഷകര്‍ ഒരുപാടുണ്ട്.

നവാസുദ്ദീന്‍ സിദ്ദിഖി- രമണ്‍ രാഘവ് 2.0

അനുരാഗ് കാശ്യപിന്റെ അവസാനചിത്രം 'രമണ്‍ രാഘവ് 2.0' തീയേറ്ററുകളിലെത്തിയ ആദ്യദിവസങ്ങളില്‍ അതില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച നവാസുദ്ദീന്‍ സിദ്ദിഖി ഒരു കാര്യം പറഞ്ഞിരുന്നു. അതിങ്ങനെ ആയിരുന്നു. 'രമണിനെ അവതരിപ്പിക്കുക ദുഷ്‌കരമായിരുന്നു. ഒരു സാധാരണ മനുഷ്യനല്ല അയാള്‍. അയാളെപ്പോലെ ചിന്തിക്കുകതന്നെ അസ്വാസ്ഥ്യജനകമായിരുന്നു. രമണ്‍ രാഘവായി ഓരോ ഡയലോഗ് പറയുമ്പോഴും വയലന്‍സ് കാണിക്കുമ്പോഴും എന്തോ വലിയ തെറ്റ് സ്വയം ചെയ്യുകയാണെന്നാണ് എനിക്ക് തോന്നിയത്. എനിക്കുള്ളില്‍ എന്തോ ഒന്ന് മരിക്കുന്നതുപോലെ ആയിരുന്നു ആ അനുഭവം. അവസാനം ഞാന്‍ ആശുപത്രിയിലായി. അത്രമാത്രം ആ കഥാപാത്രം എന്നെ ബുദ്ധിമുട്ടിച്ചു. ഒരു ദിവസം ഷൂട്ടിംഗിനിടെ ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ബോധംകെട്ട് വീണു.' അറുപതുകളുടെ മധ്യത്തില്‍ ബോംബെയില്‍ ജീവിച്ചിരുന്ന പരമ്പരക്കൊലയാളിയുടെ മാതൃകയിലായിരുന്നു അനുരാഗ് കഥാപാത്രത്തെ സൃഷ്ടിച്ചത്. നവാസ് പറഞ്ഞതുപോലെതന്നെ, നടന്‍ സ്വന്തം മനസാക്ഷിയെ കൊന്നുകളഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതായി പ്രേക്ഷകര്‍ക്കും തോന്നി. മുംബൈയുടെ ചേരികള്‍ക്കിടയില്‍ പാളിവീണ ഒരു കൊള്ളിയാന്‍ പോലെയായിരുന്നു ആ കഥാപാത്രം. എപ്പോഴാണ് ഇടിവെട്ടേല്‍ക്കുന്നത് പോലെ അയാള്‍ അക്രമാസക്തനാവുകയെന്ന് പ്രവചിക്കാന്‍ കഴിയാത്ത ഒരു കഥാപാത്രം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ് നവാസിന്റെ രമണ്‍. ചിത്രം നിങ്ങള്‍ കണ്ടെങ്കില്‍ ഉന്മാദം ഖനീഭവിച്ച രമണിന്റെ കണ്ണുകള്‍ ഇപ്പോഴും നിങ്ങള്‍ മറക്കാനിടയില്ല.

ആമിര്‍ ഖാന്‍- ദംഗല്‍

ഗുസ്തിക്കളങ്ങള്‍ പശ്ചാത്തലമാക്കിയ രണ്ട് വമ്പന്‍ ബോളിവുഡ് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം തീയേറ്ററിലെത്തിയത്. സല്‍മാന്‍ഖാന്‍ നായകനായ സുല്‍ത്താനും ആമിര്‍ഖാന്‍ നായകനായ ദംഗലും. മികവ് എവിടെയെന്ന് പുറമേയ്ക്ക് മാത്രം നോക്കുന്നവരുടെ മുന്നിലേക്ക് നീക്കിവെക്കാനുള്ള ഇതിലും മികച്ച ഉദാഹരണങ്ങള്‍ ഉണ്ടാവില്ല. രണ്ടും ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍. ഒരേ പശ്ചാത്തലം. അടുത്തടുത്ത മാസങ്ങളില്‍ റിലീസ്. ആകെ വ്യത്യാസം പറയാനാണെങ്കില്‍ ഒരു യഥാര്‍ഥജീവിതത്തെയാണ് ആമിര്‍ സ്‌ക്രീനിലെത്തിച്ചതെന്ന് മാത്രം. പക്ഷേ സുല്‍ത്താനും ദംഗലിനുമിടയിലുള്ള ദൂരം അത് മാത്രമല്ലല്ലോ? സല്‍മാന്‍ ചിത്രം അദ്ദേഹത്തിന്റെ താരശരീരത്തിലേക്ക് ഒതുങ്ങിയപ്പോള്‍ ആമിറിന്റെ ദംഗല്‍ താരത്തിനപ്പുറത്ത് അദ്ദേഹത്തിലെ നടനെ ഗൗരവത്തിലെടുത്തു. പെണ്‍മക്കളെ അന്തര്‍ദേശീയ ഗോദകളിലെത്തിലേക്കെത്തിച്ച മഹാവീറായി ആമിര്‍ പകര്‍ന്നാട്ടം നടത്തി. സ്വപ്‌നങ്ങളുടെ മാത്രം പിന്‍ബലമുള്ള ആ ഹരിയാനക്കാരന്‍ ഗ്രാമീണന്റെ വേപഥു കാണിയോട് അനായാസം വിനിമയം ചെയ്തു ആമിര്‍.

വിനായകന്‍- കമ്മട്ടിപ്പാടം

ലോകത്തെവിടെയും മുളച്ചുപൊന്തിയ നഗരങ്ങളുടെ അതിരുകളില്‍ കമ്മട്ടിപ്പാടത്തെ ഗംഗയെപ്പോലെ ഗതികിട്ടാതെ അലയാന്‍ വിധിക്കപ്പെട്ട മനുഷ്യരുണ്ടാവും. സ്വാസ്ഥ്യം കിട്ടാതെ ഉള്‍മുറിവിനാല്‍ നിരന്തരം ഓടിക്കൊണ്ടേയിരിക്കുന്ന ഒരുവന്റെ ആളല്‍ ഉടലില്‍ ആവാഹിച്ചിരുന്നു വിനായകന്റെ ഗംഗ. നായകനല്ലെങ്കിലും പ്രകടനത്തില്‍ നായകന്‍ തന്നെയെന്ന് അടിവരയിട്ട് സംസ്ഥാന പുരസ്‌കാരവും വിനായകനെ തേടിയെത്തി. ദേശീയ പുരസ്‌കാരത്തില്‍ സഹനടനുള്ള പുരസ്‌കാരത്തിനാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്.

ഷാഹിദ് കപൂര്‍- ഉഡ്താ പഞ്ചാബ്

വിശാല്‍ ഭരദ്വാജിന്റെ 'ഹൈദറെ' കണ്ടവര്‍ക്ക് അതിന് മുകളില്‍ നില്‍ക്കുന്ന ഷാഹിദ് കപൂറിന്റെ പ്രകടനമായി തോന്നാനിടയില്ല 'ഉഡ്താ പഞ്ചാബി'ലേത്. 'ഹൈദര്‍' ഓര്‍മ്മകളില്‍ മങ്ങാതെ നില്‍ക്കുന്നതുകൊണ്ട് 'ഉഡ്താ പഞ്ചാബ്' തീയേറ്ററുകളിലെത്തിയപ്പോള്‍ ഷാഹിദിന്റെ കഥാപാത്രം ഒരു നിര്‍ബന്ധിത താരതമ്യത്തിനും വിധേയമായിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നുതന്നെ ആയിരുന്നു ഉഡ്താ പഞ്ചാബിലും അദ്ദേഹത്തിന്റേത്. മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ അസ്തമിച്ചുപോകുന്ന പഞ്ചാബിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ടോമി സിങ് എന്ന ഷാഹിദിന്റെ കഥാപാത്രം. ഹൈദറോളം വരില്ലെങ്കിലും ഷാഹിദിന്റെ കരിയറിലെ മികച്ച കഥപാത്രങ്ങളിലൊന്ന്.

രാജ്കുമാര്‍ റാവു-ട്രാപ്പ്ഡ്

ലോകം തന്നെ വിരല്‍ത്തുമ്പിലുള്ള കാലത്ത് ഒരു മുറിയില്‍ ദിവസങ്ങളോളം കുടുങ്ങിപ്പോകുന്ന മനുഷ്യന്റെ അവസ്ഥയെന്താവും? മുന്നോട്ടുനീങ്ങുന്ന സിനിമയ്‌ക്കൊപ്പം പ്രകടനത്തിലും ഗിയറുകള്‍ പലത് മാറ്റേണ്ട കഥാപാത്രമായിരുന്നു 'ട്രാപ്പ്ഡി'ലെ ശൗര്യ. ആ ആവേഗങ്ങളെ നാടകീയതയുടെ കല്ലുകടികളൊന്നുമില്ലാതെ സ്വാഭാവികതയോടെ സ്‌ക്രീനിലെത്തിച്ചു രാജ്കുമാര്‍. നേരത്തേ 2013ല്‍ 'ഷഹീദി'ലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്.