അവധിക്കാല റിലീസുകളുടെ കളക്ഷന്‍: മികച്ച വിജയം മമ്മൂട്ടിക്കൊപ്പം, മറ്റ് സിനിമകളുടെ നേട്ടം

May 15, 2017, 4:40 pm
അവധിക്കാല  റിലീസുകളുടെ കളക്ഷന്‍: മികച്ച വിജയം മമ്മൂട്ടിക്കൊപ്പം, മറ്റ് സിനിമകളുടെ നേട്ടം
Film Debate
Film Debate
അവധിക്കാല  റിലീസുകളുടെ കളക്ഷന്‍: മികച്ച വിജയം മമ്മൂട്ടിക്കൊപ്പം, മറ്റ് സിനിമകളുടെ നേട്ടം

അവധിക്കാല റിലീസുകളുടെ കളക്ഷന്‍: മികച്ച വിജയം മമ്മൂട്ടിക്കൊപ്പം, മറ്റ് സിനിമകളുടെ നേട്ടം

അവധിക്കാല റിലീസുകളാണ് മലയാള സിനിമാ വ്യവസായത്തിന് എല്ലാ വര്‍ഷവും പുത്തന്‍ ഉണര്‍വ് നല്‍കാറുള്ളത്. ഇത്തവണ മാര്‍ച്ച്, ഏപ്രില്‍, മേയ് മലയാളം റിലീസുകള്‍ക്ക് പ്രധാന ഭീഷണിയായി മാറിയത് ബാഹുബലി സെക്കന്‍ഡ് ആയിരുന്നു. ഏപ്രില്‍ 30ന് റിലീസ് ചെയ്ത സിനിമ രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടി. മേയ് അഞ്ച് വരെയുള്ള കാലയളവില്‍ 13 റിലീസുകളാണ് എത്തിയത്. ഇവയില്‍ വമ്പന്‍ വിജയം എന്ന് പറയാനാകുന്നത് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയാണ്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം ഏറെക്കാലത്തിന് മമ്മൂട്ടിക്ക് സൂപ്പര്‍ഹിറ്റ് സമ്മാനിച്ചു. 50 കോടിക്ക് മുകളില്‍ സിനിമ 24 ദിവസം കൊണ്ട് ആഗോള കളക്ഷനില്‍ ്സ്വന്തമാക്കി. അവധിക്കാല വിജയചിത്രങ്ങളില്‍ ഒന്നാമത് പ്രദര്‍ശനം തുടരുന്ന ദ ഗ്രേറ്റ് ഫാദര്‍ ആണ്.

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ടേക്ക് ഓഫ് മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രമായിരുന്നു. കമല്‍ഹാസന്‍, ശിവകാര്‍ത്തികേയന്‍, സൂര്യ തുടങ്ങിയ താരങ്ങള്‍ ചിത്രത്തെ പ്രകീര്‍ത്തിച്ചു രംഗത്തുവന്നിരുന്നു. 20 ദിവസം കൊണ്ട് 15.75 കോടി കേരളത്തില്‍ നിന്നും ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.69 ലക്ഷമാണ് കൊച്ചി മള്ട്ടിപ്ളെക്സിലെ ഗ്രോസ്.

അവധിക്കാല റിലീസുകളില്‍ വമ്പന്‍ തിരിച്ചടി നേരിട്ടത് മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ്, മമ്മൂട്ടിയുടെ പുത്തന്‍ പണം, ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നിവയാണ്. 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന മേജര്‍ രവി ചിത്രം തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. പുലിമുരുകന്‍, ഒപ്പം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലൂടെ മലയാളം ബോക്‌സ ഓഫീസിനെ കാല്‍ക്കീഴിലാക്കിയ മോഹനന്‍ലാലിന് തിരിച്ചടിയുമായി ഈ ചിത്രം. രാജസ്ഥാന്‍,ജോര്‍ജിയ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച വാര്‍ മുവീ സ്വഭാവമുള്ള ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളില്‍ നിന്ന് 7 കോടി 19 ലക്ഷം മാത്രമാണ് സ്വന്തമാക്കിയത്.

മമ്മൂട്ടി രഞ്ജിത് കൂട്ടുകെട്ടില്‍ പുത്തന്‍ പണം വിഷു റിലീസായാണ് എത്തിയത്. വമ്പന്‍ പ്രതീക്ഷ ഉയര്‍ത്തി എത്തിയ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ കാലിടറി. ദ ഗ്രേറ്റ് ഫാദര്‍ വിജയം കൊയ്യുന്നതിനിടെ എത്തിയ സിനിമ ഒരു മാസത്തെ ആകെ കളക്ഷനായി 6 കോടി 46 ലക്ഷമാണ് സ്വന്തമാക്കിയത്. ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ രഞ്ജിത്-മമ്മൂട്ടി ചിത്രവുമായി പുത്തന്‍ പണം.

ഒരു വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് തിയറ്ററുകളിലെത്തിയ നിവിന്‍ പോളി ചിത്രമായിരുന്നു സഖാവ്. വിഷു റിലീസായി തിയറ്ററുകളിലെത്തിയ സഖാവ് കൈകാര്യം ചെയ്ത വിഷയം ചര്‍ച്ചയായെങ്കിലും നിവിന്റെ താരമൂല്യത്തിനൊത്ത വിജയം കൈവരിക്കാനായില്ല. മുന്‍ ചിത്രങ്ങളായ പ്രേമം, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നിവയുമായി തട്ടിച്ചുനോക്കുമ്പോള്‍ തരക്കേടില്ലാത്ത വിജയം മാത്രമാണ് സിനിമ. സിദ്ധാര്‍ത്ഥ ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 2.58ലക്ഷം ഇനീഷ്യല്‍ കളക്ഷനായി നേടിയിരുന്നു. 12 കോടി 25 ലക്ഷമാണ് ചിത്രം ഇതുവരെ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവധിക്കാല റിലീസുകളിലെ സര്‍പ്രൈസ് ഹിറ്റ് രക്ഷാധികാരി ബൈജുവാണ്. രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ പക്കാ എന്റര്‍ടെയിനറായിരുന്നു. നൂറിനടുത്ത് അഭിനേതാക്കളെ അണിനിരത്തിയ സിനിമ ബാഹുബലിയുടെ ബ്രഹ്മാണ്ഡ മുന്നേറ്റത്തിനിടയിലും കേരളാ ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്തു. നാല് കോടിക്കടുത്ത് മുതല്‍മുടക്കില്‍ ഒരുങ്ങിയ സിനിമ ഇതുവരെയായി 13 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്നറിയുന്നു.

അമല്‍നീരദ് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎ കേരളാ ബോക്സ് ഓഫീസില്‍ ഏഴ് ദിവസം കൊണ്ട് നേടിയത് 14 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍. 200നടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ ഒന്നാം ദിവസം 3 കോടി 27 ലക്ഷവും രണ്ടാം ദിവസം 2.94 കോടിയും ഗ്രോസ് നേടിയിരുന്നു. ഏഴ്് ദിവസം കൊണ്ട് 14.65 കോടിയാണ് സിഐഎ ഗ്രോസ് കളക്ഷനാണ് എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നുമായി നേടിയത്. കോമ്രേഡ് ഇന്‍ അമേരിക്ക മലയാളം ബോക്‌സ് ഓഫീസില്‍ മൂന്നാമത്തെ ഉയര്‍ന്ന കളക്ഷനുമായാണ് എത്തിയത്. കൊച്ചി മള്‍ട്ടിപ്ളെക്സുകളില്‍ നിന്ന് 71.59 ലക്ഷവും നേടി.

1300 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ സ്വന്തമാക്കി മുന്നേറുന്ന ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളാ ബോക്‌സ് ഓഫീസില്‍ 50 കോടി പിന്നിട്ടു. പുലിമുരുകന് പിന്നാലെ കേരളാ ബോക്സ് ഓഫീസില്‍ രണ്ടാമത്തെ 100 കോടി ചിത്രമാകുമോ ബാഹുബലി രണ്ടാം ഭാഗം എന്നാണ് കണ്ടറിയേണ്ടത്. നിലവില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍, അതിവേഗത്തില്‍ 10 കോടി കടന്ന ചിത്രം, 25 കോടി ഏറ്റവും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയ ചിത്രം, അതിവേഗ അമ്പത് കോടി എന്നീ റെക്കോര്‍ഡുകള്‍ ബാഹുബലിക്ക് ഒപ്പമാണ്. മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന വിതരണാവകാശം സ്വന്തമാക്കിയ മറുഭാഷാ ചിത്രവും ബാഹുബലി സെക്കന്‍ഡ് ആണ്. കൊച്ചി മള്‍ട്ടിപ്‌ളെക്‌സുകള്‍ ഏറ്റവും വേഗത്തില്‍ ഒരു കോടിയും രണ്ട് കോടിയും കടന്ന ചിത്രവുമാണ് ബാഹുബലി.

അവധിക്കാല റിലീസുകള്‍ മുന്‍വര്‍ഷങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത് ദിലീപിനായിരുന്നു. ഇത്തവണ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ദിലീപ് ചിത്രമാണ് ഈ സീസണില്‍ എത്തിയത്. ഇത്തവണ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത ജോര്‍ജ്ജേട്ടന്‍സ് പൂരം ഇനീഷ്യല്‍ കളക്ഷനായി 1.75 കോടിയാണ് നേടിയത്. 7.16 കോടിയാണ് പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ സിനിമ നേടിയത്. 50.96 ലക്ഷമാണ് മള്‍ട്ടിപ്‌ളെക്‌സില്‍ ചിത്രത്തിന് ഇതുവരെ ലഭിച്ച ഗ്രോസ്.

നൂറ് തിയറ്ററുകള്‍ ലഭിച്ചാല്‍ വൈഡ് റിലീസായി പരിഗണിക്കുകയും വന്‍ നേട്ടമെന്ന ചിന്തിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിന്ന് മികച്ച ഓപ്പണിംഗിന് 200ല്‍ കൂടുതല്‍ തിയറ്ററുകള്‍ എന്നതിലേക്ക് മലയാള സിനിമ എത്തിയിട്ടുണ്ട്. ബാഹുബലി 300നടുത്ത് തിയറ്ററുകളിലെത്തിയപ്പോള്‍ പ്രധാന അവധിക്കാല റിലീസുകള്‍ മിക്കവയും 200 നടുത്ത് സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ദി ഗ്രേറ്റ് ഫാദര്‍ 202 ഉം, 1971 ബിയോണ്ട് ദ ബോര്‍ഡേര്‍സ് 193ഉം, കോമ്രേഡ് ഇന്‍ അമേരിക്ക 200 ഉം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്.

കൊച്ചി മള്‍ട്ടിപ്‌ളെക്‌സുകളില്‍ അവധിക്കാല കളക്ഷനില്‍ ബാഹുബലിയെ മാറ്റിനിര്‍ത്തിയാല്‍ നേട്ടം ദ ഗ്രേറ്റ് ഫാദറിനും ടേക്ക് ഓഫിനും സി ഐ എയ്ക്കുമാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സുകളില്‍ 10 ദിവസം കൊണ്ട് 90.34 ലക്ഷമാണ് കോമ്രേഡ് ഇന്‍ അമേരിക്ക ഗ്രോസ് നേടിയത്. 30 ദിവസം 89.33 ലക്ഷം സഖാവ് സ്വന്തമാക്കി. ദി ഗ്രേറ്റ് ഫാദര്‍ 46 ദിവസം 1.32 കോടി നേടി. ടേക്ക് ഓഫ് 1.69 കോടിയാണ് 52 ദിവസം പ്രദര്‍ശിപ്പിച്ചപ്പോള്‍ ആകെ നേടിയത്. ലക്ഷ്യം, ജെമിനി, സത്യ, കാംബോജി, ഹണി ബീ ടു എന്നീ സിനിമകളുടെ കളക്ഷന്‍ ലഭ്യമല്ല.