പോത്തേട്ടന്‍ ബ്രില്ല്യന്‍സും ശ്യാം പുഷ്‌കരനും, മഹേഷിലൂടെ അംഗീകരിക്കപ്പെടുന്ന മലയാള സിനിമ 

February 5, 2017, 5:57 pm
പോത്തേട്ടന്‍ ബ്രില്ല്യന്‍സും ശ്യാം പുഷ്‌കരനും, മഹേഷിലൂടെ അംഗീകരിക്കപ്പെടുന്ന മലയാള സിനിമ 
Film Debate
Film Debate
പോത്തേട്ടന്‍ ബ്രില്ല്യന്‍സും ശ്യാം പുഷ്‌കരനും, മഹേഷിലൂടെ അംഗീകരിക്കപ്പെടുന്ന മലയാള സിനിമ 

പോത്തേട്ടന്‍ ബ്രില്ല്യന്‍സും ശ്യാം പുഷ്‌കരനും, മഹേഷിലൂടെ അംഗീകരിക്കപ്പെടുന്ന മലയാള സിനിമ 

ബഹളമേതുമില്ലാതെയെത്തി തിയറ്ററുകളിലും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശനം അവസാനിച്ചിട്ടും ചര്‍ച്ചയായ സിനിമയാണ് മഹേഷിന്റെ പ്രതികാരം. ചേരുവാ രുചിച്ചവര്‍പ്പുകളിലേക്ക് പിന്തിരിഞ്ഞോടുന്ന സിനിമകള്‍ക്കിടയില്‍ ആഖ്യാന ലാവണ്യം കൊണ്ടും സമഗ്രമേഖലയിലുമുള്ള കയ്യടക്കം കൊണ്ടും അമ്പരപ്പിച്ച ചിത്രം. ആഷിക് അബു ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമ. ശ്യാം പുഷ്‌കരനായിരുന്നു രചന. ക്യാമറയ്ക്ക് മുന്നിലെത്തിയ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകന് മറക്കാനാകാത്തവണ്ണം വ്യക്തിത്വമുണ്ടാക്കിയും കയ്യടിപ്പിച്ചിരുന്നു മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ ഇടുക്കിയിലെ പ്രകാശ് സിറ്റിയിലെ ഭാവനാ സ്റ്റുഡിയോയുടെ സാരഥി മഹേഷ് ഭാവനയെന്ന നായകകഥാപാത്രമായും അലന്‍സിയര്‍ ബേബിച്ചേട്ടനായും സൗബിന്‍ ഷാഹിര്‍ ക്രിസ്പിനായും അപര്‍ണ ജിംസിയായും വേഷമിട്ട ചിത്രം. മഹേഷിന്റെ പ്രതികാരം തിയറ്ററുകളിലോടുമ്പോഴും തുടര്‍ന്ന് ഡിവിഡിയായും ടോറന്റായും പുറത്തുവന്നിട്ടും പുറത്തെത്താതിരുന്നത് സിനിമയെക്കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായങ്ങളാണ്. സമീപവര്‍ഷങ്ങളില്‍ എല്ലാ പ്രേക്ഷകരില്‍ നിന്നും ഒരേ തരത്തില്‍ സ്വീകാര്യതയും പ്രശംസയും ഇതുപോലെ നേടിയെടുത്ത ചിത്രമുണ്ടോ എന്ന കാര്യം സംശയമാണ്.

സൂക്ഷ്മാംശങ്ങളിലൂന്നിയുള്ള കഥ പറച്ചിലും അഭിനേതാക്കളുടെ അതുല്യ പ്രകടനവും. സംഭാഷണകേന്ദ്രീകൃത കഥനരീതിയില്‍ നിന്ന് പൂര്‍ണമായും വിട്ടുമാറി ദൃശ്യഭാഷയുടെ അഴകറിയിച്ച അവതരണം. മലയാളത്തില്‍ സമീപ വര്‍ഷങ്ങളിലുണ്ടായ ഏറ്റവും മികച്ച സംവിധായക അരങ്ങേറ്റമായിരുന്നു ദിലീഷ് പോത്തന്റേതാണ്. ശ്യാം പുഷ്‌കരന്റെ രചനാ പാടവവും എടുത്തു പറയേണ്ടത് തന്നെ. മഹേഷിന്റെ പ്രതികാരത്തിന് ഒരു വയസ്സാകുമ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. ഫഹദാണ് ഈ ചിത്രത്തിലും നായകന്‍. മലയാളികള്‍ 2017ല്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളില്‍ മുന്‍നിരയിലുള്ളതും ഈ സിനിമ തന്നെ. മലയാള സിനിമയിലെ ദൃശ്യശൈലീ നവീനതയ്ക്കും പരീക്ഷണങ്ങള്‍ക്കും തന്നിലെ നടനെ വിട്ടുനല്‍കിയ ഫഹദ് ഫാസിലിന് മഹേഷിന്റെ പ്രതികാരം പിഴവില്ലാത്ത തെരഞ്ഞെടുപ്പുമായിരുന്നു. ഇടക്കാലത്തെ തിരിച്ചടികള്‍ക്കു ശേഷം ഫഹദ് ബോക്‌സ് ഓഫീസിലും കരുത്ത് പ്രകടിപ്പിച്ചത് ഈ ചിത്രത്തിനൊപ്പമാണ്.

ഡീറ്റെയിലിംഗിലും അവതരണരീതിയില്‍ പുലര്‍ത്തിയ സമാനതകളില്ലാത്ത കയ്യടക്കത്തിന്റെയും പേരില്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തന്‍ നടത്തിയ ഓരോ ശ്രമങ്ങളും പോത്തേട്ടന്‍ ബ്രില്ല്യന്‍സ് ആയി സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നുണ്ട്. സമീപകാല ട്രോളുകളില്‍ മുന്നിട്ടുനില്‍ക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും മഹേഷിന്റെ പ്രതികാരത്തില്‍ നിന്നുള്ളതാണ്.

ഫഹദ് പറയുന്നത്

മഹേഷിന്റെ പ്രതികാരത്തില്‍ വര്‍ക്ക് ഔട്ട് ആയ മാജിക് ?

ഒരു രീതിയിലും വിട്ടുവീഴ്ചയില്ലാതെ ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. സിനിമയുടെ രണ്ട് ദിവസം മുമ്പ് വരെ തിയറ്ററുകളില്‍ എങ്ങനെയാണ് ഈ ചിത്രം സ്വീകരിക്കപ്പെടുക എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. ഹീറോയുടെ മുണ്ടുരിഞ്ഞ് പോയാല്‍ ഓഡിയന്‍സ് ആ സിനിമയെ എങ്ങനെയെടുക്കും, വില്ലന്റെ അനുജത്തിയെ പ്രണയിച്ചാല്‍ അത് ക്ലീഷേയാകുമോ,ഇങ്ങനെ ആയിരം ചോദ്യങ്ങള്‍ ഞങ്ങള്‍ പരസ്പരം ചോദിച്ച് ഉത്തരം തേടിയിട്ടുണ്ട്. മുന്‍വിധികളില്ലാതെയാണ് ഈ സിനിമ ചെയ്തത്. പൂര്‍ത്തിയായ ശേഷം ഞങ്ങളുടെ മിസ്റ്റേക്ക്‌സ് കണ്ടെത്താനും ചര്‍ച്ച ചെയ്യാനുമാണ് സമയം ചെലവഴിച്ചത്. ബിനോയ് , എട്ടിന്റെ ഒരു ലൂണാര്‍ എന്ന് സോഫ്റ്റ് ആയി ചോദിച്ചാല്‍ മതിയോ അതോ ഗാംഭീര്യം വേണോ എന്നൊക്കെ ഞങ്ങളിരുന്ന് സംസാരിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്കുണ്ടായ സംശയമൊന്നും പ്രേക്ഷകര്‍ക്ക് ഇല്ലായിരുന്നു. ഞങ്ങള്‍ എങ്ങനെയാണ് മഹേഷിന്റെ പ്രതികാരം തിയറ്ററുകളിലെത്തിച്ചത് അതുപോലെ തന്നെ ഓഡിയന്‍സ് സിനിമയെ ഏറ്റെടുത്തു.

വളരെയധികം ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് മഹേഷിന്റെ പ്രതികാരമെന്നാണ് മോഹന്‍ലാല്‍ പിന്നീട് പറഞ്ഞത്. ‘’പ്രമേയം കൊണ്ടും ഷൂട്ട് ചെയ്ത രീതികള്‍ കൊണ്ടും അതില്‍ അഭിനയിച്ചവരുടെ അഭിനയം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ്. ഫഹദും അനുശ്രീയും അപര്‍ണയും ഉള്‍പ്പെടെ എല്ലാവരും അവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു. വളരെ വ്യത്യസ്ഥമായ പ്രമേയം, നല്ല പാട്ടുകള്‍, മികച്ച ലൊക്കേഷന്‍. അതിലുപരി പ്രതികാരം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമല്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ലഘൂകരിച്ച് കളയുന്ന ക്ലൈമാക്‌സാണ് സിനിമയുടേത്. മനോഹരമായ സറ്റയറാണ് ക്ലൈമാക്‌സ്. ഈ സിനിമ ഒരു പാട് നല്ല സിനിമകള്‍ക്ക് വഴികാട്ടിയാകട്ടെ ‘’

ഇടുക്കി ഗോള്‍ഡ് ഇടുക്കിയുടെ കഥ പറഞ്ഞെങ്കിലും ഇടുക്കിക്കാരുടെ കഥ പറയാന്‍ സാധിച്ചില്ല. ഇടുക്കി ഗോള്‍ഡ് ഇടുക്കിയില്‍ പഠിച്ച കുട്ടികളുടെ കഥയാണല്ലോ. പിന്നെ നൊസ്റ്റാള്‍ജിയയും റൊമാന്‍സുമാണ് പ്രധാന വിഷയം. ഇടുക്കി ഗോള്‍ഡിന്റെ ഷൂട്ടിന് വേണ്ടിയാണ് ആദ്യമായിട്ട് ഇടുക്കിയില്‍ പോകുന്നത്. ഈ സിനിമയ്ക്ക് വേണ്ടി വണ്‍ലൈന്‍ മാത്രം പൂര്‍ത്തിയാക്കി ഞാനും സംവിധായകന്‍ ദിലീഷ് പോത്തനും ഇടുക്കിക്ക് പോവുകയായിരുന്നു. ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശത്ത് ഏകദേശം 60 ദിവസം താമസിച്ചു. അപ്പോഴാണ് ഇടുക്കിക്കാരെ കുറിച്ച് കൂടുതലായി അറിയുന്നത്. അവിടെ താമസിച്ചപ്പോള്‍ സഹായത്തിന് ലഭിച്ചവരും അവിടെ വച്ച് പരിചയപ്പെട്ടവരുമായ പലരിലൂടെയും ഇടുക്കിയിലെ ഗ്രാമീണരെ കുറിച്ച് കൂടുതലായി അറിയാനായി. ഇടുക്കിയിലുള്ളവരുടെ നിത്യജീവിതത്തിലെ അനുഭവങ്ങളും അവരുടെ തമാശകളുമൊക്കെ എത്രമാത്രം സ്‌ക്രീനിലെത്തിക്കാനായി എന്നറിയില്ല. പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് തോന്നുന്നു. കാരണം ഇവരുടെ ജീവിതം ഈ സിനിമയെക്കാള്‍ രസകരമാണ്.
ശ്യാം പുഷ്കരന് പറയാനുള്ളത്

എന്തുകൊണ്ട് ഫഹദ് ?

മഹേഷ് എന്ന കഥാപാത്രം ഉണ്ടായിവരുമ്പോഴേക്ക് ഫഹദാണ് ഇത് അവതരിപ്പിക്കേണ്ടതെന്ന് മനസിലേക്ക് വന്നു. ഫഹദിന് മഹേഷിനെ അനായാസമായി ചെയ്യാന്‍ സാധിക്കും എന്ന് തോന്നി. ഫഹദ് എന്റെ അടുത്ത സുഹൃത്താണ് എന്നുള്ളതും ഒരു കാരണമാണ്. ഫഹദുമായി കമ്യൂണിക്കേറ്റ് ചെയ്യുക എനിക്ക് വളരെ എളുപ്പമാണ്, സൗഹൃദമുള്ളതുകൊണ്ട്.
ദിലീഷ് പോത്തന്‍  

മഹേഷിന്റെ പ്രതികാരം മനീഷ് നാരായണന്‍ എഴുതിയ റിവ്യൂ

കേവലനന്മയുടെ കപടകവചങ്ങളും, സന്ദേശപ്പെരുക്കങ്ങളുമില്ലാതെ ഹൃദയം തുറന്ന് കാണാനും മനസ്സ് തുറന്ന് ചിരിക്കാനും ഉതകുന്ന സിനിമ.
ചേരുവാചവര്‍പ്പുകളിലേക്ക് പിന്‍വാങ്ങുന്ന ആഘോഷസിനിമകളില്‍ നിന്ന് നമ്മുടെ സിനിമ മുന്നേറേണ്ടത് മഹേഷിന്റെ പ്രതികാരം പോലുള്ള ചിത്രങ്ങളിലൂടെയാണ്. കമോണ്ട്രാ മഹേഷേ.......

അലന്‍സിയര്‍ ലെ ലോപ്പസ്

ചില സിനിമകള്‍ക്ക് ആത്മാവ് മാത്രമേ ഉണ്ടാവൂ. ശരീരം ഉണ്ടാവില്ല. മറ്റുചില സിനിമകള്‍ക്ക് ശരീരം മാത്രമേ കാണൂ, ആത്മാവ് ഉണ്ടാവില്ല. ഇത് രണ്ടുമുള്ള സിനിമകളാണ് ആളുകള്‍ സ്വീകരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. ഇത് ഞാന്‍ സുഹൃത്തുക്കളോടൊക്കെ പലപ്പോഴും പറയാറുണ്ട്. കാരണം നമ്മള്‍ പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യിക്കണം. അവരുടെ ലൈഫുമായി എവിടെയെങ്കിലും അത് ചെന്നുതൊടണം. അത് വളരെ റിയലിസ്റ്റിക്കായി ഒട്ടും അതിശയോക്തിയില്ലാതെ ശ്യാമിന്റെ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നു.

Also read : അലന്‍സിയര്‍ അഭിമുഖം: ഒരു നടന്‍ എന്ന നിലയില്‍ ഇപ്പോഴാണ് പാകപ്പെട്ടത്

ഷൈജു ഖാലിദ്

ഈ സിനിമ കാഴ്ചയില്‍ എങ്ങനെ വേണമെന്നതിനെ സംബന്ധിച്ച് ആലോചിച്ചിരുന്നു. ഇടുക്കിയുടെ ലാന്റ്‌സ്‌കേപ്പുകളിലേക്കൊന്നും വലിയ രീതിയില്‍ പോകേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഉദാഹരണത്തിന് പഴയ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രം പൊന്മുട്ടയിടുന്ന താറാവൊക്ക കാണുമ്പോള്‍ നമുക്ക് തോന്നുന്ന ഒരു ഫീല്‍ ഇല്ലേ? അതിലെ കഥാപാത്രങ്ങളൊക്കെ അത്ര ലളിതവും യഥാര്‍ഥവുമായി തോന്നും. പഴയ സത്യന്‍ അന്തിക്കാട് പടങ്ങളിലെയൊക്കെ എത്രയോ സീനുകള്‍ നമ്മള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. പിന്നെ കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍ ഇതൊക്കെ കാണുമ്പോഴുള്ള ഒരു ഫീല്‍ ഉണ്ടല്ലോ? അങ്ങനെയൊക്കെയുള്ള ഒരു സിനിമ വന്നിട്ട് ഒരുപാട് നാളായി. നമുക്ക് അങ്ങനെയൊന്ന് ചെയ്യാം എന്നായിരുന്നു തീരുമാനം. ഫഹദ് ഉള്‍പ്പെടെയുള്ളവരുടെയൊന്നും കഥാപാത്രങ്ങളെ ഗ്ലാമറൈസ് ചെയ്തിട്ടില്ല. വേറിട്ടുനില്‍ക്കാന്‍വേണ്ടി മാത്രം ഒരു വലിയ മേക്കോവറും ചെയ്തിട്ടില്ല. സിനിമ കണ്ട പ്രേക്ഷകരും സിനിമയുടെ ലാളിത്യവും റിയാലിറ്റിയുമാണ് എടുത്തുപറയുന്നത്. ആ നിലയില്‍ സിനിമ വലിയൊരു വിജയമാണെന്നാണ് എന്റെ വിശ്വാസം.

Also read : ഷൈജു ഖാലിദ് അഭിമുഖം

ദി പോത്തേട്ടന്‍ ബ്രില്ലിയന്‍സ്

മഹേഷിന്റെ പ്രതികാരത്തില്‍ കണ്ടതും കാണാത്തതുമായ ചെറിയ-വലിയ കാര്യങ്ങള്‍ റിയാസ് അബ്ദുള്‍സലാം സിനിമാ പാരഡീസോ ഗ്രൂപ്പില്‍ എഴുതിയത്

സിനിമയിലെ ആദ്യ ഷോട്ടിലെ ലൂണാർ ചെരുപ്പ് മുതൽ സംവിധായകന്റെ ബ്രില്ല്യൻസ് പ്രകടമാണ്. പിന്നീട് ആ എട്ടിന്റെ ലൂണാർ ആണ് എട്ടിന്റെ പണി ആകുന്നതും. ചെരുപ്പ് കഴുകുന്നതിലെ റിയലിസ്ടിക് തലം അറിയണമെങ്കിൽ അതുപോലെ ഒന്ന് ഇട്ടുനടന്ന (കഴുകാറുള്ള ) ഒരാളാവണം, കുറഞ്ഞ പക്ഷം അതൊക്കെ കണ്ടിട്ടുണ്ടാവണം. കാരണം വിരലിൽ വള്ളി കോർത്ത് ചകിരി കൊണ്ട് തേച്ചു കഴുകി അരികുകളെ കല്ലിൽ തേച്ചുരച്ചു കഴുകിയെടുക്കുക എന്നത് വള്ളി ചെരുപ്പുകാർക്ക് ഒന്നൊന്നര നൊസ്റ്റാൾജിയ തന്നെയാണ്.
അഖില ലോക മലയാളികളുടെ വെള്ളത്തിൽ മുങ്ങിപൊങ്ങൽ ഗാനമായ ധ്യാനം ദേയം(ദേഹം) നരസിംഹം മൂളിക്കൊണ്ട് മഹേഷ്‌ ഒഴുകി വരുന്ന കുടംപുളി പെറുക്കി വെക്കുന്നു.

വെള്ളത്തിൽ എന്നല്ല പോകുന്ന വഴീൽ എവിടെ ആണെങ്കിലും കിടന്നു കിട്ടുന്നതിൽ ഉപകരിക്കുന്നത് ഒക്കെ പലരും പെറുക്കി വീട്ടിൽ എത്തിക്കാറുണ്ട്. കുടംപുളിക്കും സോപ്പിനും ഒപ്പം പിഴിഞ്ഞ് വച്ചിരുന്ന അപ്പോൾ ഇടാൻ സാധിക്കാത്ത ഒരു വസ്തു കൂടെ മഹേഷ്‌ കയ്യിൽ പിടിച്ചുകൊണ്ടു പോകുന്നു. (കുളക്കടവ് കുളിയുടെ സത്യകഥ- ഉണങ്ങാത്ത ജട്ടി).

ഇങ്ങനെ തുടങ്ങുന്നു പോത്തണ്ണന്റെ ഡീറ്റയിലിംഗ്. എടുപ്പിലും നടപ്പിലും വരെ ഫഹദ് ഫാസിൽ എന്ന നടൻ മഹേഷ്‌ എന്ന 'തനി നാടൻ' ആയി രജിസ്റ്റർ ചെയ്യപ്പെട്ടു.

പിന്നീട് മഹേഷിന്റെ വീട്ടിലേക്ക് ... ദൈവഭയമുള്ള മഹേഷ്‌ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്ന ഷോട്ടിൽ തന്നെ ചില്ലിട്ട പടമായി അമ്മയെയും കാണിക്കുന്നു. മഹേഷിന്റെ വരയൻ ബനിയൻ മുതൽ ലുങ്കി കൈലികൾ വരെ അതെ ഡിസൈൻ മാത്രം അൽപ സ്വല്പം കളർ വ്യത്യാസം പോലുമില്ലാതെ ഇട്ടു നടക്കുന്നവരാണ് ഇടുക്കി ചേട്ടന്മാർ. (ഇതൊരു ഇകഴ്ത്തൽ അല്ല.. എല്ലാ നാട്ടിലെയുംപോലെ ഫ്രീക്കുകൾ ഉണ്ടെന്നതും ശരി തന്നെ അത് ക്രിസ്പിനെ പോലെ എറണാകുളം കറങ്ങി വന്ന പയ്യന്മാർ ആണ് മിക്കതും.) കുദോസ് സമീറ സനീഷ്.

ഇടുക്കിയെയും അവിടുത്തെ ആളുകളെയും അടുത്ത് അറിയാമെങ്കിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുള്ള ഒന്നാവും അവിടുത്തെ പേരുകൾ . മഹേഷ്‌ , സൗമ്യ, എന്നിവ മാത്രം എടുക്കാം. കേരളത്തിൽ പൊതുവെ മഹേഷ്‌ സൗമ്യ ഒക്കെ ഹിന്ദു നാമങ്ങൾ ആണ് (ജാതിക്ക ചോദിക്കാനും വാങ്ങാനും ഉള്ള പോസ്റ്റായി കാണരുത്.). ഇടുക്കിയിൽ അങ്ങനെ അല്ല. മഹേഷ്‌ സൗമ്യ രമ്യ ഗീതു അമല ഷാജി ബിജു ബിബിൻ ജിതിൻ അരുൺ അനിൽ അമൽ പ്രവീൺ ഇതൊക്കെ ഹിന്ദു ആകാം ക്രിസ്ത്യൻ ആകാം ചിലപോ ഒക്കെ മുസ്ലിം (ഇതൊന്നും അല്ലാത്തതും) ആകാം. ദിലീഷ് - ശ്യാം പുഷ്ക്കരൻ ടീം അങ്ങ് അടിവേര് മുതല്ക്കേ തിരക്കഥയിൽ പണി എടുത്തിട്ടുള്ളതിനാലാണ് ഇത്.
ആർട്ടിസ്റ്റ് ബേബിയെ പാട്ടിൽ കാണിക്കുന്നത് തന്നെ മകന് റെക്കോഡിൽ പടം വരച്ചു കൊടുക്കുന്നതായിട്ടാണ്. അതു വഴി അയാളുടെ പ്രൊഫഷൻ പ്രേക്ഷകന് മുന്നില് പിന്നീട് നല്ല അടിത്തറ ഉള്ളതാകുന്നു. (ഇതൊക്കെ ശ്രദ്ധിക്കുന്നവർക്ക് എങ്കിലും )
ഭാവന അച്ചായാൻ കുടിക്കുന്ന കാപ്പിയും സൗമ്യ കഴിക്കുന്ന കുമ്പിളപ്പവും ജിംസീടെ വീട്ടിലെ ചക്കയും ഒക്കെയാണ് ഇടുക്കീലെ പ്രധാന പലഹാരങ്ങൾ. ഒരു വീട്ടില് ചെന്നാൽ ഇതൊക്കെ തന്നാണ് സ്വീകരിക്കുക.

പിള്ളേര്‍ സെറ്റ് ഒക്കെ കടയിൽ പോയാൽ സര്‍ബത്തോ സംഭാരമോ ഷെയ്കൊ ഓർഡർ ചെയ്താലും ക്രിസ്പിനെ പോലെ തന്നെ നാണം കെടുത്തുന്നപലഹാരം പഫ്സ് ആണ് കൂടെ വാങ്ങുക (താടി കാരണം പഫ്സ് കഴിക്കുന്നത് നിർത്താൻ ശ്രമിക്കുന്ന ഞാൻ ഉൾപടെ ) .
മൊട്ടത്തോടും തേങ്ങ പൊട്ടിക്കലുമൊക്കെ പലരും പറഞ്ഞു വെച്ച നാച്ചുറൽ സീനുകൾ ആയതിനാൽ അടുത്തതിലേക്ക് കടക്കാം.

തടി വണ്ടിയുടെ ഫ്രണ്ടിൽ ആള് കേറി ഇരിക്കുന്നതും ആറ്റിൻ കരയിൽ വണ്ടി കഴുകുന്നതും ഒക്കെ പറഞ്ഞു ഓവറാക്കി ചളമാക്കുന്നില്ല . പക്ഷെ അതൊന്നും യാദ്രിശ്ചികമായി ഷൈജു ഖാലിദ്‌ പകർത്തിയത് ആവാൻ വഴിയില്ല.

മഹേഷിന്റെ ബൈക്കിന്റെ വൈസറിൽ ഭാവന എന്ന സ്റ്റിക്കർ ഒട്ടിച്ചതും പോത്തണ്ണന്റെ സിമ്പിൾ എന്ന് തോന്നിപ്പിക്കുന്ന മാരക ഡീറ്റയിലിംഗ് തന്നെയാണ്.

ആ നാട്ടിലുള്ള ആളുകള് അവിടെയൊക്കെ തന്നെ ഉണ്ടെന്ന ഫീൽ എല്ലായിടത്തും ചിത്രത്തിൽ കാണാം. ഒരു ദിവസം ബിലാൽ കൊച്ചീൽ ഉണ്ടാരുന്നു എന്ന പോലെയല്ലല്ലോ ഇവിടെ. അതുകൊണ്ടാണ് ഒഫീഷ്യൽ ഇന്റ്രോ കിട്ടും മുമ്പേ ജിംസി എഴുകുംവയൽ കുരിശുമലയിലും കുങ്ങ്ഫു ക്ലാസ്സിനു ശേഷമുള്ള പടിക്കെട്ടിലും , മെമ്പർ താഹിർ ഒക്കെ പാട്ടിലും വന്നു പോകുന്നത്. പിന്നീട് എങ്ങും പ്രത്യേക ആവശ്യം ഇല്ലാതിരുന്നിട്ടും താഹിറിനു കൃത്യമായി ഒരു കുടുംബം ഒക്കെ ഉണ്ടാക്കി അവർ എല്ലാരും കൂടെ മഹേഷ്‌ -ബേബി കുടുംബങ്ങൾക്ക് ഒപ്പം കറങ്ങാൻ പോകുന്നത് പാട്ടിൽ ഉണ്ട്. പ്ലോട്ടിന്റെ ഡീറ്റയിലിംഗ് സിമ്പിൾ ആക്കാൻ അല്ലാതെ പിന്നീട് ഒഴിവാക്കിയ (എഡിറ്റിങ്ങിലോ) കഥാപാത്രങ്ങൾ ആവാൻ തീരെ സാധ്യത ഇല്ല. ബസിൽ പോകുമ്പോൾ അവർ സാധാരണക്കാരന്റെ ഒഫീഷ്യൽ സ്നാക്സ് ആയ ചിപ്സ് കൈമാറൽ ഒക്കെ ലളിതമായ് ഇങ്ങനെ പല ബന്ധങ്ങളെയും പറഞ്ഞു വെക്കുന്നു.(ഇതൊക്കെ പോത്തണ്ണൻ അറിഞ്ഞോ ആവോ എന്ന് ചോദിക്കണ്ട, അങ്ങേർക്കു ഇതിലൊക്കെ നല്ല പങ്കുണ്ട്).

കപ്പ വാട്ടുന്ന സീനിലെ അയല്കാർ ഉൾപടെ ഉള്ളവരുടെ ജനപങ്കാളിത്തം ഇടുക്കി കോട്ടയംകാർക്ക് ഒക്കെ നല്ലപോലെ അറിയാം. അതും ഒരു നാടിനെ ഉള്ളറിഞ്ഞു പടം എടുക്കുന്നതിൽ വിജയിച്ച കാര്യമാണ്. അതുപോലെ ഈ രണ്ടു ദേശക്കാർക്കും പാരമ്പര്യം പോലെ കിട്ടിയ ഒന്നാണ് വോളിബോൾ , ഇന്നുവരെ ഒരു ഇന്റർനാഷണൽ മാച്ചു പോലും കണ്ടിട്ടില്ല എങ്കിലും മിക്ക ചേട്ടന്മാർക്കും അപ്പച്ചന്മാർക്കും കളിയും നിയമങ്ങളും അറിയാം. ക്രിക്കറ്റിനെയും ഫുട്ബോളിനെയും പോലെ അല്ല , അതുക്കും മേലെ ആണ് വോളിബോളിന്റെ സ്ഥാനം. ഏതു കവലയിലും ഒരല്പം ഇടം ഉണ്ടെങ്കിൽ ഒരു കോർട് പണിതിരിക്കും.

അതിൽ നിക്കറും ഏതെങ്കിലും ജേഴ്സിയും ഇട്ട കളിക്കാരനും വീട്ടില് നിന്ന് വന്ന കോലത്തിൽ കളിക്കുന്നവനും ഷർട്ട്‌ ഇടാതെ ലുങ്കി മാത്രം ഇട്ടു കളിക്കുന്നവനും കാണും. അപ്പനും മക്കളും വരെ ചിലപ്പോൾ ഒരു ടീമിൽ കാണും. അത്രയും ആഴത്തിൽ അത് മനസിലാക്കി അങ്ങനെ തന്നെ അങ്ങ് പകർത്തിയിട്ടുണ്ട് ഇവിടെ. മഹേഷിന്റെ വീട്ടില്‍ ബോള്‍ സൂക്ഷിക്കുന്നതിനോപ്പം കാണിക്കാതെ കാണിക്കുന്ന പന്തുമായി നില്‍ക്കുന്ന ആളുടെ ചിത്രങ്ങളും ഉണ്ട്.

അന്തിക്ക് കഞ്ഞി കുടിക്കുമ്പോ കൂടെ ഒരു ചെറുത് അടിച്ചു കിടക്കുന്ന ഡീസന്റ് കുടിയേറ്റ കുടിയന്മാരും ഈ നാട്ടിലെ പ്രത്യേകതയാണ്. അടി കിട്ടിയ ശേഷമുള്ള കഞ്ഞികുടിയിലും കുപ്പി ഒരു നിര്‍ദോഷിയായി ടേബിളില്‍ ഇരിപ്പുണ്ട്. ഇതൊന്നും തള്ളി കേറ്റി വെക്കാതെ കഥയുടെ ഗതിയിൽ ഒഴുകി പോകുന്നതാണ് പടത്തിന്റെ വിജയം.
ബേബിയും മക്കളും ക്രിക്കറ്റ് കാണുമ്പോൾ പിന്നിലെ തറയിൽ കിടന്നുറങ്ങുന്ന അമ്മ. എല്ലാവരും കിടന്ന ശേഷം കിടക്കുന്ന അമ്മമാർ, താല്പര്യം ഇല്ലെങ്കിലും മക്കൾ കിടക്കും വരെ പാതിരാ വരെ കളി കാണാൻ കൂട്ട് ഇരിക്കും. അവിടെ ഇരുന്നു മയങ്ങും. കുട്ടികൾ ഒക്കെ കട്ടിലിൽ എത്തിയ ശേഷമേ അവരൊക്കെ ഉറങ്ങാനായി കിടക്കാറുള്ളൂ (ഒബ്സർവേഷന്റെ കുഞ്ഞമ്മേടെ മാപ്ല).

ചാച്ചൻ എണീറ്റ് വിക്കറ്റ് കളയുന്ന അന്ധവിശ്വാസം ഒക്കെ എല്ലാ നാട്ടിലും ഉള്ളതാണ്. കളിയിൽ പിള്ളേർക്ക് എത്രത്തോളം ആവേശം ഉണ്ടെന്നത് അറിയാൻ കസേര ഉണ്ടായിട്ടും ആ പയ്യൻ ടീവിയുടെ മൂട്ടിൽ വന്നു നഖം കടിച്ചിരിക്കുന്നത് നോക്കിയാൽ മതി. ഫ്രെയ്മിൽ വന്നു പോകുന്ന ഓരോന്നിനെയും എന്ത് ചെയ്യണം എന്ന് കൃത്യമായ് പഠിപ്പിച്ചിട്ടുണ്ട് സംവിധായകൻ.

'ചേട്ടാ' വിളികളും 'കഴിച്ചാരുന്നു ,പോയാരുന്നു, എന്നാ , എന്നാത്തിനാ' പ്രയോഗങ്ങൾ എന്നിവയും ഇടുക്കിക്കാരൻ എന്ന് വിളിച്ചു പറയുമ്പോൾ സ്ലാങ്ങിലും സ്പീടിലും അല്പം പ്രശ്നമുള്ള സൌബിന്റെ ക്രിസ്പിനെ കൊച്ചിയിലേക്ക് നാട് വിട്ട ഒരു ചരിത്രം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ക്രിസ്പിന്റെ സംസാരത്തിൽ കൊച്ചീടെ മച്ചാൻ കേറി വരുന്നതും ന്യായീകരിക്കപ്പെടുന്നു.

ബേബി ചേട്ടൻ ഇടം കൈ കൊണ്ട് വലം കൈ സപ്പോർട്ട് ചെയ്ത് മൗസ് ഉപയോഗിക്കുന്നത് വെറും ഒരു നൊടിയിലെ തമാശ മാത്രമല്ല.
വട്ടപ്പേരിലും ഇരട്ടപ്പേരിലും കുടുംബപ്പേരിലും അറിയപ്പെടുന്നവർ ധാരാളമാണ് ഇവിടെ. ഭാവന അച്ചായാൻ എന്ന വിളിപ്പേര് 'മഹേഷ് ഭാവന' ആയി തുടർന്ന് കൊണ്ടേ ഇരിക്കും എന്നത് ഭാവനയിൽ വിരിഞ്ഞതല്ല, നല്ലപോലെ ആളുകളെ പഠിച്ചശേഷം ഉണ്ടാക്കിയതാവണം.

കാബറെ കാണാൻ പോയിട്ടുള്ള..ആടലും പാടലും കാണാൻ തമിഴ്നാട്ടിൽ പോയിട്ടുള്ള ( കിന്നാരത്തുമ്പി കാണാൻ നടക്കുന്ന വെറും ഞരമ്പന്മാർ അല്ല ) കൂട്ട് കൂടി നടക്കുന്ന അപ്പച്ചന്മാർ ഈ നാട്ടിലുണ്ട്.
ക്രിസ്പിൻ ബേബി ചേട്ടന്റെ വീട്ടില് എത്തുമ്പോൾ ടീവി കാണുന്ന സീനിൽ പാതി വഴിക്ക് നിന്ന ഹോംവർക്കും ഇന്ട്രമെന്റ്റ് ബോക്സും ടേബിളിൽ ഉണ്ട്. സംവിധായകൻ അറിയാതെ വന്നതാവാൻ വഴി ഇല്ലാത്ത സംഗതിയാണ് ഇതും. ടീവി കണ്ടു പഠിക്കുക എഴുതുക (അങ്ങനെ ബോധിപ്പിക്കുക )എന്ന സർവസാധാരണമായ വിഷയത്തെ പൊക്കി കാണിക്കാതെ തന്നെ സൈഡിലോട്ടു വെച്ചത് വഴി ആ വീടിന്റെ അന്തരീക്ഷം കൂടുതൽ റിയലിസ്ടിക് ആകുന്നു.
ക്രിസ്പിനെ പോലെ ഒരു പാസ്ടറുടെ മകൻ കൂട്ടുകാരൻ എല്ലാ ഇടുക്കികാരനും കാണും. (ഇടുക്കീൽ മാത്രമല്ലടാ ബാക്കി ജില്ലയിലും ഉണ്ടെടാ പാസ്റ്റർമാർക്കു പിടി..... )

അജയൻ ചാലിശ്ശേരി സെറ്റ് ഇട്ടു എന്ന് എടുത്തു പറയേണ്ടി വരും. കാരണം അതൊക്കെ അത്രത്തോളം ആ നാടുമായി ഇഴചേർന്നു കിടക്കുന്നു. ഓരോ എഴുത്തും ചിത്രവും ഇവിടുള്ള ചുമരുകളിലും വെയിറ്റിങ്ങ് ഷെഡ്‌കളിലും കാണുന്നവ തന്നെയാണ്. ബേബി ചേട്ടന്റെ കടയിലെ തുരുമ്പിച്ച ഇരുമ്പ് കസേരയിലെ 'ബേബി' എന്ന എഴുത്ത് കടയുടെ പഴമ സൈലന്റ് ആയി പറയുന്നു. കടയില്‍ കേറുന്ന സ്റ്റെപ്പുകളില്‍ ബേബി ആര്‍ട്സ് , ഭാവന സ്റ്റുഡിയോ എന്നിവ ഒന്നിട വിട്ടു എഴുതിയേക്കുന്നതും അതിന്റെ പഴക്കവും ആര്‍ട്ട്‌ വര്‍ക്കിന്റെ മെച്ചം തന്നെയാണ്.

ഇങ്ങനെ ക്യാമറക്ക്‌ മുന്നിലും പിന്നിലും അസാധ്യ പ്രകടനമാണ് എല്ലാവരും നടത്തിയത്. എറ്റവും മികച്ച കാസ്ടിങ്ങും അതിനെ ശരി വെക്കുന്ന പ്രകടനവും എടുത്തു പറഞ്ഞില്ലേൽ പാപം ആണ് .
പക്ഷെ ഡീറ്റയിലിങ്ങാണ് ഇപ്പോളത്തെ ചർച്ചാ വിഷയം എന്നതിനാൽ അതവിടെ ഇരിക്കട്ടെ.

മേശ മേൽ വിരിച്ച പത്രവും വക്ക് ഇടിച്ചു പാത്രം തുറക്കുന്ന മഹേഷും പോത്തണ്ണൻ പ്ലാൻ ചെയ്തതിനാൽ തന്നെ ക്ലോസപ്പ് ഷോട്ടാണ്.
എല്ലാവരും യൂണിഫോം ഇടാത്ത സ്കൂളുകളും എല്ലായിടത്തും ഉണ്ടാവില്ല.(മഹേഷ്‌ സൗമ്യ സ്കൂൾ കാലഘട്ടത്തിൽ)
ചറപറ മരിച്ച വീടുകൾ കടന്നു വന്നിട്ടും അതൊന്നും അലോസരം ഉണ്ടാകാതെ പോയതും എടുത്ത് പറയേണ്ട ഒന്നാണ്. മഹേഷ്‌ & സൗമ്യ ആദ്യ മരണ വീട്ടില് വെച്ച് പുഞ്ചിരി കൈമാറുമ്പോൾ തന്നെ സൌമ്യേടെ അപ്പൻ എല്ലാം കാണുന്നുണ്ട് എന്നത് മുഴച്ചു നിൽക്കാതെ കാണിക്കുന്നുണ്ട്.

ചിത്രം കടപ്പാട് : സിനിമാ പാരഡീസോ ക്ലബ്ബ് 
ചിത്രം കടപ്പാട് : സിനിമാ പാരഡീസോ ക്ലബ്ബ് 

മരത്തിനു മേലെ ഫ്ലക്സ് കെട്ടിക്കൊണ്ട് റോഡിൽ നിന്ന കിളവനെ ട്രോളുന്ന ആള് തന്നെയാണ് പന്തൽ വർക്കുകളിൽ പിന്നീടും (മുമ്പും ) വന്നു പോകുന്നതിൽ ഉള്ളത് . അതുപോലും വെറുതെ ഉണ്ടാക്കി വിട്ട സീൻ അല്ലെങ്കിൽ ക്യാരക്ടർ അല്ല. അതുപോലെയാണ് അങ്ങിങ്ങ് വന്നുപോകുന്ന ലോട്ടറിക്കാരൻ ഉൾപ്പടെ പലരും.
സൗമ്യയെ പെണ്ണ് കാണാൻ വന്ന കൂട്ടരുടെ കാർ ആണ് സൈക്കിൾ കൂട്ടയിടിക്ക് ശേഷം അതിലെ കടന്നു പോകുന്നത്. ഡോർ തുറക്കാൻ ആവാത്തതിനാൽ പിന്നിൽ കയറിയ ചെക്കന്റെ തല വെളീലേക്ക് നീണ്ടു നില്ക്കുന്നതും കാണാം.

പെങ്ങളെ തള്ളുന്ന അളിയനെ ബേബി ചേട്ടൻ സേവ് ചെയ്തെക്കുന്നത് അളിയൻ തെണ്ടി എന്നാണെന്നുള്ളതൊക്കെ ചിന്ന ഡീടെയിലിംഗ്.

റീചാർജു കടയിലെ ചെക്കന്റെയും പെണ്ണിന്റെയും കല്യാണത്തിന്റെ ഫോട്ടോ പിടുത്തക്കാരൻ ആയി ആദ്യം മഹേഷിനെ കാണിക്കുന്നുണ്ട്. ആ നാട്ടിലേക്കു വന്നിട്ട് അധിക കാലം ആയിട്ടില്ലാത്തതുകൊണ്ടാണ് പുതുപ്പെണ്ണിനോട് 'പേടിക്കേണ്ട മോളെ ചെറുപ്പക്കാരു തമ്മിൽ..... 'എന്നൊക്കെ എടുത്ത് പറയുന്നത്. (ചിലപ്പോ അല്ലെങ്കിലും പറഞ്ഞേക്കാം).

ചെരിപ്പ് ഇല്ലാത്ത മഹേഷിലും ഗംഭീര കണ്ടിന്യുവിറ്റി കാണാം.
മെമ്പര്‍ താഹിര്‍ മരിച്ചടക്ക്‌ മാത്രം കൂടി നടക്കാതെ ഒറ്റ ഷോട്ടിലെ ചെങ്കൊടി ജാഥയിലും പോകുന്നുണ്ട്. അതെ തുടര്‍ന്ന് സമ്മേളനമോ പാര്‍ടി പരിപാടിയോ ആ നാട്ടില്‍ നടക്കുന്നുണ്ടെന്ന് അടിവര ഇട്ടു കാണിക്കാന്‍ വണ്ണം വര്‍ക്ക്ഷോപ്പിനു മുന്നിലെ റോഡില്‍ ചുവന്ന തോരണവും കൊടികളും കാണാം. (യാദൃശ്ചികം ആവാം).

കുങ്ങ്ഫു മാഷിന്റെ (അതുകൊണ്ട് മാത്രം കഞ്ഞികുടി നടക്കാത്തതിനാല്‍ ഓട്ടോ ഓടിക്കുകയും ചെയ്യുന്ന) കൈ കഴുകല്‍ രീതി അയാളുടെ ജീവിത രീതി തന്നെ എടുത്തു കാണിക്കുന്നതില്‍ എത്ര പ്രധാനമാണോ അതെ പോലെ ജിംസന്റെ മൂടിയിട്ടിരുക്കുന്ന ബൈക്കിനു ചുവട്ടിലെ ഡംബെല്‍സും മഴയത്ത് പട്ടിയെ മാറ്റി കെട്ടിയിട്ടിരിക്കുന്നതിലും വരെ ആ മാസ്റ്റര്‍ ക്രാഫ്റ്റിംഗ് ഉണ്ട്.
മഴക്കാലത്തെ കരണ്ട് പോക്കിന്റെ ബാക്കി പത്രമായി തലേന്ന് കത്തിച്ച മെഴുകു തിരിയുടെ ബാക്കിയും മഹേഷിന്റെ വരാന്തയിലെ ടേബിളില്‍ കാണാം.

ക്രിസ്പിന്‍ സര്‍ബത്ത് കുടിച്ചുകൊണ്ട് നില്‍കുമ്പോള്‍ വാങ്ങിയ സാധനം 'ഫിഫ്റ്റി ഫിഫ്റ്റിയെ' എന്ന് പറഞ്ഞു പോകന്ന കുട്ടികള്‍ തികച്ചു ഫ്രെയിമില്‍ ഇല്ലെങ്കിലും ശ്രദ്ധയില്‍ പെടാന്‍ കൂടെ ഇല്ലാതെ തന്നെ ഒരു കടയുടെ അന്തരീക്ഷത്തിലേക്ക് പെട്ടന്ന് നമ്മളെ എത്തിക്കുന്നു.
തിയെട്ടറിലെക്ക് ഓടിക്കയറുന്ന ക്രിസ്പിന്റെ അരികിലായി മിച്ചര്‍ പൊതിയുമായി മെല്ലെ വരുന്ന അപ്പൂപ്പനും മേല്പറഞ്ഞ കര്‍മം ക്യാമറയിലെക്ക് ഇടിച്ചു കയറി നില്‍ക്കാതെ നിര്‍വഹിക്കുന്നു.
ജിംസന്റെ വീട്ടിലോട്ടുള്ള വഴി അന്വേഷിക്കുന്ന മഹേഷിനു മറുപടി പറയാന്‍ ഒരു ആള്‍ മതി. പക്ഷെ അയാളുടെ വേഷത്തില്‍ ഉപരിയായി കയ്യില്‍ ഒരു പാല്‍പാത്രം കൂടി നല്‍കുക വഴി ആ മനുഷ്യനും ആ നാട്ടുകാരന്‍ തന്നെ ആണെന്ന് അടിവര ഇടുന്നു. കുറുക്കു വഴി ചാടി അടുക്കളയിലൂടെ വീട്ടില്‍ കയറുന്ന ജിംസിയും നാച്ചുറല്‍ രീതിയുടെ രസികന്‍ അപ്പ്രോച് ആണ്.

മഹേഷ്‌ ചെരുപ്പിട്ടിട്ടുണ്ടോ സൌമ്യെടെ കല്യാണ മാറ്റര്‍ അറിഞ്ഞിട്ടുണ്ടോ എന്നൊക്കെ എറിഞ്ഞു നോക്കുന്ന നെഗടീവ് മൈന്‍ഡ് ഉള്ള ചെരുപ്പ് കടക്കാരന്‍ അവസാനം ഭക്ഷണത്തിനൊപ്പം കൂട്ടുന്നത് ചരമ കോളം പേജ് ആണെന്നത് ഒരു അടൂര്‍ ലെവല്‍ ഉപമ ആണെങ്കിലും ഇരിക്കട്ടെ.

ഒറ്റഷോട്ടിലെ കിളി (ബസ്സിലെ) പ്രണയം പോലെ, ഷൂ മുതല്‍ മൊബൈല്‍ വരെ സര്‍വതിലും അലങ്കാര പണികള്‍ നടത്തുന്ന ജിംസിയുടെ ആക്ടിവിടീസ് പോലെ, തപാല്‍ ആഫീസിലെ കന്യാസ്ത്രിമാരെ പോലെ , കളി നടക്കുന്ന ഗ്രൌണ്ടില്‍ തന്നെ ലൈസന്‍സിനുള്ള 8 എടുക്കുന്നവരെ പോലെ , അവസാനം അടിപിടിക്കു ശേഷം ചെരുപ്പിട്ട മഹേഷിന്റെ കാലില്‍ പരിക്കിന്റെ ബാന്‍റെജു പോലെ, ഒരിക്കല്‍ ക്രിസ്പിനുള്ളത് കൊണ്ട് എടുത്തു കളയാന്‍ പോയ സൗമ്യയുടെ ഫോട്ടോകള്‍ പിന്നീട് ആരെയും കാണിക്കാതെ തന്നെ കളഞ്ഞതു പോലെ, മഹേഷിലെ ഫോക്കസിന്റെ മിച്ചം ബേബി ചേട്ടന്റെ കടയില്‍ ഉള്ളപ്പോള്‍ അവിടെ കസ്ടമര്‍ സാധനം വാങ്ങുന്നതു പോലുള്ള പല ചെറിയ വലിയ കാര്യങ്ങളും ട്രീറ്റ്മെന്റിന്റെ ഭാഗം തന്നെയാണ്.

വിജിലേഷിന്റെ പ്രതികാരം അനാവശ്യ ഹൈപ് ഒന്നും കൊടുക്കാതെ തന്നെ സബ് പ്ലോട്ടായി കാണിച്ചതും എടുത്ത് പറയേണ്ടതാണ്. റിയലിസ്ടിക് ഫൈറ്റും അതിനൊത്ത ക്യാമറ&മ്യൂസിക്കും ഒക്കെ നമിക്കേണ്ടത് തന്നെ.

വിട്ടുപോയവയും വിട്ടുകളഞ്ഞവയും ഉള്‍പ്പടെ നല്ല കഠിന പരിശ്രമത്തിന്റെ ഫലമായ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് ഇത്രേ എങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെ എന്തോന്ന് സിനിമാ പ്രേമി.