ബോക്‌സ് ഓഫീസ് അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട്: കോടിക്കിലുക്കത്തിനപ്പുറം തൊണ്ടിമുതലും അങ്കമാലിയും ടേക്ക് ഓഫും 

August 3, 2017, 4:02 pm
ബോക്‌സ് ഓഫീസ് അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട്: കോടിക്കിലുക്കത്തിനപ്പുറം തൊണ്ടിമുതലും അങ്കമാലിയും ടേക്ക് ഓഫും 
Film Debate
Film Debate
ബോക്‌സ് ഓഫീസ് അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട്: കോടിക്കിലുക്കത്തിനപ്പുറം തൊണ്ടിമുതലും അങ്കമാലിയും ടേക്ക് ഓഫും 

ബോക്‌സ് ഓഫീസ് അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട്: കോടിക്കിലുക്കത്തിനപ്പുറം തൊണ്ടിമുതലും അങ്കമാലിയും ടേക്ക് ഓഫും 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരം അറസ്റ്റിലായതും ചലച്ചിത്രമേഖലയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയ കുറ്റകൃത്യങ്ങളും ആരോപണങ്ങളും തുടര്‍ച്ചയായി അരങ്ങേറിയതും പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ട്. ചലച്ചിത്ര ലോകം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ മലയാള സിനിമയെ മുന്നോട്ട് നയിക്കുന്ന ഒരു പിടി സിനിമകളാണ് 2017ലെ ആദ്യ ആറ് മാസത്തിനകം ഉണ്ടായത്.

സൂപ്പര്‍താര സിനിമകളില്‍ നിന്ന് അവതരണ മികവുള്ള സിനിമകളിലേക്ക് വഴിമാറുന്ന പ്രേക്ഷകരുടെ എണ്ണം കൂടുന്ന കാഴ്ചയാണ് 2017ലെ അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴുളള ശുഭസൂചന. അവതരണ രീതികളിലെ നടപ്പുമാതൃകകളെ പൊളിച്ചുപണിത് റിയലിസ്റ്റിക് ആഖ്യാനചാരുത അനുഭവപ്പെടുത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ് എന്നീ സിനിമകളാണ് അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ മികവില്‍ മുന്നിലുള്ളത്. കന്നഡ,തമിഴ്, മറാത്തി ചലച്ചിത്ര മേഖലയില്‍ നിന്ന് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമേകുന്ന പരീക്ഷണങ്ങള്‍ പിറക്കുമ്പോള്‍ അതിനോട് കിടപിടിക്കുന്ന സമകാലീന ശ്രമങ്ങള്‍ ഇവിടെയും നടക്കുന്നുവെന്ന് പറയാനുള്ള കരുത്താകുന്നത് ഈ സിനിമകളാണ്. പരീക്ഷണ ശ്രമങ്ങള്‍ക്ക് കാലിടറുന്ന മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അങ്കമാലി ഡയറീസും തൊണ്ടിമുതലും മികച്ച ബോക്‌സ് ഓഫീസ് വിജയം നേടി എന്നതും പ്രതീക്ഷാഭരിതമാണ്.

കേരളത്തിന് പുറത്തും ചര്‍ച്ചയായ മലയാള സിനിമകള്‍ കൂടിയാണ് അങ്കമാലി ഡയറീസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നിവ. അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ളവര്‍ ബോളിവുഡില്‍ നിന്ന് അങ്കമാലി ഡയറീസിനെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നു. ടേക്ക് ഓഫിനെ അഭിനന്ദിച്ച് കമല്‍ ഹാസന്‍, സൂര്യ തുടങ്ങിയ താരങ്ങള്ളും രംഗത്ത് വന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

സമീപവര്‍ഷങ്ങളില്‍ മലയാളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത സിനികമളിലൊന്നാണ് മഹേഷിന്റെ പ്രതികാരം. സംഭാഷണകേന്ദ്രീകൃത കഥനരീതി ഉപേക്ഷിച്ച് സൂക്ഷ്മാംശങ്ങളിലൂന്നിയും ദൃശ്യഭാഷയുടെ ചാരുതയിലും കഥാപാത്രനിര്‍ണയത്തിലെ മികവിലും ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ആവിഷ്‌കാര സാമര്‍ത്ഥ്യം അനുഭവപ്പെടുത്തിയിരുന്നു ഈ സിനിമ. തിയറ്റര്‍ വിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോളും സാമൂഹിക മാധ്യമങ്ങള്‍ പോത്തേട്ടന്‍ ബ്രില്യന്‍സില്‍ ചര്‍ച്ച അവസാനിപ്പിച്ചിരുന്നില്ല. പ്രധാന അംഗീകാരങ്ങളും സിനിമയെ തേടിയെത്തി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന പേരില്‍ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആദ്യവരവില്‍ അമ്പരപ്പിച്ച സംവിധായകന്‍ കാത്തുവച്ചിരിക്കുന്ന കാഴ്ചയും കൗതുകവുമെന്തെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. സെമി റിയലിസ്റ്റിക് ഘടനയില്‍ നിന്നുകൊണ്ട് സാന്ദര്‍ഭിക ഹാസ്യവും സിനിമാറ്റിക് ട്വിസ്റ്റുകളുമായി കഥ പറഞ്ഞ മഹേഷില്‍ നിന്ന് രണ്ടാം സിനിമയിലെത്തുമ്പോള്‍ റിയലിസത്തിലേക്കും കഥ പറച്ചിലിന്റെ നവസാധ്യതകളിലേക്കും പ്രവേശിച്ചിരിക്കുകയാണ് ദിലീഷ് പോത്തന്‍. മിക്ക രംഗങ്ങളെയും ചിരിയില്‍ ചെന്നവസാനിപ്പിച്ചിരുന്നു മഹേഷിന്റെ പ്രതികാരം. ഇവിടെ മനുഷ്യരെയും സമൂഹത്തെയും കലര്‍പ്പോ കൃത്രിമത്വമോ സിനിമാറ്റിക് ഗിമ്മിക്കുകളോ ഇല്ലാതെ യഥാതഥമായ വികാരങ്ങളാല്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ഓരോ സംവിധാനങ്ങളിലേക്ക് അടക്കം ചെയ്യപ്പെട്ട മനുഷ്യരുടെ പലവിധ അവസ്ഥകളുടെ കലര്‍പ്പില്ലാത്ത പകര്‍പ്പുമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.

അങ്കമാലി ഡയറീസ്

പ്രേക്ഷകര്‍ സ്വീകരിക്കാതെ പോയ പരീക്ഷണ സിനിമയ്ക്ക് ശേഷവും സാഹസികമായ മറ്റൊരു പരീക്ഷണത്തിനുള്ള ധൈര്യം. വന്‍ ബജറ്റും മുന്‍നിര താരങ്ങളും മുഖമായിരുന്ന സിനിമയില്‍ നിന്ന് 86 പുതുമുഖ അഭിനേതാക്കളുടെ സിനിമ. ഒരേതരം ഫോര്‍മുലകളില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാന്‍ ധൈര്യപ്പെടാത്ത ഭൂരിപക്ഷത്തിനിടയില്‍ നിന്നാണ് പതിവ് ആസ്വാദന ശീലങ്ങളെ പരിലാളിക്കാതെ സമീപനത്തിലും അവതരണത്തിലുമെല്ലാം അടിമുടി പൊളിച്ചെഴുത്തിന് മുതിരാന്‍ ലിജോ ജോസ് പെല്ലിശേരി തയ്യാറായത്. അങ്കമാലി ഡയറീസ് മലയാള സിനിമയിലെ മിടുക്കുള്ള മാറ്റത്തെയാണ് കുറിച്ചിട്ടത്. ഈ ഡയറിയുടെ താളുകളിലോരോന്നിലും തുടര്‍ന്നങ്ങോട്ട് നമ്മുടെ കാഴ്ചകളെ അമ്പരപ്പിക്കാന്‍ പോന്ന പ്രതിഭകളുടെ പേരുകളുണ്ട്. സര്‍വ്വമേഖലയിലും ലിജോ പെല്ലിശേരി എന്ന പ്രതിഭയുടെ കയ്യടയാളം പതിഞ്ഞിട്ടുമുണ്ട്.

തലവാചകത്തില്‍ ഓളവും താളവും തീര്‍ക്കാന്‍ അടിമുടി വ്യത്യസ്ഥമെന്നും കൂറ്റന്‍ മാറ്റമെന്നുമൊക്കെ പെരുമ പറയുന്ന സിനിമകള്‍ രുചിച്ചവര്‍പ്പുകളിലൂടെയുള്ള പ്രദക്ഷിണമാകാറാണ് പതിവ്. ഇവിടെയാണ് ആസ്വാദന മുന്‍വിധികള്‍ക്ക് വഴങ്ങാതെ തന്റെ 86 പുതുമുഖങ്ങളിലൂടെ അങ്കമാലിയിലെ കുറേ സാധാരണ മനുഷ്യരുടെ കഥ ആവിഷ്‌കാരത്തിലെ അസാധാരണത്വത്തിനൊപ്പം ലിജോ പറയുന്നത്. നായകന്‍ എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റം മുതല്‍ സിനിമയുടെ പൊതുനിരത്തുകളില്‍ നിന്ന് മാറിസഞ്ചരിച്ച ലിജോ ജോസ് പെല്ലിശേരി മലയാളസിനിമയുടെ നവശൈലീമാറ്റത്തെ മുന്നില്‍ നിന്ന് നയിക്കുമെന്ന പ്രതീക്ഷ ആമേന്‍ എന്ന സിനിമയ്ക്കൊപ്പം പങ്കുവച്ചിരുന്നു. അങ്കമാലീസ് ഡയറീസ് കണ്ടിറങ്ങുമ്പോള്‍ ഇക്കാര്യം ആവര്‍ത്തിക്കാനാകുന്നു. ഫ്രൈഡേ മുവീ ഹൗസ് നിര്‍മ്മിച്ച ചിത്രം ലോ ബജറ്റിലാണ് ഒരുങ്ങിയത്. 15 കോടിക്ക് മുകളിലാണ് സിനിമയുടെ ആകെ കളക്ഷന്‍.

ഹാറ്റ്‌സ് ഓഫ് ടേക്ക് ഓഫ്

ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലായ ഇറാഖില്‍ 2014ല്‍ ഇന്ത്യന്‍ നഴ്സുമാരുള്‍പ്പെടെ വലിയൊരു വിഭാഗം ബന്ദികളാക്കപ്പെട്ടിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദിവസങ്ങളെ അവര്‍ അതിജീവിച്ചതും സ്വദേശത്തേക്കുള്ള മടക്കവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ സംഭവങ്ങളാണ് മലയാളത്തിലെ മുന്‍നിര എഡിറ്ററായ മഹേഷ് നാരായണന്റെ സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്പായ ടേക്ക് ഓഫിന് ആധാരം. ഭക്ഷണവും വെള്ളവുമില്ലാതെ ഭീകരവാദികളുടെ നിയന്ത്രണത്തില്‍ നരകയാതന നേരിട്ട 46 നഴ്സുമാരുടെ അനുഭവങ്ങളെ സമീറ എന്ന ഇന്ത്യന്‍ നഴ്സിലൂടെ വിശദീകരിക്കുകയാണ് ടേക്ക് ഓഫ്. ബോളിവുഡിനെ വെല്ലുന്ന അവതരണ ശൈലി സമ്മാനിച്ച മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്. പുരുഷതൃഷ്ണകളുടെ ഉത്തേജക ഉടലുകളായാണ് പൊതുബോധവും, അവയെ താരാട്ടുന്ന നമ്മുടെ സിനിമകളും മിക്കപ്പോഴും നഴ്സുമാരെ ചിത്രീകരിച്ചിട്ടുള്ളത്. അതിനൊരു തിരുത്താവുന്നുണ്ട് മഹേഷ് നാരായണന്റെ ടേക്ക് ഓഫ്. പി വി ഷാജികുമാറും മഹേഷ് നാരായണനും രചന നിര്‍വഹിച്ച സിനിമ ആന്റോ ജോസഫും രാജേഷ് പിളളാ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരുന്നത്. പാര്‍വതിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫലി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകലാതെ നഴ്സുമാര്‍ നേരിട്ട ദുരന്തസാഹചര്യങ്ങളുടെ അനുഭവപരിസരമൊരുക്കുക എന്ന സങ്കീര്‍ണ ദൗത്യമാണ് ആദ്യ സംവിധാനത്തില്‍ മഹേഷ് ഏറ്റെടുത്തത്. മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാള്‍ എന്നതില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കളില്‍ ഒരാളെന്ന വിലയിരുത്തലിലേക്ക് ഭാവപ്രകാശനത്താല്‍ ഉയരുകയാണ് പാര്‍വതി. ഫഹദ് ഫാസിലിന്റെയും മികച്ച പ്രകടനം ടേക്ക് ഓഫ് അടയാളപ്പെടുത്തി. ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ മിതത്വമാര്‍ന്ന അഭിനയത്താല്‍ ശ്രദ്ധ നേടിയ ചിത്രവുമായിരുന്നു ഇത്. 20 ദിവസം കൊണ്ട് 15.75 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. 26.14കോടിയാണ് സിനിമ പ്രദര്‍ശനം അവസാനിപ്പിച്ചപ്പോള്‍ നേടിയതെന്നറിയുന്നു.

സമരം വഴിമുടക്കിയ ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം എസ്ര,ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് ആറ് മാസത്തിനുള്ളില്‍ മികച്ച വിജയങ്ങളായ സിനിമകള്‍. ഇതില്‍ ദ ഗ്രേറ്റ് ഫാദര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ അമ്പത് കോടി പിന്നിട്ടു. 58 സിനിമകളാണ് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ റിലീസ് ചെയ്തത്. മള്‍ട്ടിസ്റ്റാര്‍ ചിത്രം ടേക്ക് ഓഫ്, ഗോദ, ഒരു മെക്‌സിക്കന്‍ അപാരത, രക്ഷാധികാരി ബൈജു,ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎ, എന്നിവയും വിജയം നേടി.

നിവിന്‍ പോളിയുടെ സഖാവ്, വിനീത് ശ്രീനിവാസന്‍ ചിത്രം എബി എന്നിവ ആവറേജ് വിജയങ്ങളാണ്. മലയാള സിനിമകളെ കടപുഴക്കി കേരളത്തില്‍ ബ്രഹ്മാണ്ഡ വിജയം നേടിയ ചിത്രം നാല് പതിപ്പുകളിലായി എത്തിയ ബാഹുബലി രണ്ടാം ഭാഗമാണ്. 74 കോടിക്ക് മുകളിലാണ് ബാഹുബലി സെക്കന്‍ഡ് കേരളത്തില്‍ നേടിയത്.

2016 ഡിസംബര്‍ മുതല്‍ ചലച്ചിത്രമേഖലയെ സ്തംഭിപ്പിച്ച് തുടര്‍ന്ന സമരം പുതുവര്‍ഷത്തിലേക്കും കടന്നപ്പോള്‍ ക്രിസ്മസ് റിലീസുകള്‍ പുതുവര്‍ഷ റിലീസുകളായി മാറി. ഒരേ സമയം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവ മികച്ച വിജയങ്ങളായി മാറി. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടെയാണ് മുന്തിരിവള്ളികളുടെയും ജോമോന്റെയും വിജയം. തിയറ്ററുകളില്‍ വലിയ ഇടവേളയുണ്ടായതും ഈ സിനിമകള്‍ക്ക് ഗുണം ചെയ്തു. പതിവ് കമേഴ്‌സ്യല്‍ ശൈലിയിലുള്ള സിനിമകളായിരുന്നു മുന്തിരിവളളികളും ജോമോനും.

താരങ്ങളില്‍ അഭിനയം കൊണ്ടും മികച്ച സിനിമകളിലൂടെയും 2017ലെ ആദ്യ ആറ് മാസത്തിനകവും മലയാള സിനിമയുടെ മുഖമായി മാറിയത് ഫഹദ് ഫാസില്‍ ആണ്. മറുഭാഷയിലും ഫഹദ് ഫാസില്‍ സാന്നിധ്യമുറപ്പിക്കാന്‍ തയ്യാറെടുക്കുന്ന വര്‍ഷം കൂടിയാണിത്. ടേക്ക് ഓഫിലെ ഇന്ത്യന്‍ അംബാസിഡറായും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കള്ളന്റെ റോളിലും സ്വാഭാവിക അഭിനയത്തിന്റെ സമകാലീന മാതൃകയായി തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു ഫഹദ് ഫാസില്‍. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തുന്ന വൈവിധ്യതയും മറ്റേതൊരു താരവും വെല്ലുവിളിയാകാത്ത തരത്തിലുള്ള അഭിനയ മികവും ഫഹദിന് നേട്ടമാകുന്നുണ്ട്. ജോമോന്റെ സുവിശേഷങ്ങള്‍, സിഐഎ എന്നീ സിനിമകളിലൂടെ കഥാപാത്രങ്ങളെ കൂടുതല്‍ അനായാസമായും ആകര്‍ഷകമായും അവതരിപ്പിക്കുന്ന അഭിനേതാവിലേക്ക് ദുല്‍ഖര്‍ സല്‍മാനും വളര്‍ന്നിട്ടുണ്ട്. നടിമാരില്‍ പാര്‍വതിയുടെ ഭാവമികവിന്റേതാണ് ഈ കാലയളവ്. ഒപ്പം നിമിഷാ സജയന്‍, അന്നാ രേഷ്മാ രാജന്‍ എന്നീ നവാഗത അഭിനേത്രിമാരുടെ തിളക്കമാര്‍ന്ന തുടക്കവും. ആന്റണി വര്‍ഗീസ്, ശരത് കുമാര്‍ (അപ്പാനി രവി) എന്നിവരുള്‍പ്പെടെ തുടര്‍ന്നും പ്രതീക്ഷയര്‍പ്പിക്കാവുന്ന അഭിനേതാക്കളെ സമ്മാനിച്ച ചിത്രവുമായി അങ്കമാലി ഡയറീസ്.

കേരളത്തിലും ബ്രഹ്മാണ്ഡം ബാഹുബലി

ബാഹുബലി ആദ്യപതിപ്പ് കേരളത്തില്‍ നേടിയ ജനസമ്മതിയുടെ പതിന്മടങ്ങാണ് രണ്ടാം ഭാഗം നേടിയത്. ബാഹുബലി രണ്ടാം ഭാഗം കേരളത്തില്‍ 100 കോടി കടക്കുമെന്ന സൂചനകളിലേക്കാണ് തുടക്കദിനത്തിലെ കളക്ഷന്‍ നീങ്ങിയിരുന്നത്. ഏപ്രില്‍ 28ന് റിലീസ് ചെയ്ത ബാഹുബലി 320 സ്‌ക്രീനുകളിലാണ് കേരളത്തില്‍ റിലീസ് ചെയ്തത്. ഇതില്‍ മള്‍ട്ടിപ്‌ളെക്‌സുകളില്‍ പൂര്‍ണമായും റിലീസ് ചെയ്യാനായില്ല. അതിരാവിലെ മുതല്‍ പ്രദര്‍ശനമാരംഭിച്ച സിനിമ 6.27 കോടി ഗ്രോസ് കളക്ഷന്‍ നേടി മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തം പേരിലാക്കി. നാലാം ദിനം 25 കോടിയിലേക്ക് കളക്ഷന്‍ എത്തിച്ച സിനിമ 85 ദിവസമെത്തിയപ്പോള്‍ കേരളത്തില്‍ നിന്ന് 74 കോടിക്ക് മുകളില്‍ ആകെ കളക്ഷന്‍ സ്വന്തമാക്കി. കൊച്ചി, തിരുവനന്തപുരം മള്‍ട്ടിപ്‌ളെക്‌സുകളിലും കളക്ഷനില്‍ റെക്കോര്‍ഡിട്ടു. ബാഹുബലിയുടെ ആദ്യപതിപ്പ് കേരളത്തില്‍ വിതരണത്തിനെടുത്ത ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തന്നെയാണ് രണ്ടാം ഭാഗവും റിലീസ് ചെയ്തത്.

മമ്മൂട്ടിയുടെ മടങ്ങിവരവ്‌, ബോക്‌സ് ഓഫീസില്‍ ആദ്യ അമ്പത് കോടി

വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ബോക്‌സ് ഓഫീസില്‍ തന്റെ സൂപ്പര്‍താര സ്വാധീനം തിരികെയെത്തിച്ച ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ തമിഴ് താരം ആര്യയും പ്രധാന റോളിലെത്തിയിരുന്നു. യുവതാരങ്ങള്‍ ഉള്‍പ്പെടെ അമ്പത് കോടി ക്ലബ്ബില്‍ അംഗങ്ങളായപ്പോഴും മമ്മൂട്ടിക്ക് അമ്പത് കോടി പിന്നിട്ട ചിത്രം സ്വന്തമായുണ്ടായിരുന്നില്ല. ദ ഗ്രേറ്റ് ഫാദര്‍ നാല് കോടി 31 ലക്ഷമെന്ന റെക്കോര്‍ഡ് ഇനീഷ്യലുമായാണ് മാര്‍ച്ച് 30ന് പ്രദര്‍ശനമാരംഭിച്ചത്. പുലിമുരുകന്റെയും കബാലിയുടെയും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ കേരളത്തില്‍ ഭേദിച്ചായിരുന്നു തുടക്കം. 202 തിയറ്ററുകളില്‍ 958 പ്രദര്‍ശനമാണ് ചിത്രത്തിനുണ്ടായിരുന്നത്. രാവിലെ മുതലുള്ള ഫാന്‍സ് ഷോകളും കളക്ഷന് ഗുണം ചെയ്തു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ആര്യ, ഷാജി നടേശന്‍ എന്നിവരാണ് സിനിമ നിര്‍മ്മിച്ചത്. ദൃശ്യത്തിന് ശേഷം ഒരു ത്രില്ലര്‍ ചിത്രം നേടിയ മികച്ച വിജയവുമായി ദ ഗ്രേറ്റ് ഫാദര്‍. 58 കോടിക്കടുത്ത് നേടിയാണ് സിനിമ 100 ദിവസം പിന്നിട്ടത്. അഞ്ച് ദിവസം കൊണ്ടാണ് ദ ഗ്രേറ്റ് ഫാദര്‍ 20 കോടി കടന്നത്. 24 ദിവസത്തിനുള്ളില്‍ അമ്പത് കോടി ക്ലബ്ബിലെത്തി.

ഹാട്രിക് അമ്പത് കോടി, മുന്തിരിവള്ളികളിലൂടെ വീണ്ടും മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ഹാട്രിക് അമ്പത് കോടി വിജയമായിരുന്നു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമ കേരളത്തില്‍ നിന്നും വിദേശത്ത് നിന്നുമായി 61 കോടി ഗ്രോസ് കളക്ഷന്‍ നേടിയാണ് പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്. ക്രിസ്മസ് റിലീസായാണ് നിശ്ചയിച്ചിരുന്നതെങ്കിലും തീയേറ്റര്‍ സമരം കാരണം ജനുവരി 20നാണ് സിനിമ തീയേറ്ററുകളിലെത്തിയത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ എട്ട് കോടി പിന്നിട്ടിരുന്ന ചിത്രം കേരളത്തിന്റെ പുറത്തുള്ള കളക്ഷന്‍ കൂടി കൂട്ടിയാല്‍ 10 ദിവസംകൊണ്ട് 20 കോടി പിന്നിട്ടിരുന്നു. 22 ദിവസംകൊണ്ട് 30 കോടിയും നേടിയിരുന്നു. കേരളത്തില്‍ മാത്രം 15,000 ഷോകള്‍ പിന്നിട്ടിട്ടുണ്ട്. പുലിമുരുകനേക്കാള്‍ എണ്ണത്തിലധികം തീയേറ്ററുകളിലാണ് മുന്തിരിവള്ളികള്‍ പ്രദര്‍ശനത്തിനെത്തിയത്. പുലിമുരുകന്‍ 330 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയെങ്കില്‍ 337 സ്‌ക്രീനുകളിലായിരുന്നു ജിബു ജേക്കബ് ചിത്രത്തിന്റെ റിലീസ്.

പേടിപ്പിച്ച് പൃഥ്വിരാജ് നേടിയ വിജയം

ഫെബ്രുവരിയില്‍ റിലീസ് ചെയ്ത എസ്ര ഹൊറര്‍ ത്രില്ലറായിരുന്നു. നവാഗതനായ ജെയ്‌കെ സംവിധാനം ചെയ്ത സിനിമ പൃഥ്വിരാജിന്റെ 2017ലെ ആദ്യ ഹിറ്റ് ചിത്രമായി. 34.68 കോടിയാണ് സിനിമയുടെ ഇന്ത്യയില്‍ നിന്നുള്ള ആകെ കളക്ഷനെന്നറിയുന്നു. 43.16 കോടിയാണ് ആഗോള കളക്ഷന്‍.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷനായിരുന്നു എസ്രയുടേത്. 125 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത എസ്ര ആദ്യ ദിവസം കൊണ്ട് ഗ്രോസ് കളക്ഷനായി 2 കോടി 65 ലക്ഷം നേടി. കേരളത്തിന് പുറത്തും 100ലേറേ കേന്ദ്രങ്ങളില്‍ സിനിമ റിലീസ് ചെയ്തിരുന്നു. ചിത്രം 23 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമായി ഗ്രോസ് കളക്ഷനായി 28 കോടി 33 ലക്ഷം രൂപാ നേടി. 26 ദിവസം പിന്നിട്ടപ്പോള്‍ കേരളത്തിലും പുറത്തും വിദേശത്തുമുള്ള റിലീസ് കേന്ദ്രങ്ങളില്‍ നിന്നായി ചിത്രം 40 കോടി 86 ലക്ഷം രൂപാ നേടിയതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിവി സാരഥി, മുകേഷ് ആര്‍ മേത്ത എന്നിവര്‍ ചേര്‍ന്നാണ് എസ്ര നിര്‍മ്മിച്ചത്.

ടോവിനോയുടെ താരോദയം, അപാരതയും ഗോദയും ഹിറ്റ്

യുവനായക നിരയില്‍ ടോവിനോ തോമസ് എന്ന നടനും അനിഷേധ്യ സാന്നിധ്യമാകുമെന്ന് തെളിയിക്കുന്നതാണ് ഒരു മെക്സിക്കന്‍ അപാരത ആദ്യദിനത്തില്‍ നേടിയ വരവേല്‍പ്പ്. പരസ്യ സിനിമകളിലൂടെയും ഉപനായക വേഷങ്ങളിലൂടെയും കാരക്ടര്‍ റോളുകളിലൂടെയും പ്രതിനായക വേഷത്തിലും തിളങ്ങിയ നടനെ പ്രിയനായകനായി ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ സിനിമകള്‍ ടോവിനോയെ മുന്‍നിര യുവനായകരില്‍ ഒരാളാക്കി. ഈ വര്‍ഷം ഏറ്റവും മികച്ച പ്രമോഷന്‍ തന്ത്രമൊരുക്കിയതും ടോവിനോയുടെ മെക്‌സിക്കന്‍ അപാരത ടീം ആയിരുന്നു. അനൂപ് കണ്ണന്‍ നിര്‍മ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത സിനിമ മൂന്ന് കോടിക്കടുത്ത് ആദ്യ ദിന കളക്ഷന്‍ നേടി. യുവനിരയില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ടൊവിനോ സ്വന്തം പേരിലാക്കി. 139 സെന്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് അപ്രതീക്ഷിതമാംവിധം മികച്ച പ്രതികരണമാണ് ആദ്യദിനത്തില്‍ ലഭിച്ചത്. 16 കോടി നേടിയാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്. ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളുടെ പട്ടികയിലാണ് മെക്‌സിക്കന്‍ അപാരതയുടെ സ്ഥാനം. രൂപേഷ് പീതാംബരന്‍ സ്വഭാവ കഥാപാത്രമായി തിളങ്ങിയ ചിത്രവുമാണ് ഒരു മെക്‌സിക്കന്‍ അപാരത.

ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് പിന്നാലെ ഗോദ നേടിയ വിജയവും ടോവിനോയ്ക്ക് താരപദവിയില്‍ ഗുണമായി. ഗുസ്തി പ്രമേയമാക്കിയൊരുക്കിയ ഫീല്‍ ഗുഡ് എന്റര്‍ടെയിനറായിരുന്നു ഗോദ. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ നായകനോളം പ്രാധാന്യത്തില്‍ വാമിഖാ ഗബ്ബിയെന്ന നായികയുമുണ്ടായിരുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റായിരുന്നു നിര്‍മ്മാണം. 20 കോടിക്കടുത്ത് നേടിയാണ് ചിത്രം പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്.

ദുല്‍ഖറിന് ഹിറ്റ് ജോമോന്‍, ആവറേജ് ഹിറ്റായി സിഐഎ

ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ 33 കോടിയോളം നേടിയ ജോമോന്റെ സുവിശേഷങ്ങള്‍ ആണ് ദുല്‍ഖറിന്റെ പ്രധാന വിജയ ചിത്രം. മേയ് റിലീസായി എത്തിയ അമല്‍ നീരദ് ചിത്രം കോമ്രേഡ് ഇന്‍ അമേരിക്കയും തരക്കേടില്ലാത്ത വിജയമായി. 2.56ലക്ഷമായിരുന്നു ജോമോന്റെ സുവിശേഷങ്ങള്‍ ആദ്യ ദിനം നേടിയത്. ഓവര്‍ സീസ് റിലീസും ഈ ചിത്രത്തിന് വലിയ ഗുണം ചെയ്തു.

ബാഹുബലി ബ്രഹ്മാണ്ഡ വിജയം തുടരുന്നതിനിടെ റിലീസ് ചെയ്ത സിഐഎ കേരളാ ബോക്സ് ഓഫീസില്‍ ഏഴ് ദിവസം കൊണ്ട് നേടിയത് 14 കോടിക്ക് മുകളിലാണ്. 200നടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ ഒന്നാം ദിവസം 3 കോടി 27 ലക്ഷവും രണ്ടാം ദിവസം 2.94 കോടിയും ഗ്രോസ് നേടിയിരുന്നു. ഏഴ് ദിവസം കൊണ്ട് 14.65 കോടിയാണ് സിഐഎ ഗ്രോസ് കളക്ഷനായി എല്ലാ പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നുമായി നേടിയത്. 23 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷനെന്ന് അറിയുന്നു.

ബിജു മേനോനെ ജനപ്രിയനാക്കി രക്ഷാധികാരി ബൈജു

ബിജു മേനോനെ ജനപ്രിയ താരമായി പ്രതിഷ്്ഠിച്ച ചിത്രമായിരുന്നു രക്ഷാധികാരി ബൈജു. രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ബഹളമൊന്നുമില്ലാതെയാണ് തിയറ്ററുകളിലെത്തിയത്. രക്ഷാധികാരി ബൈജുവായി ബിജുമേനോന്‍ കരിയറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച അഭിനയം തന്നെയാണ് സമ്മാനിച്ചത്. സ്വാഭാവികതയില്‍ നിന്ന് ഒരു ഘട്ടത്തിലും പിന്നോക്കം പോകാതെ ബൈജുവില്‍ കുടിയിരിക്കാന്‍ ബിജു മേനോന് കഴിഞ്ഞു. ഒരു പിടി മികച്ച അഭിനേതാക്കളുടേതുമായിരുന്നു സിനിമ.

അവധിക്കാല റിലീസുകളിലെ സര്‍പ്രൈസ് ഹിറ്റും രക്ഷാധികാരി ബൈജുവാണ്. നൂറിനടുത്ത് അഭിനേതാക്കളെ അണിനിരത്തിയ സിനിമ ബാഹുബലിയുടെ ബ്രഹ്മാണ്ഡ മുന്നേറ്റത്തിനിടയിലും കേരളാ ബോക്സ് ഓഫീസില്‍ നേട്ടം കൊയ്തു. നാല് കോടിക്കടുത്ത് മുതല്‍മുടക്കില്‍ ഒരുങ്ങിയ സിനിമ 13 കോടി ഗ്രോസ് കളക്ഷന്‍ മേയ് അവസാനവാരമെത്തുമ്പോള്‍ നേടി. 16 കോടി നേടിയാണ് സിനിമ പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്.

തകര്‍ന്നടിഞ്ഞ് 1971, പുത്തന്‍ പണം

ഹാട്രിക്ക് സൂപ്പര്‍ഹിറ്റുകളുമായി മുന്നേറിയ മോഹന്‍ലാലിന് വിഷു ബോക്‌സ് ഓഫീസില്‍ കാലിടറി. 13 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് 7 കോടി 19 ലക്ഷം മാത്രമാണ് തിയറ്ററുകളില്‍ നിന്ന് ആകെ സ്വന്തമാക്കിയത്. രാജസ്ഥാന്‍,ജോര്‍ജിയ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച വാര്‍ മുവീ സ്വഭാവമുള്ള ബിഗ് ബജറ്റ് സിനിമ മോശം പ്രതികരണമാണ് തുടക്കം മുതല്‍ നേടിയത്. മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനായുള്ള മോഹന്‍ലാലിന്റെ നാലാം വരവും പരാജയമായി. രഞ്ജിത്-മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ പുത്തന്‍ പണവും ബോക്‌സ് ഓഫീസില്‍ മൂക്കുകുത്തി വീണു. ഏഴ് കോടിക്ക് താഴെയാണ് ചിത്രം ആകെ തിയറ്ററുകളില്‍ നിന്ന് നേടിയത്. കനത്ത പരാജയവുമായി സിനിമ.

മാജിക് ആവര്‍ത്തിക്കാനാകാതെ നിവിന്‍ പോളി

നാല് വര്‍ഷത്തോളമായി മലയാളം ബോക്‌സ് ഓഫീസില്‍ തൊട്ടതെല്ലാം പൊന്നാക്കിയ യുവതാരമായിരുന്നു നിവിന്‍ പോളി. പ്രേമം എന്ന ട്രെന്‍ഡ് സെറ്റര്‍ ബ്ലോക്ക് ബസ്റ്റര്‍ നിവിന്‍ പോളിക്ക് മലയാളത്തിന് പുറമേ തമിഴിലും ജനപ്രിയത നേടിക്കൊടുത്തിരുന്നു. ഈ വര്‍ഷത്തെ നിവിന്‍ പോളിയുടെ പ്രധാന റിലീസായിരുന്നു സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവ്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന റിലീസിന് ശേഷം ഒരു വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് തിയറ്ററുകളിലെത്തിയ നിവിന്‍ പോളി ചിത്രവുമായിരുന്നു സഖാവ്. വിഷു റിലീസായി തിയറ്ററുകളിലെത്തിയ സഖാവ് കൈകാര്യം ചെയ്ത വിഷയം ചര്‍ച്ചയായെങ്കിലും നിവിന്റെ താരമൂല്യത്തിനൊത്ത വിജയം കൈവരിക്കാനായില്ല.

സിനിമ സമ്മിശ്ര പ്രതികരണമാണ് തിയറ്റുകളില്‍ നേടിയത്. മുന്‍ ചിത്രങ്ങളായ പ്രേമം, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നിവയുമായി തട്ടിച്ചുനോക്കുമ്പോള്‍ ആവറേജ് വിജയം മാത്രമാണ് സിനിമ. സിദ്ധാര്‍ത്ഥ ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 2.58ലക്ഷം ഇനീഷ്യല്‍ കളക്ഷനായി നേടിയിരുന്നു. 12 കോടി 25 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോക്‌സ് ഓഫീസിലും പ്രതിഛായ തകര്‍ന്ന് ദിലീപ്

അവധിക്കാല റിലീസുകളില്‍ മുന്‍വര്‍ഷങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത് ദിലീപിനായിരുന്നു. ഇത്തവണ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ദിലീപ് ചിത്രമാണ് ഈ സീസണില്‍ എത്തിയത്. ഇത്തവണ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത ജോര്‍ജ്ജേട്ടന്‍സ് പൂരം ഇനീഷ്യല്‍ കളക്ഷനായി 1.75 കോടിയാണ് നേടിയത്. 7.16 കോടിയാണ് പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ സിനിമ നേടിയത്. ദിലീപ് അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായ രാമലീല എന്ന സിനിമയുടെ റിലീസും അനിശ്ചിതത്വത്തിലായി. 50 കോടിക്ക് മുകളിലാണ് ദിലീപ് അറസ്റ്റിലായതോടെ ചലച്ചിത്ര മേഖലയ്ക്കുണ്ടായ നഷ്ടം.

വൈഡ് റിലീസുകളിലൂടെയും ഓവര്‍സീസ് റിലീസിലൂടെയും നേട്ടം

നൂറ് തിയറ്ററുകള്‍ ലഭിച്ചാല്‍ വൈഡ് റിലീസായി പരിഗണിക്കുകയും വന്‍ നേട്ടമെന്ന് ചിന്തിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിന്ന് മികച്ച ഓപ്പണിംഗിന് 200ല്‍ കൂടുതല്‍ തിയറ്ററുകള്‍ എന്നതിലേക്ക് മലയാള സിനിമ എത്തിയിട്ടുണ്ട്. ബാഹുബലി 300നടുത്ത് തിയറ്ററുകളിലെത്തിയപ്പോള്‍ പ്രധാന അവധിക്കാല റിലീസുകള്‍ മിക്കവയും 200 നടുത്ത് സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ദി ഗ്രേറ്റ് ഫാദര്‍ 202 ഉം, 1971 ബിയോണ്ട് ദ ബോര്‍ഡേര്‍സ് 193ഉം, കോമ്രേഡ് ഇന്‍ അമേരിക്ക 200 ഉം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ഓവര്‍സീസ് റിലീസിലൂടെ മലയാള സിനിമ വലിയ നേട്ടമുണ്ടാക്കുന്ന കാഴ്ച പുലിമുരുകന്‍ എന്ന സിനിമയുടെ ബ്രഹ്മാണ്ഡ വിജയം മുതല്‍ ചലച്ചിത്ര ലോകം കണ്ടു.

വിനീത് ശ്രീനിവാസന്‍ നായകനായ രണ്ട് സിനിമകളാണ് ആറ് മാസക്കാലയളവില്‍ എത്തിയത്. എബി, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍. മോട്ടിവേഷണല്‍ ഡ്രാമാ സ്വഭാവത്തില്‍ എബി നല്ല പ്രതികരണമാണ് നേടിയത്. നവാഗതനായ ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്തത്. ആവറേജ് വിജയവുമാണ് ഈ സിനിമ. കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍തോട്ടം എന്ന സിനിമയും കൈകാര്യം ചെയ്ത പ്രമേയത്തിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വലിയ വിജയമായില്ലെങ്കിലും സിനിമ കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മഞ്ജു വാര്യര്‍ നായികയായ കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രവും സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയിരുന്നു. തിയറ്ററുകളില്‍ വലിയ ഓളമുണ്ടാക്കാതെ റിലീസ് ചെയ്ത സിനിമയെ സോഷ്യല്‍ മീഡിയയും ചേര്‍ന്ന് ആഘോഷിച്ച കാഴ്ചയായിരുന്നു രോഹിത് വി എസ് സംവിധാനം ചെയ്ത അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. ഈ സിനിമയും ഒരു വിഭാഗം പ്രേക്ഷകരുടെ കയ്യടിക്ക് പാത്രമായി.ജയറാം ചിത്രം അച്ചായന്‍സ് വിജയം നേടിയതായാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം

അടിതെറ്റിയ അങ്കപ്പുറപ്പാട്, മൂക്കുകുത്തിയ ഫോര്‍മുലാ സിനിമകള്‍

30 കോടിക്ക് മുകളില്‍ ബജറ്റ് അവകാശപ്പെട്ട് തിയറ്ററുകളിലെത്തിയ ജയരാജ് ചിത്രം വീരം വന്‍ തിരിച്ചടിയാണ് തിയറ്ററുകളില്‍ നേടിയത്. സിനിമ അവകാശപ്പെട്ട പുതുമകളോ മികവുകളോ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടില്ല. ഒരു കോടിക്ക് താഴെയാണ് സിനിമ ആകെ പ്രദര്‍ശനത്തിലൂടെ നേടിയതെന്നറിയുന്നു. ഇതരഭാഷാ സിനിമകള്‍ അവതരണത്തിലും കഥ പറച്ചിലിലും പുതുമകള്‍ പരീക്ഷിക്കുമ്പോള്‍ ചവര്‍പ്പന്‍ ഫോര്‍മുലകളിലേക്ക് തിരികെ പോകാന്‍ ശ്രമിച്ച തട്ടുപൊളിപ്പന്‍ തട്ടിക്കൂട്ട് സിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ തിരിച്ചടി നേരിട്ടു. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ സിദ്ദീഖ് ജയസൂര്യയെ നായകനാക്കി ഒരുക്കിയ ഫുക്രി, ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബീ ടു, ജയറാം ചിത്രം സത്യ, മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, മിഥുന്‍ മാനുവല്‍ തോമസ് -സണ്ണി വെയിന്‍ ചിത്രം അലമാര, അവരുടെ രാവുകള്‍, റോള്‍ മോഡല്‍സ്, ജീത്തു ജോസഫ് നിര്‍മ്മിച്ച അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്ത ലക്ഷ്യം, എന്നീ സിനിമകള്‍ തിയറ്ററുകളില്‍ ശ്രദ്ധ നേടാതെ പോയി.

കാലിക രാഷ്ട്രീയത്തില്‍ പൂത്തകാട്, ഗാന്ധിയില്‍ നിന്ന് ഗോഡ്‌സേയിലേക്കും

സമാന്തര സിനിമകളുടെ നിരയില്‍ നിന്ന് ഡോ. ബിജു ചിത്രം കാട് പൂക്കുന്ന നേരം, ഷെറിയുടെ ഗോഡ്‌സേ, പി ടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂര്‍വം മന്‍സൂര്‍, ആര്‍ ശരതിന്റെ സ്വയം, ആറടി, കാംബോജി, സമര്‍പ്പണം എന്നീ സിനിമകളാണ് എത്തിയത്. നിലമ്പൂര്‍ കൊലയുടെ പശ്ചാത്തലത്തില്‍ കാട് പൂക്കുന്ന നേരം ചര്‍ച്ച ചെയ്യപ്പെട്ടു. ഈ കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയും കാട് പൂക്കുന്ന നേരം ആണ്. ഷെറിയുടെ ഗോഡ്‌സേ, ആറടി എന്നീ സിനിമകളും കൈകാര്യം ചെയ്ത രാഷ്ട്രീയത്തിന്റെ പേരില്‍ ചര്‍ച്ചയായി.

മറുഭാഷാ സിനിമകളില്‍ തലയുയര്‍ത്തി ബാഹുബലി സെക്കന്‍ഡ്

രജനീകാന്ത്, വിജയ്, സൂര്യ ചിത്രങ്ങള്‍ തമിഴില്‍ നിന്നും അല്ലു അര്‍ജ്ജുന്‍ ചിത്രങ്ങള്‍ തെലുങ്കില്‍ നിന്നും കേരളത്തിലെത്തി വിജയം കൊയ്തിട്ടുണ്ട്. എന്നാല്‍ മുന്‍കാല വിജയങ്ങളെയെല്ലാം അപ്രസക്തമാക്കിയ നേട്ടമാണ് ബാഹുബലി രണ്ടാം പതിപ്പ് കേരളത്തില്‍ നിന്ന് നേടിയത്. ഈ വര്‍ഷം ഇതുവരെയുള്ള മലയാളം റിലീസുകള്‍ പരിഗണിച്ചാല്‍ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് നേട്ടം ബാഹുബലി രണ്ടാം ഭാഗത്തിനാണ്. ഈ കാലയളവില്‍ റിലീസ് ചെയ്ത സൂര്യയുടെ സിങ്കം ത്രീ, വിജയ് ചിത്രം ഭൈരവാ എന്നിവ നേട്ടമായില്ല. ഷാരൂഖ് ഖാന്‍ നായകനായ റയീസ്, ആര്യയുടെ തമിഴ് ചിത്ര കടമ്പന്‍, ജയം രവിയുടെ ബോഗന്‍, നയന്‍ താരയുടെ ഹൊറര്‍ ചിത്രം ഡോറ, മണിരത്‌നം ചിത്രം കാറ്റ്രു വെളിയിടെ എന്നീ സിനിമകളും കനത്ത പരാജയങ്ങളായി.