മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര്? മുന്‍നിര താരങ്ങള്‍ ഈടാക്കുന്ന തുക 

January 7, 2017, 5:32 pm
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര്? മുന്‍നിര താരങ്ങള്‍ ഈടാക്കുന്ന തുക 
Film Debate
Film Debate
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര്? മുന്‍നിര താരങ്ങള്‍ ഈടാക്കുന്ന തുക 

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര്? മുന്‍നിര താരങ്ങള്‍ ഈടാക്കുന്ന തുക 

ബോളിവുഡിനെയും തമിഴിനെയും അപേക്ഷിച്ച് താരതമ്യേന ചെറിയ ചലച്ചിത്രമേഖലയാണ് മലയാളം. തമിഴിലെയും ഹിന്ദിയിലെയും സൂപ്പര്‍താരങ്ങളുടെ പ്രതിഫല തുകയില്‍ മലയാളത്തില്‍ നാലോ അഞ്ചോ ബിഗ് ബജറ്റ് സിനിമകള്‍ ഒരുക്കാം. മലയാളത്തിലെ മുന്‍ നിര താരങ്ങളുടെ നിലവിലെ പ്രതിഫലം നോക്കാം.മോഹന്‍ലാലാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. യുവതാരങ്ങളില്‍ പൃഥ്വിരാജും. സ്വഭാവ കഥാപാത്രങ്ങളാകുന്ന നടീനടന്‍മാരും ഹാസ്യതാരങ്ങളും ദിവസ കണക്കിന് പ്രതിഫലം വാങ്ങുന്നവരാണ് ഏറെയും. 'പുലിമുരുകനി'ലൂടെ കളക്ഷനില്‍ 150 കോടി പിന്നിട്ടിരുന്നു മലയാളസിനിമ. തമിഴിനോടോ തെലുങ്കിനോടോ കിടപിടിക്കുന്നതല്ലെങ്കിലും മലയാള താരങ്ങളുടെ പ്രതിഫലത്തിലും വലിയ മാറ്റമുണ്ട്. നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരിലൂടെയും സമാഹരിച്ചതാണ് ഈ പ്രതിഫല പട്ടിക.

മോഹന്‍ലാല്‍- 4 മുതല്‍ 8 കോടി വരെ

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം മോഹന്‍ലാലിന്റേതാണ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലുണ്ടായ സ്വീകാര്യതയും പുലിമുരുകന്‍ എന്ന സിനിമയുടെ വിജയവും മോഹന്‍ലാലിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 2015ല്‍ മൂന്ന് കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. ഇതില്‍ എഴുപത് ശതമാനം മുന്‍കൂറായി നല്‍കണം. ജനതാ ഗാരേജിനും പുലിമുരുകനും പിന്നാലെ മോഹന്‍ലാല്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് എട്ട് കോടിയും മലയാളം പ്രൊജക്ടുകള്‍ക്ക് നാല് മുതല്‍ അഞ്ച് കോടി വരെയുമാണ് ഈടാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലാണ് അഞ്ച് കോടി.

മമ്മൂട്ടി- 2 മുതല്‍ 3 കോടി വരെ

തീയേറ്ററുകളില്‍ ആളെക്കൂട്ടിയ 'ദി ഗ്രേറ്റ് ഫാദറി'ന് മുന്‍പുവരെ മമ്മൂട്ടിയുടെ പ്രതിഫലം 2.2.50 കോടിയായിരുന്നു. 'ഭാസ്‌കര്‍ ദി റാസ്‌കലി'ന് പിന്നാലെയാണ് 2.5 കോടിയിലേക്ക് മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തിയത്. 'ഗ്രേറ്റ് ഫാദറി'ന്റെ വിജയത്തിന് പിന്നാലെ അദ്ദേഹം പ്രതിഫലം 3 കോടിയായി ഉയര്‍ത്തിയിട്ടുമുണ്ട്. മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ ഇപ്പോള്‍ 'ഗ്രേറ്റ് ഫാദറി'ന്റെ പേരിലാണ്. 4.31 കോടിയാണ് ചിത്രം റിലീസ് ദിനത്തില്‍ നേടിയത്.

ദിലീപ്- 2 മുതല്‍ 2.5 കോടിവരെ (വിതരണാവകാശവും)

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ പരിഗണിച്ചാല്‍ ആഘോഷ സീസണുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ നടനാണ് ദിലീപ്. 2 കോടി പ്രതിഫലമായും ഇതിന് പുറമേ ഓവര്‍സീസ് -മധ്യകേരളാ വിതരണ അവകാശങ്ങളും ദിലീപ് വാങ്ങാറുണ്ട്. പ്രതിഫലത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ദിലീപിന്റെ സ്ഥാനം.

പൃഥ്വിരാജ് സുകുമാരന്‍- ഒന്നര മുതല്‍ രണ്ട് കോടി വരെ

മലയാളത്തില്‍ പ്രതിഫലത്തില്‍ നാലാം സ്ഥാനം പൃഥ്വിരാജിനാണ്. സ്വന്തം നിര്‍മ്മാണത്തിലുള്ള ചിത്രമല്ലെങ്കില്‍ ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. സിനിമയുടെ ബജറ്റും പ്രതിഫലകാര്യത്തില്‍ പൃഥ്വി പരിഗണിക്കാറുണ്ട്. വമ്പന്‍ ബജറ്റിലുള്ള ചിത്രവും കൂടുതല്‍ ദിവസങ്ങളില്‍ ചിത്രീകരണവുമാണെങ്കില്‍ രണ്ട് കോടിയാണ് പ്രതിഫലം. കര്‍ണന്‍ പോലുള്ള ബിഗ് ബജറ്റ് സിനിമകളുടെ കാര്യത്തില്‍ ഇതാവില്ല പ്രതിഫലം. ബോളിവുഡ്-തമിഴ് പ്രൊജക്ടുകളില്‍ മലയാളത്തെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് പൃഥ്വിരാജ് ഈടാക്കുന്നത്.

നിവിന്‍ പോളി - ഒരു കോടി

മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയ പ്രേമം എന്ന സിനിമയാണ് നിവിന്‍ പോളിയുടെ താരമൂല്യവും വിപണിമൂല്യവും ഉയര്‍ത്തിയത്. അമ്പത് ലക്ഷം പ്രതിഫലമായി വാങ്ങിയിരുന്ന നിവിന്‍ പോളി തമിഴിലും മാര്‍ക്കറ്റ് സൃഷ്ടിക്കപ്പെട്ടതോടെ പ്രതിഫലം ഉയര്‍ത്തി. ഒരു കോടിയാണ് നിവിന്‍റെ പ്രതിഫലം. പ്രേമത്തിന് തൊട്ടുപിന്നാലെ നിവിന്‍ നായകനായ ചിത്രം സ്വന്തം നിര്‍മ്മാണ സഹകരണത്തില്‍ ഉള്ളതായിരുന്നു. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ സിനിമകളില്‍ പ്രതിഫലം മലയാളത്തേക്കാള്‍ ഇരട്ടിയായിരിക്കും.

ദുല്‍ഖര്‍ സല്‍മാന്‍- 75 ലക്ഷം

2016ല്‍ വമ്പന്‍ വിജയങ്ങള്‍ ഇല്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം 75 ലക്ഷമായി ഉയര്‍ത്തിയത് ഇതേ വര്‍ഷമാണ്. നിലവിലുള്ള ദുല്‍ഖര്‍ പ്രൊജക്ടുകളിലേറെയും വന്‍ പ്രതീക്ഷയിലുള്ളതാണ്. ഈ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികവ് തെളിയിച്ചാല്‍ നിവിന്‍ പോളിക്കൊപ്പമോ മുകളിലോ ദുല്‍ഖറിന്റെ പ്രതിഫലമെത്തും. മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കുന്നത് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കാണ്. മലയാളത്തിന് പുറമേ തമിഴിലും ദുല്‍ഖര്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

ബിജു മേനോന്‍- 75 ലക്ഷം

വെള്ളിമൂങ്ങയുടെ വിജയമാണ് ബിജു മേനോന്റെ താരമൂല്യം ഇരട്ടിപ്പിച്ചത്. അമ്പത് ലക്ഷത്തില്‍ നിന്ന് 75 ലക്ഷത്തിലേക്ക് താരത്തിന്റെ പ്രതിഫലം ഉയര്‍ന്നു. അനുരാഗ കരിക്കിന്‍ വെള്ളം 2016ല്‍ സൂപ്പര്‍ഹിറ്റായതോടെ സോളോ ഹീറോ പ്രൊജക്ടുകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാനും താരം തീരുമാനിച്ചെന്നറിയുന്നു. അടുത്തിടെ പുറത്തെത്തിയ രഞ്ജന്‍ പ്രമോദിന്റെ 'രക്ഷാധികാരി ബൈജു'വും തീയേറ്ററുകളില്‍ വിജയം കണ്ടു.

ഫഹദ് ഫാസില്‍- 65 മുതല്‍ 75 ലക്ഷം വരെ

2011 മുതല്‍ 2012 വരെ യുവതാരങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടായിരുന്ന അഭിനേതാവായിരുന്നു ഫഹദ്. പുതുതലമുറ സംവിധായകര്‍ക്കും മുതിര്‍ന്ന സംവിധായകര്‍ക്കും പുതിയൊരു സിനിമ ആലോചിക്കാന്‍ ഫഹദ് നായകനായി നിര്‍ബന്ധമായിരുന്നു. 2013ലും തുടര്‍വര്‍ഷങ്ങളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഫഹദിന്റെ താരമൂല്യം ഇടിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലൂടെ ബോക്‌സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 75 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. തമിഴില്‍ ത്യാഗരാജന്‍ കുമാരരാജയുടെ സിനിമയില്‍ നായകനായും, മോഹന്‍രാജയുടെ ചിത്രത്തില്‍ വില്ലനായും 2017ല്‍ ഫഹദ് അഭിനയിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം ടീമിന്റെ പുതിയ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും തീയേറ്ററുകളില്‍ തുടരുന്നു.

സുരേഷ് ഗോപി- 70 ലക്ഷം

വര്‍ഷങ്ങളായി വിജയചിത്രങ്ങളില്ലെങ്കിലും അവസാനമായി അഭിനയിച്ച രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ സിനിമകള്‍ക്ക് എഴുപത് ലക്ഷത്തിനടുത്താണ് സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയത്. തമിഴില്‍ ഐ എന്ന സിനിമയിലെ വില്ലന്‍ വേഷവും താരം പ്രതിഫലം ഉയര്‍ത്താനുള്ള കാരണമായി. ലേലം രണ്ടാം ഭാഗമാണ് സുരേഷ് ഗോപിയുടെ 2017ലെ റിലീസ്.

ടോവിനോ തോമസ്- 50 ലക്ഷം

സ്വഭാവ കഥാപാത്രങ്ങളില്‍ നിന്ന് നായകനായി ഉയര്‍ന്ന ടോവിനോ തോമസിന് ഗപ്പി എന്ന ചിത്രമാണ് 2016ല്‍ ഉണ്ടായിരുന്നത്. 30 ലക്ഷമാണ് ഈ സമയം ടോവിനോയുടെ പ്രതിഫലം. ആഷിക് അബു സംവിധാനം ചെയ്യുന്ന മായാ നദിയിലും ടോവിനോയാണ് ഹീറോ. ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് പിന്നാലെയാണ് ടൊവീനോയുടെ പ്രതിഫലം ഉയര്‍ന്നത്.

ജയസൂര്യ- 60 ലക്ഷം

വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കയ്യടി വാങ്ങിയ നടനാണ് ജയസൂര്യ. ഹിറ്റ് ചാര്‍ട്ടില്‍ അമര്‍ അക്ബര്‍ അന്തോണിയും പ്രേതവും സു സു സുധീ വാല്‍മീകവുമാണ് സമീപകാലത്ത് ഉള്ളത്. 50 മുതല്‍ 60 ലക്ഷം വരെയാണ് ജയസൂര്യയുടെ പ്രതിഫലം.

കുഞ്ചാക്കോ ബോബന്‍- 60 ലക്ഷം

2016ല്‍ ഹിറ്റുകളില്ലാത്ത കുഞ്ചാക്കോ ബോബന്‍ പ്രതിഫലവും ഉയര്‍ത്തിയിട്ടില്ല. 50-60 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ക്ക് ഈടാക്കുന്നത്. രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള രാജേഷ് പിള്ള പ്രൊഡക്ഷന്‍സിന് വേണ്ടിയുള്ള ടേക്ക് ഓഫ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.

ജയറാം- 50 ലക്ഷം

വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ വിജയം കൈവരിച്ച ജയറാം ചിത്രമായിരുന്നു ആട് പുലിയാട്ടം. നൂറ് ശതമാനം വിജയസാധ്യതയുള്ള സിനിമകളിലാണ് ശ്രദ്ധയെന്ന് പ്രഖ്യാപിച്ച ജയറാം 50 ലക്ഷമാണ് രണ്ട് വര്‍ഷത്തോളമായി പ്രതിഫലമായി വാങ്ങുന്നത്.

ആസിഫ് അലി- 35 ലക്ഷം

അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ വിജയത്തിന് പിന്നാലെയെത്തിയ 'ഹണി ബീ 2' പരാജയം രുചിച്ചു. സണ്‍ഡേ ഹോളിഡേ എന്ന ചിത്രം ഭേദപ്പെട്ട കളക്ഷന്‍ നേടി. പ്രതീക്ഷയുള്ള ഒരുപിടി പ്രോജക്ടുകള്‍ ആസിഫിന്റേതായി വരാനുണ്ട്. രതീഷ് കുമാറിന്റെ 'തൃശിവ പേരൂര്‍ ക്ലിപ്തം', അരുണ്‍കുമാര്‍ അരവിന്ദിന്റെ 'കാറ്റ്' എന്നിവ അവയില്‍ ചിലത്. 35 ലക്ഷമാണ് ആസിഫലിയുടെ പ്രതിഫലം.

ഉണ്ണി മുകുന്ദന്‍- 30 ലക്ഷം

മലയാളത്തില്‍ സ്റ്റൈല്‍, ഒരു മുറൈ വന്ത് പാര്‍ത്തായ എന്നീ സിനിമകളായിരുന്നു ഉണ്ണി 2016ല്‍ അഭിനയിച്ചത്. തെലുങ്കില്‍ ജനതാ ഗാരേജിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌കാ ഷെട്ടിക്കൊപ്പം പുതിയൊരു പ്രൊജക്ടില്‍ ഉണ്ണി അഭിനയിക്കുന്നു. ഭാഗ്മതി എന്ന് പേരിട്ട സിനിമയില്‍ ജയറാമാണ് വില്ലന്‍. 30 ലക്ഷമാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം എന്നറിയുന്നു.

നയന്‍താര- ഒരു കോടി

തമിഴില്‍ നായികമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വീകരിക്കുന്ന അഭിനേത്രിയാണ് നയന്‍താര. 2015ലും 2016ലും തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ ലഭിച്ചതും സോളോ ഹീറോയിന്‍ പ്രൊജക്ടുകളില്‍ വിജയം കൈവരിച്ചതും നയന്‍സിന്റെ പ്രതിഫല വര്‍ധനയ്ക്ക് കാരണമായി. തമിഴിലെ തിരക്കിനിടയിലും നല്ല പ്രൊജക്ടാണെങ്കില്‍ മലയാളത്തിന്റെ ഭാഗമാകാറുണ്ട് നയന്‍താര. മലയാളത്തില്‍ സമീപ കാലത്ത് അഭിനയിച്ച രണ്ട് പ്രൊജക്ടുകളില്‍ 75 ലക്ഷവും ഒരു കോടിയുമാണ് നയന്‍താര പ്രതിഫലമായി ഈടാക്കിയത്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തില്‍ അഭിനയിച്ചതിന് 1 കോടിയാണ് നയന്‍സ് വാങ്ങിയതെന്ന് അറിയുന്നു.

മഞ്ജു വാര്യര്‍- 65-70 ലക്ഷം

രണ്ടാം വരവില്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം വന്‍വിജയങ്ങള്‍ ഇല്ലെങ്കിലും മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ളത് മഞ്ജുവിനാണ്. മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള പ്രോജക്ടുകള്‍ അണിയറയില്‍ നിരവധി ഒരുങ്ങുന്നുമുണ്ട്. 65 മുതല്‍ 70 ലക്ഷം വരെയാണ് മഞ്ജു വാര്യരുടെ പ്രതിഫലം.

ഹണി റോസ്- 8 ലക്ഷം

ഹണി റോസ് എട്ട് ലക്ഷം രൂപയാണ് ഒരു സിനിമയുടെ പ്രതിഫലമായി വാങ്ങുന്നത്. ഇപ്പോള്‍ തീയേറ്ററുകളിലുള്ള ഒമര്‍ ലുലുവിന്റെ 'ചങ്ക്‌സ്' ബോക്‌സ്ഓഫീസില്‍ ചലനമുണ്ടാക്കുന്നുണ്ട്.

കാവ്യാ മാധവന്‍- 8 ലക്ഷം

സിനിമയുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് കാവ്യാ മാധവന്‍ ഇപ്പോള്‍. 2016ല്‍ അടൂരിന്റെ പിന്നെയും കൂടാതെ ആകാശ് വാണിയും കാവ്യയുടെ ചിത്രങ്ങളായെത്തി. എട്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് കാവ്യയുടെ പ്രതിഫല തുക.

നമിതാ പ്രമോദ്

മലയാളത്തിന് പുറമേ തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച നമിതാ പ്രമോദ് മലയാളത്തില്‍ 10 ലക്ഷമായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്. തെലുങ്കില്‍ 20 ലക്ഷമാണ് നമിതയുടെ പ്രതിഫലം എന്നറിയുന്നു.