2016 ലെ വിജയ ചിത്രങ്ങളും വന്‍ പരാജയങ്ങളും, വാര്‍ഷിക കണക്കെടുപ്പ് 

January 10, 2017, 6:12 pm
2016 ലെ വിജയ ചിത്രങ്ങളും വന്‍ പരാജയങ്ങളും, വാര്‍ഷിക കണക്കെടുപ്പ് 
Film Debate
Film Debate
2016 ലെ വിജയ ചിത്രങ്ങളും വന്‍ പരാജയങ്ങളും, വാര്‍ഷിക കണക്കെടുപ്പ് 

2016 ലെ വിജയ ചിത്രങ്ങളും വന്‍ പരാജയങ്ങളും, വാര്‍ഷിക കണക്കെടുപ്പ് 

ബോക്സ് ഓഫീസ് കണക്കെടുപ്പില്‍ മലയാള സിനിമയുടെ ഉയിര്‍പ്പിന്റെ വര്‍ഷമായിരുന്നു 2015. സമീപവര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ സിനിമാകൊട്ടകകള്‍ വീണ്ടും നിറഞ്ഞുകവിഞ്ഞ വര്‍ഷം. 600-650 കോടി രൂപയോളം സിനിമാ നിര്‍മ്മാണത്തിനായി മുതല്‍മുടക്കിയപ്പോള്‍ പതിമൂന്ന് ചിത്രങ്ങളാണ് വിജയം നേടിയത്. എന്നാല്‍ വിജയശതമാനവും മലയാള സിനിമയുടെ വാണിജ്യനേട്ടവും മുന്‍വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന വര്‍ഷമാണ് 2016. ഗ്രോസ് കളക്ഷനായി 50 കോടി അതിശയ വിജയമായി കാണുന്ന മലയാള സിനിമ 150 കോടിയെന്ന സ്വപ്‌നനേട്ടത്തിലേക്ക് വിപണി വിപൂലീകരിച്ചത് പോയ വര്‍ഷമാണ്. സാറ്റലൈറ്റ് വിപണിയെ ആശ്രയിച്ച് മുതല്‍മുടക്കുന്ന ചലച്ചിത്രമേഖല 25 കോടിക്ക് മുകളിലുള്ള സിനിമകളില്‍ ആത്മവിശ്വാസത്തോട് മുതല്‍മുടക്കാന്‍ തയ്യാറാകുന്നുവെന്നതും 2016ലെ കാഴ്ചയാണ്. 50 കോടിയും 100 കോടിയും മുടക്കുമുതലുള്ള സിനിമകളെക്കുറിച്ച് മലയാളം സംസാരിച്ചു തുടങ്ങിയിരിക്കുന്നു.

121 സിനിമകള്‍ തിയറ്ററുകളിലെത്തിയ 2016ല്‍ നിര്‍മ്മാതാക്കളുടെ അവകാശവാദം പരിഗണിച്ചാല്‍ വിജയം വരിച്ചത് 22 സിനിമകളാണ്. 2016ന്റെ ആദ്യപകുതിയില്‍ എട്ട് വിജയചിത്രങ്ങള്‍ പിറന്നപ്പോള്‍ രണ്ടാം പകുതിയെ പുലിമുരുകന്‍ വിഴുങ്ങി. തുടര്‍ന്നുള്ള റിലീസുകളില്‍ രണ്ട് ചിത്രങ്ങള്‍ വിജയം നേടി. വിദേശ റിലീസിലേക്ക് കൂടുതല്‍ രാജ്യങ്ങളിലെ സെന്ററുകള്‍ ലഭ്യമായതും റീമേക്ക് അവകാശത്തിന് സാധ്യത ഉയര്‍ന്നതും മലയാള ചലച്ചിത്രമേഖലയ്ക്ക് പുത്തന്‍ ഉണര്‍വായിട്ടുണ്ട്.

നിവിന്‍ പോളിയും പൃഥ്വിരാജും 2014ലും 2015ലും അധീനതയിലാക്കിയ മലയാളം ബോക്‌സ് ഓഫീസിനെ മോഹന്‍ലാല്‍ ചരിത്രവിജയവുമായി സ്വന്തം പേരിലെഴുതിച്ചേര്‍ത്ത വര്‍ഷമായിരുന്നു 2016. ദക്ഷിണേന്ത്യന്‍ ബോക്‌സ് ഓഫിസിലെ തന്നെ പ്രധാന വിജയമായി മാറി മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. ജനതാ ഗാരേജ്, വിസ്മയം എന്നീ സിനിമകളിലൂടെ തെലുങ്കിലും സ്വീകാര്യത സ്വന്തമാക്കി മോഹന്‍ലാല്‍. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 27 കോടി മുതല്‍മുടക്കും 3 കോടിയോളം പരസ്യചെലവുകളുമുള്ള പുലിമുരുകന്‍ 150 കോടി പിന്നിട്ട് മലയാള സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 70 കോടിയോളം നേടിയ ഒപ്പം എന്ന സിനിമയും മോഹന്‍ലാലിനെ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളുടെ ശില്‍പ്പിയാക്കി. സമീപകാലത്ത് തിരുത്താന്‍ പ്രയാസമുള്ള ബോക്‌സ് ഓഫീസ് നേട്ടമാണ് ദൃശ്യം എന്ന സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാല്‍ എഴുതിച്ചേര്‍ത്തത്. 8 കോടിക്ക് മുകളിലാണ് പുലിമുരുകന് സാറ്റലൈറ്റ് അവകാശമായി ലഭിച്ചതെന്നും അറിയുന്നു. മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് പുലിമുരുകന്‍ 100 കോടി പിന്നിട്ടത്. മോഹന്‍ലാലിന്റെ മനമന്ദ എന്ന തെലുങ്ക് സിനിമയുടെ മലയാളം പതിപ്പായ വിസ്മയം അഭിപ്രായം നേടിയെങ്കിലും വിജയം നേടിയില്ല. ജനതാ ഗാരേജ് തെലുങ്കില്‍ ബ്ലോക്ക് ബസ്റ്ററായി മാറിയെങ്കിലും രണ്ടാഴ്ചയോളമാണ് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്.

പാവാടത്തുടക്കം

ജനുവരിയില്‍ 13 റിലീസുകള്‍ ഉണ്ടായെങ്കിലും വിജയമായത് പൃഥ്വിരാജ് ചിത്രം പാവാട മാത്രമാണ്. എന്ന് നിന്റെ മൊയ്തീനിലൂടെ പൃഥ്വി ബോക്‌സ് ഓഫീസിലുണ്ടാക്കിയ കുതിപ്പിനൊത്ത വിജയമായില്ലെങ്കിലും പാവാട ഹിറ്റായി. ചുരുങ്ങിയ കേന്ദ്രങ്ങളില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ പാവാട 16 കോടി 34 ലക്ഷം രൂപാ ഗ്രോസ് കളക്ഷനായി നേടി. 7 കോടി 17 ലക്ഷമാണ് നിര്‍മ്മാതാവിനുള്ള ഷെയര്‍. സാറ്റലൈറ്റ് അവകാശത്തിലൂടെയും പാവാട മികച്ച തുക സ്വന്തമാക്കി. പൃഥ്വിരാജിന്റെ കരിയറിലെ തുടര്‍ച്ചയായ വിജയങ്ങളും താരത്തിന് മേല്‍ പ്രേക്ഷകരിലുണ്ടായ വമ്പന്‍ പ്രതീക്ഷയുമാണ് സമ്മിശ്രപ്രതികരണത്തിനിടെയും പാവാടയെ തുണച്ചത്. ജി മാര്‍ത്താണ്ടന്‍ എന്ന സംവിധായകന്‍ മുന്‍ ചിത്രമായ അച്ഛാദിനിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളെ പാവാടയുടെ വിജയത്തോടെ അതിജീവിച്ചു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് പാവാട നിര്‍മ്മിച്ചത്. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ബാനറായ ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച് ജിജോ ആന്റണി സംവിധാനം ചെയ്ത ഡാര്‍വിന്റെ പരിണാമം, സുജിത് വാസുദേവ് സംവിധാനം ചെയ്ത ജെയിംസ് ആന്‍ഡ് ആലീസ് എന്നിവയായിരുന്നു പൃഥ്വിയുടെ തുടര്‍റിലീസുകള്‍. നല്ല ഇനീഷ്യല്‍ കളക്ഷന്‍ നേടിയെങ്കിലും ഡാര്‍വിന്റെ പരിണാമം പ്രേക്ഷകര്‍ നിരാകരിച്ചു. 7 കോടി ആറ് ലക്ഷം രൂപയാണ് ചിത്രത്തിന്റെ ടോട്ടല്‍ ഗ്രോസ് എന്നാണ് റിപ്പോര്‍ട്ട്. ഫാമിലി എന്റര്‍ടെയിനര്‍ ഗണത്തിലെത്തിയ ജയിംസ് ആന്‍ഡ് ആലീസിനും വിജയമുണ്ടാക്കാനായില്ല.

ബിജുവും മഹേഷും ജേക്കബും സ്വന്തമാക്കിയ അവധിക്കാലം

ആക്ഷന്‍ ഹീറോ ബിജുവും, മഹേഷിന്റെ പ്രതികാരവും, പാവാടയുമാണ് 2016 ന്റെ ആദ്യപകുതിയിലെ വിജയങ്ങള്‍. ഫെബ്രുവരിന് നാലിന് റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജു പ്രേമം എന്ന ചിത്രം വമ്പന്‍ ഹിറ്റായതിന് പിന്നാലെയെത്തിയ നിവിന്‍ പോളി ചിത്രമായിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷമെത്തിയ നിവിന്‍ പോളി ചിത്രം. ആക്ഷന്‍ ഹീറോ ബിജു. 131 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം നാല് ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് മാത്രം 4 കോടി 36 ലക്ഷം രൂപ ഗ്രോസ് കളക്ഷനായി നേടി. നൂറാം ദിനത്തിലെത്തിയപ്പോള്‍ 32 കോടി 45ലക്ഷം രൂപാ ചിത്രം നേടിയെന്നാണ് അറിയുന്നത്. തമിഴ്നാട്ടിലും പന്ത്രണ്ട് തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഓവര്‍സീസ് റിലീസിലും ആക്ഷന്‍ ഹീറോ ബിജു നേട്ടമുണ്ടാക്കി. ഷിബു തെക്കുമ്പുറം,എബ്രിഡ് ഷൈന്‍ എന്നിവരുടെ ഫുള്‍ ഓണ്‍ സിനിമാസും നിവിന്‍ പോളിയും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ആക്ഷന്‍ ഹീറോ ബിജു നിര്‍മ്മിച്ചത്.

ഫഹദ് ഫാസിലിന്റെ വമ്പന്‍ തിരിച്ചുവരവും, മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് ദിലീഷ് പോത്തന്‍ എന്ന നവാഗതന്റെ കടന്നുവരവിനുമാണ് മഹേഷിന്റെ പ്രതികാരം സാക്ഷിയായത്. വന്‍പ്രചരണമൊന്നുമില്ലാതെ ചിത്രീകരിക്കുകയും റിലീസിനെ തയ്യാറെടുക്കുകയും ചെയ്ത മഹേഷിന്റെ പ്രതികാരം ആദ്യ ട്രെയിലറും പാട്ടുകളും പുറത്തുവന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് റിലീസ് ചെയ്തത്. ഫെബ്രുവരി അഞ്ചിന് 67 തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ അറുപത് ലക്ഷത്തിനടുത്ത് മാത്രമാണ് ആദ്യ ദിനം സ്വന്തമാക്കിയത്. ഫഹദ് ഫാസില്‍ ചിത്രങ്ങളുടെ സമീപകാലപരാജയവും ചിത്രത്തിന്റെ ഇനീഷ്യല്‍ കുറയാന്‍ കാരണമായിരുന്നു. ആദ്യദിനത്തിന് ശേഷം മൗത്ത് പബ്ലിസിറ്റിയിലൂടെയും സോഷ്യല്‍ മീഡിയാ പിന്തുണയോടെയും സിനിമ വന്‍കുതിപ്പ് നടത്തി. നെഗറ്റീവ് അഭിപ്രായമില്ലാതെ തിയറ്ററുകളില്‍ സ്വീകരണമേറ്റു വാങ്ങിയ സമീപകാലചിത്രവുമായിരുന്നു മഹേഷിന്റെ പ്രതികാരം. ഒരാഴ്ചയ്ക്കം പതിനൊന്ന് തിയറ്ററുകളിലേക്ക് കൂടി ചിത്രം പ്രദര്‍ശനം വ്യാപിപ്പിച്ചു. കേരളത്തിന് പുറത്തേക്ക് മൂന്നാംവാരമായപ്പോഴേക്കും ചിത്രമെത്തി. മൂന്നാഴ്ച കൊണ്ട് പത്ത് കോടി രൂപാ തിയറ്ററുകളില്‍ നിന്ന് ചിത്രം ഗ്രോസ് കളക്ഷനായി നേടി. പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രം 30 കോടി രൂപാ തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയെന്നറിയുന്നു. ഓവര്‍സീസ് റിലീസിലും സാറ്റലൈറ്റ് അവകാശത്തിലും ചിത്രം നേട്ടമുണ്ടാക്കി.

അവധിക്കാല ബോക്സ് ഓഫീസിന്റെ കുത്തക ദിലീപ് എന്ന താരത്തിനായിരുന്നു. ക്രിസ്മസ് റിലീസുകളില്‍ ദിലീപിന്റെ ടു കണ്ട്രീസ് വന്‍ നേട്ടവുമുണ്ടാക്കിയിരുന്നു. 2016ന്റെ തുടക്കത്തിലും ഈ ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. വിഷുറിലീസായെത്തിയ കിംഗ് ലയറാണ് ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്. 22 വര്‍ഷത്തിന് ശേഷം സിദ്ദീക്ക്ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം എന്ന തലവാചകവും ദിലീപ് എന്ന ഉത്സവകാലചിത്രങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറുടെ സാന്നിധ്യവുമാണ് കിംഗ് ലയറിനെ തുണച്ചത്. തരക്കേടില്ലാത്ത ദിലീപ് ചിത്രം എന്ന അഭിപ്രായം നേടിയിട്ടും ഏപ്രില്‍ 2ന് 127 തിയറ്ററുകളിലായി റിലീസ് ചെയ്ത കിംഗ് ലയര്‍ ഇരുപത് ദിവസം പിന്നിട്ടപ്പോള്‍ 14കോടി 25 ലക്ഷം ഗ്രോസ് കളക്ഷനായി നേടി. 30 കോടിയോളം ഈ സിനിമ ഗ്രോസ് കളക്ഷനായി നേടി. ഒരു കോടി 52 ലക്ഷം രൂപയാണ് ആദ്യദിന കളക്ഷനായി ദിലീപ് ചിത്രം തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്. ദിലീപ് ചിത്രത്തിന് ലഭിക്കുന്ന മികച്ച ഇനീഷ്യല്‍ കളക്ഷനുമാണ് കിംഗ് ലയറിന്റേത്. ഓവര്‍ സഅവുസേപ്പച്ചന്‍ വാളക്കുഴിയുടെ അവുസേപ്പച്ചന്‍ മുവീ ഹൗസ് എട്ട് കോടി ബജറ്റിലാണ് കിംഗ് ലയര്‍ നിര്‍മ്മിച്ചത്. 2016ലെ മറ്റ് ദിലീപ് സിനിമകളായ പിന്നെയും, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നിവയും ഗുണമുണ്ടാക്കിയില്ല

ട്രാക്ക് മാറുന്ന ദുല്‍ഖര്‍

വമ്പന്‍ ഹിറ്റുകള്‍ എന്നതിനെക്കാള്‍ വേറിട്ട സ്വഭാവമുള്ള സിനിമകള്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കുന്നു എന്നതിന്റെ പേരിലായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ ഈ വര്‍ഷത്തെ വിലയിരുത്തേണ്ടി വരിക. മലയാളത്തില്‍ മികച്ച ഇനീഷ്യല്‍ കളക്ഷന്‍ തുടര്‍ച്ചയായി നേടുന്ന താരവുമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ചിത്രമായ ചാര്‍ലിയുടെയും മോഹന്‍ലാലിന്റെ ലോഹത്തിന്റെയും ആദ്യ ദിന കളക്ഷനെ പിന്നിലാക്കി ദുല്‍ഖറിന്റെ കലി എന്ന ചിത്രം 2 കോടി 33 ലക്ഷം രൂപാ നേടിയതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 27 ദിവസം കൊണ്ട് 13 കോടി 25 ലക്ഷം ഗ്രോസ് ഇനത്തില്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രം സ്വന്തമാക്കി. രാജേഷ് ഗോപിനാഥ് തിരക്കഥയെഴുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍-സായ് പല്ലവി ജോഡികള്‍ എന്ന സവിശേഷതയും ഗുണം ചെയ്തു. 16 കോടി 40 ലക്ഷമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് ആകെ നേടിയത് എന്നറിയുന്നു. ആഷിക് ഉസ്മാന്‍,ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് ഹാന്‍ഡ് മേയ്ഡ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം 2016ലെ ശ്രദ്ധേയ ചിത്രമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ ഹിറ്റ് ചാര്ട്ടിലെത്തി നിര്‍മ്മാതാവിന് നേട്ടമുണ്ടാക്കി.

ഇതിഹാസ എന്ന ചിത്രത്തിന്റെ വിജയത്തിന് സമാനമാണ് ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയുടെ വിജയം. ഒമര്‍ ലുലു എന്ന നവാഗത സംവിധായകന്‍ പ്രേമം ഫെയിം ഷറഫുദ്ദീന്‍,സൗബിന്‍ ഷാഹിര്‍, സിജു വില്‍സണ്‍ ജസ്റ്റിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി. 35 തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത സിനിമ മൂന്നാം വാരത്തില്‍ 130 തിയറ്ററുകളിലേക്ക് റിലീസ് വ്യാപിപ്പിച്ചു. ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രം വിതരണത്തിനെത്തിച്ചത്. ഹാപ്പി വെഡ്ഡിംഗ് പ്രദര്‍ശന വിജയം നേടി. ജയറാമിനും ഏറെ നാള്‍ക്ക് ശേഷം ലഭിച്ച ആശ്വാസ വിജയമാണ് ആടുപുലിയാട്ടം എന്ന ഹൊറര്‍ സിനിമ. കണ്ണന്‍ താമരക്കുളമാണ് ഈ ചിത്രം സംവിധാനം ചെയ്തത്. രമ്യാ കൃഷ്ണന്റെയും ഓംപുരിയുടെയും സാന്നിധ്യം ചിത്രത്തിന് ഗുണമായി. തമിഴ് ഡബ്ബിംഗ് പതിപ്പും പിന്നീട് പുറത്തിറങ്ങി.

ജനുവരി റിലീസായെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം സ്‌റ്റൈല്‍, കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി, റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബനെയും ജയസൂര്യയെ നായകരാക്കി ഒരുക്കി സ്‌കൂള്‍ ബസ്, രഞ്ജിത് ചിത്രം ലീല, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായ മുത്തുഗവ് എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. യുവതാരങ്ങളുടെ ഹലോ നമസ്തേ എന്ന ചിത്രം ഭേദപ്പെട്ട അഭിപ്രായം നേടിയിരുന്നു. കാവ്യാ മാധവന്റെ തിരിച്ചുവരവിനൊപ്പമെത്തിയ ആകാശ് വാണി പരാജയപ്പെട്ടു.

അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പില്‍ നിവിന്‍ പോളിയുടെ പേരില്‍ രണ്ട് ഹിറ്റുകളുണ്ടായി. ആക്ഷന്‍ ഹീറോ ബിജുവും ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും. പോയ വര്‍ഷവും നിവിന്‍ പോളിക്ക് രണ്ട് വിജയചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഒരു വടക്കന്‍ സെല്‍ഫിയും പ്രേമവും. വിഷു റിലീസായി എത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യം 13 ദിവസം കൊണ്ട് 12 കോടി 15 ലക്ഷം രൂപ ഗ്രോസ് കളക്ഷനായി നേടിയിരുന്നു. വിഷു റിലീസുകളില്‍ മികച്ച വിജയവുമായി ചിത്രം. നോബിള്‍ തോമസാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം നിര്‍മ്മിച്ചിരിക്കുന്നത്. നാല്‍പ്പത് ദിവസം കൊണ്ട് ചിത്രം 20 കോടി 31 ലക്ഷം രൂപാ നേടിയിരുന്നു. നിവിന്‍ പോളിയെ നായകനാക്കി ഹാട്രിക് വിജയമൊരുക്കിയ സംവിധായകനുമായിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രവും ദുല്‍ഖറിന് ഗുണം ചെയ്തു. കലിയും കമ്മട്ടിപ്പാടവും നടന്‍ എന്ന നിലയിലും ദുല്‍ഖറിനെ മുന്നോട്ട് നയിച്ചവയാണ്. വിനായകന്‍, മണികണ്ഠന്‍ എന്നീ നടന്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും കമ്മട്ടിപ്പാടത്തിന് വിജയത്തിളക്കമേകി.

നാലില്‍ മമ്മൂട്ടിയെ തുണച്ചത് ജോപ്പന്‍

മമ്മൂട്ടിയുടെ മൂന്ന് റിലീസുകളായിരുന്നു 2016ല്‍ ഉണ്ടായിരുന്നത്. പുതിയ നിയമം, കസബ, തോപ്പില്‍ ജോപ്പന്‍. ഭാസ്‌കര്‍ ദ റാസ്‌കല്‍ ആയിരുന്നു 2015ല്‍ മമ്മൂട്ടിയുടെ മികച്ച വിജയം. താരമൂല്യത്തിനൊത്ത വിജയം പോയവര്‍ഷം മമ്മൂട്ടിക്കുണ്ടായില്ല. കസബ റെക്കോര്‍ഡ് ഇനീഷ്യല്‍ നേടിയെങ്കിലും തിയറ്ററുകളില്‍ വലിയ തരംഗമുണ്ടാക്കിയില്ല. പുലിമുരുകനൊപ്പം റിലീസ് ചെയ്ത തോപ്പില്‍ ജോപ്പനാണ് തിയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. തോപ്പില്‍ ജോപ്പന്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചെങ്കിലും തിയറ്ററുകളില്‍ പുലിമുരുകനൊപ്പം പിടിച്ചുനില്‍ക്കാനായില്ല. പുതിയ നിയമം സമ്മിശ്രപ്രതികരണം നേടിയെങ്കിലും തിയറ്ററുകളില്‍ ഗുണം കിട്ടിയില്ല. മമ്മൂട്ടിയുടെ നാല് റിലീസുകളില്‍ കസബ ആവറേജ് ഹിറ്റും, തോപ്പില്‍ ജോപ്പന്‍ ഹിറ്റുമാണ്, താരത്തിന് ഏറ്റവും വലിയ തിരിച്ചടിയായത് വൈറ്റ് ആണ്. കഴിഞ്ഞ വര്‍ഷത്തെ തിയറ്റര്‍ ദുരന്തമായി പരിഗണിക്കാനാകുന്ന ചിത്രമാണ് ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ഭൂരിഭാഗം രംഗങ്ങളും യുകെയില്‍ ചിത്രീകരിച്ച വൈറ്റ്.

ജയസൂര്യയുടെ വിജയചിത്രമായത് പ്രേതം ആണ്. ഹൊറര്‍ ട്രാക്കും ഹ്യൂമര്‍ ട്രാക്കും ഒരു പോലെ പ്രയോജനപ്പെടുത്തിയ ചിത്രം രഞ്ജിത് ശങ്കര്‍ ഒരുക്കിയതില്‍ മികച്ച സിനിമയെന്ന അംഗീകാരത്തിനും അര്‍ഹമായി. തിയറ്ററുകളിലും ചിത്രം വിജയം കൈവരിച്ചു.

മഞ്ജു വാര്യര്‍ക്ക് ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം ലഭിച്ച വിജയചിത്രമായി കരിങ്കുന്നം സിക്‌സസ്. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത സിനിമ ആവറേറ്റ് ഹിറ്റായി.

തമിഴില്‍ 188 സിനിമകളും തെലുങ്കില്‍ 102 സിനിമകളുമാണ് 2016ല്‍ റിലീസ് ചെയ്തത്. ഈ രണ്ട് ഇന്‍ഡസ്ട്രിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട സിനിമകളെല്ലാം വിജയിപ്പിച്ചത് വഴി കൂടുതല്‍ നേട്ടമുണ്ടാക്കിയ ചലച്ചിത്രമേഖല കേരളമാണ്. തിയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കവും ഡിസംബര്‍ 16ന് തുടങ്ങിയ സമരവും 30 കോടിക്ക് മുകളില്‍ നഷ്ടം ചലച്ചിത്രവ്യവസായത്തിനുണ്ടായി. 2016ലെ പ്രധാന സീസണുകളില്‍ ഒന്നായ ക്രിസ്മസ് സീസണ്‍ ഉപേക്ഷിച്ചാണ് സംഘടനകള്‍ സമരം ചെയ്തത്. ജനുവരിയിലും സമരം തുടരുകയാണ്.

121 സിനിമകളില്‍ പകുതി ചിത്രങ്ങള്‍ക്ക് മാത്രമേ സാറ്റലൈറ്റ് വിപണിയില്‍ നിന്ന് ഗുണമുണ്ടായുള്ളൂ. 2016ന്റെ രണ്ടാം പകുതിയിലെ പ്രധാന വിജയങ്ങള്‍ പുലിമുരുകന്‍,ഒപ്പം എന്നിവയാണ്. പത്ത് മാസത്തിന് ശേഷമെത്തിയ മോഹന്‍ലാലിന്റെ മലയാളം റിലീസായിരുന്നു ഒപ്പം. മോഹന്‍ലാല്‍ -പ്രിയന്‍ കൂട്ടുകെട്ടിലെ പ്രതാപകാല സിനിമകളുടെ വിജയം ഒപ്പത്തിനുമുണ്ടായി. 9.5 കോടിക്ക് പൂര്‍ത്തിയാക്കിയ ഒപ്പം 70 കോടിക്ക് അടുത്ത് ഗ്രോസ് കളക്ഷനായും സാറ്റലൈറ്റ് അവകാശത്തിലൂടെയും റീമേക്ക് റൈറ്റ്‌സിലൂടെയും നേടി. മോഹന്‍ലാലിന്റെ 2016ലെ മൂന്ന് വമ്പന്‍ ഹിറ്റുകളില്‍ മലയാളത്തില്‍ നിന്ന് പുലിമുരുകനൊപ്പം ഒപ്പവും ഉണ്ട്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളം ശുദ്ധഹാസ്യത്തിന്റെ നിറവില്‍ ചുറ്റുവട്ടത്തെ നുറുങ്ങുകാഴ്ചകളുമായി ലക്ഷണമൊത്ത വിജയം നേടി. നവീന്‍ ഭാസ്‌കര്‍ രചന നിര്‍വഹിച്ച സിനിമയിലൂടെ ബിജു മേനോന്‍ വീണ്ടും താരമൂല്യം ഉറപ്പിച്ചു. ആസിഫലിക്കും ഒരു ഹിറ്റ് സ്വന്തമാക്കാനായി. മൂന്നരക്കോടി ബജറ്റില്‍ നിര്‍മ്മിച്ച അനുരാഗ കരിക്കിന്‍വെള്ളം 13.5 കോടി തിയറ്ററുകളില്‍ നിന്ന് നേടി. ബിജുമേനോന്റെ സ്വര്‍ണക്കടുവയും മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രമാണ്.

അനുരാഗ കരിക്കിന്‍ വെള്ളം ബിജുമേനോന് മികച്ച വിജയത്തിനുള്ള അവസരമൊരുക്കിയപ്പോള്‍ പക്കാ ഹ്യൂമറുമായി എത്തിയ മരുഭൂമിയിലെ ആന ആവറേജ് വിജയമായി മാറിയതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സ്വര്‍ണ്ണക്കടുവ എന്ന ചിത്രവും മുടക്കുമുതല്‍ തിരിച്ചുപിടിച്ചു.

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍ മരിയാ കലിപ്പിലാണ് 2016ലെ രണ്ടാം പകുതിയുടെ സര്‍പ്രൈസ് വിജയമായിരുന്നു. സണ്ണി വെയിനിന് ലഭിച്ച ആദ്യ സോളോ ഹീറോ ഹിറ്റ് കൂടിയായി ആന്‍ മരിയാ കലിപ്പിലാണ്. തെലുങ്കിലേക്കും ചിത്രം മൊഴിമാറ്റം ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി താരമായി പ്രത്യക്ഷപ്പെട്ടതും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്തു.

ഓണം റിലീസുകളില്‍ ഒപ്പം അതിവേഗം പത്ത് കോടിയിലെത്തി റെക്കോര്‍ഡ് തീര്‍ത്ത് മുന്നേറിയപ്പോള്‍ കൂടെയെത്തിയ പൃഥ്വിരാജ്-ജീത്തു ജോസഫ് ചിത്രം ഊഴം, ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, കുഞ്ചാക്കോ ബോബന്റെ കൊച്ചൗവാ പൗലോ അയ്യപ്പ കൊയ്‌ലോ എന്നിവയ്ക്ക് കാലിടറി. ഉത്സവ സീസണ്‍ എന്ന നിലയില്‍ ആദ്യ രണ്ടാഴ്ച പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും വിജയം നേടാന്‍ മറ്റ് ചിത്രങ്ങള്‍ക്ക് കഴിഞ്ഞില്ല.

ഒഴിവുദിവസത്തെ കളിയും മണ്‍റോ തുരുത്തും കിസ്മത്തും

സമാന്തര സിനിമകളുടെ ഭാഗത്ത് നിന്ന് അമീബ, ജലം,മോഹവലയം,ഇടവപ്പാതി,ഒഴിവുദിവസത്തെ കളി,രണ്ട് പെണ്‍കുട്ടികള്‍,കഥാന്തരം, ലെന്‍സ്, പേരറിയാത്തവര്‍,പിന്നെയും,മണ്‍റോ തുരുത്ത്, കിസ്മത്ത് എന്നീ സിനിമകളാണ് തിയറ്ററുകളിലെത്തിയത്. ആഷിക് അബുവിന്റെ അവതരണത്തിലെത്തിയ ഒഴിവുദിവസത്തെ കളി 25ഓളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ഇവയില്‍ ഒഴിവു ദിവസത്തെ കളി,കിസ്മത്ത്, ലെന്‍സ്, പേരറിയാത്തവര്‍, മണ്‍റോ തുരുത്ത് എന്നിവ മികച്ച അഭിപ്രായമുണ്ടാക്കി. വാണിജ്യപരമായി നേട്ടമുണ്ടാക്കിയത് കിസ്മത്, ഒഴിവുദിവസത്തെ കളി എന്നീ സിനിമകളാണ്. മണ്‍റോതുരുത്തിന് വേണ്ടത്ര പ്രചരണം നല്‍കാത്തതും മികച്ച തിയറ്ററുകള്‍ ലഭിക്കാതെ പോയതും തിരിച്ചടിയായി. നവാഗതരുടെ സിനിമകളെ തിയറ്ററുകളിലെത്തിക്കാന്‍ ലാല്‍ ജോസ്, ആഷിക് അബു, രാജീവ് രവി എന്നിവര്‍ മുന്‍കൈയെടുത്തു എന്നതും 2016നെ ശ്രദ്ധേയമാക്കുന്നു. ലെന്‍സ്, കിസ്മത്ത് എന്നീ സിനിമകള്‍ റിലീസ് ചെയ്തത് ലാല്‍ ജോസിന്റെ എല്‍ ജെ ഫിലിംസാണ്. കിസ്മത് നിര്‍മ്മിച്ചത് രാജീവ് രവിയും. മണ്‍റോ തുരുത്ത്, ഒഴിവുദിവസത്തെ കളി എന്നീ സിനിമകളെ തിയറ്ററുകളിലേക്ക് പരിചയപ്പെടുത്തിയത് ആഷിക് അബുവുമാണ്.

അപ്രതീക്ഷിത വിയോഗത്തിലൂടെ മലയാളിയെ ആഘാതത്തിലാക്കിയ കലാഭവന്‍ മണിയുടെ അവസാനചിത്രമെന്ന അവകാശവാദത്തോടെ രണ്ട് സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. യാത്ര ചോദിക്കാതെ, പോയ് മറഞ്ഞു പറയാതെ എന്നീ സിനിമകള്‍. രണ്ട് ചിത്രങ്ങളും സ്വീകരിക്കപ്പെടാതെ പോയി. തിയറ്ററുകളില്‍ ലഭിച്ചില്ലെന്ന പരാതിയും നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

നിരാശ പിന്നെയും

അടൂര്‍ ഗോപാലകൃഷ്ണന്‍ നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമൊരുക്കിയ പിന്നെയും വാണിജ്യ സിനിമയ്ക്ക് സമാനമായി വൈഡ് റിലീസ് ചെയ്തുവെങ്കിലും അടൂരിന്റെ മോശം സിനിമകളുടെ പട്ടികയിലാണ് സ്ഥാനം പിടിച്ചത്. ദിലീപ് -കാവ്യാ മാധവന്‍ ജോഡികള്‍ വളരെക്കാലത്തിന് ശേഷം ഒരുമിച്ച് സ്‌ക്രീനിലെത്തിയ സിനിമയെന്ന പ്രചരണവും പിന്നെയും എന്ന ചിത്രത്തിനുണ്ടായിരുന്നു. അഭിനേതാക്കള്‍ക്കും സിനിമ ഗുണം ചെയ്തില്ല. പ്രധാന രാജ്യാന്തര ചലച്ചിത്രമേളയിലും പിന്നെയും ഇടം പിടിച്ചില്ല. ടി വി ചന്ദ്രന്‍ ചിത്രമായ മോഹവലയവും ശ്രദ്ധിക്കപ്പെടാതെ പോയി.

യുവത്വം വിജയമാഘോഷിച്ച ആനന്ദവും, ഋതിക് റോഷനും

പുലിമുരുകന്‍ ബോക്‌സ് ഓഫീസിനെ വരുതിയിലാക്കിയപ്പോഴും പിടിച്ചുനിന്ന് വിജയം കൊയ്ത സിനിമകള്‍ പിന്നാലെ റിലീസ് ചെയ്ത ആനന്ദവും കട്ടപ്പനയിലെ ഋതിക് റോഷനുമാണ്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച് നവാഗതനായ ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വഹിച്ച ആനന്ദം യുവത്വത്തെ കയ്യിലെടുത്തു. ചിത്രം മികച്ച വിജയവും നേടി. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്ന പുതുമുഖ നായകനെ അവതരിപ്പിച്ച് രണ്ടാമത്തെ സിനിമയില്‍ വെല്ലുവിളി ഏറ്റെടുത്ത നാദിര്‍ഷാ ഇത്തവണയും പ്രേക്ഷകര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു. ക്ലീന്‍ എന്റര്‍ടെയിനര്‍ എന്ന അഭിപ്രായം സ്വന്തമാക്കിയ ചിത്രം ജനുവരിയിലും പ്രദര്‍ശനം തുടരുന്നു.

150 കോടിയുടെ വിളവുപാടം

മലയാളത്തിലെ നിര്‍മ്മാതാക്കളില്‍ കൂടുതല്‍ പേരും എത്ര വലിയ വിജയം കൊയ്താലും ലാഭക്കണക്ക് ഔദ്യോഗികമായി വെളിപ്പെടുത്താന്‍ ഭയന്നവരായിരുന്നു. ഇക്കൂട്ടത്തില്‍ ടോമിച്ചന്‍ മുളകുപ്പാടം സിനിമയുടെ നേട്ടം പരസ്യപ്പെടുത്തി മലയാളത്തിലെ ആദ്യ 150 കോടി സിനിമയുടെ നിര്‍മ്മാതാവായി.

ഗപ്പി എന്ന സിനിമയുടെ പരാജയം നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ വിഷമിപ്പിച്ചു. ടോവിനോ തോമസ്, ചേതന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ജോണ്‍ പോള്‍ സംവിധാനം ചെയ്ത സിനിമ മികച്ച ഉള്ളടക്കമായിരുന്നിട്ടും തിയറ്ററുകളില്‍ സ്വീകരിക്കപ്പെട്ടില്ല.

പോയ വര്‍ഷത്തെ നിരാശാ സിനിമകള്‍

2016ല്‍ പ്രേക്ഷകര്‍ വന്‍ നിരാശയായി ഉയര്‍ത്തിക്കാട്ടിയ സിനിമകളും ബോക്‌സ് ഓഫീസില്‍ പ്രധാന തിരിച്ചടി നേരിട്ടവയും ഏറെയാണ്. മമ്മൂട്ടിയുടെ വൈറ്റ് ഇക്കൂട്ടത്തില്‍ ഒന്നാമത് നില്‍ക്കും. ബോളിവുഡ് സുന്ദരി ഹുമാ ഖുറേഷിയെ നായികയാക്കി ഇറോസ് ഇന്റര്‍നാഷനല്‍ നിര്‍മ്മിച്ച ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളില്‍ തകര്‍ച്ച നേരിട്ടു. ആരാധകര്‍ പോലും സിനിമയെ കൈവിട്ടു. പ്രേക്ഷകരെ വിഡ്ഡികളാക്കിയ മറ്റൊരു ചിത്രം വെല്‍കം ടു സെന്‍ട്രല്‍ ജയിലാണ്. അശ്ലീല തമാശകളുടെ കെട്ടഴിച്ചുവിട്ട് ചവറുതമാശകള്‍ നിറച്ചും പരിഹാസ്യമായി സുന്ദര്‍ദാസ് സംവിധാനം ചെയ്ത് ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. ദിലീപിന്റെ മോശം സിനിമകളുടെ ഗണത്തിലാണ് ഈ സിനിമയുടെ ഇടം. തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ പൃഥ്വിരാജിനും തിരിച്ചടിയായി ഡാര്‍വിന്റെ പരിണാമം എന്ന ചിത്രം. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ പ്രധാന ചലച്ചിത്രകാരന്റെ മോശം സിനിമകളിലൊന്നായാണ് പിന്നെയും അടയാളപ്പെടുത്തപ്പെട്ടത്. ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒരുമിച്ചഭിനയിച്ച ഷാജഹാനും പരീക്കുട്ടിയും, ആസിഫലി നായകനായ ഇതു താന്‍ടാ പോലീസ്, കുഞ്ചാക്കോ ബോബനും ജയസൂര്യയും അഭിനയിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസ്സും പ്രേക്ഷകരെ നിരാശപ്പെടുത്തി. സിനിമ വന്നതും പോയതും കൂടുതല്‍ പേരും അറിഞ്ഞതുമില്ല. ജീത്തു ജോസഫ്-പൃഥ്വിരാജ് ടീമിന് മുന്‍വിജയം ആവര്‍ത്തികാനാകാതെ പോയതും ആസ്വാദ്യകരമായ അവതരണത്തിന്റെ അഭാവവും ഊഴം എന്ന സിനിമയ്ക്കും വിനയായി. അനൂപ് മേനോനും മുരളി ഗോപിയും വയോധിക കഥാപാത്രങ്ങളായ പാവ എന്ന സിനിമയും പോയവര്‍ഷത്തെ നിരാശപ്പെടുത്തിയ സിനിമയാണ്.

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ്ഓഫീസ് വിജയമായിരുന്ന ദൃശ്യത്തിന് (2013) ശേഷം തന്റെ താരപ്രഭാവം വെളിവാക്കുന്ന വിജയങ്ങളൊന്നും മോഹന്‍ലാലിന്റെ ലിസ്റ്റില്‍ പോയ വര്‍ഷങ്ങളിലില്ലായിരുന്നു. ഈ വര്‍ഷം ലാല്‍ പക്ഷേ അത് തിരിച്ചുപിടിച്ചു. കരിയര്‍ ആരംഭിച്ചതിന് ശേഷം മോഹന്‍ലാലിന്റെ താരമൂല്യം ഏറ്റവും ഉയര്‍ന്നുനിന്ന വര്‍ഷം കൂടിയായിരുന്നു 2016. മൂന്ന് മാസത്തിനുള്ളില്‍ 250 കോടിക്ക് മുകളില്‍ ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയ ദക്ഷിണേന്ത്യന്‍ താരം കൂടിയായി മോഹന്‍ലാല്‍.