200ല്‍ കേമനാര്? തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടിയ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍

November 6, 2016, 9:22 pm
200ല്‍ കേമനാര്? തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടിയ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍
Film Debate
Film Debate
200ല്‍ കേമനാര്? തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടിയ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍

200ല്‍ കേമനാര്? തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടിയ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍

വൈഡ് റിലീസിംഗും മള്‍ട്ടിപ്ലെക്‌സുകളുമൊക്കെ വരുന്നതിന് മുന്‍പ് സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് അവ തീയേറ്ററുകളില്‍ ഓടിയ ദിവസത്തിന്റെ കണക്ക് വച്ചായിരുന്നു. പ്രമുഖ നഗരങ്ങളിലെയും പട്ടണങ്ങളിലെയും എ ക്ലാസ് തീയേറ്ററുകളിലായിരുന്നു സിനിമകള്‍ റിലീസ് ചെയ്തിരുന്നത്. റിലീസ് സെന്ററുകളില്‍ എത്ര വാരം പിന്നിടും എന്നത് സിനിമയ്ക്ക് ലഭിക്കുന്ന പ്രേക്ഷകപ്രീതിയെ ആശ്രയിച്ചിരിക്കുമായിരുന്നു. പിന്നീട് ക്രമത്തില്‍ ചെറുപട്ടണങ്ങളിലെ ബി ക്ലാസ് തീയേറ്ററുകളിലേക്കും ഉള്‍ഗ്രാമങ്ങളില്‍പ്പോലുമുള്ള സി ക്ലാസ് തീയേറ്ററുകളിലേക്കും എത്തുമായിരുന്നു സിനിമകള്‍. സാറ്റലൈറ്റ് ടെലിവിഷന്‍ വരുന്നതിന് മുന്‍പ് സിനിമകള്‍ ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പടാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പുണ്ടായിരുന്നു. അതിന് മുന്‍പിറങ്ങുന്ന വീഡിയോ കാസ്റ്റുകള്‍ക്കുമുണ്ടായിരുന്നു മാസങ്ങളുടെ കാത്തിരിപ്പ്. വ്യാജ സിഡിയോ ടോറന്റോ ഒന്നുമില്ലാത്തതിനാല്‍ വലിയ അഭിപ്രായം നേടുന്ന സിനിമകള്‍ അടുത്തുള്ള തീയേറ്ററുകളില്‍ എത്തുന്നത് കാത്തിരിക്കുമായിരുന്നു പ്രേക്ഷകര്‍. വന്‍ തീയേറ്റര്‍ വിജയങ്ങള്‍ നേടിയ 'ഗോഡ്ഫാദറും' 'ചിത്ര'വുമൊക്കെ എത്രയോ മാസങ്ങള്‍ക്ക് ശേഷമാണ് സി ക്ലാസ് തീയേറ്ററുകളില്‍ എത്തിയത്.

എന്നാല്‍ അതെല്ലാം പഴയ കഥ. തീയേറ്ററില്‍ ഓടിയ ദിവസങ്ങളുടെ എണ്ണം മുന്‍നിര്‍ത്തിയല്ല ഇന്ന് ഒരു സിനിമയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുക. മറിച്ച് അത് നേടിയ കളക്ഷനെ മുന്‍നിര്‍ത്തിയാണ്. വ്യാജന്മാര്‍ പലവിധം ഇറങ്ങാന്‍ സാധ്യതകളുള്ളതിനാല്‍ പരമാവധി തീയേറ്ററുകളില്‍ റിലീസ് ചെയ്ത് ഏറ്റവും കുറഞ്ഞ ദിവസത്തില്‍ ഏറ്റവുമധികം വരുമാനം നേടുകയാണ് നിര്‍മ്മാതാക്കളുടെ ലക്ഷ്യവും. തീയേറ്ററുകളില്‍ ഓടിയ ദിവസം വെച്ച് സിനിമകളുടെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്ന കാലം അസ്തമിച്ചെങ്കിലും മുന്‍കാലത്ത് വമ്പന്‍ വിജയം നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് ആണിത്. മൂന്ന് പതിറ്റാണ്ടായി മലയാളസിനിമയുടെ പൂമുഖത്ത് ഇരുപ്പുറപ്പിച്ചിരിക്കുന്ന മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും തീയേറ്ററുകളില്‍ കൂടുതല്‍ കാലം ഓടിയ സിനിമകള്‍, ഇരുനൂറോ അതില്‍ കൂടുതലോ ദിവസങ്ങള്‍..

ദൃശ്യം

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013 ഡിസംബറില്‍ ക്രിസ്മസ് റിലീസായെത്തിയ ചിത്രം. മലയാളത്തിലെ എക്കാലത്തെയും ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഇടംപിടിച്ച ചിത്രം.

രാജമാണിക്യം

മലയാളസിനിമയിലേക്ക് അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെ വരവറിയിച്ച ചിത്രം. തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി നിറഞ്ഞാടി. 2005ല്‍ പുറത്തുവന്നു.

നരസിംഹം

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തെത്തിയ മോഹന്‍ലാല്‍ ചിത്രം. 'നായകസങ്കല്‍പങ്ങളുടെ പൂര്‍ണത' എന്നായിരുന്നു പരസ്യവാചകം. ജനം ഏറ്റെടുത്തു.

ഹരികൃഷ്ണന്‍സ്

ഹരിയും കൃഷ്ണനുമായി മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞാടിയ ഫാസില്‍ ചിത്രം. 1998ല്‍ പുറത്തുവന്നു.

ആറാം തമ്പുരാന്‍

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസിന്റെ സംവിധാനം. 1997ല്‍ പുറത്തെത്തി. മോഹന്‍ലാലിന്റെ താരപരിവേഷത്തിന് ചേര്‍ന്ന ചേരുവകള്‍ ചേര്‍ത്ത മാസ് എന്റര്‍ടെയ്‌നര്‍.

ഹിറ്റ്‌ലര്‍

സിദ്ദിഖ്‌ലാലിലെ സിദ്ദിഖിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തെത്തി. ജനപ്രിയഹിറ്റ്. സിദ്ദിഖ്‌ലാല്‍ ചിത്രങ്ങളിലെ ട്രേഡ്മാര്‍ക് തമാശകള്‍.

സ്ഫടികം

മോഹന്‍ലാലിന്റെ എക്കാലത്തെയും ജനപ്രിയകഥാപാത്രങ്ങളിലൊന്ന് സ്ഫടികത്തിലേതാണ്. ഭദ്രന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തി.

തേന്മാവിന്‍ കൊമ്പത്ത്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തെത്തി. മോഹന്‍ലാല്‍, ശോഭന, നെടുമുടി, ശ്രീനിവാസന്‍. താരസമ്പന്നം. നര്‍മ്മവും റൊമാന്‍സും ആക്ഷനും പാട്ടുകളും ചേര്‍ന്ന എന്റര്‍ടെയ്‌നര്‍. കെ.വി.ആനന്ദിന്റെ ഛായാഗ്രഹണവും ശ്രദ്ധേയം.

മണിച്ചിത്രത്താഴ്

മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു തുടങ്ങി താരസമ്പന്നം. തിരുവനന്തപുരം ശ്രീകുമാര്‍, എറണാകുളം സംഗീത എന്നീ തീയേറ്ററുകളില്‍ റെഗുലര്‍ ഷോ ആയി 200 ദിവസം പൂര്‍ത്തിയാക്കി ചിത്രം. പുതുക്കാട്, ഞാറക്കല്‍, പറവൂര്‍, പെരുമ്പാവൂര്‍, പരവൂര്‍, മൂവാറ്റുപുഴ, പന്തളം, കായംകുളം, മൊകേരി, ചെറുവത്തൂര്‍, അടിമാലി തുടങ്ങി 200ാം ദിവസം എത്തിയപ്പോഴും നിരവധി ബി, സി സെന്ററുകളില്‍ പ്രദര്‍ശനമുണ്ടായിരുന്നു മണിച്ചിത്രത്താഴിന്.

ദേവാസുരം

മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാല്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശിയുടെ സംവിധാനം. 1993ല്‍ പുറത്തെത്തി.

വാത്സല്യം

ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന്‍ ഹനീഫയുടെ സംവിധാനം. 1993ല്‍ പുറത്തെത്തി.

വിയറ്റ്‌നാം കോളനി

സിദ്ദിഖ് ലാലിന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തെത്തി.

പപ്പയുടെ സ്വന്തം അപ്പൂസ്

ഫാസിലിന്റെ കരവിരുതില്‍ 1992ല്‍ പുറത്തെത്തിയ ചിത്രം. പ്രത്യേകതയുള്ള പ്രമേയം. മനോഹരമായ പാട്ടുകള്‍.

കിലുക്കം

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ജഗതി ശ്രീകുമാര്‍ കോമ്പിനേഷന്റെ മാജിക് അനുഭവിപ്പിച്ച ചിത്രം. തികഞ്ഞ എന്റര്‍ടെയ്‌നര്‍. 1991ല്‍ പുറത്തെത്തി.

ഹിസ് ഹൈനസ് അബ്ദുള്ള

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലിന്റെ സംവിധാനം. 1990ല്‍ പുറത്തെത്തി.

കോട്ടയം കുഞ്ഞച്ചന്‍

നര്‍മ്മവും ആക്ഷനും മമ്മൂട്ടിയുടെ അഴകുള്ള അച്ചായന്‍ കഥാപാത്രവും. ടി.എസ്.സുരേഷ്ബാബുവിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തെത്തി.

സാമ്രാജ്യം

ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ജോമോന്റെ സംവിധാനം. അലക്‌സാണ്ടറായി മമ്മൂട്ടി. 1990ല്‍ പുറത്തെത്തി.

കിരീടം

ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന എണ്ണംപറഞ്ഞ ചിത്രം. സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ ഉള്‍വേവ് മോഹന്‍ലാല്‍ അനശ്വരമാക്കി. 1989ല്‍ പുറത്തെത്തി.

ഒരു വടക്കന്‍ വീരഗാഥ

വടക്കന്‍ പാട്ടുകളിലെ ചതിയന്‍ ചന്തുവിന്റെ ജീവിതത്തിന്റെ എം.ടി.വാസുദേവന്‍ നായര്‍ വെര്‍ഷന്‍. ഹരിഹരന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്തെത്തി.

ചിത്രം

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ക്രിസ്മസ് റിലീസായിരുന്നു ചിത്രം. തിരുവനന്തപുരം അജന്ത, എറണാകുളം ലിറ്റില്‍ ഷേണായ്‌സ്, കോട്ടയം ആശ എന്നിവിടങ്ങളില്‍ റെഗുലര്‍ ഷോ ആയി ചിത്രം 366 ദിവസം കളിച്ചു. പാലക്കാട് പ്രിയയില്‍ നൂണ്‍ഷോയായും.

ഒരു സിബിഐ ഡയറിക്കുറിപ്പ്

മലയാളത്തില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ച അന്വേഷണോദ്യോഗസ്ഥനായ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ ആദ്യം പ്രത്യക്ഷപ്പെട്ട ചിത്രം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവിന്റെ സംവിധാനം. 1988ല്‍ പുറത്തെത്തി.

ഇരുപതാം നൂറ്റാണ്ട്

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവിന്റെ സംവിധാനം. 1987ല്‍ പുറത്തെത്തി.

ന്യൂഡല്‍ഹി

നിരനിരയായുള്ള പരാജയങ്ങള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ വമ്പന്‍ വിജയത്തോടെയുള്ള തിരിച്ചുവരവ്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനം. 1987ല്‍ പുറത്തെത്തി.

ആവനാഴി

ഇന്‍സ്‌പെക്ടര്‍ ബെല്‍റാം എന്ന കള്‍ട്ട് പൊലീസ് കഥാപാത്രമായി മമ്മൂട്ടി. ഐ.വി.ശശിയുടെ സംവിധാനത്തില്‍ 1986ല്‍ പുറത്തെത്തി.

സ്‌നേഹമുള്ള സിംഹം

സാജന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തെത്തി.

യാത്ര

ബാലു മഹേന്ദ്രയുടെ സംവിധാനത്തില്‍ 1985ല്‍ പുറത്തെത്തി. ജോണ്‍ പോളിന്റെ കഥയ്ക്ക് സംവിധായകന്റെ തന്നെ തിരക്കഥ.

നിറക്കൂട്ട്

ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി എന്ന ചലച്ചിത്രമാധ്യമത്തിന്റെ മര്‍മ്മമറിഞ്ഞ സംവിധായകന്റെ കൈയൊപ്പ്. 1985ല്‍ പുറത്തെത്തി.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

തിരശ്ശീലയിലേക്ക് വില്ലനായുള്ള മോഹന്‍ലാലിന്റെ രംഗപ്രവേശം. ഫാസിലിന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തെത്തി. തിരുവനന്തപുരത്തെ പഴയ എംപി തീയേറ്ററില്‍ 350 ദിവസം പൂര്‍ത്തിയാക്കിയിട്ടുണ്ട് ചിത്രം.