ഇതാണ് കാവ്യനായകന്‍, ടോവിനോ ഇനി മുന്‍നിരയുടെ മുഖങ്ങളിലൊന്ന് 

March 5, 2017, 5:32 pm
ഇതാണ് കാവ്യനായകന്‍, ടോവിനോ ഇനി മുന്‍നിരയുടെ മുഖങ്ങളിലൊന്ന് 
Film Debate
Film Debate
ഇതാണ് കാവ്യനായകന്‍, ടോവിനോ ഇനി മുന്‍നിരയുടെ മുഖങ്ങളിലൊന്ന് 

ഇതാണ് കാവ്യനായകന്‍, ടോവിനോ ഇനി മുന്‍നിരയുടെ മുഖങ്ങളിലൊന്ന് 

വാണിജ്യ സിനിമ ഓരോ കാലങ്ങളിലായി നായകമുഖങ്ങളെ പുതുക്കാറുണ്ട്, അല്ലെങ്കില്‍ ജനപ്രിയതയിലേക്ക് പുതിയൊരു മുഖത്തെ വരവേല്‍ക്കും. മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തുടരവേ തന്നെ ബോക്‌സ് ഓഫീസില്‍ അവരോട് മത്സരിച്ച് നില്‍ക്കാന്‍ യുവനിരയ്ക്ക് സാധിച്ചിട്ടുണ്ട്. കമേഴ്‌സ്യല്‍ ഹിറ്റുകളുടെ തോതിലും ആദ്യദിനകളക്ഷനിലുമെല്ലാം മലയാളത്തിന്റെ മെഗാതാരങ്ങളോട് നേരിട്ട് ഏറ്റുമുട്ടുന്നതാണ് പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും നിവിന്‍ പോളിയുടെയും സിനിമകള്‍. പരീക്ഷണ സിനിമകള്‍ക്കൊപ്പം നീണ്ട ഇടവേള സംഭവിച്ചത് ഫഹദ് ഫാസിലിന് ബോക്‌സ് ഓഫീസില്‍ യുവനിരയില്‍ ദോഷമായിട്ടുണ്ട്. അപ്പോഴും അഭിനയത്തിന്റെ കാര്യത്തില്‍ യുവനിരയില്‍ വെല്ലുവിളിയില്ലാത്ത നടന്‍ ഫഹദ് തന്നെയാണ്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കിവാണ മലയാള ചലച്ചിത്രലോകത്ത് പിന്നീടൊരു സൂപ്പര്‍താരപദവി ലഭിച്ചത് സുരേഷ് ഗോപിക്കാണ്. തുടര്‍ച്ചയായ വിജയങ്ങളിലൂടെ മധ്യവര്‍ത്തി കുടുംബസിനിമകളുടെ നായകനായി ജയറാമും മുന്‍നിരയിലെത്തി. ഈ സ്‌പേസ് പിന്നീട് ലഭിച്ചത് ദിലീപിനാണ്.

തട്ടുപൊളിപ്പന്‍ മസാലാ സിനിമകള്‍ക്കൊപ്പം ഉദയപുരം സുല്‍ത്താന്‍ മുതല്‍ ടു കണ്ട്രീസ് വരെ മലയാളം ബോക്‌സ് ഓഫീസില്‍ എതിരാളികളില്ലാത്ത താരമായി നിലയുറപ്പിക്കാന്‍ ദിലീപിനും കഴിഞ്ഞു. ദിലീപിന് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ആസിഫലിയും ബിജു മേനോനും താരമൂല്യമുള്ള നായകന്‍മാരായി മാറിയെങ്കിലും വിജയക്കണക്കിലും സ്വീകാര്യതയിലും മുന്‍നിരയിലേക്ക്് ഉയരാനായത് പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിക്കും ഫഹദ് ഫാസിലിനുമാണ്. പുതിയ മുഖം പൃഥ്വിരാജിന് കമേഴ്‌സ്യല്‍ ബ്രേക്ക് ആയത് പോലെ പ്രേമം നിവിന്‍ പോളിയുടെ തലവര മാറ്റിയെഴുതി. രണ്ടാം ചിത്രമായ ഉസ്താദ് ഹോട്ടലിലൂടെ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ കളം പിടിച്ചിരുന്നു. 24 നോര്‍ത്ത് കാതവും, ഇന്ത്യന്‍ പ്രണയകഥയും ഡയമണ്ട് നെക്ലേസും സൂപ്പര്‍ഹിറ്റുകളായി ഉണ്ടെങ്കിലും മികച്ച വിജയമായി ഫഹദിനുള്ളത് മഹേഷിന്റെ പ്രതികാരമാണ്. അടുത്ത കാലത്തെ ഏറ്റവും മികച്ച ചിത്രമെന്ന വിശേഷണവും. യുവനായക നിരയില്‍ ടോവിനോ തോമസ് എന്ന നടനും അനിഷേധ്യ സാന്നിധ്യമാകുമെന്ന് തെളിയിക്കുന്നതാണ് ഒരു മെക്‌സിക്കന്‍ അപാരത ആദ്യദിനത്തില്‍ നേടിയ വരവേല്‍പ്പ്. പരസ്യ സിനിമകളിലൂടെയും ഉപനായക വേഷങ്ങളിലൂടെയും കാരക്ടര്‍ റോളുകളിലൂടെയും പ്രതിനായക വേഷത്തിലും തിളങ്ങിയ നടനെ പ്രിയനായകനായി ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വരാനിരിക്കുന്ന വമ്പന്‍ പ്രൊജക്ടുകളില്‍ മുന്‍നിര സംവിധായകരുടെ ആലോചനകളില്‍ നായകമുഖമായി പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയായി ടോവിനോയും കാണും.

ദുല്‍ഖറിന് പ്രതിനായകനായി സിനിമയിലെ എബിസിഡി

ഇന്ദുലേഖാ ഹെര്‍ബല്‍ ക്രീമിന്റെ പരസ്യചിത്രം കണ്ടാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ടോവിനോ തോമസിനെ എബിസിഡി എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്. അതിന് മുമ്പേ ടോവിനോയിലെ സിനിമാ മോഹി നല്ല കഥാപാത്രങ്ങളെ തേടി മലയാളത്തിലുണ്ടായിരുന്നു. ജാലകം, പ്രഭുവിന്റെ മക്കള്‍ എന്നീ സിനിമകളില്‍ ചെറു കഥാപാത്രങ്ങളായി. സജീവന്‍ അന്തിക്കാടിന്റെ പ്രഭുവിന്റെ മക്കളില്‍ ചെഗുവേരാ സതീശന്‍ എന്ന കഥാപാത്രം. എന്നാല്‍ ടോവിനോ എന്ന നടന് ബ്രേക്ക് നല്‍കിയത് വലതുപക്ഷ യുവനേതാവായ അഖിലേഷ് വര്‍മ്മയുടെ റോളാണ്. ഹൈബി ഈഡനെ മാതൃകയാക്കിയുള്ള കഥാപാത്രമെന്ന വിമര്‍ശനവും സിനിമ ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്നു. ടോവിനോ തോമസ് എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് അനുഭവപ്പെടുത്തുന്ന ചിത്രമായിരുന്നു എബിസിഡി. ശരീരഭാഷയിലും ശബ്ദക്രമീകരണത്തിലുമെല്ലാം അടിമുടി പ്രതിനായക ഭാവമുള്ള അഖിലേഷ് വര്‍മ്മ. അഖിലേഷിന്റെ വേഷമിടും മുമ്പേ സുഹൃത്ത് രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന സംരംഭമായ തീവ്രത്തില്‍ സംവിധാന സഹായിയായിരുന്നു ടോവിനോ തോമസ്.

എസ്ര
എസ്ര

നായക നിര്‍ബന്ധമില്ലാതെ നല്ല കഥാപാത്രങ്ങളെ തേടി

നായക കഥാപാത്രമാകാന്‍ തിടുക്കം കൂട്ടിയില്ല എന്നതും ടോവിനോ തോമസിന് ഗുണം ചെയതു. എബിസിഡി എന്ന ചിത്രത്തിന് ശേഷം ഹീറോ റോളുകള്‍ മതിയെന്ന് വച്ചിരുന്നെങ്കില്‍ ഇത്രത്തോളം കാന്‍വാസിലുള്ള ഹീറോ ലോഞ്ച് ഈ നടന് ലഭിക്കുമായിരുന്നില്ല. മോഹന്‍ലാലും മമ്മൂട്ടിയും ചെയ്തത് പോലെ ചെറുറോളുകളില്‍ നിന്നും വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഉപനായക കഥാപാത്രങ്ങളില്‍ നിന്നും നായകനായി ഉയരാനാണ് ടോവിനോയ്ക്ക് അവസരം കിട്ടിയത്. കരിയര്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് അത് സഹായകവുമായി. പൃഥ്വിരാജ് നായകനായ സെവന്‍ത് ഡേയില്‍ പൃഥ്വിയുടെ ദൗത്യത്തിനൊപ്പം നില്‍ക്കുന്ന ചെറുപ്പക്കാരിലൊരാള്‍ ടോവിനോയാണ്. എബി എബനേസര്‍. ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാം ചിത്രമായ കൂതറയിലും ടോവിനോ തോമസ് പ്രകടനം കൊണ്ട് തന്റെ സാന്നിധ്യം അറിയിച്ചെങ്കിലും സിനിമ പരാജമായതിനാല്‍ ഗുണം ചെയ്തില്ല. രൂപേഷ് പീതാംബരന്റെ രണ്ടാം ചിത്രമായ യൂ ടൂ ബ്രൂട്ടസില്‍ ആസിഫലിക്കൊപ്പം നായക പ്രാധാന്യമുള്ള റോളില്‍ ടോവിനോ അഭിനയിച്ചു. ടോവിനോയുടെ സ്വതസിദ്ധമായ ശൈലിയെയും മാനറിസങ്ങളെയും കണ്ടറിഞ്ഞ് ഉപയോഗിച്ച ചിത്രവുമായിരുന്നു യൂ ടൂ ബ്രൂട്ടസ്. രസിപ്പിക്കുന്ന പ്രകടമാണ് ടോവിനോയുടേത്. ഒന്നാം ലോകമഹായുദ്ധം എന്ന സിനിമ ടോവിനോയെ നായകനാക്കി എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.എന്ന് നിന്റെ മൊയ്തീന്‍
എന്ന് നിന്റെ മൊയ്തീന്‍

പ്രണയത്തിനായി ജീവിച്ച അപ്പുവേട്ടന്‍, ടോവിനോയുടെ ബ്രേക്ക്

സങ്കീര്‍ണതയുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ ടോവിനോ തോമസ് എന്ന നടന്‍ പ്രാപ്തനാണെന്ന് ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ആര്‍ എസ് വിമല്‍ സംവിധാനം ചെയത എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജ് മൊയ്തീനായും പാര്‍വതി കാഞ്ചനമാലയായും അഭിനയിച്ച സിനിമയില്‍ കാഞ്ചനയുടെ പ്രണയത്തിനായി ജീവിതം മുഴുവന്‍ കാത്തിരുന്ന പെരുമ്പറമ്പില്‍ അപ്പുവിനെയാണ് ടോവിനോ അവതരിപ്പിച്ചത്. നിഷ്‌കളങ്ക നോട്ടങ്ങളും, പ്രണയാര്‍ദ്ര ചലനങ്ങളുമായി മുന്നേറുന്നതിനിടെ കാഞ്ചന പ്രണയം തിരസ്‌കരിക്കുമ്പോള്‍ പൊട്ടിത്തകരുന്ന അപ്പുവേട്ടനായി ടോവിനോ തകര്‍ത്തഭിനയിച്ചു. ഈ സിനിമ പൃഥ്വിരാജിന് കരിയറിലെ ഏറ്റവും വലിയ വിജയമായപ്പോള്‍ ടോവിനോ തോമസിന് കരിയറിലെ ബിഗ് ബ്രേക്ക് ആയി. ഇനിയങ്ങോട്ട് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് ഈ നടന്റെ മുഖവും ഓര്‍ത്തുവയ്ക്കണമെന്ന് എന്ന് നിന്റെ മൊയ്തീന്‍ ഓര്‍മ്മിപ്പിച്ചു. സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും അപ്പുവിലൂടെ ടോവിനോ സ്വന്തമാക്കി. ഉണ്ണി മുകുന്ദന്‍ നായകനായ സ്‌റ്റൈല്‍ എന്ന സിനിമയില്‍ എഡ്ഗര്‍ എന്ന വില്ലനായാണ് പിന്നെ ടോവിനോയെ കണ്ടത്. ഈ സിനിമ പുറത്തിറക്കുമ്പോള്‍ ഉണ്ണി മുകുന്ദനോളം താരമൂല്യമുള്ള നടനായി ടോവിനോ മാറിയിരുന്നു. നായകനും പ്രതിനായകനും ഒരേ പരിഗണന നല്‍കിയായിരുന്നു സിനിമയുടെ പ്രചരണം. ടോവിനോ തോമസിന്റെ അഭിനയശേഷി പ്രയോജനപ്പെടുത്താന്‍ പോന്ന റോള്‍ അല്ലായിരുന്നു എഡ്ഗാര്‍. എന്നാല്‍ അനുവദിച്ച് കിട്ടിയ രംഗങ്ങളില്‍ എഡ്ഗാറിനെ മികവുറ്റതാക്കി ടോവിനോ.

ഗപ്പിയുടെ നായകത്വമുള്ള പ്രതിനായകന്‍

ഗപ്പി
ഗപ്പി

പോയവര്‍ഷത്തെ ശ്രദ്ധേയ സിനിമകളിലൊന്നായ ഗപ്പി എന്ന ചിത്രത്തിലെ തേജസ് വര്‍ക്കിയുടെ റോളാണ് ടോവിനോ തോമസിന് സ്‌റ്റൈലിന് ശേഷം ലഭിച്ച പ്രധാന റോള്‍. ജോണ്‍പോള്‍ ജോര്‍ജ്ജ് രചനയും സംവിധാനവും നിര്‍വഹിച്ച ഗപ്പിയില്‍ ഇതേ പേര് വിളിക്കപ്പെടുന്ന കഥാപാത്രമായ ചേതന്‍ ജയലാല്‍ ആയിരുന്നു നായകന്‍. പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെയാണ് ടോവിനോയ്ക്ക് ലഭിച്ചത്. എന്നാല്‍ ടോവിനോ എന്ന നടനെയും അദ്ദേഹത്തിന്റെ അഭിനയശേഷിയെയും നന്നായി വെളിപ്പെടുത്തുന്ന സിനിമയായിരുന്നു ഗപ്പി. നീട്ടിയ താടിയും ഉള്ളിലെരിയുന്ന അമര്‍ഷവുമായി ബൈക്കില്‍ നീങ്ങുന്ന തേജസ് വര്‍ക്കിയെ ടോവിനോ ഗംഭീരമാക്കി. സിനിമ തിയറ്ററുകളില്‍ തിരസ്‌കരിക്കപ്പെടുകയും ഡിവിഡി പുറത്തുവന്നപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. തേജസ് വര്‍ക്കിയെ അയാളുടെ അയഞ്ഞതും സങ്കീര്‍ണവുമായ മാനസികാവസ്ഥയിലും ചില നിമിഷങ്ങളിലെ മുറിവേറ്റ നോട്ടങ്ങളിലുമെല്ലാം ഭാവഭദ്രമാക്കി ടോവിനോ തോമസ്. പെരുംപറമ്പില്‍ അപ്പു എന്ന കഥാപാത്രത്തില്‍ നിന്നും അടിമുടി വേറിട്ട ശരീരഭാഷയിലും രീതിയിലുമെല്ലാം മറ്റൊരു തലത്തിലെത്തിയ കഥാപാത്രമായിരുന്നു തേജസ് വര്‍ക്കി. ഷഹീര്‍ അഹമ്മദ് എന്ന ഐപിഎസ് ഓഫീസറായി പൃഥ്വിരാജിനൊപ്പം മൂന്നാംവട്ടം ടോവിനോ തോമസ് ഉപനായകനായെത്തി. കാര്യമായൊന്നും ആ കഥാപാത്രത്തിന് ചെയ്യാനില്ലായിരുന്നുവെങ്കിലും ടോവിനോയുടെ വിപണിമൂല്യം ഉയരുന്നതിന്റെ ഭാഗമായി ഈ കഥാപാത്രത്തെ കാണാനാകും.

മമ്മൂട്ടി മുതല്‍ നിവിന്‍ വരെ പിന്നിലായ ഒന്നാംദിനനേട്ടംഒരു മെക്‌സിക്കന്‍ അപാരത
ഒരു മെക്‌സിക്കന്‍ അപാരത

ഒരു മെക്‌സിക്കന്‍ അപാരതയുടെ ആദ്യദിനകളക്ഷന്‍ മൂന്ന് കോടിക്ക് മുകളിലാണ്. ഈ വര്‍ഷത്തെ മലയാളം ബോക്‌സ് ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍. പുലിമുരുകന് പിന്നാലെ ഒരു മലയാള ചിത്രം നേടുന്ന ഉയര്‍ന്ന കളക്ഷന്‍. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും നിവിന്‍ പോളിയുടെയും ഇനീഷ്യലിനെ പിന്നിലാക്കിയാണ് ടോവിനോ തോമസ് നായകായ മെക്‌സിക്കന്‍ അപാരത വരവറിയിച്ചത്. ഒരു മെക്‌സിക്കന്‍ അപാരത ടീസറിലും ട്രെയിലറിലും നല്‍കിയ രാഷ്ട്രീയ സൂചനയും പ്രീ റിലീസ് പ്രചരണങ്ങളിലൂടെ ലഭിച്ച ഹൈപ്പും ഇനീഷ്യല്‍ ഉയരാനുള്ള പ്രധാന കാരണമായിട്ടുണ്ടാകും. അതിനൊപ്പം ടോവിനോ തോമസ് എന്ന നായകന്/ താരത്തിന് ലഭിച്ച ആഘോഷ സ്വീകരണം കൂടിയാണ് ഈ കളക്ഷന്‍. കേരളത്തിലെ പല പ്രധാന തിയറ്ററുകളിലും ടോവിനോയുടെ കട്ടൗട്ടും ഫ്‌ളെക്‌സുകളും ഫാന്‍സ് അസോസിയേഷന്‍ ബോര്‍ഡുകളും നിരന്നിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് മൂവി ക്യാമറയ്ക്ക് മുന്നിലെത്തിയെങ്കിലും ടൊവീനോ തോമസിന്റെ നായക പ്രതിഷ്ഠയായി ഒരു മെക്‌സിക്കന്‍ അപാരത. ശരീരഭാഷയിലും രീതിഭാവങ്ങളിലും മെക്‌സിക്കന്‍ അപാരതയിലെ കൊച്ചനിയന്‍, പോള്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട് ടൊവീനോ തോമസ്. ടോറന്റ് ഹിറ്റുകളുടെ നായകനെന്ന പരിഹാസമോ ട്രോളുകളോ തൊട്ടടുത്ത പടത്തിലെത്തുമ്പോള്‍ റെക്കോര്‍ഡ് ഇനീഷ്യലിന് ഉടമയെന്ന തലത്തിലേക്ക് തിരുത്തപ്പെടുന്നു.

ഇനി മുന്‍നിരയുടെ ഗോദയില്‍

ഗോദ
ഗോദ

ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ബേസില്‍ ജോസഫിന്റെ ഗോദ എന്ന ചിത്രമാണ് ടോവിനോയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ദാസന്‍ എന്ന ഗുസ്തിക്കാരന്റെ റോളിലാണ് ടോവിനോ. സിനിമയുടെ ടീസറിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഈ സിനിമ കൂടി വന്‍വിജയമായാല്‍ ടോവിനോ തോമസ് പൃഥ്വിയോടും നിവിനോടും ദുല്‍ഖറിനോടും ഫഹദിനോടും ബോക്‌സ് ഓഫീസില്‍ മത്സരിക്കുന്ന യുവനായകനാകും. ആഷിക് അബുവിന്റെ പുതിയ ചിത്രത്തിലും ടോവിനോ തോമസാണ് നായകന്‍. അമല്‍ നീരദിന്റെ കഥയ്്ക്ക് ദിലീഷ് നായരും ശ്യാംപുഷ്‌കരനും തിരക്കഥയെഴുതുന്ന ചിത്രം ഈ വര്‍ഷമുണ്ടാകും. ലാല്‍ ജോസ്, ജോണ്‍ പോള്‍ ജോര്‍ജ്ജ്, വിവേക് അനിരുദ്ധ് എന്നിവരുടെ പുതിയ ചിത്രങ്ങളിലും ഒരു തമിഴ് ചിത്രത്തിലും ടോവിനോ അഭിനയിക്കുന്നുണ്ട്. മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷമെത്തുന്ന ഗോദ എന്ന ചിത്രം ഒരു മുന്‍നിര യുവതാര ചിത്രമെന്ന നിലയിലായിരിക്കും സ്വീകരിക്കപ്പെടുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിലപാടുകളുടെ നായകന്‍

സിനിമാ താരമാകുമ്പോള്‍ പലരും വശമാക്കുന്ന നയതന്ത്രം ടോവിനോ പിന്തുടരുന്നില്ലെന്ന് തോന്നുന്നു. അലന്‍സിയര്‍ കമലിനെതിരായ ആക്രമണത്തില്‍ പരസ്യ പ്രതിഷേധം നടത്തിയപ്പോഴും, സദാചാര ആക്രമണത്തിന് ഇരയായ ആള്‍ കൊല്ലപ്പെട്ടപ്പോഴും, ബലാല്‍സംഗ കേസുകളില്‍ ഇര ആക്രമിക്കപ്പെട്ട സാഹചര്യങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നിലും തുറന്നടിക്കുന്ന ടോവിനോയെ കണ്ടിരുന്നു. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ചാനല്‍ ചര്‍ച്ചകളിലും നിലപാട് വ്യക്തമാക്കിയിരുന്നു ടോവിനോ തോമസ്. മറ്റൊരു താരത്തെ ശത്രുവാക്കി നിര്‍ത്തിയുള്ള ആരാധനയോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച ടോവിനോ തോമസിനെ ഫേസ്ബുക്കില്‍ കണ്ടു. തന്റെ സിനിമ റിലീസിനെത്തിയ അതേ ദിനത്തില്‍ പുറത്തിറങ്ങിയ പുതുനിര ചിത്രമായ അങ്കമാലി ഡയറീസിനെ പിന്തുണയ്ക്കാനും ആ സിനിമ കാണണമെന്ന് പ്രീവ്യൂ കണ്ടിറങ്ങിയതിന് പിന്നാലെ ശുപാര്‍ശ ചെയ്യാനും തയ്യാറായി ടോവിനോ തോമസ്.