സിനിമാ നിരൂപണത്തിന്റെ പ്രധാനമന്ത്രിമാര്‍ അങ്കമാലിയോട് ചെയ്യുന്നത് 

March 10, 2017, 7:09 pm
സിനിമാ നിരൂപണത്തിന്റെ പ്രധാനമന്ത്രിമാര്‍ അങ്കമാലിയോട് ചെയ്യുന്നത് 
Film Debate
Film Debate
സിനിമാ നിരൂപണത്തിന്റെ പ്രധാനമന്ത്രിമാര്‍ അങ്കമാലിയോട് ചെയ്യുന്നത് 

സിനിമാ നിരൂപണത്തിന്റെ പ്രധാനമന്ത്രിമാര്‍ അങ്കമാലിയോട് ചെയ്യുന്നത് 

റിവ്യൂ എന്ന പദം അതിന്റെ ഏറ്റവും സുതാര്യമായൊരു അര്‍ത്ഥതലത്തെ അങ്ങനെ തന്നെ വിനിമയം ചെയ്യുന്ന ഒന്നാണ്. അത് ഒരേ സമയം കഴിഞ്ഞു പോയൊരു കാഴ്ചയെപ്പറ്റി സംസാരിക്കുകയും അതില്‍ നിന്ന് പുതിയൊരു കാഴ്ച ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. റീ- വ്യൂ അഥവാ വീണ്ടും കാണുക എന്നതാണ് അവിടെ സംഭവിക്കുന്നത്. ഓരോ റിവ്യൂവും നാം കണ്ട ഒരു കാഴ്ചയില്‍ നിന്ന് ആരും കാണാത്ത പുതിയൊരു കാഴ്ചയെ കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഒരു സിനിമയ്ക്ക് അനേകായിരം റിവ്യൂകള്‍ സാധ്യമാകുന്നത്.

കലയെ സംബന്ധിച്ചിടത്തോളം, ഏറ്റവും അനിവാര്യവും നിര്‍ണായകവുമായ ഒരിടത്താണ് നിരൂപണം നില്‍ക്കുന്നത്. സാഹിത്യത്തിലും ചിത്രമെഴുത്തിലും മാത്രമല്ല, സംസ്‌ക്കാരസംബന്ധിയായ എല്ലാറ്റിനോടും നിരൂപണം സഹവര്‍ത്തിക്കുന്നു. സര്‍ഗാത്മകതയുടെ അനിവാര്യമായ തുടര്‍ച്ച തന്നെയാണ് സംവാദവും എന്ന കാഴ്ചപ്പാട് അതിന് അസ്ഥിവാരമായി. എന്നാല്‍ നമ്മുടെ സിനിമയുടെ കാര്യത്തില്‍ ഇതായിരുന്നില്ല സ്ഥിതി. കേരളത്തില്‍ വാര്‍ത്താ ചാനലുകളുടെ വരവോട്് കൂടി റിലീസ് ചിത്രങ്ങളെ തുറന്ന് റിവ്യൂ ചെയ്യുന്ന പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ഒരു വ്യവസ്ഥ പുതുക്കിപ്പണിയപ്പെടാന്‍ പോകുകയാണെന്നും ആത്യന്തികമായി ഇത് സിനിമയ്ക്ക് ഗുണപരമായിരിക്കുമെന്നുമുള്ള ചിന്തയിലേക്ക് ചലച്ചിത്രമേഖല ഉണര്‍ന്ന് വരാന്‍ കാലമെടുത്തു. നിരൂപകനെ ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണി പോലും അക്കാലത്ത് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. സിനിമകള്‍ റിവ്യൂ ചെയ്യപ്പെടുകയും സോഷ്യല്‍ മീഡിയയില്‍ അവ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ജനാധിപത്യവല്‍ക്കരണം സാധ്യമായി. സിനിമ ചര്‍ച്ചകളിലും റിവ്യൂകളിലും ഇടം പിടിച്ചില്ലെങ്കിലാണ് ഇന്ന് ചലച്ചിത്രകാരന്‍ ആധി കൊള്ളുന്നത്. എങ്കിലും ഇരുതലമൂര്‍ച്ചയുള്ള ഒരു വാളായി ചലച്ചിത്രനിരൂപണം നമ്മുടെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടപ്പുണ്ടെന്ന് തന്നെ പറയണം. അതിന്റെ ചരട് എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ തെളിവാണ് ലിജോ ജോസ്പെല്ലിശേരി സംവിധാനം ചെയ്ത പുതിയ ചിത്രം അങ്കമാലി ഡയറീസിനെപ്പറ്റി രഞ്ജിത്ത് ജി. കാഞ്ഞിരത്തില്‍ എഴുതിയ റിവ്യൂ- അങ്കമാലിയിലെ പ്രധാനമന്ത്രിമാര്‍ എന്ന് തലക്കെട്ട്. ഈ അതിവായന നമ്മളെ വേദനിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്യുന്നതെന്തു കൊണ്ടാണ്, പ്രത്യേകിച്ച്, ഒരു കലാസൃഷ്ടിയെ സംബന്ധിച്ചിടത്തോളം അതിനെ അപനിര്‍മ്മിക്കാനും, അതിന്റെ വിവിധ പാഠങ്ങള്‍ രൂപീകരിക്കാനുമുള്ള അവകാശം പ്രേക്ഷകനില്‍/ ആസ്വാദകനില്‍ നിഷിപ്തമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലും? ഏറ്റവും വന്യമായൊരു വിശകലനത്തില്‍ പോലും ഒഴിവാക്കപ്പെടുമായിരുന്ന ഒന്നുമായാണ് ഈ ചിത്രം കൂട്ടിക്കെട്ടപ്പെട്ടിരിക്കുന്നത് എന്നതാണതിന്റെ കാരണം.

ജനം ടിവി വെബ് സൈറ്റിലെ അങ്കമാലി ഡയറീസ് റിവ്യൂ
ജനം ടിവി വെബ് സൈറ്റിലെ അങ്കമാലി ഡയറീസ് റിവ്യൂ

മതബദ്ധമായ ചില ആശയങ്ങളെ സിനിമ ഒളിച്ചു കടത്തുന്നു എന്നതാണ് റിവ്യൂവറുടെ പ്രധാന കണ്ടെത്തല്‍. സിനിമയിലുടനീളം ക്രിസ്ത്യന്‍ബിംബങ്ങള്‍ വാരിവിതറിയിരിക്കുന്നു എന്നും കേവലമൊരു ചെറുകിട നഗരത്തിലെ ഒരു കൂട്ടം അരാജക വാദികളുടെ ജീവിതവും സ്വാഭാവിക അന്ത്യങ്ങളും ഫ്രഞ്ച് വിപ്ലവം പോലെ മഹത്താക്കി ചിത്രീകരിച്ചിരിക്കുകയാണ് അങ്കമാലി ഡയറീസ് എന്ന കട്ട ലോക്കല്‍ പടം എന്നും റിവ്യൂവര്‍ പറയുന്നു. മലയാളസിനിമയിലെ തന്നെ ഏറ്റവും ക്രാഫ്റ്റി ആയ ചിത്രങ്ങളിലൊന്നായ ആമേന്‍ വിശുദ്ധന്‍ എന്ന ക്രൈസ്തവസങ്കല്‍പത്തെ ഗ്ളോറിഫൈ ചെയ്യാന്‍ വേണ്ടിയുള്ള ലിജോയുടെ ശ്രമമായിരുന്നു എന്നും ഇദ്ദേഹം വിലയിരുത്തുന്നുണ്ട്.

സോഷ്യല്‍മീഡിയയില്‍ റിവ്യൂവിനെതിരെ വളരെ ശക്തമായ എതിര്‍പ്പുയരുമ്പോഴും നാം ചില കാര്യങ്ങളില്‍ ഇനിയെങ്കിലും സത്യസന്ധരാവേണ്ടതുണ്ട്. നിനക്ക് പോയി ചാണകം വാരിത്തിന്നൂടെ എന്നൊക്കെ റിവ്യൂവറോട് കമന്റിട്ട് ആത്മസംതൃപ്തി നേടുന്ന ഉപരിപ്ളവതയുടെ കണ്ണാടിയിലൂടെ നോക്കിയാല്‍ എല്ലാ കാര്യങ്ങളും കാണാന്‍ പറ്റിയെന്ന് വരില്ല. റിവ്യൂ പെറ്റിഷന്‍ എന്നൊരു നിയമസംബന്ധിയായ പ്രയോഗം തന്നെ ഉണ്ടല്ലോ. അതാണ് ഇവിടെ വേണ്ടത്. ഇവിടെ റിവ്യൂ ചെയ്യപ്പെടേണ്ടത് റിവ്യൂകളും റിവ്യൂ എഴുത്തുകാരുമാണ്.

സത്യത്തില്‍ ഈ അതിവായന, അല്ലെങ്കില്‍ നമുക്കതിനെ അപകടവായന എന്ന് തന്നെ വിളിക്കാം. അത് എത്രയോ കാലമായി മലയാള ചലച്ചിത്രനിരൂപണരംഗത്ത് നടമാടിക്കൊണ്ടിരിക്കുകയായിരുന്നു എന്നതല്ലേ സത്യം? ഇക്കാലമത്രയും നാമതിന് നേരേ നിശബ്ദത പാലിക്കുകയും അല്ലെങ്കില്‍ നമ്മുടെ ബുദ്ധിപരമായ അപകര്‍ഷതയാല്‍ അത്തരം നിരീക്ഷണങ്ങളെ മഹത്വവല്‍ക്കരിക്കുകയും അതിന് കൈയ്യടിക്കുകയും ചെയ്തു. രാഷ്ട്രീയ വായന എന്ന പേരില്‍ സാമാന്യബുദ്ധിയെ കളിയാക്കുന്ന നിരീക്ഷണവും പ്രയോഗങ്ങളും സിനിമാനിരൂപണത്തിന്റെ സ്വയം പ്രഖ്യാപിത അപ്പോസ്തലന്‍മാര്‍ എടുത്തണിഞ്ഞപ്പോള്‍ നാം നിരൂപണത്തിന്റെ കിരീടവും ചെങ്കോലും അവരെ ഏല്‍പ്പിച്ച് പീലാത്തോസിനെപ്പോലെ കൈകഴുകി മാറി നിന്ന്. അതിനുള്ള ശിക്ഷയാണ് അങ്കമാലിയിലെ പ്രധാനമന്ത്രിമാര്‍ എന്ന റിവ്യൂ.

ഒന്നാലോചിച്ചു നോക്കൂ. ലോകമെമ്പാടും നിന്ന് എത്രയോ വിസ്മയിപ്പിക്കുന്ന പുതിയ സിനിമകള്‍ പുറത്തുവരുന്നു. സിനിമയെന്ന കലയുടെ സകല വിസ്മയങ്ങളും നമ്മളെ അനുഭവിപ്പിക്കുന്ന, അതിന്റെ അസാധ്യമായ വെളിച്ചത്തില്‍ നമ്മളെ ഉരുക്കിക്കളയുകയും പുതുക്കിപ്പണിയുകയും ചെയ്യുന്ന സിനിമകള്‍. സിനിമാ പാരഡൈസോ ക്ളബ്ബ് പോലെയുള്ള ഇടങ്ങളില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ പോലും ഇത്തരം സിനിമകളെപ്പറ്റി എഴുതിയിടുന്ന ചെറുകുറിപ്പുകള്‍ സത്യസന്ധമാണ്. നമ്മുടെ ആസ്ഥാനനിരൂപകന്‍മാരില്‍ എത്ര പേര്‍ ഇത്തരം സിനിമകള്‍ കാണുന്നുണ്ട്, എഴുതുന്നുണ്ട് ? വളരെയധികമില്ല. അവരീ കലയെ കാണുന്നില്ല. അവര്‍ കാണുന്നത് മറ്റു പലതുമാണ്.

സിനിമ മതം ഒളിപ്പിച്ചു കടത്തുന്നു എന്ന് ആദ്യം എഴുതിത്തുടങ്ങിയത് ആരാണ്? ഒരു നിലവിളക്കോ, കിണ്ടിയോ, ആട്ടുകട്ടിലോ, എന്തിന് നാക്കിലയില്‍ ഊണു കഴിക്കുന്നത് പോലും ഷോട്ട് വയ്ക്കാന്‍ പറ്റാത്ത തരത്തില്‍ അതിവായനകള്‍ നടത്തി നിരൂപകന്റെ ബുദ്ധിപ്രഖ്യാപനങ്ങള്‍ നടത്തിയതാരാണ്? മലയാളസിനിമ ഹൈന്ദവികതയെ ഒളിച്ചു കടത്തുന്നു എന്ന് എഴുതുക മാത്രമല്ല അത് ആധികാരികമായി സ്ഥാപിച്ചെടുക്കാനും അതിന് പൊതുസമ്മതി നേടിക്കൊടുക്കാനും പലര്‍ക്കും കഴിഞ്ഞു. കഥാപാത്രത്തിന് നീലകണ്ഠനെന്നോ, ഇന്ദുചൂഢനെന്നോ പേരിടാന്‍ പറ്റാതെയായി. നായകന്റെ ശരീരം, ബുദ്ധിജീവിപ്പടങ്ങള്‍ക്ക് റിവ്യൂ എഴുതുമ്പോള്‍ ഇത് ടൂളും, അല്ലാത്ത സിനിമകള്‍ക്ക് ഇത് സവര്‍ണ/ വരേണ്യ താരഉടലും ആവും. ഹൈന്ദവബിംബവല്‍ക്കരണം, വരേണ്യഫ്യൂഡല്‍ മൂല്യവ്യവസ്ഥ, ഫാസിസ്റ്റ് പരികല്‍പന തുടങ്ങിയ വാക്കുകള്‍ കമ്പോട് കമ്പ് ചേര്‍ത്താല്‍ ആര്‍ക്കും നിരൂപകനാവാം എന്ന അവസ്ഥ ഉണ്ടായി.

ഒരു ചെറിയ ഉദാഹരണം പറയാം. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മുരുകന്‍ എന്ന് പേര് നായകന് ചാര്‍ത്തിക്കൊടുത്തത് ഹൈന്ദവ ഫാസിറ്റ് മൂല്യങ്ങള്‍ ഒളിച്ചു കടത്താനാണെന്നും അയാളുടെ കൈയ്യിലെ വേല്‍ എന്നത് വലതുഫാസിസത്തെ തിരശീല പൊളിച്ച് പുറത്തു കൊണ്ടുവരാന്‍ നിയുക്തമാക്കപ്പെട്ടതാണെന്നും ചിലര്‍ കണ്ടെത്തിയിട്ട് നാളുകള്‍ ഏറെ ആയിട്ടില്ലല്ലോ. ഉത്തരവാദിത്തമുള്ള ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തക കൂടി ആ വാദം ഏറ്റെടുത്ത് ബുദ്ധിപരമായി താനും ഒട്ടും പിന്നോക്കമല്ലെന്ന് തെളിയിച്ച് ആത്മനിര്‍വൃതിയടഞ്ഞു. ചുരുക്കത്തില്‍, സിനിമ എന്ന കലയെപ്പറ്റി ഒന്നും എഴുതാതിരിക്കുകയും അതിവായനകള്‍ നടത്തി, ആത്മഭോഗസുഖം പ്രാപിക്കുകയും ചെയ്യുന്നവരാണ് സിനിമയില്‍ ഫാസിസത്തെ ഒളിച്ചു കടത്തുന്നത്. ഒരു കള്ളം നൂറാവര്‍ത്തി ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഫാസിസ്റ്റ് തിയറി അതേപടി നടപ്പിലാക്കപ്പെട്ടിരിക്കുന്നത് മലയാള സിനിമാ നിരൂപണമേഖലയിലാണ്. സംശയമില്ലാതെ തന്നെ പറയാം, മലയാളസിനിമയില്‍ സര്‍ഗകലാപം നടത്താന്‍ പ്രാപ്തിയുള്ള വിരലില്‍ എണ്ണിയെടുക്കാവുന്ന സംവിധായകരില്‍ ഏറ്റവും മുന്നില്‍ ലിജോജോസ് പല്ലിശേരിയുണ്ട്. സിനിമ എന്ന ആര്‍ട്ട്ഫോമിനെപ്പറ്റിയുള്ള അടിയുറച്ച ധാരണയും, അസാധാരണത്വത്തിന്റെ ഏസ്തറ്റിക്കല്‍ ഇംപ്ളിമെന്റേഷനാണ് കല എന്ന് സത്യത്തെ ധീരതയോടെ നടപ്പിലാക്കാനുള്ള ശേഷിയുമാണ് അയാളെ ബ്രില്യന്റ് ഫിലിംമേക്കറാക്കുന്നത്. അങ്ങനെയൊരാളുടെ സിനിമാപരിശ്രമങ്ങളെ പോലും താറടിച്ച് കൊണ്ട് ഇത്തരം റിവ്യൂകള്‍ എഴുതപ്പെടുമ്പോള്‍, നമുക്ക് ഞെട്ടിവിറച്ചു നില്‍ക്കേണ്ടി വരുന്നത് ഇതേ റിവ്യൂവിന്റെ മറുപുറത്തെയാണ് നമ്മള്‍ കൈയ്യടിച്ചാദരിച്ചു കൊണ്ടിരുന്നത് എന്നതു കൊണ്ടാണ്.

ജനപ്രിയമായതിനെയത്രയും തുടച്ചുമാറ്റിക്കൊണ്ടോ അവയെ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞുകൊണ്ടോ അല്ല പുതിയ കാലത്ത് സംസ്‌ക്കാരപഠനം നിലനില്‍ക്കുന്നത്. വെളിച്ചത്തിന്റെ കലയായ സിനിമയെ (ഭൗതികമായും ആത്മീയമായും ) അന്ധത കൊണ്ടളക്കാന്‍ ശ്രമിച്ചതിന്റെ അവശേഷിപ്പുകളാണ് നമ്മുടെ സിനിമാഎഴുത്തുകളിലേറെയും. സിനിമ എന്ന കലയെ അതിന്റെ വിശാലാകാശങ്ങളില്‍ വച്ചു സന്ധിക്കുന്നതില്‍ നാം പരാജയപ്പെട്ടു. അതിനോടുള്ള വിശദമായ മുഖാമുഖങ്ങളും നമുക്ക് നഷ്ടപ്പെട്ടു. അതിന് മാറ്റം വന്നേ മതിയാവൂ.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സെര്‍ജി ലിയോണിന്റെ വിഖ്യാത ചിത്രം ഗുഡ് ബാഡ് അഗ്ളിയുടെ ക്ളൈമാക്സ് ഓര്‍ക്കുക. പരസ്പരം തോക്ക് ചൂണ്ടി ശവപ്പറമ്പിന്റെ വൃത്താകാരത്തിനുള്ളില്‍ പരസ്പരം നോക്കി നില്‍ക്കുന്ന മൂന്ന് പേര്‍. ഇന്നത്തെ മലയാള സിനിമാനിരൂപണത്തിന്റെ നേര്‍ചിത്രം ഇതിലുണ്ട്. സിനിമയില്‍ ഗുഡ് ആണ് ബാക്കിയായതെങ്കില്‍ ഇവിടത്തെ സാധ്യത നമുക്ക് നോക്കാം. ഇവിടെ ബാഡ് കൊല്ലപ്പെട്ടാലും അഗ്ളി ബാക്കിയാണ്. അംഗ്ളി കൊല്ലപ്പെട്ടാലും ബാഡ് ബാക്കി നില്‍ക്കും. ഇനി ഗുഡ് ആണ് കൊല്ലപ്പെടുന്നതെങ്കിലോ? ആലോചിക്കുമ്പോള്‍ പേടി തോന്നുന്നില്ലേ?