ഫഹദിനൊപ്പം ബോളിവുഡ് വമ്പന്‍മാര്‍, വേണുവിന്റെ സംവിധാനത്തില്‍ കാര്‍ബണ്‍ ഓഗസ്റ്റ് 17 മുതല്‍ 

August 11, 2017, 12:19 pm
 ഫഹദിനൊപ്പം ബോളിവുഡ് വമ്പന്‍മാര്‍, വേണുവിന്റെ സംവിധാനത്തില്‍ കാര്‍ബണ്‍ ഓഗസ്റ്റ് 17 മുതല്‍ 
Film News
Film News
 ഫഹദിനൊപ്പം ബോളിവുഡ് വമ്പന്‍മാര്‍, വേണുവിന്റെ സംവിധാനത്തില്‍ കാര്‍ബണ്‍ ഓഗസ്റ്റ് 17 മുതല്‍ 

ഫഹദിനൊപ്പം ബോളിവുഡ് വമ്പന്‍മാര്‍, വേണുവിന്റെ സംവിധാനത്തില്‍ കാര്‍ബണ്‍ ഓഗസ്റ്റ് 17 മുതല്‍ 

മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ ഓഗസ്റ്റ് 17ന് ചിത്രീകരണം തുടങ്ങും. വാഗമണ്‍, ഈരാറ്റുപേട്ട, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഷാരൂഖ് ഖാന്റെ റയീസ്, ഹാരി മെറ്റ് സജാല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകനും മലയാളിയുമായ കെ യു മോഹനന്‍ ക്യാമറ ചലിപ്പിക്കുന്നത് ഈ മലയാള ചിത്രത്തിന് വേണ്ടിയാണ്. എം പി സുകുമാരന്‍ നായരുടെ ശയനം എന്ന ചിത്രത്തിന് ശേഷം കെ യു മോഹനന്‍ മലയാളത്തിലെത്തുന്നുവെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.

വേണു തന്നെയാണ് സിനിമയുടെ രചന. ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ് ആണ് കാര്‍ബണിന് വേണ്ടി ഈണമൊരുക്കുന്നത്. എംടിയുടെ രചനയില്‍ വേണു ആദ്യമായി സംവിധായകനായ ദയ എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചതും വിശാല്‍ ഭരദ്വാജാണ്.

ആയിരം കാണി’ എന്ന് പേരിട്ടിരുന്ന പ്രോജക്ട് തന്നെയാണിത്. ‘കാര്‍ബണ്‍’ എന്ന് പേര് മാറ്റിയെന്നേ ഉള്ളൂ. കോട്ടയം, ഇടുക്കി ഭാഗത്തായിരിക്കും ചിത്രീകരണം. ഒരുപാട് ആഗ്രഹങ്ങളുമായി മുന്നോട്ടുപോകുന്ന മനുഷ്യനാണ് ഇതിലെ പ്രധാന കഥാപാത്രം. പക്ഷേ ഒരു ഘട്ടത്തിലെത്തുമ്പോള്‍ അയാള്‍ക്ക് തോന്നുകയാണ് ഇതിലുമൊക്കെ എത്രയോ നല്ല ആഗ്രഹങ്ങള്‍ തനിക്ക് ഉണ്ടാകാമായിരുന്നു എന്ന്. ആ തിരിച്ചറിവ് വൈകുന്ന ഒരവസ്ഥയുണ്ട്. ഇതിന്റെ തീം ഒരു കഥയായി പറഞ്ഞുഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
വേണു, സൗത്ത്‌ലൈവിനോട്

മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ എന്നറിയുന്നു. മുന്നറിയിപ്പില്‍ നിന്ന് വ്യത്യസ്ഥമായി എന്റര്‍ടെയിനര്‍ സ്വഭാവമുളള സിനിമയായിരിക്കും കാര്‍ബണ്‍. ബി കെ ഹരിനാരായണനാണ് ഗാന രചന. സിബി തോട്ടുംപുറമാണ് സിനിമയുടെ നിര്മ്മാണം.

കന്യാകുമാരി, നാഗര്‍കോവില്‍ എന്നിവിടങ്ങളിലായി അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് ഫഹദ് കാര്‍ബണില്‍ ജോയിന്‍ ചെയ്യുന്നത്. വിന്‍സെന്റ് വടക്കന്‍ ആണ് ട്രാന്‍സിന്റെ രചന. അമല്‍ നീരദ് ക്യാമറയും റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനവും നിര്‍വഹിക്കുന്നു. തമിഴില്‍ ശിവകാര്‍ത്തികേയനൊപ്പം വേലൈക്കാരന്‍ എന്ന ചിത്രവും വിജയ് സേതുപതിക്കൊപ്പം അനീതി കരങ്ങള്‍ എന്ന ചിത്രവും ഫഹദ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.