ഇതിഹാസ ചിത്രത്തില്‍ ഭീമനാകാന്‍ മോഹന്‍ലാലിന് കഴിയുമോ?; ചോദ്യത്തിന് സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ മറുപടി  

April 18, 2017, 9:05 pm
ഇതിഹാസ ചിത്രത്തില്‍ ഭീമനാകാന്‍ മോഹന്‍ലാലിന് കഴിയുമോ?;  ചോദ്യത്തിന്  സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ മറുപടി  
Film News
Film News
ഇതിഹാസ ചിത്രത്തില്‍ ഭീമനാകാന്‍ മോഹന്‍ലാലിന് കഴിയുമോ?;  ചോദ്യത്തിന്  സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ മറുപടി  

ഇതിഹാസ ചിത്രത്തില്‍ ഭീമനാകാന്‍ മോഹന്‍ലാലിന് കഴിയുമോ?; ചോദ്യത്തിന് സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ മറുപടി  

മോഹന്‍ലാലിന് ഭീമനാകാന്‍ പറ്റുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍. റേഡിയോ മാംഗോ യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഇതിഹാസചിത്രത്തില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാനുള്ള കാരണം ശ്രീകുമാര്‍ വ്യക്തമാക്കിയത്.

ഇങ്ങനെയൊരു ലോക സിനിമയില്‍ മോഹന്‍ലാല്‍ എങ്ങനെയാണ് നായകനായി വരുന്നത്? താങ്കളുടെ സംവിധാന സങ്കല്‍പത്തില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നോ നായകന്‍? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഭീമന്റെ എല്ലാ ഭാവങ്ങളും ഒത്തുവരുന്ന ഒരാള്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് എന്ന് എല്ലാ മലയാളികളെയും പോലെ ഞാനും വിശ്വസിക്കുന്നു എന്നാണ് വിഎ ശ്രീകുമാര്‍ പറഞ്ഞ മറുപടി. ഇത്രയും വലിയ ചിത്രത്തില്‍ എന്തിനാണ് മോഹന്‍ലാലിനെ നായകനാക്കുന്നതെന്ന് ബോളിവുഡ് ചോദിച്ചു. ഈ സിനിമ ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെവെച്ച് മാത്രമായിരിക്കുമെന്നാണ് താന്‍ മറുപടി നല്‍കിയത്.

രണ്ടാമൂഴം സിനിമയായി ചെയ്യാന്‍ എംടിയില്‍ നിന്ന് അനുവാദം ലഭിച്ചതിനേക്കുറിച്ചും വിഎ ശ്രീകുമാര്‍ വ്യക്തമാക്കി. എംടി വാസുദേവന്‍ നായര്‍ അച്ഛന്റെ ക്ലാസ്‌മേറ്റായതിനാല്‍ നേരിട്ട് പരിചയമുണ്ടായിരുന്നു. രണ്ടാമൂഴം തിരക്കഥയാവശ്യപ്പെട്ട് ഇന്ത്യന്‍ സിനിമയിലെ മഹാരഥന്‍മാര്‍ എംടിയുടെ അടുത്ത് പലതവണയെത്തി. രണ്ടാമൂഴം സിനിമയാക്കുന്നെങ്കില്‍ അത് ലോക സിനിമയായി മാത്രമേ ചെയ്യൂ എന്നാണ് എംടി മറുപടിയായി പറഞ്ഞത്. താങ്കള്‍ മനസ്സില്‍ കാണുന്നപോലെ ലോകസിനിമയായി രണ്ടാമൂഴം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞു. അത്രയും വലിയ ബജറ്റില്‍ സിനിമ ചെയ്യാന്‍ തയ്യാറായ നിര്‍മ്മാതാക്കളെ കണ്ടെത്തിക്കോളാമെന്നും പറഞ്ഞതോടെ അദ്ദേഹം സമ്മതം മൂളി.

ഇവിടെ ഇത്രയും താരങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് മോഹന്‍ലാല്‍ എന്ന് ബോളിവുഡ് ചോദിച്ചതിനേക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കി.

ഒരുപാട് പ്രൊഡക്ഷന്‍ ഹൗസുകളെ കണ്ടു. ബോളിവുഡ് താരങ്ങളെ കണ്ടു. നിങ്ങളെന്തുകൊണ്ടാണ് ബോളിവുഡില്‍ ഇത്രയും താരങ്ങള്‍ ഉള്ളപ്പോള്‍ മോഹന്‍ലാലിനെവെച്ച് സിനിമ ചെയ്യുന്നതെന്ന് അവര്‍ ചോദിച്ചു. ഞാന്‍ എന്നെങ്കിലും രണ്ടാമൂഴം ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെ വെച്ച് മാത്രമായിരിക്കുമെന്ന് പറഞ്ഞു. മോഹന്‍ലാല്‍ ഭീമനായി മാത്രമേ താന്‍ രണ്ടാമൂഴത്തിന്റെ ക്യാമറ ചലിപ്പിക്കൂ. അത് എന്ന് നടക്കുന്നോ അന്ന്. അതല്ലെങ്കില്‍ ഈ സിനിമയുടെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കാമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്കു കൊടുത്തിട്ടുണ്ടായിരുന്നു.  
വിഎ ശ്രീകുമാര്‍

ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം വൈകാരികനായതു പോലെ തോന്നി. ഭീമനാകണെന്നുള്ള പ്രേക്ഷകരുടെ ആഗ്രഹം നാളുകളായി ലാലേട്ടന്‍ കേട്ടിട്ടുണ്ടാവും. രണ്ടാമൂഴം പലതവണ വായിച്ചയാളാണ് ലാലേട്ടന്‍. ലാലേട്ടനുള്ളിലെ കലാകാരനെ ഏറ്റവും കൂടുതല്‍ വെല്ലുവിളിക്കുന്ന കഥാപാത്രമാണ് ഭീമന്റേത്.

ഇതുവരെ സിനിമാമേഖലയില്‍ ഇല്ലാതിരുന്ന നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി സിനിമയിലേക്ക് കടന്നുവരുന്നതിനേക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരു ചടങ്ങില്‍ വെച്ച് ബിആര്‍ ഷെട്ടിയെ കണ്ടപ്പോള്‍ അദ്ദേഹം മഹാഭാരതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. തന്റെ കൈയില്‍ തിരക്കഥയുള്ളകാര്യം പറഞ്ഞു. രണ്ടാമൂഴം വായിച്ചുനോക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥയും അയച്ചു കൊടുത്തു. വായിച്ച ശേഷം എന്ന് തുടങ്ങാമെന്നാണ് ബിആര്‍ ഷെട്ടി ചോദിച്ചത്.

നമ്മള്‍ മഹാഭാരതം ലാര്‍ജ് ഫോര്‍മാറ്റില്‍ കാണിക്കുമ്പോള്‍ നമ്മള്‍ കാണിക്കുന്നത് ഇന്ത്യന്‍ മിത്തോളജിയും ഇന്ത്യന്‍ സംസ്‌കാരവുമാണ. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യമാണ്. അത് ലോകം കാണുമ്പോള്‍ ഒരിക്കലും രണ്ടാം കിടയായിക്കൂടാ. കാഴ്ചയിലും അനുഭവത്തിലും ചിത്രീകരണത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തലമുറ മാറിപ്പോയാലും പുതുമ നശിക്കാത്ത ഒരു ലോക ക്ലാസിക്കാകാന്‍ എന്തുവേണമെന്ന് ചോദിച്ചു. 850 കോടി എന്ന് പറഞ്ഞപ്പോള്‍ ആയിരം കോടി മാറ്റിവെയ്ക്കും ഇതൊരു മാസ്റ്റര്‍ പീസാകണം എന്നും പറഞ്ഞു. ഇതറിഞ്ഞപ്പോള്‍ എംടി വികാരാധീനനായി. മോഹന്‍ലാലിന്റെ ഇത്രയും സന്തോഷം നിറഞ്ഞ മുഖം താന്‍ കണ്ടിട്ടില്ല. നമ്മള്‍ ഓരോ മലയാളികളും, ഓരോ ഇന്ത്യക്കാരും കാണുന്ന ഒരു സിനിയുടെ പിറവിയാണിതെന്ന് ഞങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിഎ ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

മഹാഭാരതം സംവിധായകന്‍ വിഎ ശ്രീകുമാര്‍ റേയിയോ മാംഗോയില്‍..