മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നത് സന്തോഷ് ശിവനോ, അമല്‍ നീരദോ? 

August 12, 2017, 2:01 pm
മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നത് സന്തോഷ് ശിവനോ, അമല്‍ നീരദോ? 
Film News
Film News
മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നത് സന്തോഷ് ശിവനോ, അമല്‍ നീരദോ? 

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നത് സന്തോഷ് ശിവനോ, അമല്‍ നീരദോ? 

ഏറെ നാളുകള്‍ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ബോക്‌സ് ഓഫീസില്‍ അമ്പത് കോടിക്ക് മുകളില്‍ കളക്ഷനാണ് നേടിയത്. ദ ഗ്രേറ്റ് ഫാദറിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ചരിത്ര സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഓഗസ്റ്റ് സിനിമ. കുഞ്ഞാലിമരക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുമെന്നായിരുന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍. എന്നാല്‍ സംവിധാനം ചെയ്യാനായി സന്തോഷ് ശിവനെ സമീപിച്ചതായാണ് സൂചന. സന്തോഷ് ശിവനൊപ്പം അമല്‍ നീരദിനെയും സിനിമയുടെ സംവിധായകനായി പരിഗണിക്കുന്നുണ്ട്.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെടിഎന്‍ കോട്ടൂര്‍ എന്നീ കൃതികളെഴുതിയ ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് കുഞ്ഞാലിമരക്കാര്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസമായ സെപ്തംബര്‍ ഏഴിന് ചിത്രം അനൗണ്‍സ് ചെയ്യുമെന്നാണ് സൂചന. തെലുങ്കില്‍ മഹേഷ് ബാബു നായകനായ സ്‌പൈഡര്‍ എന്ന ചിത്രമാണ് സന്തോഷ് ശിവന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏ ആര്‍ മുരുഗദോസാണ് ഈ സിനിമയുടെ സംവിധായകന്‍. ഓഗസ്റ്റ സിനിമയുടെ ആ്ദ്യ പ്രൊജക്ടായ ഉറുമിയുടെ സംവിധായകനായിരുന്ന സന്തോഷ് ശിവന്‍ കമ്പനിയുടെ ഉടമകളിലൊരാള്‍ കൂടിയാണ്. ദ ഗ്രേറ്റ് ഫാദറിന്റെ വിജയത്തിന് പിന്നാലെ പൃഥ്വിരാജ് ഓഗസ്റ്റ് സിനിമയുടെ പങ്കാളിത്തത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഉറുമിക്ക് ശേഷം നിവിന്‍ പോളി-മഞ്ജുവാര്യര്‍ ചിത്രം സന്തോഷ് ശിവന്‍ ആലോചിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. ചരിത്ര പ്രാധാന്യമുള്ള ബിഗ് ബജറ്റ് ചിത്രമെന്ന നിലയിലാണ് കുഞ്ഞാലിമരക്കാര്‍ സംവിധായകനായി സന്തോഷ് ശിവനെ പ്രൊഡക്ഷന്‍ ടീമും മമ്മൂട്ടിയും പ്രതീക്ഷിക്കുന്നത്.

ചിമ്പു സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രം ക്യാമറയിലാക്കുന്നത് സന്തോഷ് ശിവനാണ്. ഇതിന് ശേഷം ഫഹദ്, വിജയ് സേതുപതി, മാധവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്‌നം ഒരുക്കുന്ന ചിത്രവും സന്തോഷ് ശിവന്റെ ഛായാഗ്രഹണത്തിലാണ്. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ സംവിധാനം ചെയ്യുകയാണെങ്കിലും തമിഴിലെയും തെലുങ്കിലെയും പ്രധാന പ്രൊജക്ടുകള്‍ മാറ്റിവച്ച് സന്തോഷ് ശിവന്‍ എത്തേണ്ടിവരും.

നേരത്തെ പ്രിയദര്‍ശനും അമല്‍ നീരദും ഒരേ സമയം കുഞ്ഞാലിമരക്കാര്‍ എന്ന പേരില്‍ പ്രൊജക്ട് പ്ലാന്‍ ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി ചരിത്രപശ്ചാത്തലമുള്ള പ്രൊജക്ടായി കുഞ്ഞാലിമരക്കാരുടെ ജീവചരിത്രമായിരുന്നു അമല്‍ ആലോചിച്ചിരുന്നത്. മോഹന്‍ലാല്‍ നായകനായ ഹ്യൂമര്‍ ചിത്രമായിരുന്നു പ്രിയന്‍ ചെയ്യാനിരുന്നത്. ഏതായാലും കപ്പല്‍യുദ്ധവും സാമ്രാജ്യത്വഅധിനിവേശത്തിനെതിരായ സാമൂതിരിപ്പടയുടെ ചെറുത്തുനില്‍പ്പും ദൃശ്യവല്‍ക്കരിക്കപ്പെടുന്ന കുഞ്ഞാലിമരക്കാര്‍ മലയാളത്തിലെ വമ്പന്‍ പ്രൊജക്ടായിരിക്കും. ആരായിരിക്കും ഈ ചിത്രം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുക എന്നത് വരുംദിവസങ്ങളില്‍ അറിയാം.