മാതൃഭൂമിയും മലയാള സിനിമയും തുറന്നപോരില്‍; വാഴ്ത്തല്‍ റിവ്യൂകള്‍ക്ക് വിരാമം, ആദ്യ പ്രഹരം സൂപ്പര്‍താര സിനിമകള്‍ക്ക് 

September 2, 2017, 1:43 pm
മാതൃഭൂമിയും മലയാള സിനിമയും തുറന്നപോരില്‍; വാഴ്ത്തല്‍ റിവ്യൂകള്‍ക്ക് വിരാമം, ആദ്യ പ്രഹരം സൂപ്പര്‍താര സിനിമകള്‍ക്ക് 
Film News
Film News
മാതൃഭൂമിയും മലയാള സിനിമയും തുറന്നപോരില്‍; വാഴ്ത്തല്‍ റിവ്യൂകള്‍ക്ക് വിരാമം, ആദ്യ പ്രഹരം സൂപ്പര്‍താര സിനിമകള്‍ക്ക് 

മാതൃഭൂമിയും മലയാള സിനിമയും തുറന്നപോരില്‍; വാഴ്ത്തല്‍ റിവ്യൂകള്‍ക്ക് വിരാമം, ആദ്യ പ്രഹരം സൂപ്പര്‍താര സിനിമകള്‍ക്ക് 

സിനിമകളോടുള്ള മൃദുസമീപനത്തില്‍ മാറ്റം വരുത്തി മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍. ഓണച്ചിത്രങ്ങളെ വിമര്‍ശനാത്മകമായി കൈകാര്യം ചെയ്താണ് മാതൃഭൂമി മാറിയ നിലപാട് പരസ്യപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ ബഹിഷ്‌കരണവുമായും ഓണച്ചിത്രങ്ങളുടെ പരസ്യം ലഭിക്കാത്തതുമായും നിലപാട് മാറ്റത്തിന് ബന്ധമില്ലെന്ന് മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി ഐ രാജീവ് സൗത്ത് ലൈവിനോട് പ്രതികരിച്ചു. ഉള്ളടക്കത്തില്‍ വരുത്തുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ശനിയാഴ്ച പുറത്തിറങ്ങിയ ചിത്രഭൂമി സിനിമാ സ്‌പെഷ്യല്‍ ഓണം റിലീസുകളെ വിമര്‍ശനാത്മകമായി സമീപിച്ചതെന്നും പി ഐ രാജീവ്. മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകളുടെ നിരൂപണമാണ് ചിത്രഭൂമി മുഖപേജില്‍ നല്‍കിയിരിക്കുന്നത്. വെളിവില്ലാത്ത കാഴ്ച എന്ന തലക്കെട്ടിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ നിരൂപണം. സാറാ സ്റ്റാറോ എന്ന ചോദ്യമാണ് മമ്മൂട്ടി ചിത്രത്തിന്റെ നിരൂപണത്തിന് തലക്കെട്ട്. നാല് ചിത്രങ്ങളുടെ റേറ്റിംഗും നല്‍കിയിട്ടുണ്ട്. പ്രതീക്ഷയോടെ കാത്തിരുന്ന ലാല്‍ജോസും മോഹന്‍ലാലും ലോക ദുരന്തമായി നമ്മുക്ക് മുന്നിലെത്തിയെന്ന് പറഞ്ഞാണ് വെളിപാടിന്റെ പുസ്തകം റിവ്യൂ അവസാനിപ്പിക്കുന്നത്. ക്ലീഷേകളെ കൊണ്ട് മാറ്റി മാറ്റി കളിക്കുമ്പോള്‍ ആരാധകര്‍ക്ക് പോലും മടുക്കുമോ എന്ന് താരങ്ങളും സംവിധായകരും ചിന്തിക്കണമെന്ന് മമ്മൂട്ടി ചിത്രത്തിന്റെ റിവ്യൂവില്‍ പറയുന്നു.

മാതൃഭൂമിയുടെ ഉള്ളടക്കത്തില്‍ വരുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ചിത്രഭൂമിയിലെ നിരൂപണങ്ങളില്‍ വന്ന മാറ്റം. നേരത്തെ ഞങ്ങള്‍ പ്രമോഷണല്‍ സ്വഭാവത്തിലുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും മാത്രമാണ് നല്‍കിയിരുന്നത്. ചിത്രഭൂമിയുടെ ഘടന തന്നെ മാറ്റുന്നതിന്റെ ഭാഗമാണ് ഓണം സിനിമകളുടെ നിരൂപണങ്ങള്‍. സിനിമയുടെ വാര്‍ത്താ പ്രചരണം മാത്രം നടത്തുന്നതില്‍ ഒരു ശരിയില്ലായ്മയുണ്ടല്ലോ? എല്ലാ സിനിമകളെയും ജയഹോ ജയഹോ എന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. വായനക്കാര്‍ക്ക് പുറത്തുവരുന്ന സിനിമകളുടെ നിക്ഷ്പക്ഷമായ വിലയിരുത്തല്‍ ഒരു മാധ്യമത്തിലൂടെ അറിയാനുള്ള അവസരം നല്‍കണമല്ലോ, അതിന്റെ ഭാഗമായി തുടര്‍ന്നും സിനിമകളുടെ നിക്ഷ്പക്ഷ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തന്നെയാണ് തീരുമാനം. സിനിമാ മേഖലയില്‍ നിന്നുള്ള പ്രചരണ സ്വഭാവമുള്ള വാര്‍ത്തകള്‍ മാത്രം നല്‍കുന്നത് മാറ്റി വസ്തുതാപരമായി സമീപിക്കാന്‍ തന്നെയാണ് തീരുമാനം. ചിത്രഭൂമിയില്‍ മാത്രമുള്ള പരിഷ്‌കാരമല്ല, മാതൃഭൂമി ദിനപത്രത്തിന്റെയും വിവിധ പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമാണ് ഇത്.
പി ഐ രാജീവ് ,എക്‌സിക്യുട്ടീവ് എഡിറ്റര്‍ മാതൃഭൂമി 
പി ഐ രാജീവ് 
പി ഐ രാജീവ് 

ഓണം റിലീസുകളുടെ പരസ്യം മാതൃഭൂമിക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചിത്രഭൂമിയിലെ നിരൂപണമെന്നത് തെറ്റായ പ്രചരണമാണെന്ന് പി ഐ രാജീവ്.

ഓണച്ചിത്രങ്ങളുടെ പരസ്യം മാതൃഭൂമിക്ക് മാത്രമായി നല്‍കാത്തത് എന്തുകൊണ്ടാണ് എന്ന് അറിയില്ല. എന്താണ് കാര്യം എന്നറിയില്ല. ഞങ്ങള്‍ അവരോട് കാരണം തിരക്കിയിട്ടുമില്ല. ഒരിക്കലും സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട കാര്യമല്ല ചിത്രഭൂമിയിലെ നിരൂപണങ്ങള്‍. കൊച്ചി യൂണിറ്റില്‍ നിന്ന് താരങ്ങളെ അഭിമുഖത്തിനായി സമീപിച്ചപ്പോള്‍ നിരസിച്ചതായി അറിഞ്ഞിരുന്നു. സിനിമാ മേഖലയിലുളളവരുടെ നിസഹകരണവുമായോ സിനിമാ പരസ്യവുമായോ ഇതിന് യാതൊരു വിധ ബന്ധവുമില്ല. നിസഹകരണത്തിന്റെ പേരില്‍ അങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നത് മോശമല്ലേ. സിനിമാ മേഖലയ്ക്ക് മാതൃഭൂമിയോട് എന്താണ് പ്രശ്‌നമെന്ന് ഞങ്ങള്‍ക്ക് ഇതേവരെ അറിയില്ല. വേറെ ഏതെങ്കിലും ചാനലോ പ്രസിദ്ധീകരണമോ ആയിട്ട് ഇത്തരത്തില്‍ നിസഹകരണം ഉണ്ടായിട്ടുണ്ടോ എന്നും അറിയില്ല.
പി ഐ രാജീവ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ മാതൃഭൂമി 

ഇത്തവണ ഓണം സീസണില്‍ ചാനലുകളുമായി സഹകരിക്കേണ്ടെന്ന് താരസംഘടനയായ അമ്മയും, മറ്റ് സിനിമാ സംഘടനകളും തീരുമാനമെടുത്തിരുന്നു. ഓണച്ചിത്രങ്ങളുടെ പ്രചരണം പ്രധാനമായും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചാണ് ഇക്കുറി ഉണ്ടായത്. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ചാനലുകള്‍ മാധ്യമവിചാരണ നടത്തിയെന്നും ചലച്ചിത്രമേഖലയെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു സിനിമാ മേഖലയുടെ ബഹിഷ്‌കരണം.

ദിലീപ് വിഷയം കൈകാര്യം ചെയ്ത രീതിയിലെ അതൃപ്തി മുന്‍നിര്‍ത്തിയാണ് മാതൃഭൂമി പത്രത്തില്‍ സിനിമാ പരസ്യങ്ങള്‍ നല്‍കാതിരുന്നതെന്നത് വസ്തുതാവിരുദ്ധമാണെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

പരസ്യത്തിന്റെ ചെലവ് കൂടിയപ്പോള്‍ സിനിമയുടെ പ്രചരണത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും കൂടുതല്‍ നിയന്ത്രണം വരുത്തിയെന്നത് നേരാണ്. അത് ഓരോ സിനിമയുടെ വിതരണക്കാര്‍ വ്യക്തിപരമായി എടുക്കുന്ന തീരുമാനമാണ്. മത്സരത്തിന്റെ പുറത്ത് ഒരു പേജ് പരസ്യവും അര പേജ് പരസ്യവുമൊക്കെയായി പ്രചരണ രീതി മാറിയപ്പോള്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉള്ള പത്രത്തില്‍ പരസ്യം വന്നാല്‍ മതിയെന്ന് അതാത് സിനിമയുടെ വിതരണക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടാകാം. ഞങ്ങളുടെ സംഘടനയുടെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമോ നിസഹകരണമോ മാതൃഭൂമിയുമായില്ല. ഇപ്പോള്‍ ഏതെങ്കിലും ഒരു പത്രത്തില്‍ പരസ്യം കൊടുക്കുന്നുണ്ടെങ്കില്‍ തന്നെ വലിയ പരസ്യമായിട്ടാണ് കൊടുക്കുന്നത്. അപ്പോള്‍ ഒന്നിലധികം പത്രത്തില്‍ കൊടുക്കാന്‍ താല്‍പ്പര്യം കാണില്ല.
സിയാദ് കോക്കര്‍ , ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍

മാതൃഭൂമിയിലെ നിരൂപണത്തിനെതിരെ ചലച്ചിത്രലോകത്തുള്ളവര്‍ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. വെളിപാടിന്റെ പുസ്തകത്തിന്റെ സസ്‌പെന്‍സ് പുറത്തുവിട്ടാണ് നിരൂപണം എന്ന ആരോപണവുമായി മോഹന്‍ലാല്‍ ആരാധകര്‍ മാതൃഭൂമിക്കെതിരെ രംഗത്ത് വന്നു. നേരത്തെ മാതൃഭൂമി ഓണ്‍ലൈനില്‍ സിനിമാ വിമര്‍ശനം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. സ്പിരിറ്റ് എന്ന ചിത്രത്തെ വിമര്‍ശിച്ചുള്ള നിരൂപണം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിവാദമാവുകയും ഇത് നീക്കം ചെയ്യുകയുമുണ്ടായി. പിന്നീടിങ്ങോട്ട് പ്രധാനമായും എല്ലാ റിലീസ് സിനിമകളും പിന്തുണയ്ക്കുന്ന നിരൂപണമാണ് മാതൃഭൂമി ചിത്രഭൂമിയിലും ഓണ്‍ലൈനിലും പ്രസിദ്ധീകരിക്കാറുള്ളത്. നേരത്തെ ചിത്രഭൂമി ആഴ്ചപ്പതിപ്പ് രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് ഇടയ്ക്ക് വിമര്‍ശനാത്മക നിരൂപണം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും സിനിമാ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. മലയാള മനോരമ ഓണ്‍ലൈന്‍ വിഭാഗത്തില്‍ മാത്രമാണ് ചലച്ചിത്ര നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളത്. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മനോരമയുടേത്. ആമയും മുയലും, ദ ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളെ വിമര്‍ശിച്ചുള്ള നിരൂപണം ആദ്യം നല്‍കുകയും തൊട്ടുപിന്നാലെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട് മനോരമാ ഓണ്‍ലൈന്‍.