ഭീമന്റെ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു; ഭീമനെ കുറിച്ച് മോഹന്‍ലാല്‍ 

April 21, 2017, 10:41 pm
 ഭീമന്റെ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു; ഭീമനെ കുറിച്ച് മോഹന്‍ലാല്‍ 
Film News
Film News
 ഭീമന്റെ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു; ഭീമനെ കുറിച്ച് മോഹന്‍ലാല്‍ 

ഭീമന്റെ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു; ഭീമനെ കുറിച്ച് മോഹന്‍ലാല്‍ 

ഭാഷാഭേദമന്യെ ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളിലും പ്രധാന വാര്‍ത്തയായിരുന്നു രണ്ടാമൂഴം (അഥവാ മഹാഭാരതം) സിനിമയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവുമുയര്‍ന്ന ബജറ്റായ 1000 കോടിയില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി തീയേറ്ററുകളിലെത്തും. ആദ്യഭാഗം 2020ല്‍. ബി.ആര്‍.ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നതുമുതല്‍ വിനോദരംഗത്തെ ഏറ്റവും പ്രധാന വാര്‍ത്തയും അതുതന്നെ. ഭീമനെ കുറിച്ചാണ് മോഹന്‍ലാല്‍ ഇത്തവണത്തെ തന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്നത്. ഭീമന്റെ എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ബ്ലോഗ്

ഇന്ത്യയിലെ ഒട്ടുമിക്ക കുട്ടികളെയും പോെല മഹാഭാരതത്തിലെയും രാമയണത്തിലെയും കഥകള്‍ കേട്ടിട്ടാണ് ഞാനും വളര്‍ന്നത്. പ്രത്യേകിച്ച മഹാഭാരതത്തിലെ. അതിലെ ഭീമന്‍ എന്ന കഥാപാത്രം എന്നും കഥകളില്‍ നിറഞ്ഞുനിന്നിരുന്നു. ഭീമനും ബകനും തമ്മിലുള്ള യുദ്ധം, കാളവണ്ടി നിറയെ ചോറുമായി വരുന്ന ഭീമന്‍, ഭീമന്റെ കരുത്ത്, ഗദയുമായുള്ള നില്‍പ്പ്...എപ്പോഴും ഭീമനെക്കുറിച്ച് കേട്ടുകൊണ്ടേയിരുന്നു. അമര്‍ചിത്രകഥകളില്‍ മറ്റേതൊരു മഹാഭാരത കഥാപാത്രങ്ങളേക്കാള്‍ പ്രാധാന്യം ഭീമനായിരുന്നു. ഭീമന്‍ എന്നാല്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കും വലിയ ശരീരമായിരുന്നു. എത്ര കഴിച്ചാലും മതിവരാത്ത വയറായിരുന്നു. വൃകോദരന്‍ എന്ന വിളിപ്പേരായിരുന്നു. പാതി ആരാധനയും പാതി പരിഹാസവും നിറഞ്ഞ ജീവിതമായിരുന്നു.

എന്നാല്‍ എംടി വാസുദേവന്‍ നായര്‍ രണ്ടാമൂഴം എന്ന നോവല്‍ എഴുതിയതിന് ശേഷമാണ് പെരുത്ത ശരീരത്തിനപ്പുറം ഭീമന് നനുത്ത ഒരു മനസ്സുണ്ട് എന്ന് ലോകത്തിന് മനസ്സിലായത്. അയാള്‍ക്ക് ദുഃഖങ്ങളും ഏകാകിത്വവും, മോഹങ്ങളും, മോഹഭംഗങ്ങളും കരച്ചിലുകളുമെല്ലാമുണ്ട് എന്ന് ബോധ്യമായത്. എനിയ്ക്കും രണ്ടാമൂഴത്തിന്റെ വായന പകര്‍ന്നു തന്ന വലിയ പാഠമിതായിരുന്നു.

രണ്ടാമൂഴം വായിച്ച കാലത്തൊന്നും അതിന്റെ സിനിമാരൂപം എന്റെ മനസ്സിലുണ്ടായിരുന്നില്ല. അഭിനയിക്കാന്‍ വേണ്ടി കഥാപാത്രങ്ങള്‍ക്കായി പുസ്തകങ്ങള്‍ വായിക്കുന്ന പതിവ് എനിക്ക് പണ്ടേയില്ല. വായനയുടെ രസത്തിന് വേണ്ടിയാണ് വായന. എന്നാല്‍ ദശാബ്ദങ്ങള്‍ക്കിപ്പുറം രണ്ടാമൂഴം രണ്ട് ഭാഗങ്ങളുള്ള സിനിമയാവാനുള്ള തീരുമാനം ഉണ്ടാകുകയും എംടി സാര്‍ അതിന്റെ തിരക്കഥ പൂര്‍ണമായും എഴുതി തീരുകയും ചെയ്തിരിക്കുന്നു.

ഭീമനായി എന്റെ പേര്പറഞ്ഞത് മറ്റാരുമല്ല എം.ടി സാര്‍ തന്നെ. അതില്‍ ഒരു നടനെന്ന നിലയില്‍ ഞാന്‍ ധന്യനാണ്. അതിലുപരി അദ്ദേഹത്തോട് നന്ദിയുള്ളവനും. ഇന്ന് ഭീമനാകാനുള്ള തയ്യാറെടുപ്പകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ആലോചിക്കുമ്പോള്‍ എനിയ്ക്ക് അല്‍പം അത്ഭുതം തോന്നുന്നുണ്ട്. കാരണം ഭീമന്‍ എന്ന കഥാപാത്രം ജീവിതത്തിന്റെ വലിയൊരു കാലത്തോളം എന്നെ പിന്‍തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഞാന്‍ അറിയാതെ തന്നെ രണ്ടാമൂഴത്തിലെ ഭീമനേക്കാള്‍ മുന്‍പേ ഞാന്‍ എംടി സാറിന്റെ ഭീമനായി 1985ല്‍ ഇറങ്ങിയ രംഗം എന്ന സിനിമയിലൂടെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാമൂഴം പുസ്തകമായി ഇറങ്ങിയതിന് ശേഷം ഒരു ശില്‍പി എന്റെയടുക്കല്‍ വന്നു. രണ്ടാമൂഴത്തിലെ ഒരു രംഗം (ഭീമനും ഹിഡുംബിയും) അദ്ദേഹം മരത്തില്‍ കൊത്തിയിരുന്നു.

അന്ന് അത് എനിക്ക് തരുമ്പോള്‍ അദ്ദേഹം ആശംസിച്ചു, എന്നെങ്കിലും രണ്ടാമൂഴം സിനിമായാകുകയാണെങ്കില്‍ ഭീമനാകാന്‍ സാധിക്കട്ടെ. അപ്പോള്‍ പുസ്തകത്തിന്റെ ചലച്ചിത്രരൂപത്തേക്കുറിച്ച് ആരും ആലോചിച്ചിട്ടില്ല. 1999ല്‍ വാനപ്രസ്ഥത്തില്‍ ഭീമനാകാന്‍ കഴിഞ്ഞു. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2003ല്‍ മലയാളമനോരമയ്ക്ക് വേണ്ടി കഥയാട്ടം എന്ന പരിപാടി ചെയ്തു. മലയാള സാഹിത്യത്തിലെ വലിയ കഥാപാത്രങ്ങളുടെ രംഗാവിഷ്‌കാരമായിരുന്നു അത്. അതിലും ഭീമന്‍ ഉണ്ടായിരുന്നു. (രണ്ടാമൂഴത്തിലെ) അപ്പോഴും സിനിമ ചര്‍ച്ചയിലേ ഇല്ലായിരുന്നു. അതും കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും മുകേഷും ചേര്‍ന്ന് 'ഛായാമുഖി' എന്ന നാടകം ചെയ്തു. അതില്‍ എന്റെ കഥാപാത്രം ഭീമനായിരുന്നു. ഇപ്പോള്‍ പൂര്‍ണമായി ഭീമനാകാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. എംടി സാറിന്റെ പ്രിയപ്പെട്ട വാക്കുതന്നെ കടമെടുക്കട്ടെ 'സുകൃതം.

നടനെന്ന നിലയില്‍ അടുത്ത രണ്ടുവര്‍ഷം എനിക്ക് ഏറെ പ്രധാനവും അധ്വാന ഭരിതവുമാണ്. എംടിയുടെ ഭീമന്‍ ഒരേസമയം മനസ്സും ശരീരവുമാണ്. അപ്പോള്‍ രണ്ടിന്റേയും പരിശീലനും ആവശ്യമാണ്. പലതരത്തിലുള്ള യുദ്ധമുറകള്‍ രണ്ടാമൂഴത്തിലുണ്ട്. ഗദായുദ്ധം മുതല്‍ കാറ്റിന്റെ വേഗത്തിലുള്ള രഥയുദ്ധം വരെ. അപ്പോള്‍ അതാത് ആയോധനകലകളിലെ വിവിധ ഗുരുക്കന്മാരുടെ കീഴില്‍ ഇതെല്ലാം അഭ്യസിക്കേണ്ടി വരും. അടുത്ത ഒന്നോ ഒന്നരയോ വര്‍ഷം ഇതിന് വേണ്ടി പല കമിറ്റ്‌മെന്റുകളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരും. ഇതെല്ലാം മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരം ആവശ്യപ്പെടുന്ന കാര്യങ്ങളും ത്യാഗങ്ങളുമാണ്.

അഭിനയിക്കാന്‍ പോകുന്ന കഥാപാത്രങ്ങള്‍ക്കായി മനഃപൂര്‍വം തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യാത്ത എന്നെപ്പോലൊരു നടന് ഇത് ഏറെ പുതുമകളുള്ളതും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.

രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്ന ആശങ്കകള്‍ പങ്കുെവയ്ക്കുന്ന ഒരുപാട് പേരുണ്ട്. എല്ലാ നല്ല കാര്യങ്ങളും സംഭവിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നയാളാണ് ഞാന്‍. അതാണ് എനിക്കിഷ്ടം. സംഭവിച്ചാലും ഇല്ലെങ്കിലും ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നതുതന്നെ ആനന്ദകരമാണ്. ലക്ഷ്യത്തേക്കാള്‍ യാത്രയാണ് എന്നെ രസിപ്പിക്കുന്നത്. ഞാനിപ്പോള്‍ ആ യാത്രയിലാണ്. എന്നോടൊപ്പം, എപ്പോഴും ഭീമനും.