നരസിംഹത്തെ വെല്ലുന്ന മാസ് സിനിമ, മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം ഈ വര്‍ഷം 

May 18, 2017, 4:39 pm
നരസിംഹത്തെ വെല്ലുന്ന മാസ് സിനിമ, മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം ഈ വര്‍ഷം 
Film News
Film News
നരസിംഹത്തെ വെല്ലുന്ന മാസ് സിനിമ, മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം ഈ വര്‍ഷം 

നരസിംഹത്തെ വെല്ലുന്ന മാസ് സിനിമ, മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം ഈ വര്‍ഷം 

ആറാം തമ്പുരാന്‍, നരസിംഹം എന്നീ സിനിമകളിലൂടെ മോഹന്‍ലാലിന് മാസ് ഹീറോ ഇമേജ് ഊട്ടിയുറപ്പിച്ചുനല്‍കിയ സംവിധായകനാണ് ഷാജി കൈലാസ്. മലയാളത്തിലെ മാസ് സിനിമകളിലെ മാറ്റിനിര്‍ത്താനാകാത്ത പേരുമായിരുന്നു ഷാജി കൈലാസ്. നരസിംഹം 15 വര്‍ഷത്തിന് ശേഷം ആഘോഷപൂര്‍വം റീ റിലീസ് ചെയ്തപ്പോഴും ആരാധകരുടെ ആഗ്രഹം നരസിംഹവും ആറാം തമ്പുരാനും പോലൊരു ഷാജി കൈലാസ് ചിത്രമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് വീണ്ടുമൊരു മാസ് സിനിമ ഒരുക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. രണ്‍ജി പണിക്കരാണ് തിരക്കഥ. നരസിംഹവുമായും ആറാം തമ്പുരാനുമായും സ്വഭാവത്തില് സാമ്യമില്ലെങ്കിലും ഈ സിനിമകളെ വെല്ലുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് സൂചന.

എട്ട് വര്‍ഷത്തിന് ശേഷം മോഹന്‍ലാലുമായി ഒരുമിക്കുകയാണ്. ഞങ്ങള്‍ ഒരുമിക്കുമ്പോള്‍ പ്രേക്ഷരിലുണ്ടാകുന്ന പ്രതീക്ഷ നിറവേറ്റുന്ന സിനിമയായിരിക്കും ചെയ്യുന്നത്. രണ്‍ജി പണിക്കര്‍ തിരക്കഥാ രചനയിലാണ്. സ്‌ക്രിപ്ട് ഉടന്‍ പൂര്‍ത്തിയാകും. ആരാധകരെയും മറ്റ് ആസ്വാദകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്.

ആകര്‍ഷകമായ തിരക്കഥ കിട്ടാത്തതിനാലാണ് കരിയറില്‍ ഇടവേള സംഭവിച്ചതെന്നും ഷാജി കൈലാസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ സിനിമ സംവിധാനം ചെയ്തതും ഷാജി കൈലാസാണ്. നരസിംഹം. എട്ട് സിനിമകളാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റേതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. 97ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ആറാം തമ്പുരാന്‍' മുതല്‍ 2009ല്‍ എ.കെ.സാജന്റെ തിരക്കഥയില്‍ പുറത്തുവന്ന 'റെഡ് ചില്ലീസ്' വരെ. അതിനിടെ 'നരസിംഹ'വും 'ബാബ കല്യാണി'യുമൊക്കെ വന്നു. 2013ല്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത 'ജിഞ്ചറി'ന് ശേഷം മലയാളത്തിന്റെ സ്‌ക്രീനില്‍ ഷാജി കൈലാസിന്റെ സാന്നിധ്യമില്ല.

സാമൂഹിക വിഷയങ്ങളൊക്കെ കടന്നുവരുന്നതാണെങ്കിലും ചിത്രത്തിന്റെ പ്രമേയം രാഷ്ട്രീയത്തില്‍ ഊന്നലുള്ള ഒന്നായിരിക്കില്ല. തുടക്കം മുതല്‍ ഒടുക്കംവരെയുള്ള 'ത്രില്‍' ആണ് സംവിധായകന്റെ വാഗ്ദാനം. വിദേശ ലൊക്കേഷനിലും ചിത്രീകരണമുണ്ട്.

മോഹന്‍ലാലിനുവേണ്ടി ഒരു ചിത്രമേ മുന്‍പ് എഴുതിയിട്ടുള്ളുവെങ്കിലും ഷാജി കൈലാസിനുവേണ്ടി പല സിനിമകളില്‍ സഹകരിച്ചിട്ടുണ്ട് രണ്‍ജി. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ആദ്യമായി പുറത്തെത്തിയ ഡോ:പശുപതി (1990)യുടെ സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു. പിന്നീട് തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍, ദി കിംഗ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ ഒരുമിച്ചു. അവയില്‍ ഏറെയും അതാതുകാലത്തെ ബോക്സ്ഓഫീസ് ഹിറ്റുകളുമായിരുന്നു.