ഇത്രയും ‘പ്രേമം’ തോന്നാന്‍ എന്തായിരുന്നു കാരണം? അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന് ഇന്ന് രണ്ടാം പിറന്നാള്‍ 

December 31, 2015, 12:18 pm
ഇത്രയും ‘പ്രേമം’ തോന്നാന്‍ എന്തായിരുന്നു കാരണം? അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന് ഇന്ന് രണ്ടാം പിറന്നാള്‍ 
Film News
Film News
ഇത്രയും ‘പ്രേമം’ തോന്നാന്‍ എന്തായിരുന്നു കാരണം? അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന് ഇന്ന് രണ്ടാം പിറന്നാള്‍ 

ഇത്രയും ‘പ്രേമം’ തോന്നാന്‍ എന്തായിരുന്നു കാരണം? അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന് ഇന്ന് രണ്ടാം പിറന്നാള്‍ 

രണ്ട് വര്‍ഷം മുന്‍പുള്ള മെയ് 29. കേരളമൊട്ടാകെ മഴ ചന്നംപിന്നം പെയ്തുതുടങ്ങിയിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നതിന്റെ തിരക്കുകളിലാണ് വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും. പൊതുവെ തീയേറ്ററുകളില്‍ വമ്പന്‍ റിലീസുകള്‍ ഒഴിഞ്ഞുനില്‍ക്കുന്ന സമയം. പക്ഷേ 'നേര'ത്തിന് ശേഷമുള്ള അല്‍ഫോന്‍സ് പുത്രന്‍ ചിത്രം 'പ്രേമം' പ്രേക്ഷകരെത്തേടി എത്തിയത് മെയ് 29നാണ്. ആമുഖമായി പാട്ടുകള്‍ മാത്രം കാണിച്ച് ഒരു ട്രെയ്‌ലര്‍ പോലുമില്ലാതെ. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പൊതുവെ തണുപ്പന്‍ മട്ടായിരുന്നു, പുറത്തെ അന്തരീക്ഷം പോലെ. പക്ഷേ മാറ്റിനിയോടെ കളി മാറി. ഇതുവരെ കാണാത്തതെന്തോ കണ്ടെത്തിയതുപോലെ മൗത്ത് പബ്ലിസിറ്റി പടര്‍ന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മലയാളസിനിമ അക്കാലത്ത് കാണാത്തതരത്തില്‍ തീയേറ്ററുകള്‍ അക്ഷരാര്‍ഥത്തില്‍ ജനസമുദ്രങ്ങളായി. സിനിമ കാണാന്‍ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം പ്രായഭേദമന്യെ സിനിമാപ്രേമികള്‍ കാത്തുനിന്നു. ഉന്തിലും തള്ളിലും ചില തീയേറ്ററുകളുടെ ഗേറ്റുകള്‍ തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ബോക്‌സ്ഓഫീസില്‍ സംഖ്യ പെരുകുമ്പോള്‍ ചലച്ചിത്രവ്യവസായം തന്നെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷം അല്‍പായുസായിരുന്നു. പ്രേമത്തിന്റെ വാട്ട്‌സ് ആപ് ക്ലിപ്പുകള്‍ ആഴ്ചകള്‍ക്ക് ശേഷം പൊടുന്നനെ പ്രചരിക്കാന്‍ തുടങ്ങി. ബോക്‌സ്ഓഫീസില്‍ റെക്കോര്‍ഡിടുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന് തീയേറ്ററുകളില്‍ ജനം കുറഞ്ഞുതുടങ്ങി. പിന്നീട് പതിയെ പിന്‍വാങ്ങി. പക്ഷേ കേരളത്തില്‍ ഇത്തരത്തില്‍ തിരിച്ചടി നേരിട്ട ചിത്രത്തിന് തമിഴ്‌നാട്ടില്‍ ഇതിലും വലിയ പ്രതികരണം ലഭിച്ചു. ചെന്നൈയിലെ ചില തീയേറ്ററുകളില്‍ 200 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു ചിത്രം. തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ അവിടുത്തെ ചില നിര്‍മ്മാതാക്കള്‍ ആലോചിച്ച ഘട്ടത്തില്‍ത്തന്നെ അവിടുത്തെ പ്രേക്ഷകര്‍ അതിനെതിരേ രംഗത്തെത്തി. തങ്ങള്‍ക്ക് പ്രേമത്തിന്റെ ഒറിജിനല്‍ തന്നെ മതിയെന്നായിരുന്നു അവരുടെ പക്ഷം. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രദര്‍ശനത്തിനെത്തി. നാഗചൈതന്യയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളായ ചിത്രം മലയാളം-തമിഴ് ട്രോള്‍ പേജുകളില്‍ ഇടം പിടിച്ചെങ്കിലും തെലുങ്ക് പ്രേക്ഷകര്‍ സ്വീകരിച്ചു. അതെല്ലാം പഴയകഥ. ഇപ്പോഴും ടെലിവിഷന്‍ സംപ്രേക്ഷണങ്ങളില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ മിനിമം ഗ്യാരന്റിയുണ്ട് ചിത്രത്തിന്. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരു സിനിമ ഇനിയും ചെയ്തിട്ടില്ല. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് അല്‍ഫോന്‍സ് സംവിധാനം ചെയ്ത ചിത്രത്തിലേക്ക് മലയാളിയെ ഇത്രയും ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്? റിലീസിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഒരു തിരിഞ്ഞുനോട്ടം..

പ്രീ-റിലീസ് ഘട്ടം

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പുതിയ ഏതോ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പോസ്റ്റര്‍ എന്ന് തോന്നിപ്പിക്കുന്ന ഒന്ന് കേരളത്തിലെ തെരുവുകളുടെ വശങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഫെബ്രുവരി മാസമാണ്. കണ്ണ് ഉടക്കിപ്പിക്കുന്ന പോസ്റ്ററിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ മാത്രമേ ഇത് ഒരു സിനിമയുടേതാണെന്നും അത് സംവിധാനം ചെയ്യുന്നത് നേരത്തിലൂടെ മലയാളി നോട്ടമിട്ട അല്‍ഫോന്‍സ് പുത്രനാണെന്നും പണം മുടക്കുന്നത് പ്രിയ സംവിധായകന്‍ അന്‍വര്‍ റഷീദാണെന്നും മനസിലാകുമായിരുന്നുള്ളൂ. താമസിയാതെ ഫേസ്ബുക്കിലും പോസ്റ്റര്‍ എത്തി. ലോക സിനിമാ ചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം എന്നായിരുന്നു ടാഗ്‌ലൈന്‍. പുതുമകളൊന്നുമില്ലാത്ത ഒന്നാമത്തെ ചിത്രം നേരമായിരുന്നു!

ആലുവാപ്പുഴ, മേരിയുടെ മുടി

മലയാള സിനിമയുടെ പ്രചരണത്തിന് ഇന്ന് അണിയറക്കാര്‍ ഏറെ പ്രാധാന്യം കൊടുക്കുന്നത് സമൂഹ മാധ്യമങ്ങള്‍ക്കാണ്. പ്രത്യേകിച്ചും ഫേസ്ബുക്കിന്. ഈ പ്ലാറ്റ്‌ഫോം ഏറ്റവും നന്നായി ഉപയോഗിച്ച ചിത്രങ്ങളിലൊന്നാണ് പ്രേമം. ചിത്രത്തിന്റെ വരവറിയിച്ച് ഫേസ്ബുക്ക് പേജിലൂടെ ആദ്യമെത്തിയത് ഒരു പാട്ടാണ്. ആലുവാപ്പുഴയുടെ തീരത്ത്.. എന്ന് തുടങ്ങുന്ന ഗാനത്തില്‍ എത്തിയ ചുരുളന്‍ മുടിക്കാരിയായ പുതുമുഖ നായിക എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. അനുപമ പരമേശ്വരന്‍ എന്ന കോട്ടയം സിഎംഎസ് കോളെജ് വിദ്യാര്‍ഥിനിയാണ് കക്ഷിയെന്ന് പിന്നാലെ വെളിപ്പെടുന്നു. ആദ്യഗാനം തന്നെ ചിത്രത്തിന്റെ പ്രചരണത്തില്‍ കാര്യമായ പങ്ക് വഹിച്ചു. ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളില്‍ തുടര്‍ ദിവസങ്ങളില്‍ ഏറ്റവുമധികം വന്ന പോസ്റ്റുകള്‍ പ്രേമത്തെക്കുറിച്ചും ആലുവാപ്പുഴയെക്കുറിച്ചും അനുപമ പരമേശ്വരനെക്കുറിച്ചുമായിരുന്നു.

റിലീസ്

ട്രെയ്‌ലര്‍.. ഇല്ല!

മെയ് 29നായിരുന്നു പ്രേമത്തിന്റെ റിലീസ്. റിലീസ് ദിനത്തിന്റെ പ്രഖ്യാപനം ഒരുപക്ഷേ അപ്രതീക്ഷിതമായിട്ടായിരുന്നു. കാരണം ചിത്രത്തിന് ട്രെയ്‌ലര്‍ ഉണ്ടായിരുന്നില്ല. ടീസറും! പ്രേമത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ അണിയറക്കാര്‍ ആദ്യംമുതലേ ശ്രദ്ധിച്ചിരുന്നു. പക്ഷേ പുറത്തുവിട്ട ചെറിയ ചെറിയ വിഷ്വലുകള്‍ ഒരു ട്രെയ്‌ലറിന് സാധിക്കുന്നതിനേക്കാള്‍ പ്രചാരണം നടത്തി. കേരളത്തില്‍ 84 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിന് പുറത്ത് 85 സ്‌ക്രീനുകളിലും. എല്ലായിടത്തും കൂടി 169 സ്‌ക്രീനുകള്‍. ബംഗളൂരു, മൈസൂര്‍, മണിപ്പാല്‍, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, പൂനെ, ഗോവ, ദില്ലി എന്നിവിടങ്ങളായിരുന്നു കേരളത്തിന് പുറത്തുള്ള സെന്ററുകള്‍. ആദ്യ രണ്ട് ദിവസങ്ങളില്‍ സാധാരണ പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പക്ഷേ അതിന് ശേഷം കഥ മാറി. കണ്ടവര്‍ കണ്ടവര്‍ ചിത്രത്തിന്റെ പ്രചാരകരായി. എതിരഭിപ്രായമുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ പ്രേമം കണ്ട് അതിന്റെ കടുത്ത ആരാധകരായിപ്പോയവര്‍ക്കായിരുന്നു എണ്ണത്തില്‍ മുന്‍തൂക്കം. തുടര്‍ന്ന് തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ ഇരമ്പിയെത്തി. ചിത്രത്തിന്റെ ടിക്കറ്റ് അനായാസം ലഭിക്കുക എന്നത് ഒരു മാസം വരെ ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. ഓരോ ഷോയ്ക്കും ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്ന പ്രേക്ഷകരുടെ എണ്ണം കണ്ട് പല തീയേറ്ററുകാരും സ്‌പെഷ്യല്‍ ഷോകള്‍ നടത്തി. മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ നരസിംഹത്തിന് ശേഷം ഏറ്റവുമധികം സ്‌പെഷ്യല്‍ ഷോകള്‍ നടത്തിയ ചിത്രം ഒരുപക്ഷേ പ്രേമമാകും.

ആദ്യ പ്രേക്ഷകര്‍ ഭൂരിഭാഗവും യുവാക്കളായിരുന്നെങ്കില്‍ ആദ്യ ദിവസങ്ങള്‍ക്ക് ശേഷം കുടുംബങ്ങളും തീയേറ്ററുകളിലെത്തിത്തുടങ്ങി. പ്രേക്ഷകരുടെ ആവേശത്തില്‍ ചില തീയേറ്ററുകളുടെ ഗേറ്റുകള്‍ പോലും തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് മലയാളസിനിമാ വ്യവസായം ആവേശത്തോടെയാണ് കണ്ടത്. ഇത്രകാലവുമുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം ഭേദിക്കുമോ എന്ന പ്രതീക്ഷയും ഉയര്‍ന്നു. വെറും 25 ദിവസംകൊണ്ട് 25 കോടിയാണ് ചിത്രത്തിന് വന്ന കളക്ഷന്‍. ഏറ്റവും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 25 കോടി നേടിയ മലയാളസിനിമ പ്രേമമാണ് ഇപ്പോള്‍.

റിലീസിന് ശേഷം

അന്തകവിത്തുകളായി ആ വാട്ട്‌സ്ആപ് ക്ലിപ്പുകള്‍

പക്ഷേ സന്തോഷദിനങ്ങള്‍ക്ക് ആയുസ് കുറവായിരുന്നു. തീയേറ്ററുകളില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ജനം തീയേറ്ററുകളിലേക്ക് ഇരച്ചുകയറുന്ന സമയത്താണ് അന്തകവിത്തുകളായി ചിത്രത്തിന്റെ ലീക്ക് ചെയ്ത വീഡിയോ ക്ലിപ്പുകള്‍ വാട്ട്‌സ്ആപിലൂടെ പ്രചരിക്കുന്നത്. ചിത്രത്തിന്റെ അണ്‍ എഡിറ്റഡ് വെര്‍ഷനായിരുന്നു പല പല ക്ലിപ്പുകളായി വാട്ട്‌സ്ആപിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. പുറത്തെത്തി ദിവസങ്ങള്‍ക്കകം പ്രേമത്തിന്റെ ക്ലിപ്പില്ലാത്ത സ്മാര്‍ട്ട്‌ഫോണുകള്‍ അപൂര്‍വ്വമാണെന്ന നിലയിലായി കാര്യങ്ങള്‍. തീയേറ്ററില്‍ അത്രയും നാള്‍ നിറഞ്ഞോടിയിരുന്ന ഒരു ചിത്രത്തിന് പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് തുടര്‍ദിവസങ്ങളില്‍ സംഭവിച്ചത്. ഹൗസ്ഫുള്ളായി ഓടിയിരുന്നിടത്ത് 50 ശതമാനത്തിലും താഴെയായി പ്രേക്ഷകര്‍ പല സെന്ററുകളിലും. നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെ ഭാഗത്തുനിന്ന് ആന്റി പൈറസി സെല്ലിലേക്കും സിനിമാസംഘടനകളിലേക്കും പരാതികള്‍ പോയി. ദിവസങ്ങള്‍ക്ക് ശേഷവും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് അന്‍വര്‍ റഷീദ് എല്ലാ ചലച്ചിത്രസംഘടനകളില്‍ നിന്നും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. സൗത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു അന്‍വറിന്റെ രാജി പ്രഖ്യാപനം. ആന്റ് പൈറസി സെല്‍ എന്തുചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പി. പ്രേമം കളിക്കുന്ന തീയേറ്ററുകളില്‍ നിന്ന് ആളുകള്‍ ഒഴിയാന്‍ തുടങ്ങി. പുതിയ ചിത്രങ്ങള്‍ വരുന്നതനുസരിച്ച് തീയേറ്ററുകളില്‍ നിന്ന് പ്രേമവും..

സെന്‍സര്‍ കോപ്പി ചോര്‍ന്നത് എവിടെനിന്ന്?

അന്വേഷണം മുന്നോട്ടുപോകുന്ന ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഇതായിരുന്നു. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പിയാണ് പുറത്തുപോയത് എന്നതിന്റെ ഗൗരവം ആന്റി പൈറസി സെല്‍ അന്വേഷണത്തില്‍ കാട്ടിയില്ലെന്ന് അന്‍വര്‍ റഷീദ് ആരോപിച്ചിരുന്നു. തിരുവനന്തപുരത്തെ ഏരീസ് വിസ്മയാ മാക്‌സിലും ചെന്നൈ ഫോര്‍ ഫ്രെയിംസിലുമാണ് സിനിമയുടെ സെന്‍സര്‍കോപ്പി എന്ന് രേഖപ്പെടുത്തിയ പതിപ്പ് പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ദിവസങ്ങള്‍ മുന്നോട്ട് പോയി. അന്വേഷണം തുടര്‍ന്നു. മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍. അവസാനം സെന്‍സര്‍ ബോര്‍ഡിലെ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ അറസ്റ്റിലായി, അത്രമാത്രം.

പ്രേമം, തീയേറ്ററിനകത്തും പുറത്തും

കറുത്ത ജൂബ, വെള്ള മുണ്ട്, എല്ലാവരും നിവിന്‍ പോളി

വിജയചിത്രങ്ങളിലെ പ്രധാനകഥാപാത്രങ്ങളുടെ വേഷഭൂഷാദികള്‍ ട്രെന്റാവാറുണ്ട്. പക്ഷേ പ്രേമത്തില്‍ ജോര്‍ജ് ഡേവിഡിനെ അവതരിപ്പിച്ച നിവിന്‍ പോളിയുടെ ചിത്രത്തിലെ ലുക്ക് യുവാക്കളെ സ്വാധീനിച്ച രീതിയില്‍ മറ്റൊരു ചിത്രവും അടുത്തകാലത്തൊന്നും സ്വാധീനിച്ചിട്ടില്ല. ക്യാമ്പസ് ആഷോഷങ്ങള്‍ക്ക് പ്രേമം സ്റ്റൈലില്‍ യുവാക്കള്‍ എത്തുന്നത് പതിവായി. ഇത്തവണത്തെ ക്യാമ്പസ് ഓണാഘോഷങ്ങളിലാണ് ഇത് ഏറ്റവുമധികം പ്രതിഫലിച്ചത്.

മേരിയല്ല, മലര്‍..

റിലീസിന് മുന്‍പ് ചിത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ അണിയറക്കാര്‍ കാണിച്ച പിശുക്കിനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞു. ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉള്ള കാര്യമൊക്കെ ആദ്യ ഷോ കഴിയും വരെ രഹസ്യമായി സൂക്ഷിക്കുന്നതില്‍ പ്രേമം ടീം വിജയിച്ചു. ആദ്യം ഉയര്‍ത്തിക്കാട്ടിയ അനുപമ പരമേശ്വരന്റെ മേരിയേക്കാള്‍ ചിത്രം റിലീസായപ്പോള്‍ കൂടുതല്‍ സ്‌നേഹം പിടിച്ചുപറ്റിയത് മലര്‍ എന്ന കഥാപാത്രമാണ്. അത് അവതരിപ്പിച്ച സായ് പല്ലവിയും.

എതിര്‍ വാദങ്ങള്‍; ‘പ്രേമം വഴി തെറ്റിക്കും’

പ്രേമം തരംഗം തീര്‍ക്കുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പുയര്‍ത്തിയവര്‍ ചോദിച്ചത് ഇത് ഇത്രമാത്രം ആഘോഷിക്കാനുള്ളതുണ്ടോ എന്നായിരുന്നു. പക്ഷേ അധ്യാപികയെ പ്രണയിക്കുന്ന വിദ്യാര്‍ഥിയായ നായകനും ക്ലാസിലിരുന്നുള്ള മദ്യപാനമുള്‍പ്പെടെയുള്ള അയാളുടെ ചെയ്തികളും സദാചാരപരമായ ഇടര്‍ച്ചയ്ക്ക് യുവാക്കളെ പ്രേരിപ്പിക്കുമെന്ന് ചിലര്‍ പൊതുവേദികളില്‍ത്തന്നെ വാദിച്ചു. അതില്‍ പ്രമുഖര്‍ സംവിധായകന്‍ കമലും ഡിജിപി ടി പി സെന്‍കുമാറുമായിരുന്നു.

തിരുവനന്തപുരം കോളെജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി വാഹനമിടിച്ച സംഭവത്തില്‍ പ്രേമം പോലുള്ള സിനിമകളുടെ സ്വാധീനമുണ്ടെന്നായിരുന്നു ഡിജിപിയുടെ നിരീക്ഷണം.വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്ന സിനിമയാണ് പ്രേമം എന്നായിരുന്നു കമല്‍ പറഞ്ഞത്. അധ്യാപികയെ പ്രണയിക്കുന്ന വിദ്യാര്‍ഥിയും ക്ലാസിലെ മദ്യപാനവുമൊക്കെ വിദ്യാര്‍ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും കമല്‍ പറഞ്ഞു. പക്ഷേ കമലിന്റെ വാദങ്ങള്‍ക്കുള്ള എതിര്‍വാദവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകേട്ടു. മഴയെത്തും മുന്‍പെ എന്ന കമല്‍ ചിത്രത്തിലെ ആനിയുടെ വിദ്യാര്‍ഥിനി മമ്മൂട്ടിയുടെ പ്രൊഫസറെ പ്രണയിച്ചില്ലേ എന്നായിരുന്നു വിമര്‍ശകര്‍ക്ക് കമലിനോട് ചോദിക്കാനുണ്ടായിരുന്നത്.

200ാം ദിവസവും വാര്‍ത്ത സൃഷ്ടിച്ച്..

വാട്ട്‌സ്ആപ് ലീക്കിനെത്തുടര്‍ന്ന് കേരളത്തില്‍ തിരകളടങ്ങിയെങ്കിലും കേരളത്തിന് പുറത്ത് 250 ദിവസം കടന്നും പ്രേമം പ്രദര്‍ശനം തുടര്‍ന്നു. ഒന്നാം വര്‍ഷത്തിലെത്തുമ്പോള്‍ പ്രേമത്തോളം തരംഗം തീര്‍ത്ത മറ്റൊരു ചിത്രം സമീപകാലത്ത് പ്രേക്ഷകരിലെത്തിയിട്ടില്ല. തെലുങ്ക് പതിപ്പ് പ്രേക്ഷകരിലെത്താനിരിക്കുന്നതാണ് പ്രേമം ഒന്നാം വാര്‍ഷികത്തിന്റെ മറ്റൊരു കൗതുകം. മജ്‌നു എന്ന പേരിലാണ് തെലുങ്ക് പതിപ്പ്.