ധനുഷ് മകനാണെന്ന വാദത്തില്‍ പുതിയ വഴിത്തിരിവ്, വൃദ്ധദമ്പതികളുടെ ഹര്‍ജി കോടതി തള്ളി 

April 21, 2017, 12:39 pm
 ധനുഷ് മകനാണെന്ന വാദത്തില്‍ പുതിയ വഴിത്തിരിവ്, വൃദ്ധദമ്പതികളുടെ ഹര്‍ജി കോടതി തള്ളി 
Film Update
Film Update
 ധനുഷ് മകനാണെന്ന വാദത്തില്‍ പുതിയ വഴിത്തിരിവ്, വൃദ്ധദമ്പതികളുടെ ഹര്‍ജി കോടതി തള്ളി 

ധനുഷ് മകനാണെന്ന വാദത്തില്‍ പുതിയ വഴിത്തിരിവ്, വൃദ്ധദമ്പതികളുടെ ഹര്‍ജി കോടതി തള്ളി 

ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച വൃദ്ധദമ്പതികളുടെ മദ്രാസ് ഹൈക്കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് താരം കോടതിയെ അറിയിച്ചിരുന്നു. ഒന്നും ഒളിക്കാനില്ല, എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകില്ലെന്നുമായിരുന്നു ധനുഷിന്റെ നിലപാട്. ഇതോടെ മാസങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം ധനുഷിന് ആശ്വാസകരമായി തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുകയാണ്.

തന്റെ ആത്മാര്‍ത്ഥതയേയും സ്വാകാര്യതയേയും ആര്‍ക്കും ടെസ്റ്റ് ചെയ്യാനാകില്ല, ഒന്നും ഒളിക്കാനും ഇല്ലെന്നാണ് ധനുഷ് ഡിഎന്‍എ പരിശോധനാ ആവശ്യത്തെക്കുറിച്ച് പറഞ്ഞത്. കേസ് തള്ളണമെന്നും ദമ്പതികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ധനുഷ് കോടതിയെ ബോധിപ്പിച്ചിരുന്നു. ബാലിശമായ ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പി എന്‍ പ്രകാശിന്റെ മുന്നിലാണ് ധനുഷ് തന്റെ ഭാഗം വ്യക്തമാക്കിയത്. ചെലവിനായി പ്രതിമാസം 65,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും ധനുഷ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമകൃഷ്ണന്‍ വീരരാഘവന്‍ വാദിച്ചു.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍, മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കോടതിയിലെത്തിയിരുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമാണ് ദമ്പതികളുടെ വാദം.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്. ധനുഷ് മകനെന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്നും വൃദ്ധദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചിരുന്നു. ധനുഷ് ചെറുപ്പത്തില്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണെന്നും യഥാര്‍ത്ഥ പേര് കലൈയരസന്‍ എന്നാണെന്നും ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വൃദ്ധദമ്പിതികള്‍ വ്യക്തമാക്കി. 2002 ല്‍ പഠനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ധനുഷ് വീടു വിട്ട് പോയതാണെന്നാണ് ഇവരുടെ വാദം.

എന്നാല്‍ ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്. കാണാതായ മകനെ കണ്ടെത്താന്‍ ഏറെ നാള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോഴാണു തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും ധനുഷ് സംവിധായകന്‍ കസ്തൂരി രാജയുടെ കസ്റ്റഡിയിലാണെന്നും ദമ്പതികള്‍ ആരോപിക്കുന്നു. ഈ കാര്യം ചൂണ്ടികാട്ടി ഇതിന് മുന്‍പ് ഇവര്‍ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ധനുഷും അദ്ദേഹത്തിന്റെ കുടുംബവും തങ്ങളെ കാണാന്‍ വിസമ്മതിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍.