‘കട്ടപ്പ’യായി രാജമൗലി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ?; ‘ബാഹുബലി’ വേണ്ടെന്നുവച്ച ഏഴ് താരങ്ങള്‍ 

May 15, 2017, 1:01 pm
‘കട്ടപ്പ’യായി രാജമൗലി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ?; ‘ബാഹുബലി’ വേണ്ടെന്നുവച്ച ഏഴ് താരങ്ങള്‍ 
Film Update
Film Update
‘കട്ടപ്പ’യായി രാജമൗലി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ?; ‘ബാഹുബലി’ വേണ്ടെന്നുവച്ച ഏഴ് താരങ്ങള്‍ 

‘കട്ടപ്പ’യായി രാജമൗലി ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ?; ‘ബാഹുബലി’ വേണ്ടെന്നുവച്ച ഏഴ് താരങ്ങള്‍ 

രാജമൗലിയും മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒന്നിക്കുമെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന 'ഗരുഡ' എന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ച് പിന്നീട് രാജമൗലി തന്നെ രംഗത്തെത്തിയതോടെ അതിന് അവസാനമായി. എന്നാല്‍ രാജമൗലി മുന്‍പൊരു ചിത്രത്തില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നോ? അതെ, എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഏതെങ്കിലും സിനിമയിലേക്കല്ല, മറിച്ച് ബോക്‌സ്ഓഫീസില്‍ 1000 കോടിയും പിന്നിട്ട് കുതിപ്പ് തുടരുന്ന 'ബാഹുബലി'യിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ 'കട്ടപ്പ'യുടെ റോളിലേക്കാണ് രാജമൗലി മോഹന്‍ലാലിനെ പരിഗണിച്ചിരുന്നതെന്നും അതിനായി സമീപിച്ചിരുന്നെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 'ബാഹുബലി'യുടെ ചിത്രീകരണവേളയില്‍ മറ്റ് ചിത്രങ്ങളുമായി സഹകരിക്കാതെയാണ് താരങ്ങള്‍ പ്രവര്‍ത്തിച്ചത്. 'കട്ടപ്പ'യെ മോഹന്‍ലാല്‍ ഒഴിവാക്കിയതാണ് എന്ന വാര്‍ത്ത സത്യമെങ്കില്‍ അഞ്ച് വര്‍ഷത്തോളം വ്യത്യസ്ത ഷെഡ്യൂളുകളിലായി നീണ്ട ചിത്രീകരണകാലമാവാം അദ്ദേഹത്തെ പ്രാഥമികമായും പിന്തിരിപ്പിച്ചത്. ബാഹുബലി: ദി ബിഗിനിംഗ് പുറത്തെത്തിയപ്പോള്‍ തെലുങ്ക് പ്രേക്ഷകരില്‍ കുറച്ചുപേര്‍ക്കേ മോഹന്‍ലാലിനെ അറിയാന്‍ സാധ്യതയുള്ളുവെങ്കില്‍ ഇന്നങ്ങനെയല്ല. തെലുങ്കില്‍ രണ്ട് സിനിമകളിലാണ് മോഹന്‍ലാല്‍ കഴിഞ്ഞവര്‍ഷം അഭിനയിച്ചത്. ചന്ദ്രശേഖര്‍ യെലട്ടിയുടെ 'മനമന്ദ'യും കൊരട്ടല ശിവയുടെ 'ജനതാ ഗ്യാരേജും'.

അതെന്തായാലും 'ബാഹുബലി' ഒഴിവാക്കിയവരില്‍ മറ്റ് പ്രമുഖ താരങ്ങളുമുണ്ട്. ഹൃത്വിക് റോഷനും ജോണ്‍ എബ്രഹാമും ശ്രീദേവിയുമൊക്കെ അവരില്‍ പെടും.

ഹൃത്വിക് റോഷന്‍-ബാഹുബലി

ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്ന ഒരു കാസ്റ്റിംഗ് തീരുമാനം. പ്രഭാസിനെയല്ലാതെ മറ്റേതെങ്കിലും താരത്തെ ബാഹുബലിയായി സങ്കല്‍പ്പിക്കാന്‍പോലും ആവാത്തവിധമാണ് അദ്ദേഹം നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ 'ബാഹുബലി' ഹിന്ദിയില്‍ ഒരുക്കാനായിരുന്നു രാജമൗലി തുടക്കത്തില്‍ ആലോചിച്ചതെന്നും അതില്‍ ഹൃത്വിക് റോഷനെ നായകനാക്കാന്‍ താല്‍പര്യപ്പെട്ടെന്നും പുതിയ വാര്‍ത്തകള്‍. പക്ഷേ 'മോഹന്‍ജോ ദാരോ' ചെയ്യേണ്ടതുള്ളതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നുവത്രെ.

ജോണ്‍ എബ്രഹാം- ഭല്ലാലദേവ

ബാഹുബലിക്കൊപ്പം സിനിമ കണ്ടവരുടെ മനസില്‍ പതിഞ്ഞ വേഷമാണ് റാണ ദഗ്ഗുബട്ടി അവതരിപ്പിച്ച 'ഭല്ലാലദേവ'. പക്ഷേ ഹൃത്വിക് നായകനാകുന്നപക്ഷം ജോണ്‍ എബ്രഹാം ആയിരുന്നുവത്രെ രാജമൗലിയുടെ മനസിലെ ഭല്ലാലദേവന്‍.

വിവേക് ഒബ്‌റോയ്- ഭല്ലാലദേവ

ഭല്ലാലദേവനായി രാജമൗലിയുടെ മനസില്‍ ജോണ്‍ കഴിഞ്ഞാലുള്ള പരിഗണന വിവേക് ഒബ്‌റോയ് ആയിരുന്നുവത്രെ.

ശ്രീദേവി- ശിവഗാമി

ഇത് നേരത്തേ പ്രചരിച്ചിരുന്ന വാര്‍ത്തയാണ്. രമ്യ കൃഷ്ണന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായ 'ബാഹുബലി'യിലെ ശിവഗാമി ദേവിയുടെ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെ ആയിരുന്നെന്ന്. ശ്രീദേവി ആവശ്യപ്പെട്ട ഉയര്‍ന്ന പ്രതിഫലമാണ് പകരം രമ്യ കൃഷ്ണനെ തീരുമാനിക്കാന്‍ കാരണമെന്നും.

സോനം കപൂര്‍- അവന്തിക

'ബിഗിനിംഗി'ല്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നതും എന്നാല്‍ 'കണ്‍ക്ലൂഷനി'ല്‍ ക്ലൈമാക്‌സിന് അടുപ്പിച്ച് മാത്രം സ്‌ക്രീനിലെത്തുകയും ചെയ്ത കഥാപാത്രം. തമന്ന അവതരിപ്പിച്ച റോളിലേക്ക് രാജമൗലി സോനം കപൂറിനെ പരിഗണിച്ചിരുന്നുവത്രെ.

നയന്‍താര- ദേവസേന

രണ്ടാംഭാഗത്തിലെ നിര്‍ണായക വഴിത്തിരിവുകളെല്ലാം അനുഷ്‌ക ഷെട്ടി അവതരിപ്പിച്ച ദേവസേനയില്‍ ഊന്നിയുള്ളതായിരുന്നു. ദേവസേനയെ അവതരിപ്പിക്കാന്‍ രൗജമൗലിക്ക് മുന്നിലുണ്ടായിരുന്ന മറ്റൊരു സാധ്യത നയന്‍താര ആയിരുന്നുവത്രെ.

ഈ വാര്‍ത്തയുടെ വാസ്തവം എന്തുതന്നെയായാലും ഒന്നുറപ്പാണ്. പ്രഭാസിലല്ലാതെ ഒരു 'ബാഹുബലി'യെ ഇനി പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. അതുപോലെതന്നെ റാണ ദഗ്ഗുബട്ടിയുടെയും സത്യരാജിന്റെയും രമ്യ കൃഷ്ണന്റെയും അനുഷ്‌ക ഷെട്ടിയുടെയും കഥാപാത്രങ്ങളും. അതുതന്നെ രാജമൗലി എന്ന സംവിധായകന് ലഭിക്കാവുന്ന ഏറ്റവും വലിയ അവാര്‍ഡും.