മമ്മൂട്ടിയും രജനിയും വീണ്ടും ഒരുമിക്കുമോ, ഒരു മണിരത്‌നം ചിത്രത്തില്‍? 

May 18, 2017, 7:51 pm
മമ്മൂട്ടിയും രജനിയും വീണ്ടും ഒരുമിക്കുമോ, ഒരു മണിരത്‌നം ചിത്രത്തില്‍? 
Film Update
Film Update
മമ്മൂട്ടിയും രജനിയും വീണ്ടും ഒരുമിക്കുമോ, ഒരു മണിരത്‌നം ചിത്രത്തില്‍? 

മമ്മൂട്ടിയും രജനിയും വീണ്ടും ഒരുമിക്കുമോ, ഒരു മണിരത്‌നം ചിത്രത്തില്‍? 

സിനിമാജീവിതം ആരംഭിച്ച് മൂന്നര പതിറ്റാണ്ടിന് ശേഷവും സജീവമാണ് മണിരത്‌നം. ബോക്‌സ്ഓഫീസിലെ വിജയപരാജയങ്ങള്‍ക്കപ്പുറത്ത് തന്റേതായ പ്രേക്ഷകസമൂഹത്തെ സൃഷ്ടിച്ചിട്ടുമുണ്ട് അദ്ദേഹം. ഏറ്റവുമൊടുവിലിറങ്ങിയ 'കാട്രു വെളിയിടൈ' വരെയുള്ള ഫിലിമോഗ്രഫിയില്‍ ഇടവേളകള്‍ അപൂര്‍വ്വമാണെങ്കിലും അദ്ദേഹം കരിയറിന്റെ ആദ്യ പകുതിയിലെടുത്ത സിനിമകള്‍ തന്നെ ജനപ്രീതിയില്‍ മുന്നില്‍. നായകനും റോജയും ബോംബെയും ഇരുവറും ദില്‍ സെയുമൊക്കെയുള്ള കൂട്ടത്തില്‍ ആസ്വാദനത്തില്‍ കാലം മങ്ങലേല്‍പ്പിക്കാത്ത ഒരു ചിത്രം കൂടിയുണ്ട്. മണി രത്‌നത്തിന്റെ ക്യാമറയ്ക്ക് മുന്നിലേക്ക് മമ്മൂട്ടിയും രജനീകാന്തും ഒരുമിച്ചെത്തിയ 'ദളപതി'.

മണിരത്‌നത്തിന്റെ രചനയിലും സംവിധാനത്തിലും 1991ല്‍ പുറത്തെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയും രജനീകാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിഹാസത്തിലെ കര്‍ണന്‍-ദുര്യോധനന്‍ ബന്ധത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മണിരത്‌നം ഈ കഥാപാത്രങ്ങളെ വികസിപ്പിച്ചെടുത്തത്. സന്തോഷ് ശിവന്റെ ഛായാഗ്രഹണവും ഇളയരാജയുടെ സംഗീതവും സിനിമയുടെ മാറ്റ് കൂട്ടി. ചിത്രം പുറത്തുവന്ന് കാല്‍ നൂറ്റാണ്ടിന് ശേഷവും ടെലിവിഷന്‍ സംപ്രേക്ഷണങ്ങളില്‍ ആസ്വാദകരെ നേടാറുണ്ട് 'ദളപതി'. ചിത്രത്തില്‍ ദേവരാജും സൂര്യയുമായ മമ്മൂട്ടിയും രജനിയും ഇനിയൊരിക്കല്‍ക്കൂടി സ്‌ക്രീനില്‍ ഒരുമിക്കല്‍ ഉണ്ടാവുമോ?

ദളപതി 
ദളപതി 

അത്തരമൊരു പ്രതീക്ഷ തീര്‍ത്തും അസ്ഥാനത്തല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടര പതിറ്റാണ്ടിനിപ്പുറവും മമ്മൂട്ടിയെയും രജനിയെയും സ്‌ക്രീനില്‍ ഒരുമിപ്പിക്കാനൊരുങ്ങുന്നത് മണി രത്‌നമാണത്രെ! ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരക്കഥ മണി രത്‌നത്തിന്റെ പക്കല്‍ തയ്യാറാണെന്നും പ്രോജക്ട് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2018ല്‍ തീയേറ്ററുകളിലെത്തുന്ന തരത്തില്‍ ചിത്രീകരണം ആരംഭിക്കാനാണ് മണി രത്‌നം ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഇത്തരമൊരു പ്രോജക്ടിനെക്കുറിച്ച് മണി രത്‌നമോ മമ്മൂട്ടിയോ രജനീകാന്തോ ഇതുവരെ എവിടെയും പ്രതികരിച്ചിട്ടില്ല.

അജയ് വാസുദേവിന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഛായാഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്ട്രീറ്റ്‌ലൈറ്റ്‌സ്' ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. അതേസമയം രജനിയുടെ ഇനി പുറത്തുവരാനുള്ള ചിത്രം ഷങ്കറിന്റെ 2.0 ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഇത്.