ആഗോള ബോക്‌സ്ഓഫീസില്‍ ‘ഡങ്കേര്‍ക്ക്’ ഇരമ്പം; 1000 കോടി ചിത്രം ആദ്യദിനം നേടിയത് 

July 22, 2017, 12:04 pm
ആഗോള ബോക്‌സ്ഓഫീസില്‍ ‘ഡങ്കേര്‍ക്ക്’ ഇരമ്പം; 1000 കോടി ചിത്രം ആദ്യദിനം നേടിയത് 
HOLLYWOOD
HOLLYWOOD
ആഗോള ബോക്‌സ്ഓഫീസില്‍ ‘ഡങ്കേര്‍ക്ക്’ ഇരമ്പം; 1000 കോടി ചിത്രം ആദ്യദിനം നേടിയത് 

ആഗോള ബോക്‌സ്ഓഫീസില്‍ ‘ഡങ്കേര്‍ക്ക്’ ഇരമ്പം; 1000 കോടി ചിത്രം ആദ്യദിനം നേടിയത് 

'ഇന്റര്‍സ്റ്റെല്ലാര്‍' ഇറങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമെത്തുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പ്. രണ്ടാംലോക മഹായുദ്ധകാലത്തെ 'ഡങ്കേര്‍ക്ക് ഒഴിപ്പിക്കലി'നെ അധികരിച്ച് നോളന്‍ ഒരുക്കിയിരിക്കുന്ന ചിത്രം 'ഇന്റര്‍സ്‌റ്റെല്ലാറി'നൊപ്പമോ അതിനേക്കാള്‍ മികച്ചതോ ആയ ഓപണിംഗ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014ല്‍ പുറത്തെത്തിയ 'ഇന്റര്‍സ്റ്റെല്ലാര്‍' 50 മില്യണ്‍ ഡോളറിന്റെ (322 കോടി രൂപ) ഓപണിംഗ് കളക്ഷന്‍ നേടിയിരുന്നു. 45 മില്യണ്‍ ഡോളര്‍ മുതല്‍ 55 മില്യണ്‍ ഡോളര്‍ വരെ (290 കോടി രൂപ-354 കോടി രൂപ) ഈ റിലീസ് വാരാന്ത്യത്തില്‍ 'ഡങ്കേര്‍ക്ക്' യുഎസില്‍ നിന്ന് മാത്രം നേടുമെന്നാണ് വിലയിരുത്തല്‍. രണ്ടാംലോക മഹായുദ്ധത്തെ അധികരിച്ച് അടുത്തകാലത്തുണ്ടായ ചിത്രങ്ങളില്‍ ഏറ്റവും വലിയ ഓപണിംഗ് കളക്ഷനാണ് ഇത്.

റിലീസിന് തലേന്ന് വ്യാഴാഴ്ച നടത്തിയ പ്രിവ്യൂ ഷോകളില്‍ നിന്ന് യുഎസില്‍ മാത്രം ചിത്രം 5.5 മില്യണ്‍ ഡോളര്‍ (35 കോടി രൂപ) നേടി. റിലീസ് ദിനമായ വെള്ളിയാഴ്ചത്തെ കളക്ഷനെന്ന് വിലയിരുത്തപ്പെടുന്നത് 17 മില്യണ്‍ ഡോളര്‍ (109 കോടി രൂപ). വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം 3720 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. അടുത്തകാലത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവുമധികം ഐമാക്‌സ് സ്‌ക്രീനുകളും 70 എംഎം സ്‌ക്രീനുകളും ലഭിക്കുന്ന ചിത്രവുമാണ് 'ഡങ്കേര്‍ക്ക്'.

എന്നാന്‍ നോളന്‍ ചിത്രങ്ങളില്‍ ഏറ്റവും വലിയ ഓപണിംഗ് ലഭിക്കുന്ന ചിത്രമല്ല 'ഡങ്കേര്‍ക്ക്'. 'ദി ഡാര്‍ക്ക് നൈറ്റ് റൈസസ്' (2012) ആണ് ഏറ്റവും വലിയ ഇനിഷ്യല്‍ ലഭിച്ച ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം. ആദ്യ വാരാന്ത്യത്തില്‍ 160.9 മില്യണ്‍ ഡോളറാണ് (1037 കോടി രൂപ) ചിത്രം വാരിയത്. 2008ല്‍ പുറത്തിറങ്ങിയ 'ദി ഡാര്‍ക്ക് നൈറ്റ്' 158.4 മില്യണ്‍ ഡോളറും (1021 കോടി രൂപ) 2005ല്‍ പുറത്തിറങ്ങിയ 'ബാറ്റ്മാന്‍ ബിഗിന്‍സ്' 73 മില്യണ്‍ ഡോളറും (470 കോടി രൂപ) 2010ല്‍ പുറത്തെത്തിയ 'ഇന്‍സെപ്ഷന്‍' 62.8 മില്യണ്‍ ഡോളറും (404 കോടി രൂപ) നേടി.

150 മില്യണ്‍ ഡോളറിന്റെ (966 കോടി രൂപ) നിര്‍മ്മാണച്ചെലവില്‍ ഒരുക്കിയതെന്ന് കരുതപ്പെടുന്ന ചിത്രം യുഎസിന് പുറത്തുള്ള ചില മാര്‍ക്കറ്റുകളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നേടിയത് 8.6 മില്യണ്‍ ഡോളറാണ് (55 കോടി രൂപ). യുഎസ് ആഭ്യന്തര വിപണിയിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ വിശദമായി പുറത്തുവന്നിരിക്കുന്നത്. ലോകമെങ്ങും ആരാധകരുള്ള ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയ ഓപണിംഗ് കളക്ഷന്‍ അറിയണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും.