യുദ്ധമുണ്ടായാല്‍ ഞാന്‍ നിങ്ങളെ വിളിക്കും,രജനിയുടെ പഞ്ച് ഡയലോഗ് രാഷ്ട്രീയ പ്രവേശന സൂചനയോ? 

May 19, 2017, 3:10 pm
യുദ്ധമുണ്ടായാല്‍ ഞാന്‍ നിങ്ങളെ വിളിക്കും,രജനിയുടെ പഞ്ച് ഡയലോഗ് രാഷ്ട്രീയ പ്രവേശന സൂചനയോ? 
TAMIL MOVIE
TAMIL MOVIE
യുദ്ധമുണ്ടായാല്‍ ഞാന്‍ നിങ്ങളെ വിളിക്കും,രജനിയുടെ പഞ്ച് ഡയലോഗ് രാഷ്ട്രീയ പ്രവേശന സൂചനയോ? 

യുദ്ധമുണ്ടായാല്‍ ഞാന്‍ നിങ്ങളെ വിളിക്കും,രജനിയുടെ പഞ്ച് ഡയലോഗ് രാഷ്ട്രീയ പ്രവേശന സൂചനയോ? 

രാഷ്ട്രീയ പ്രവേശനം അരികയെന്ന വ്യക്തമായ സൂചനയുമായി രജനീകാന്ത്. ആരാധകരുമായുള്ള ഒരാഴ്ച നീണ്ട കൂടിക്കാഴ്ചയും സംവാദവും അവസാനിപ്പിച്ചാണ് മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴകത്തിന് കൃത്യമായ ഉത്തരം ലഭിക്കാത്ത ചോദ്യത്തിലേക്ക് രജനി സൂചന നല്‍കിയത്. രാഷ്ട്രീയ പ്രവേശനത്തിനെ ചൊല്ലി തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്നായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ തമിഴക രാഷ്ട്രീയം തന്റെ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രസിഗര്‍ മന്‍ട്രത്തോട് സംവദിച്ച് വെള്ളിയാഴ്ച നടത്തിയ പ്രസംഗം. രാഷ്ട്രീയത്തില്‍ എതിര്‍പ്പാണ് മൂലധനം അതുകൊണ്ട് രാഷ്ട്രീയത്തില്‍ ഇടപെടുമെന്നും രജനീകാന്ത്. ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തിലായിരുന്നു സംവാദം.

പ്രാദേശിക സ്വത്വം ചോദ്യം ചെയ്തവര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കി. നിങ്ങള്‍ തമിഴനാണോ എന്ന് നിരന്തരം ചോദിക്കുന്നുണ്ട്, 66 വയസ്സുണ്ട് എനിക്ക്, ഞാന്‍ 22 വര്‍ഷം മാത്രമാണ് കര്‍ണാടകയില്‍ ജീവിച്ചത്, 44 വര്‍ഷമായി തമിഴ്‌നാട്ടിലാണ്. ഞാനിവിടെ വന്നത് കന്നഡിഗനോ മറാത്തിയോ ആയിട്ടാകാം. പക്ഷേ നിങ്ങള്‍ എനിക്ക് സ്‌നേഹവും ബഹുമാനവും പ്രശസ്തിയും സമ്മാനിച്ചു. നിങ്ങളെന്നെ തമിഴനാക്കി. ഒരു പച്ചതമിഴനാണ് ഞാന്‍.

ഒരു യുദ്ധമുണ്ടായാല്‍ ഞാന്‍ നിങ്ങളെ വിളിക്കും, നിങ്ങള്‍ കൂടെയുണ്ടാവണം. പണ്ടുകാലത്ത് ഒരിടത്ത് യുദ്ധമുണ്ടായാല്‍ എല്ലാവരും പങ്കെടുക്കാനായി പോകുമായിരുന്നു. ഡിഎംകെ നേതാവ് എം കെ സ്റ്റാലിനെയും അന്‍പുമണി രാംദോസിനെയും നല്ല നേതാക്കളെന്ന് വിശേഷിപ്പിക്കാനും രജനീകാന്ത് മറന്നില്ല. വ്യവസ്ഥ ദുഷിച്ചിരിക്കുകയാണ്, അത് മാറ്റേണ്ടിയിരിക്കുന്നുവെന്നും രജനീകാന്ത്.

രാഷ്ട്രീയപ്രവേശം തന്റെ അഭിലാഷമല്ലെന്നും എന്നാല്‍ ദൈവനിശ്ചയം അതാണെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും രജനി ആരാധകരോട് ആദ്യ ദിവസം പറഞ്ഞിരുന്നു.ജീവിതത്തില്‍ നമ്മള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് ദൈവമാണ്. ഇപ്പോള്‍ ഞാനൊരു നടനാവണമെന്നാണ് അദ്ദേഹത്തിന്. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. ഇനി ദൈവത്തിന്റെ തീരുമാനം നാളെ മറ്റൊന്നാണെങ്കില്‍, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണമെന്നാണെങ്കില്‍ അങ്ങനെ ചെയ്യുമെന്നാണ് രജനീകാന്ത് പറഞ്ഞത്.

ബിജെപി രജനീകാന്തിനെ പല തവണയായി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ജയലളിതയുടെ മരണത്തോടെ തമിഴക രാഷ്ട്രീയത്തിലുണ്ടായ ശൂന്യത മുതലെടുക്കാനും ജയലളിതയെ വെല്ലുന്ന ജനപ്രിയതയുള്ള നേതാവിനെ അവതരിപ്പിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി രജനിയെ പാളയത്തിലെത്തിക്കാന്‍ നരേന്ദ്രമോഡി നേരിട്ട് കരുക്കള്‍ നീക്കിയതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും രജനീകാന്ത് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. രജനീകാന്തിന്റെ പുതിയ സിനിമയായ 2.0യുടെ റിലീസിന് മുന്നോടിയായുള്ള ശക്തിപ്രകടനവും പ്രചരണ തന്ത്രവുമാണ് ആരാധകരുമായുള്ള കൂടിക്കാഴ്ചയെന്ന വിമര്‍ശനെത്തെ തുടക്കത്തില്‍ തന്നെ രജനീകാന്ത് തള്ളിയിരുന്നു. തെലുങ്കില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി പ്രജാരാജ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് സമാനമായി തമിഴില്‍ രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. എഐഡിഎംകെ നേതൃത്വത്തിലും ഭരണത്തിലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലും ഡിഎംകെയ്ക്ക് കരുണാനിധിയോളം കരുത്തനായ നേതാവിനെ മുന്നില്‍ നിര്‍ത്താന്‍ സാധിക്കാത്തതും മുതലെടുത്ത് രജനിയുടെ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ബിജെപി തയ്യാറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.