വിശ്വരൂപത്തിന് മുമ്പേ കമല്‍ മിനിസ്‌ക്രീനില്‍, ഈ വരവിന് ഒരു കാരണമുണ്ട് 

May 16, 2017, 4:38 pm
 വിശ്വരൂപത്തിന് മുമ്പേ കമല്‍ മിനിസ്‌ക്രീനില്‍, ഈ വരവിന് ഒരു കാരണമുണ്ട് 
TAMIL MOVIE
TAMIL MOVIE
 വിശ്വരൂപത്തിന് മുമ്പേ കമല്‍ മിനിസ്‌ക്രീനില്‍, ഈ വരവിന് ഒരു കാരണമുണ്ട് 

വിശ്വരൂപത്തിന് മുമ്പേ കമല്‍ മിനിസ്‌ക്രീനില്‍, ഈ വരവിന് ഒരു കാരണമുണ്ട് 

കഥാപാത്രങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വേണ്ടി എന്ത് വെല്ലുവിളിയും സ്വീകരിക്കുന്ന താരമാണ് കമല്‍ഹാസന്‍. ഇന്ത്യന്‍ സിനിമയെ അമ്പരപ്പിച്ച ഈ താരം കുറേ നാളുകളായി കരിയറില്‍ തിരിച്ചടികള്‍ നേരിടുകയാണ്. വിശ്വരൂപം രണ്ടാം ഭാഗവുമായി ഈ വര്‍ഷം കമല്‍ ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ ഉലകനായകന്റെ വന്‍ തിരിച്ചുവരവാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ വിശ്വരൂപം രണ്ടിന് മുമ്പേ മിനിസ്‌ക്രീനിലെത്തുകയാണ് കമല്‍ ഹാസന്‍. ഹിന്ദിയില്‍ അമിതാബ് ബച്ചനും സല്‍മാന്‍ ഖാനും അവതാരകരായിരുന്ന ടെലിവിഷന്‍ ഷോയുടെ തമിഴ് പതിപ്പിലാണ് കമല്‍ അവതാരകനാകുന്നത്.

ബിഗ് ബ്രദര്‍ എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. കളേഴ്‌സ് ടെലിവിഷനാണ് സംപ്രേഷണം ചെയ്യുന്നത്. തമിളില്‍ സ്റ്റാര്‍ വിജയ് ടിവിയിലാണ് ബിഗ് ബോസ് ഷോയുമായി കമല്‍ എത്തുന്നത്. ആളുകള്‍ക്കിടയില്‍ അല്ലാതെ എനിക്ക് ജീവിക്കാനാകില്ല. എന്നെ സ്‌നേഹിക്കുന്ന കൂടുതല്‍ പേരിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് മിനി സ്‌ക്രീനില്‍ ബിഗ് ബോസ് പോലൊരു ഷോ തെരഞ്ഞെടുത്തതെന്ന് കമല്‍ഹാസന്‍ പറയുന്നു. വലിയൊരു ജനവിഭാഗത്തിലേക്ക് എളുപ്പമെത്താവുന്ന മാധ്യമം എന്ന നിലയിലാണ് റിയാലിറ്റി ഷോ അവതാരകനായതെന്ന് കമല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നല്ല പണം കിട്ടുമെന്നതും മാനദണ്ഡമാണ്. പണം ലഭിക്കാതെ സിനിമ പോലും ചെയ്യാന്‍ തയ്യാറല്ല എന്നുമാണ് കമല്‍ പറഞ്ഞത്.

കമലിന്റെ പ്രധാന പ്രൊജക്ടുകളായി പ്രഖ്യാപിച്ച മരുതനായകം, സബാഷ് നായിഡു എന്നീ സിനിമകള്‍ പാതിവഴിയിലാണ്. വിശ്വരൂപം ആദ്യ ഭാഗം ഉള്‍പ്പെടെ നിര്‍മ്മിച്ചത് മൂലം കമലിന്റെ ബാനറായ രാജ്കമല്‍ ഇന്റര്‍നാഷനല്‍ പ്രതിസന്ധിയിലുമാണ്. നേരത്തെ കരിയറില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിടുകയും സ്വന്തം ബാനറായ എബിസിഎല്‍ തകരുകയും ചെയ്തപ്പോള്‍ അമിതാബ് ബച്ചന്‍ തിരിച്ചുവന്നത് കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഷോയിലൂടെയാണ്. ഇതിനു സമാനമായി കമല്‍ഹാസന്റെയും ഗംഭീര തിരിച്ചുവരവാകുമോ ബിഗ് ബോസ് എന്നാണ് കാത്തിരുന്നറിയേണ്ടത്.