കമല്‍ഹാസന്‍-മോഹന്‍ലാല്‍ ചിത്രത്തിന് പിന്നിലെ വാസ്തവം 

August 7, 2017, 1:10 pm
കമല്‍ഹാസന്‍-മോഹന്‍ലാല്‍ ചിത്രത്തിന് പിന്നിലെ വാസ്തവം 
TAMIL MOVIE
TAMIL MOVIE
കമല്‍ഹാസന്‍-മോഹന്‍ലാല്‍ ചിത്രത്തിന് പിന്നിലെ വാസ്തവം 

കമല്‍ഹാസന്‍-മോഹന്‍ലാല്‍ ചിത്രത്തിന് പിന്നിലെ വാസ്തവം 

ഉന്നൈപ്പോലൊരുവന്‍ എന്ന സിനിമയിലാണ് കമല്‍ഹാസനും മോഹന്‍ലാലും ഒടുവില്‍ ഒരുമിച്ചഭിനയിച്ചത്. തലൈവന്‍ ഇരുക്കിറേന്‍ എന്ന പേരില്‍ ഇരുവരും ഒന്നിച്ചെത്തുന്ന സിനിമ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കമലുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ചായിരുന്നു മോഹന്‍ലാല്‍-കമല്‍ പ്രൊജക്ടിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നത്. സബാഷ് നായിഡുവും വിശ്വരൂപം സെക്കന്‍ഡും പൂര്‍ത്തിയായാല്‍ കമല്‍ ഈ സിനിമയിലേക്ക് കടക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്ടിനെക്കുറിച്ച് കമലും മോഹന്‍ലാലും തമ്മില്‍ ചര്‍ച്ചകളോ കൂടിക്കാഴ്ചയോ നടന്നിട്ടില്ലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്.

2009ല്‍ മോഹന്‍ലാലും കമല്‍ഹാസനും കേന്ദ്രകഥാപാത്രങ്ങളായി പുറത്തുവന്ന ഉന്നൈപോലൊരുവന്‍ എന്ന തമിഴ് ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് തലൈവന്‍ ഇരുക്കിറേന്‍ എന്നായിരുന്നു. നീരജ് പാണ്ഡേ സംവിധാനം ചെയ്ത ഹിന്ദി ചിത്രം എ വെനസ്‌ഡേ ആണ് ചാക്രി തൊലേറ്റിയുടെ സംവിധാനത്തില്‍ ഉന്നൈപ്പോലൊരുവന്‍ ആയത്. തലൈവന്‍ ഇരുക്കിറേന്‍ എന്ന പേരില്‍ ഹിന്ദി ചിത്രം ഓ മൈ ഗോഡ് ആണ് കമല്‍ ഹാസന്‍ തമിഴില്‍ റീമേക്ക് ചെയ്യുന്നത്. കാഞ്ചി വിരുദ്ധ് കാഞ്ചി എന്ന ഗുജറാത്തി നാടകത്തിന്റെയും ഓസ്‌ട്രേലിയന്‍ സിനിമയുടെയും സ്വതന്ത്ര വ്യാഖ്യാനമായിരുന്നു അക്ഷയ്കുമാര്‍ ശ്രീകൃഷ്ണനായും പരേഷ് റാവല്‍ കേന്ദ്രകഥാപാത്രവുമായ ചിത്രം. തമിഴിലെത്തുമ്പോള്‍ ദൈവമായി മോഹന്‍ലാലും നിരീശ്വരവാദിയായി കമല്‍ഹാസനും അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ തന്നെ ഈ സിനിമ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വില്ലന്‍, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒടിയന്‍ എന്ന സിനിമ ചെയ്യാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിന് ശേഷം ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ ചിത്രവും രണ്ടാമൂഴവുമാണ് മോഹന്‍ലാലിന്റെതായി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സിനിമകള്‍. കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് താരവുമായി ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് അറിയാനാകുന്നത്.