വിജയ്‌യുടെ വില്ലന്‍, ഇനി മഹേഷിന്റെ ചാച്ചന്‍,വിന്‍സെന്റ് ഭാവനയാകുന്നത് തമിഴ് സംവിധായകന്‍ 

July 30, 2017, 12:38 pm
വിജയ്‌യുടെ വില്ലന്‍, ഇനി മഹേഷിന്റെ ചാച്ചന്‍,വിന്‍സെന്റ് ഭാവനയാകുന്നത്  തമിഴ് സംവിധായകന്‍ 
TAMIL MOVIE
TAMIL MOVIE
വിജയ്‌യുടെ വില്ലന്‍, ഇനി മഹേഷിന്റെ ചാച്ചന്‍,വിന്‍സെന്റ് ഭാവനയാകുന്നത്  തമിഴ് സംവിധായകന്‍ 

വിജയ്‌യുടെ വില്ലന്‍, ഇനി മഹേഷിന്റെ ചാച്ചന്‍,വിന്‍സെന്റ് ഭാവനയാകുന്നത് തമിഴ് സംവിധായകന്‍ 

അവതരണത്തിലെ പുതുമ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മലയാളികളെ അമ്പരപ്പിച്ച മഹേഷിന്റെ പ്രതികാരം തമിഴിലെത്തുമ്പോള്‍ ജനപ്രീതി നേടിയ കഥാപാത്രങ്ങള്‍ ആരൊക്കെയെന്നതായിരുന്നു തുടക്കത്തിലെ കൗതുകം. പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന റീമേക്ക് ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ മലയാളത്തില്‍ ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനയുടെ റോളിലെത്തുന്നുവെന്നതും ജിംസിയെന്ന കഥാപാത്രമായി അപര്‍ണാ ബാലമുരളിക്ക് പകരം നമിതാ പ്രമോദും അനുശ്രീ അവതരിപ്പിച്ച സൗമ്യയെ തമിഴില്‍ പാര്‍വതി നായരുമാണ് അവതരിപ്പിക്കുന്നത്. ആര്‍ട്ടിസ്റ്റ് ബേബിച്ചായന്‍ എന്ന അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രവും നാടക പ്രവര്‍ത്തകന്‍ കെ എല്‍ ആന്റണി അവതരിപ്പിച്ച മഹേഷിന്റെ ചാച്ചനെയും (വിന്‍സെന്റ് ഭാവന) ആരാവും അവതരിപ്പിക്കുക എന്ന ആകാംക്ഷയും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

തമിഴിലെ പ്രമുഖ സംവിധായകന്‍ മഹേന്ദ്രനാണ് മഹേഷ് ഭാവനയുടെ ചാച്ചനായി തമിഴിലെത്തുന്നത്. തമിഴിലെത്തുമ്പോള്‍ ഹിന്ദു പശ്ചാത്തലത്തിലാണ് പ്രധാന കഥാപാത്രങ്ങള്‍. തെരി എന്ന ചിത്രത്തില്‍ വിജയ്‌യുടെ വില്ലനായി രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തി മഹേന്ദ്രന്‍ കയ്യടി വാങ്ങിയിരുന്നു. കുറ്റാലം, തെങ്കാശി എന്നിവിടങ്ങളിലാണ് ആദ്യ ഷെഡ്യൂള്‍. പ്രിയദര്‍ശന്‍ ചിത്രത്തിനായി നടനും സംവിധായകനുമായ സമുദ്രക്കനിയാണ് തിരക്കഥയൊരുക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സന്തോഷ് കുരുവിളയാണ് തമിഴില്‍ സിനിമ നിര്‍മ്മിക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മാണം. എം എസ് ഭാസ്‌കര്‍ ആണ് ആര്‍ട്ടിസ്റ്റ് ബേബിയായി തമിഴിലെത്തുന്നത്.

മലയാളത്തില്‍ നിന്ന് തമിഴിലെത്തുമ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് കാതലായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ സൗത്ത് ലൈവിനോട് പറഞ്ഞിരുന്നു. തമിഴ് ആസ്വാദകരെ കൂടി പരിഗണിച്ചുള്ള മാറ്റങ്ങള്‍ റീമേക്ക് പതിപ്പിലുണ്ടാകും. ഒപ്പം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന ഏകാംബരമാണ് മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ക്യാമറയില്‍ പകര്‍ത്തുന്നത്. 2003ല്‍ സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രം ത്രിഷയെ കേന്ദ്രകഥാപാത്രമാക്കി ലേസാ ലേസാ എന്ന പേരില്‍ പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കിയിരുന്നു. ദേശീയ പുരസ്‌കാരം നേടിയ കാഞ്ചീവരം എന്ന ചിത്രവും പ്രിയദര്‍ശന്റേതായി തമിഴില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സില നേരങ്ങളില്‍ എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന തമിഴ് സിനിമയാണ് മഹേഷിന്റെ പ്രതികാരം റീമേക്ക്.

ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു. മികച്ച മലയാള ചിത്രത്തിനും തിരക്കഥയ്ക്കും സിനിമ ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.