ടെലഫോണ്‍ ബൂത്തില്‍ പുലര്‍ച്ചെ വരെ ജോലി, ലോണ്‍ അടയ്ക്കാന്‍ ആദ്യസിനിമ, ഇതാണ് തമിഴ് സിനിമയുടെ നവശൈലീമുഖമായ വിജയ് സേതുപതിയുടെ ഭൂതകാലം 

November 16, 2016, 5:14 pm
 ടെലഫോണ്‍ ബൂത്തില്‍ പുലര്‍ച്ചെ വരെ ജോലി, ലോണ്‍ അടയ്ക്കാന്‍ ആദ്യസിനിമ, ഇതാണ് തമിഴ് സിനിമയുടെ നവശൈലീമുഖമായ വിജയ് സേതുപതിയുടെ ഭൂതകാലം 
TAMIL MOVIE
TAMIL MOVIE
 ടെലഫോണ്‍ ബൂത്തില്‍ പുലര്‍ച്ചെ വരെ ജോലി, ലോണ്‍ അടയ്ക്കാന്‍ ആദ്യസിനിമ, ഇതാണ് തമിഴ് സിനിമയുടെ നവശൈലീമുഖമായ വിജയ് സേതുപതിയുടെ ഭൂതകാലം 

ടെലഫോണ്‍ ബൂത്തില്‍ പുലര്‍ച്ചെ വരെ ജോലി, ലോണ്‍ അടയ്ക്കാന്‍ ആദ്യസിനിമ, ഇതാണ് തമിഴ് സിനിമയുടെ നവശൈലീമുഖമായ വിജയ് സേതുപതിയുടെ ഭൂതകാലം 

തമിഴ് സിനിമയിലെ പുതുനിരയില്‍ പ്രകടനം കൊണ്ട് തുടര്‍ച്ചയായി ഞെട്ടിക്കുന്ന നടനാണ് വിജയ് സേതുപതി. സ്വഭാവിക അഭിനയത്തിന്റെ പൂര്‍ണതയാണ് സേതുപതിയുടെ കഥാപാത്രങ്ങളെ വേറിട്ടതാക്കുന്നത്. 15 കോടി മുതല്‍ 20 കോടി വരെ മുതല്‍മുടക്കുളള സിനിമയിലെ നായകനായും തമിഴ് യുവനിരയിലെ മുന്‍നിര താരമായും മാറിയ ഈ നടന് ദുരിതപൂര്‍ണമായ ഒരു ഭൂതകാലമുണ്ട്.

ദക്ഷിണ തമിഴ്‌നാട്ടിലെ വിരുതനഗര്‍ ജില്ലയിലെ രാജപാളയത്താണ് വിജയ് സേതുപതി ജനിച്ചുവളര്‍ന്നത്. സിനിമയെക്കുറിച്ചുളള സേതുപതിയുടെ ആദ്യമെത്തുന്ന ഓര്‍മ്മ 16ാം വയസ്സിലേതാണ്. അതൊരു കയ്‌പേറിയ അനുഭവം കൂടിയാണ്. കമല്‍ഹാസന്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ചിത്രീകരണം കാണാന്‍ അന്ന് കൂട്ടുകാരോടൊപ്പം പോയി. കൂട്ടുകാരില്‍ കുറേ പേര്‍ക്ക് ആ സിനിമയില്‍ തല കാണിക്കാനുള്ള അവസരം കിട്ടി. കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ ആളായതിനാല്‍ തനിക്ക് അവസരം കിട്ടിയില്ലെന്ന് വിജയ് സേതുപതി.

24 വയസ്സ് വരെ സിനിമയോട് വലിയ കമ്പമൊന്നും ഉണ്ടായിരുന്നില്ല. പ്രിയപ്പെട്ട താരങ്ങളുടെയും സിനിമകളുടെയും പോസ്റ്റുകളാല്‍ സ്വന്തം മുറി അലങ്കരിക്കുന്ന കൂട്ടുകാരുണ്ടായിരുന്നു. പക്ഷേ ഞാന്‍ ആ കുട്ടത്തില്‍ ഇല്ലായിരുന്നു. സാമ്പത്തികമായ അതിജീവനമായിരുന്നു അന്ന് പ്രധാനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സിനിമയിലേക്ക് വന്നത്. പത്ത് ലക്ഷം രൂപയുടെ ലോണ്‍ ഉണ്ടായിരുന്നു. അന്ന് വേറെ വഴി കണ്ടെത്താനായില്ല. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാമെന്ന് വച്ചു. 25000 രൂപ വരെയാണ് സമ്പാദിക്കാനായത്. കുടുംബം പുലര്‍ത്താന്‍ അത് തികയുമായിരുന്നില്ല.

കോളേജ് സമയത്ത് മിക്കപ്പോഴും പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. കഠിനാധ്വാനി ആയതിനാല്‍ ജോലികള്‍ കിട്ടി. ഓഡിറ്റര്‍ക്ക് കീഴില്‍ അക്കൗണ്ടന്റ് ആയും ടെക്‌സ്‌റ്റൈല്‍സിലും ടെലഫോണ്‍ ബൂത്തിലുമൊക്കെ ജോലിയെടുത്തു. 3500 രൂപാ മാസവരുമാനമുള്ള സിമന്റ് ഡീലറുടെ ജോലിയാണ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യം കിട്ടിയത്. രാവിലെ 9 മുതല്‍ 7.30വരെ ഈ ജോലിയെടുത്തു. അതു കഴിഞ്ഞ് ടെലഫോണ്‍ ബൂത്തില്‍ പുലര്‍ച്ചെ വരെ ജോലി ചെയ്തു. അച്ഛന്റെ വരുമാനം കുടുംബത്തിന് തികയുമായിരുന്നില്ല. കുറച്ചുകൂടി നല്ല ജോലി തേടി 2000ല്‍ ദുബായിയില്‍ എത്തി. 12000 രൂപയാണ് ശമ്പളം കിട്ടിയത്. ചെന്നൈയില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ജെസിയുമായി പ്രണത്തിലാവുന്നതും വിവാഹത്തിലെത്തിയതും ഈ കാലയളവിലാണ്.

വിവാഹശേഷമാണ് സിനിമയില്‍ വീണ്ടും സിനിമയിലേക്ക് ഇറങ്ങിയത്. ദുബായിയില്‍ വച്ച് സഹോദരന്‍ കുറേ ഫോട്ടോകള്‍ എടുത്തിരുന്നു. വീണ്ടും ഭാഗ്യത്തില്‍ വിശ്വസിക്കാന്‍ മനസ് അനുവദിച്ചില്ല. സിനിമാ താരമാകാന്‍ തയ്യാറെടുപ്പ് എന്ന നിലയില്‍ കുത്തു പി പട്ടരൈ(തമിഴ്‌നാട്ടിലെ പ്രമുഖ തിയറ്റര്‍ പരിശീലക സംഘം)യില്‍ വര്‍ക്ക് ഷോപ്പുകളില്‍ ചേരാന്‍ തീരുമാനിച്ചു. അഭിനയ പരിശീലന കോഴ്‌സ് അവര്‍ നിര്‍ത്തിവച്ച സമയമായിരുന്നു. പക്ഷേ അവിടെ അക്കൗണ്ടന്റിന്റെ ഒഴിവുണ്ടായിരുന്നു. ശമ്പളം കുറവായിരുന്നിട്ടും ആ ജോലി സ്വീകരിച്ചു. വീട്ടില്‍ ഇക്കാര്യം അറിയിക്കാതെ അവിടെ ജോയിന്‍ ചെയ്തു. അവിടെയെത്തുന്ന അഭിനേതാക്കളില്‍ നിന്ന് കണ്ട് പഠിക്കാമെന്നായിരുന്നു ചിന്ത. കുട്ടികള്‍ വളരുകയാണ്. ഞാന്‍ ഏറ്റെടുക്കുന്നത് വലിയ റിസ്‌കാണെന്ന് ഭാര്യ ഓര്‍മ്മിപ്പിച്ചു. പിന്‍മാറാമെന്ന് ഭാര്യക്ക് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കാനായില്ല. അമ്പതിലേറെ ഗ്രാമങ്ങള്‍ പിന്നിട്ട തെരുവു നാടകത്തിലൂടെയാണ് അഭിനേതാവ് എന്ന നിലയില്‍ ആത്മവിശ്വാസം രൂപപ്പെട്ടത്.

2011ല്‍ കലൈഞ്ജര്‍ ടിവിയിലെ നാളൈ ഇയക്കുനര്‍ (നാളെയുടെ സംവിധായകര്‍) എന്ന റിയാലിറ്റി ഷോയിലൂടെ കാര്‍ത്തിക് സുബ്ബരാജ്, നളന്‍ കുമാരസ്വാമി, അല്‍ഫോണ്‍സ് പുത്രന്‍, എം മണികണ്ഠന്‍ എന്നിവര്‍ ഉദയം ചെയ്തപ്പോള്‍ അഭിനേതാവായും രചയിതാവായും ഇവര്‍ക്കൊപ്പം വിജയ് സേതുപതിയുണ്ടായിരുന്നു. സിനിമയിലേക്ക് നായകനായുള്ള വരവ് എളുപ്പമായിരുന്നില്ലെന്ന് വിജയ് സേതുപതി. നിരവധി സിനിമകളില്‍ അവസരം ലഭിച്ചു, പല പ്രൊജക്ടുകളും പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ഒരു കന്നഡ സിനിമയില്‍ വില്ലനായി അഭിനയിച്ചതിന് പതിനായിരം രൂപയാണ് പ്രതിഫലം കിട്ടിയത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതി മനസ്സ തുറക്കുന്നത്.

സീനു രാമസ്വാമിയുടെ തേന്‍മര്‍ക്ക് പരുവക്കാറ്റ്ര് എന്ന സിനിമയാണ് വിജയ് സേതുപതിക്ക് വഴിത്തിരിവായത്. രാമസ്വാമിയുടെ ഒടുവില്‍ പുറത്തുവന്ന ധര്‍മ്മദുരൈയിലും സേതുപതിയായിരുന്നു നായകന്‍. അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമാണ്. സീനു രാമസ്വാമിയാണ് എന്റെ ഗുരു. സുഹൃത്തും സഹോദരനുമാണ് എനിക്ക് ആ സംവിധായകന്‍.

സുബ്രഹ്മണ്യപുരം,പരുത്തിവീരന്‍ എന്നീ സിനിമകളിലൂടെ തമിഴകത്ത് വീശിയടിച്ച നവശൈലീ സിനിമകളുടെ തരംഗം ഇടയ്ക്ക് അവസാനിച്ചിരുന്നു. വീണ്ടും ദൃശ്യശൈലീനവീനതയുമായി എത്തിയ ഒരു പറ്റം സംവിധായകരുടെ നായകന്‍ വിജയ് സേതുപതിയായിരുന്നു. പിസ, സുതുകവും, പണ്ണൈയാരും പത്മിനിയും, ഓറഞ്ച് മിട്ടായി,ഇരൈവി, സേതുപതി, വിക്രം വേദ തുടങ്ങിയ സിനിമകള്‍.