‘വിക്രം വേദ 2’!; നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു 

August 2, 2017, 5:13 pm
‘വിക്രം വേദ 2’!; നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു 
TAMIL MOVIE
TAMIL MOVIE
‘വിക്രം വേദ 2’!; നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു 

‘വിക്രം വേദ 2’!; നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു 

തമിഴ് ചിത്രം 'വിക്രം വേദ'യുടെ മികച്ച വിജയം അതിന്റെ നിര്‍മ്മാതാവിനെയും വിജയ് സേതുപതി, മാധവന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളെയും മറ്റ് അണിയറപ്രവര്‍ത്തകരെയും മാത്രമല്ല സന്തോഷിപ്പിക്കുന്നത്. അത് തമിഴ്‌സിനിമാലോകത്തിനാകെ സന്തോഷവും ആശ്വാസവും പകരുന്നുണ്ട്. ജിഎസ്ടിയുടെ കടന്നുവരവിനൊപ്പം തമിഴ്‌നാട് സര്‍ക്കാര്‍ തീയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ 30 ശതമാനം കോര്‍പ്പറേഷന്‍ ടാക്‌സിനെതിരേ തീയേറ്ററുടമകള്‍ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിലെ 1060 തീയേറ്ററുകളുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നിടത്തുനിന്നാണ് വിജയ് സേതുപതിയും മാധവനും ടൈറ്റില്‍ വേഷങ്ങളിലെത്തിയ ചിത്രം തീയേറ്ററുകളിലേക്ക് കാണികളെ തിരിച്ചുപിടിച്ചത്.

റിലീസ് വാരത്തില്‍ മാത്രം 25.5 കോടിയാണ് ചിത്രം നേടിയത്. അതില്‍ തമിഴ്‌നാട്ടില്‍ നിന്നുമാത്രം 15 കോടി. കേരളം, കര്‍ണാടക, യുഎസ് തുടങ്ങി തമിഴ്‌സിനിമയ്ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണം. ആദ്യ കാഴ്ചയില്‍ അവസാനിപ്പിക്കാതെ രണ്ടും മൂന്നും തവണ ചിത്രം കാണുന്ന പ്രേക്ഷകരുടെ എണ്ണം കൂടുതലാണെന്ന് നിര്‍മ്മാതാവ് എസ്.ശശികാന്ത് പറയുന്നു. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി റീമേക്കുകള്‍ വൈ നോട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തങ്ങള്‍തന്നെയാവും നിര്‍മ്മിക്കുകയെന്ന് പറയുന്ന ശശികാന്ത് 'വിക്രം വേദ' പ്രേക്ഷകരെ ആവേശം പിടിപ്പിക്കാവുന്ന മറ്റൊന്നുകൂടി പറയുന്നു, ചിത്രത്തിന്റെ രണ്ടാംഭാഗത്തെപ്പറ്റി. ഇന്ത്യാഗ്ലിറ്റ്‌സിനുവേണ്ടി ശ്രീധര്‍ പിള്ള നടത്തിയ അഭിമുഖത്തിലാണ് ശശികാന്തിന്റെ വെളിപ്പെടുത്തല്‍.

എല്ലാവര്‍ക്കും അറിയേണ്ടത് വിക്രം വേദയ്ക്ക് ഒരു രണ്ടാംഭാഗം ഉണ്ടാവുമോ എന്നാണ്. പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് തന്നെയാവും ഇത്തരത്തില്‍ ഒരുപാട് പേരെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചതെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഒട്ടേറെത്തവണ ഞാന്‍ ഈ ചോദ്യം നേരിട്ടു. ‘വിക്രം വേദ’യുടെ രണ്ടാംഭാഗത്തിന് വെറും സാധ്യതയുണ്ടെന്നല്ല ഞാന്‍ പറയുന്നത്. സാധ്യതകള്‍ക്കപ്പുറം അത്തരത്തിലൊരു പ്രോജക്ട് സംഭവിക്കും. തെലുങ്ക്, ഹിന്ദി റീമേക്കുകളുടെ കാര്യം പറഞ്ഞാല്‍ അവ രണ്ടും വൈ നോട്ട് പ്രൊഡക്ഷന്‍സ് തന്നെയാവും നിര്‍മ്മിക്കുക. മാധവന്‍ അഭിനയിച്ച ‘സാലാ ഖദ്ദൂസി’ലൂടെ ബോളിവുഡിലും ‘ലൗ ഫെയ്‌ലുവര്‍’, ‘ഗുരു’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലും നേരത്തേ വൈനോട്ടിന്റെ സാന്നിധ്യമുണ്ട്. 
എസ്.ശശികാന്ത്/ വൈ നോട്ട് പ്രൊഡക്ഷന്‍സ്