രജനിക്കും ഉയരേ തല, കബാലിയെ തകര്‍ത്തെറിഞ്ഞ് വിവേഗം 

May 15, 2017, 6:05 pm
രജനിക്കും ഉയരേ തല, കബാലിയെ തകര്‍ത്തെറിഞ്ഞ് വിവേഗം 
TAMIL MOVIE
TAMIL MOVIE
രജനിക്കും ഉയരേ തല, കബാലിയെ തകര്‍ത്തെറിഞ്ഞ് വിവേഗം 

രജനിക്കും ഉയരേ തല, കബാലിയെ തകര്‍ത്തെറിഞ്ഞ് വിവേഗം 

തമിഴ് നാട്ടില്‍ രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം തല അജിത് കുമാര്‍ ആണെന്ന നിലയില്‍ ചര്‍ച്ചകള്‍ തുടങ്ങിയത് സമീപ വര്‍ഷങ്ങളിലാണ്. രജനീകാന്തിനൊപ്പമോ തൊട്ടടുത്തോ സ്വീകാര്യത അജിത്തിനുണ്ടെന്നതിനുള്ള തെളിവാണ് വിവേഗം ടീസറിന്റെ റെക്കോര്‍ഡ് മുന്നേറ്റം. ഈ മാസം 11ന് യൂട്യൂബിലെത്തിയ വിവേഗം ടീസര്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 3 ലക്ഷത്തി അമ്പതിനായിരം ലൈക്ക് സ്വന്തമാക്കിയ ടീസര്‍ എന്ന നേട്ടം സ്വന്തമാക്കി. ഇതോടൊപ്പം 126 മണിക്കൂറിനുളളില്‍ കബാലി ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ വിവേഗം 108 മണിക്കൂറിനകം മൂന്ന് ലക്ഷത്തിന് മുകളില്‍ ലൈക്ക് നേടി.

രജനീകാന്തിന്റെ കബാലി 72 മണിക്കൂര്‍ കൊണ്ടാണ് ഒരു കോടിക്ക് മുകളില്‍ കാഴ്ചക്കാരെ നേടിയതെങ്കില്‍ വിവേഗം 68 മണിക്കൂറിനകം ഒരു കോടി പത്ത് ലക്ഷത്തിന് മുകളില്‍ ആസ്വാദകരെ സ്വന്തമാക്കി. അതേ സമയം 24 മണിക്കൂറിനുളളിലാണ് ബാഹുബലി സെക്കന്‍ഡ് ട്രെയിലര്‍ ഒരു കോടി കാഴ്ചക്കാരെ നേടിയത്.

രണ്ട് വര്‍ഷത്തോളമുള്ള ഇടവേള അവസാനിപ്പിച്ചുള്ള സിനിമ, ടീസറിന് വേണ്ടി യൂട്യൂബില്‍ കൗണ്ട് ഡൗണ്‍, ടീസറെത്തി അമ്പതാം മിനുട്ടില്‍ ഒരു ലക്ഷം കാഴ്ചക്കാര്‍. ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടും അവാര്‍ഡ് നിശകളും താരനിശകളും പ്രമോഷനുകളും ഒഴിവാക്കിയും തിയറ്ററുകളില്‍ മാത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന തല എന്ന അജിത് കുമാറിന് കോളിവുഡിലുള്ള സ്വീകാര്യത എത്രത്തോളമെന്നതിന് സാക്ഷ്യമാണ് വിവേഗം ടീസറിന്റെ മുന്നേറ്റം. മേയ് 11ന് ബുധനാഴ്ച രാത്രി 12ന് യൂട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ 12 മണിക്കൂറിനുള്ളില്‍ ഇരുപത് ലക്ഷത്തി മുപ്പതിനായിരത്തിലേറെ പേര്‍ കണ്ടു. രണ്ട് ലക്ഷത്തി മുപ്പത്തി ഏഴായിരത്തിന് മുകളില്‍ ലൈക്ക് ഇതേ സമയം കൊണ്ട് ടീസര്‍ സ്വന്തമാക്കി. വിജയ് ചിത്രം തെരി, രജനീകാന്ത് ചിത്രം കബാലി എന്നിവയുടെ ടീസര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ടീസര്‍. 24 മണിക്കൂറിനുള്ളില്‍ ബാഹുബലി ട്രെയിലര്‍ 5 ലക്ഷത്തി 42000 ലൈക്ക് സ്വന്തമാക്കിയിരുന്നു.

ഇതിന് മുമ്പ് തല കരിയറില്‍ ഇത്ര നീണ്ട ഇടവേള സ്വീകരിച്ചത് ഫോര്‍മുലാ ടു തയ്യാറെടുപ്പിനായാണ്. ഏഗന്‍ എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷം. മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ടീസര്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കില്‍ സംഭവിച്ചില്ല. ശിവ സംവിധാനം ചെയ്യുന്നതായതിനാല്‍ 'തല 57' എന്ന അജിത്തിന്റെ കരിയറിലെ 57ാം ചിത്രം കഴിഞ്ഞ ചിത്രങ്ങളെപ്പോലെയോ അതിനേക്കാള്‍ മേലെയോ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അജിത്ത് തുടര്‍ച്ചയായി ഒരു സംവിധായകന് ഡേറ്റ് നല്‍കിയെന്ന കൗതുകവും വിവേഗത്തിനൊപ്പം ഉണ്ട്. വേതാളം എന്ന സൂപ്പര്‍ഹിറ്റിന് പിന്നാലെയാണ് അടുത്ത ചിത്രത്തിനായി അജിത്തും ശിവയും കൈകോര്‍ത്തത്. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.