രജനീകാന്ത് കഴിഞ്ഞാല്‍ അജിത്? തലയുടെ വിവേഗം ടീസറിന് കൗണ്ട് ഡൗണ്‍ 

May 10, 2017, 6:19 pm
രജനീകാന്ത് കഴിഞ്ഞാല്‍ അജിത്? തലയുടെ വിവേഗം ടീസറിന് കൗണ്ട് ഡൗണ്‍ 
TAMIL MOVIE
TAMIL MOVIE
രജനീകാന്ത് കഴിഞ്ഞാല്‍ അജിത്? തലയുടെ വിവേഗം ടീസറിന് കൗണ്ട് ഡൗണ്‍ 

രജനീകാന്ത് കഴിഞ്ഞാല്‍ അജിത്? തലയുടെ വിവേഗം ടീസറിന് കൗണ്ട് ഡൗണ്‍ 

തെന്നിന്ത്യയില്‍ ആരാധക ബാഹുല്യത്തില്‍ രജനീകാന്ത് കഴിഞ്ഞാല്‍ അടുത്ത താരം ആരെന്ന ചോദ്യത്തിന് അജിത് കുമാര്‍ എന്ന ഉത്തരം ആദ്യമെത്തിയത് സമീപ വര്‍ഷങ്ങളിലാണ്. ബില്ല, മങ്കാത്ത എന്നീ സിനിമകളിലൂടെ തമിഴ് ഒന്നാം നിരയില്‍ രജനി കഴിഞ്ഞാല്‍ വിജയ്ക്ക് ഉണ്ടായിരുന്ന ഇടത്തെ അജിത് മറികടന്നു. മങ്കാത്ത എന്ന സിനിമയ്ക്ക് തൊട്ടുമുന്‍പേ ഫാന്‍സ് അസോസിയേഷന്റെ ഔദ്യോഗിക രൂപത്തെ പിരിച്ചുവിട്ടിട്ടും ആരാധക ബാഹുല്യത്തില്‍ കുറവ് വന്നില്ല. ഏതാണ്ട് ഒന്നര ര്‍ഷത്തോളം നീണ്ട ഇടവേള അവസാനിപ്പിച്ചോണ് അജിത് കുമാര്‍ നായകനായ പുതിയ ചിത്രം എത്തുന്നത്. ഇതിന് മുമ്പ് ഇത്തരമൊരു ഇടവേള തല സ്വീകരിച്ചത് ഫോര്‍മുലാ ടു തയ്യാറെടുപ്പിനായാണ്. ഏഗന്‍ എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷം. ഇപ്പോഴിതാ സിരുതൈ ശിവ ഒരുക്കിയ വിവേകം എന്ന സ്‌പൈ ത്രില്ലറുമായാണ് തലയുടെ വരവ്. പോയ വര്‍ഷം ബള്‍ഗേറിയയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ടീസര്‍ മുതല്‍ റിലീസ് വരെ ഒരു വര്‍ഷമായി ആരാധകരുടെ കാത്തിരിപ്പായിരുന്നു. മേയ് ഒന്നിന് അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ടീസര്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കില്‍ സംഭവിച്ചില്ല. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിക്കാണ് ടീസര്‍ എത്തുക. നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് യൂട്യൂബ് ചാനലില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കാല്‍ലക്ഷത്തിനടുത്ത് ആളുകള്‍ കൗണ്ട് ഡൗണ്‍ ലൈവ് സ്ട്രീമിംഗില്‍ ലൈക്ക് രേഖപ്പെടുത്തി കാത്തിരിക്കുകയാണ്.

ശിവ സംവിധാനം ചെയ്യുന്നതായതിനാല്‍ 'തല 57' എന്ന അജിത്തിന്റെ കരിയറിലെ 57ാം ചിത്രം കഴിഞ്ഞ ചിത്രങ്ങളെപ്പോലെയോ അതിനേക്കാള്‍ മേലെയോ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അജിത്ത് തുടര്‍ച്ചയായി ഒരു സംവിധായകന് ഡേറ്റ് നല്‍കിയെന്ന കൗതുകവും വിവേഗത്തിനൊപ്പം ഉണ്ട്. വേതാളം എന്ന സൂപ്പര്‍ഹിറ്റിന് പിന്നാലെയാണ് അടുത്ത ചിത്രത്തിനായി അജിത്തും ശിവയും കൈകോര്‍ത്തത്. ബള്‍ഗേറിയയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഒരു ഇന്റര്‍പോള്‍ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. വേതാളത്തിന് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍ റോളില്‍.

അജിത്തിന്റെ മുന്‍ചിത്രങ്ങളായി വേതാളവും യെന്നൈ അറിന്താലും നിര്‍മ്മിച്ചിരുന്നത് എ എം രത്നമായിരുന്നു. ഈ ചിത്രം നിര്‍മ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്.

ഓഡിയോ ലോഞ്ചിനോ ചാനല്‍ അഭിമുഖങ്ങള്‍ക്കോ സിനിമകളുടെ പ്രചരണ പരിപാടികള്‍ക്കോ പിടി കൊടുക്കാത്ത താരമാണ് കുറേ വര്‍ഷങ്ങളായി അജിത്ത്. കോളിവുഡിലെ യുവതാരനിരയില്‍ നല്ലൊരു വിഭാഗം തല ഫാന്‍സുമാണ്. മറ്റേതൊരു താരത്തിനും സാധ്യമാകുന്നതിന് അപ്പുറമുള്ള സ്‌ക്രീന്‍ പ്രസന്‍സുമാണ് അജിത്തിനെ വ്യത്യസ്ഥനാക്കുന്നത്. വിവേകം കൂടി എത്തുന്നതോടെ തമിഴകത്ത് രജനീകാന്തിനെ താരമൂല്യത്തില്‍ വെല്ലുമോ അജിത്ത് എന്നാണ് കണ്ടറിയേണ്ടത്.