ഫഹദോ വിജയ് സേതുപതിയോ; ആരാവും ജ്യോതികയുടെ നായകന്‍? 

September 8, 2017, 4:04 pm
ഫഹദോ വിജയ് സേതുപതിയോ; ആരാവും ജ്യോതികയുടെ നായകന്‍? 
TAMIL MOVIE
TAMIL MOVIE
ഫഹദോ വിജയ് സേതുപതിയോ; ആരാവും ജ്യോതികയുടെ നായകന്‍? 

ഫഹദോ വിജയ് സേതുപതിയോ; ആരാവും ജ്യോതികയുടെ നായകന്‍? 

'കാട്ര് വെളിയിടൈ'ക്ക് ശേഷം മണി രത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരനിര്‍ണയത്തെക്കുറിച്ച് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. നായകനായി പല പ്രമുഖ തെന്നിന്ത്യന്‍ നടന്മാരുടെയും പേരുകള്‍ പറഞ്ഞുകേട്ടു. അക്കൂട്ടത്തില്‍ മലയാളത്തില്‍നിന്ന് ദുല്‍ഖറിന്റെയും തെലുങ്കില്‍നിന്ന് രാം ചരണിന്റെയും പേരുകളുണ്ടായിരുന്നു. എന്നാല്‍ ഫഹദ് ഫാസിലും ആര്‍.മാധവനുമാകും അടുത്ത മണി രത്‌നം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് പിന്നാലെ റിപ്പോര്‍ട്ടുകളെത്തി. ഇപ്പോഴിതാ വിജയ് സേതുപതിയും കൂടി ചിത്രത്തിലെത്തുമെന്നും മണി രത്‌നം താരത്തെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ താരങ്ങളൊന്നുംതന്നെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. മണി രത്‌നത്തിന്റെ അടുത്ത ചിത്രത്തില്‍ താന്‍ അഭിനയിക്കുമെന്നും കരാര്‍ ഒപ്പിട്ടെന്നും പറഞ്ഞിരിക്കുന്നത് ഒരാള്‍ മാത്രമാണ്. നായകനടന്മാരില്‍ ആരുമല്ല അത്, മറിച്ച് നായികയാണ്.

ജ്യോതികയാണ് ചിത്രത്തില്‍ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണി രത്‌നം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ ജ്യോതിക ആദ്യമായാണ് അഭിനയിക്കുന്നത്. എന്നാല്‍ അദ്ദേഹം മുന്‍പ് നിര്‍മ്മിച്ച ചിത്രത്തില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. അഴകം പെരുമാള്‍ സംവിധാനം ചെയ്ത് 2006ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഡും ഡും ഡും' എന്ന ചിത്രം നിര്‍മ്മിച്ചത് മണി രത്‌നമായിരുന്നു.

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായിരുന്ന 'ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ തമിഴ് പതിപ്പ് '36 വയതിനിലേ' ആണ് ജ്യോതികയുടെയും തിരിച്ചുവരവ് ചിത്രം. ബ്രഹ്മ സംവിധാനം ചെയ്യുന്ന 'മഗളില്‍ മട്ടു'മാണ് അവരുടെ പുറത്തുവരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷണല്‍ ചടങ്ങിനിടെയാണ് ജ്യോതിക മണി രത്‌നം ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ബാലയുടെ 'നാച്ചിയാര്‍' എന്ന ചിത്രമാണ് പുറത്തുവരാനുള്ള മറ്റൊരു ജ്യോതിക ചിത്രം.

അതേസമയം വിജയ് സേതുപതിയും ഫഹദും മറ്റൊരു തമിഴ് ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിജയ് സേതുപതിയും സമാന്തയും മിഷ്‌കിനും നദിയാ മൊയ്തുവും കഥാപാത്രങ്ങളെ അവതരിപ്പിക്കും. എന്നാല്‍ അതിനുംമുന്‍പേ തീയേറ്ററിലെത്തുന്ന ഫഹദിന്റെ തമിഴ്ചിത്രം 'വേലൈക്കാരനാ'ണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.