‘മറുവിളി’ക്കുള്ള സംസ്ഥാന അവാര്‍ഡ് നിരസിച്ച് അന്‍വര്‍ അലി; ‘കലയുടെ നിലവാരം മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത ജൂറിക്ക് ചിത്രം സമര്‍പ്പിച്ചത് ഞങ്ങളുടെ പിഴവ്’ 

June 5, 2016, 11:23 am
‘മറുവിളി’ക്കുള്ള സംസ്ഥാന അവാര്‍ഡ് നിരസിച്ച് അന്‍വര്‍ അലി; ‘കലയുടെ നിലവാരം മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത ജൂറിക്ക് ചിത്രം സമര്‍പ്പിച്ചത് ഞങ്ങളുടെ പിഴവ്’ 
Television
Television
‘മറുവിളി’ക്കുള്ള സംസ്ഥാന അവാര്‍ഡ് നിരസിച്ച് അന്‍വര്‍ അലി; ‘കലയുടെ നിലവാരം മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത ജൂറിക്ക് ചിത്രം സമര്‍പ്പിച്ചത് ഞങ്ങളുടെ പിഴവ്’ 

‘മറുവിളി’ക്കുള്ള സംസ്ഥാന അവാര്‍ഡ് നിരസിച്ച് അന്‍വര്‍ അലി; ‘കലയുടെ നിലവാരം മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത ജൂറിക്ക് ചിത്രം സമര്‍പ്പിച്ചത് ഞങ്ങളുടെ പിഴവ്’ 

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ ലഭിച്ച മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നിരസിച്ച് കവി അന്‍വര്‍ അലി. ഡോക്യുമെന്ററി-ജീവചരിത്ര വിഭാഗത്തില്‍ കവി ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് അന്‍വര്‍ അലി സംവിധാനം ചെയ്ത ‘മറുവിളി’ എന്ന ഡോക്യുമെന്ററിക്കാണ് പുരസ്‌കാരം ലഭിച്ചത്. ചലച്ചിത്ര മാധ്യമത്തെക്കുറിച്ചുള്ള തന്റെ ധാരണകള്‍ വച്ച് നോക്കുമ്പോള്‍ ജൂറിയുടെ തെരഞ്ഞെടുപ്പുകള്‍ തികച്ചും ശരാശരിയാണെന്ന് അന്‍വര്‍ അലി കുറ്റപ്പെടുത്തുന്നു. ‘ചലച്ചിത്രമാദ്ധ്യമത്തിന്റെ ഉന്നതമായ ഭാവുകത്വനിലവാരം സ്വപ്നം കണ്ടുകൊണ്ട് നിര്‍മ്മിക്കുന്ന സിനിമകളെ പ്രോല്‍സാഹനപൂര്‍വ്വം അഭിസംബോധന ചെയ്യാന്‍ വേണ്ടി കേരള സംസ്ഥാനത്തെ സാംസ്‌ക്കാരിക വകുപ്പ് വാര്‍ഷികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് കഥാസിനിമകള്‍ക്കും കഥേതരസിനിമകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ എന്നായിരുന്നു എന്റെയും ബാനറായ ഇമേജ് കമ്മ്യൂണിന്റെയും സാമാന്യ ധാരണ. എന്നാല്‍, ടെലിവിഷന്‍ ചാനലുകളിലെ ജനപ്രിയ പരിപാടികള്‍, വാര്‍ത്താ പരിപാടികള്‍ എന്നിവയോടൊപ്പം പരിഗണിച്ച്, സിനിമയെന്ന നിലയിലുള്ള കലാപരമായ മാനദണ്ഡങ്ങളൊന്നുമില്ലാതെ നടത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ ഫലമായാണ് മറുവിളിക്ക് മേല്‍സൂചിപ്പിച്ച പുരസ്‌ക്കാരം നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ദേശീയ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രഅക്കാദമി തന്നെ നടത്തിവരുന്ന ഐഡിഎസ്എഫ്എഫ്‌കെ ഉള്‍പ്പെടെ മൂന്ന് മുഖ്യ ചലച്ചിത്രോല്‍സവങ്ങളില്‍ മല്‍സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന്റെ നിലവാരമോ തരംഗദൈര്‍ഘ്യമോ മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ജൂറിയുടെ തിരഞ്ഞെടുപ്പാണ് അതെന്ന് ഉറപ്പുള്ളതിനാല്‍ ആ തീരുമാനം ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍, മറുവിളിക്ക് മറ്റൊരു ഡോക്യുമെന്ററിക്കൊപ്പം പങ്കിട്ടുനല്‍കിയ പുരസ്‌ക്കാരം ഞങ്ങള്‍ നിരസിക്കുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് അനുബന്ധമായി ഏര്‍പ്പെടുത്തിയ മേല്പുരസ്‌കാരങ്ങളുടെയും അതിനനുപൂരകമായ നിലവാരം സൂക്ഷിക്കുന്ന ജൂറിയുടെയുടെയും പരിഗണനയ്ക്കായി തികച്ചും വ്യത്യസ്തമായൊരു തരംഗദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ സമര്‍പ്പിച്ചതിലെ പിഴവ്, മറുവിളിയുടെ സംവിധായകനെന്ന നിലയില്‍ ഞാന്‍ ഏറ്റുപറയുന്നു.’ അന്‍വര്‍ അലി പറയുന്നു.

ഇത് സംബന്ധിച്ച് അന്‍വര്‍ അലി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം

ബഹു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്, ഇമേജ് കമ്മ്യൂണ്‍ എന്ന ബാനറിനു കീഴില്‍ ഞാന്‍ സംവിധാനം ചെയ്ത മറുവിളി ആറ്റൂര്‍ക്കവിതയെക്കുറിച്ച് ഒരു തിരയെഴുത്ത് എന്ന ചലച്ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2015 ലെ ടെലിവിഷന്‍ അവാര്‍ഡുകളിലെ ഡോക്ക്യുമെന്ററി വിഭാഗത്തില്‍ മികച്ച ജീവചരിത്ര ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അറിഞ്ഞു. എനിക്ക് ഇതു സംബന്ധമായ അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും വെബ്‌സൈറ്റിന്റെ ആധികാരികത മുഖവിലയ്‌ക്കെടുക്കുകയും ഈ പുരസ്‌കാരം സ്വീകരിക്കുവാന്‍ തയ്യാറല്ലെന്ന് താങ്കളെ ഖേദപൂര്‍വ്വം അറിയിക്കുകയും ചെയ്യുന്നു.

ഒരു സംസ്‌കാരിക പൊതുസ്ഥാപനമായ കേരള ചലച്ചിത്ര അക്കാദമി നല്‍കുന്ന പുരസ്‌കാരമായതിനാല്‍ അത് എന്തുകൊണ്ട് നിരസിക്കുന്നു എന്ന് താങ്കളുള്‍പ്പെടെയുള്ള കേരളത്തിലെ പൗരസമൂഹത്തോട് പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. അക്കാര്യം കൂടി ചുവടെ വിശദീകരിക്കുന്നു ചലച്ചിത്ര മാധ്യമത്തെക്കുറിച്ചുള്ള എന്റെ മാനദണ്ഡങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഈ ജൂറിയുടെ തെരഞ്ഞെടുപ്പുകള്‍ തികച്ചും മീഡിയോക്കര്‍ ആണ്.

മികച്ച കഥേതരചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് പുരസ്‌കാരങ്ങള്‍ നല്‍കാനായി കേരള സര്‍ക്കാര്‍, ചലച്ചിത്ര അക്കാദമി മുഖേന സിനിമകള്‍ ക്ഷണിക്കുകയും അതിലേക്ക് നിര്‍മ്മാതാക്കള്‍/സംവിധായകര്‍ സിനിമകള്‍ അയയ്ക്കുകയും ചെയ്യുക എന്ന പ്രക്രിയയുടെ ഭാഗമായാണ് മറുവിളി 2015 ലെ പുരസ്‌കാരത്തിനു പരിഗണിക്കാനായി അയച്ചത്. ചലച്ചിത്രമാദ്ധ്യമത്തിന്റെ ഉന്നതമായ ഭാവുകത്വനിലവാരം സ്വപ്നം കണ്ടുകൊണ്ട് നിര്‍മ്മിക്കുന്ന സിനിമകളെ പ്രോല്‍സാഹനപൂര്‍വ്വം അഭിസംബോധന ചെയ്യാന്‍ വേണ്ടി കേരള സംസ്ഥാനത്തെ സാംസ്‌ക്കാരിക വകുപ്പ് വാര്‍ഷികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് കഥാസിനിമകള്‍ക്കും കഥേതരസിനിമകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ എന്നായിരുന്നു എന്റെയും ഇമേജ് കമ്മ്യൂണിന്റെയും സാമാന്യ ധാരണ. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് സമകാലീന ഇന്ത്യന്‍ ഭാഷാകവിതയിലെ മഹാപ്രതിഭകളിലൊരാളായ ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് നാലു വര്‍ഷത്തോളം സമയമെടുത്തു നിര്‍മ്മിച്ച മറുവിളി പുരസ്‌കാരത്തിനു പരിഗണിക്കാനായി സമര്‍പ്പിച്ചത്.

എന്നാല്‍, ടെലിവിഷന്‍ ചാനലുകളിലെ ജനപ്രിയ പരിപാടികള്‍, വാര്‍ത്താ പരിപാടികള്‍ എന്നിവയോടൊപ്പം (തീര്‍ച്ചയായും അവയ്ക്ക് അവയുടേതായ സാമൂഹിക പ്രാധാന്യവും മൂല്യവുമുണ്ട്) പരിഗണിച്ച്, സിനിമയെന്ന നിലയിലുള്ള കലാപരമായ മാനദണ്ഡങ്ങളൊന്നുമില്ലാതെ നടത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ ഫലമായാണ് മറുവിളിക്ക് മേല്‍സൂചിപ്പിച്ച പുരസ്‌ക്കാരം നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ഇന്നേദിവസം (03.06. 2016) ചലച്ചിത്ര അക്കാദമി വെബ്‌സൈറ്റ് നല്‍കിയ വിവരങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ദേശീയ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രഅക്കാദമി തന്നെ നടത്തിവരുന്ന ഐ. ഡി. എസ്. എഫ്. എഫ്. കെ. (International Documentary & Short Film Festival of Kerala) ഉള്‍പ്പെടെ മൂന്ന് മുഖ്യ ചലച്ചിത്രോല്‍സവങ്ങളില്‍ മല്‍സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന്റെ നിലവാരമോ തരംഗദൈര്‍ഘ്യമോ മനസിലാക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ജൂറിയുടെ തിരഞ്ഞെടുപ്പാണ് അതെന്ന് ഉറപ്പുള്ളതിനാല്‍ ആ തീരുമാനം ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല.

ഈ സാഹചര്യത്തില്‍, മറുവിളിക്ക് മറ്റൊരു ഡോക്യുമെന്ററിക്കൊപ്പം പങ്കിട്ടുനല്‍കിയ പുരസ്‌ക്കാരം ഞങ്ങള്‍ നിരസിക്കുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് അനുബന്ധമായി ഏര്‍പ്പെടുത്തിയ മേല്പുരസ്‌കാരങ്ങളുടെയും അതിനനുപൂരകമായ നിലവാരം സൂക്ഷിക്കുന്ന ജൂറിയുടെയുടെയും പരിഗണനയ്ക്കായി തികച്ചും വ്യത്യസ്തമായൊരു തരംഗദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ സമര്‍പ്പിച്ചതിലെ പിഴവ്, മറുവിളിയുടെ സംവിധായകനെന്ന നിലയില്‍ ഞാന്‍ ഏറ്റുപറയുന്നു.

വിശ്വസ്തതയോടെ, അന്‍വര്‍ അലി