‘സീസണ്‍ സെവണ്‍ ഈസ് കമിങ്ങ്’; ഗെയിം ഓഫ് ത്രോണ്‍സ് ടീസര്‍ പുറത്തിറങ്ങി; റിലീസിങ്ങ് തീയതി അറിയാം 

March 11, 2017, 1:52 am
‘സീസണ്‍ സെവണ്‍ ഈസ് കമിങ്ങ്’; ഗെയിം ഓഫ് ത്രോണ്‍സ് ടീസര്‍ പുറത്തിറങ്ങി; റിലീസിങ്ങ് തീയതി അറിയാം 
Television
Television
‘സീസണ്‍ സെവണ്‍ ഈസ് കമിങ്ങ്’; ഗെയിം ഓഫ് ത്രോണ്‍സ് ടീസര്‍ പുറത്തിറങ്ങി; റിലീസിങ്ങ് തീയതി അറിയാം 

‘സീസണ്‍ സെവണ്‍ ഈസ് കമിങ്ങ്’; ഗെയിം ഓഫ് ത്രോണ്‍സ് ടീസര്‍ പുറത്തിറങ്ങി; റിലീസിങ്ങ് തീയതി അറിയാം 

എച്ച്ബിഒയുടെ ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സ് ഏഴാം പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. പരമ്പരയുടെ റിലീസിങ് ഡേറ്റും പുറത്തുവിട്ടു. രസകരമായാണ് എച്ച്ബിഒ റിലീസിങ്ങ് ഡേറ്റ് പുറത്ത് വിട്ടത്. ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ 'സോങ് ഓഫ് ഐസ് ആന്റ് ഫയര്‍' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പരമ്പരയുടെ ടീസര്‍ റിലീസിലും തീയും മഞ്ഞും പ്രധാന പങ്കുവഹിച്ചു.

വീഡിയോയിലൂടെയാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്. ഗെയിം ഓഫ് ത്രോണ്‍സിന്റെ റിലീസിങ്ങ് തീയതി അറിയാനായി ആരാധകര്‍ക്ക് കുറച്ച് കഷ്ടപ്പെടേണ്ടിവന്നു. മഞ്ഞുകട്ടയ്ക്ക് അകത്താണ്് റിലീസിങ്ങ് തീയതി ഉള്ളത്. ആരാധകര്‍ 'ഫയര്‍' എന്നോ 'ഡ്രകാരിസ്' എന്നോ കമന്റ് ബോക്‌സില്‍ ടൈപ്പ് ചെയ്താല്‍ കുറേശ്ശെയായി മഞ്ഞുരുകും. പരമ്പരയിലെ ഡ്രാഗണുകളിലൊന്നിന്റെ പേരാണ് ഡ്രകാരിസ്. ലോകത്താകമാനമുള്ള 'ജിഒടി' ഫാന്‍സ് ഒരു മണിക്കൂര്‍ പരിശ്രമിച്ചതിന്റെ ഫലമായി മഞ്ഞുരുകി. തീയതി ജൂലൈ 16 2017 എന്ന് അറിഞ്ഞതോടെ ചിലര്‍ ദിവസങ്ങള്‍ എണ്ണാന്‍ തുടങ്ങി.

ജിഒടി സീസണ്‍ 7 റിലീസിങ്ങ് ഡേറ്റ് പുറത്തുവിട്ടതിങ്ങനെ

ടീസറിനുമുണ്ട് പ്രത്യേകത. ഓഡിയോ മൊണ്ടാഷ് രൂപത്തിലാണ് ടീസര്‍. കഥാപാത്രങ്ങളെ ആരെയും കാണിക്കാതെ പരമ്പരയിലെ പ്രധാന വംശങ്ങളുടെ അടയാളങ്ങള്‍ ചേര്‍ത്തുള്ളതാണ് ദൃശ്യങ്ങള്‍. മുന്‍ എപ്പിസോഡുകളിലെ സംഭാഷണങ്ങള്‍ പശ്ചാത്തലത്തിലുണ്ട്.

ടാര്‍ഗേറിയന്‍മാരുടെ ചിഹ്നമായ ഡ്രാഗണുകളെയാണ് ആദ്യം കാണിക്കുന്നത്. പശ്ചാത്തലത്തില്‍ ഡെനേരിസ് ടാര്‍ഗേറിയന്റെയും പിതാവ് മാഡ് കിങ് എന്നു വിളിക്കപ്പെടുന്ന ഏരിസ് ടാര്‍ഗേറിയന്റെയും സംഭാഷണങ്ങള്‍ കേള്‍ക്കാം. ബറാത്തിയന്‍മാരുടെ അടയാളമായ കലമാന്‍ ഡ്രാഗണിനെ നേരിടുന്നതാണ് അടുത്ത ദൃശ്യം. റോബര്‍ട്ട് ബറാത്തിയന്റെ ശബ്ദവും ഒപ്പം കേള്‍ക്കാം. കലമാനിനെ നേരിടാനായി ലാനിസ്റ്റര്‍മാരുടെ അടയാളമായ സിംഹമെത്തുന്നു. അടുത്തതായി സ്റ്റാര്‍ക്കുകളുടെ ചിഹ്നമായ ചെന്നായ്ക്കളെയാണ് കാണിക്കുന്നത്. നെഡ് സ്റ്റാര്‍ക്കിന്റെ തലവെട്ടാന്‍ ആജ്ഞാപിക്കുന്ന ജെഫ്രി ബറാത്തിയണ്‍/ ലാനിസ്റ്റര്‍ന്റെ ശബ്ദവും ഒപ്പമുണ്ട്. ഗ്രെയ്‌ജോയ് വംശത്തിന്റെ അടയാളമായ കടല്‍ സ്വത്വത്തെയും മോര്‍മോണ്ടുകളുടെ അടയാളമായ കരടിയേയും കാണാം. ടൈറലുകളുടെ ചിഹ്നമായ റോസ് സിംഹത്തെ വരിയുന്നതും പച്ചനിറത്തിലുള്ള 'വൈല്‍ഡ് ഫയര്‍'റോസിനെ നശിപ്പിക്കുന്നതുമാണ് അടുത്ത ദൃശ്യത്തില്‍.

ഒരു ചക്രത്തിന്റെ നാലു അഴികളാണ് നാല് രാജവംശങ്ങള്‍ എന്ന ഡെനേരിസ് ടാര്‍ഗേറിയന്റെ സംഭാഷണത്തോടെ അടയാളങ്ങള്‍ തകര്‍ന്ന് വീഴുന്നു. യഥാര്‍ത്ഥയുദ്ധവും ശത്രുവും വേറെയാണെന്നുള്ള് ജോണ്‍ സ്‌നോയുടെ സംഭാഷണമെത്തുമ്പോള്‍ കാണിക്കുന്നത് 'വൈറ്റ് വാക്കര്‍മാരുടെ'നീലക്കണ്ണുകളാണ്. വിന്റര്‍ എത്തി എന്ന സൂചനയോടെ മഞ്ഞില്‍ കുതിര്‍ന്ന എച്ച്ബിഒ ലോഗോയോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

ആറു സീസണുകളുടെയും സംഗ്രഹമാണ് ടീസറിലുള്ളത്. ടീസറിന്റെ ശബ്ദമികവ് എടുത്തു പറയേണ്ടതാണ്. ആവിഷ്‌കാര രീതിയിയിലെയും കഥാഗതിയിലെയും പ്രത്യേകതകള്‍ കൊണ്ട് കോടിക്കണക്കിന് ആരാധകരെയാണ് ഗെയിം ഓഫ് ത്രോണ്‍സ് എന്ന ഫാന്റസി പരമ്പര നേടിയെടുത്തത്. ഡേവിഡ് ബെനിയോഫ്, ഡബ്ലിയുബി വെയിസ് എന്നിവര്‍ ചേര്‍ന്നാണ് നോവലിന് ദൃശ്യവിഷ്‌കാരം നല്‍കിയത്. ആക്ഷന്‍ രംഗങ്ങള്‍ക്കും കലാസംവിധാനത്തിനും വന്‍പ്രാധാന്യം കൊടുക്കുന്നതു കൊണ്ട് വമ്പന്‍ മുതല്‍ മുടക്കിലാണ് ചിത്രീകരണം. ഏഴാം പതിപ്പ് ഉള്‍പെ രണ്ടു സീസണുകളാണ് പരമ്പരയില്‍ പുറത്തിറങ്ങാനുളളത്.

ജിഒടി സീസണ്‍ 7 ടീസര്‍ കാണാം