പഴിക്കേണ്ടത് പ്രേക്ഷകരെയെന്ന് വേണു ബാലകൃഷ്ണന്‍; യഥാര്‍ത്ഥ പ്രതിപക്ഷം അവതാരകരെന്ന് വിനു വി ജോണ്‍; പ്രൈം ടൈം ചര്‍ച്ചകളെ കുറിച്ച് അവതാരകര്‍  

September 6, 2017, 1:07 pm
 പഴിക്കേണ്ടത് പ്രേക്ഷകരെയെന്ന് വേണു ബാലകൃഷ്ണന്‍; യഥാര്‍ത്ഥ പ്രതിപക്ഷം അവതാരകരെന്ന് വിനു വി ജോണ്‍; പ്രൈം ടൈം ചര്‍ച്ചകളെ കുറിച്ച് അവതാരകര്‍  
Television
Television
 പഴിക്കേണ്ടത് പ്രേക്ഷകരെയെന്ന് വേണു ബാലകൃഷ്ണന്‍; യഥാര്‍ത്ഥ പ്രതിപക്ഷം അവതാരകരെന്ന് വിനു വി ജോണ്‍; പ്രൈം ടൈം ചര്‍ച്ചകളെ കുറിച്ച് അവതാരകര്‍  

പഴിക്കേണ്ടത് പ്രേക്ഷകരെയെന്ന് വേണു ബാലകൃഷ്ണന്‍; യഥാര്‍ത്ഥ പ്രതിപക്ഷം അവതാരകരെന്ന് വിനു വി ജോണ്‍; പ്രൈം ടൈം ചര്‍ച്ചകളെ കുറിച്ച് അവതാരകര്‍  

ടിവി ചാനലുകളിലെ ചര്‍ച്ചകളില്‍ തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ക്കാണ് ഇപ്പോള്‍ റേറ്റിങ്ങെന്ന് മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍. എന്തും ചര്‍ച്ച ചെയ്യാവുന്ന ആരേയും വിളിക്കാവുന്ന ഒന്നായി ഇപ്പോള്‍ ചാനലുകളുടെ രാച്ചര്‍ച്ച മാറിയിട്ടുണ്ടെന്നും ഇന്ത്യാ ടുഡെയുടെ ഓണം സ്‌പെഷ്യല്‍ പതിപ്പില്‍ വേണു വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ വിനു.വി ജോണ്‍, മനോരമ ന്യൂസിലെ പ്രമോദ് രാമന്‍ എന്നിവരുടെയും അഭിപ്രായങ്ങള്‍ ഓണപ്പതിപ്പിലുണ്ട്. അധിക്ഷേപിക്കാന്‍ ഒരു ശത്രു ഉണ്ടായിരിക്കണം എന്നത് മാത്രമാണ് ചാനല്‍ ചര്‍ച്ചകളിലെ നിര്‍ബന്ധമെന്നും വേണു ബാലകൃഷ്ണന്‍ പറയുന്നു.

അസംബന്ധമെന്ന് തോന്നാവുന്ന ഈ നില എത്രകാലം തുടരും. അറിയില്ല. തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ക്കാണ് റേറ്റിങ്. അതുകൊണ്ട് പഴിക്കേണ്ടത് പ്രേക്ഷകരെയാണ്. പ്രേക്ഷകര്‍ നന്നായാല്‍ തന്നെയെ അവതാരകരും നന്നാവൂ എന്നും വേണു വ്യക്തമാക്കുന്നു. നവമാധ്യമങ്ങള്‍ ദൃശ്യമാധ്യമങ്ങളെയും ഓഡിറ്റ് ചെയ്യുന്ന കാലമാണ്. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ പോലെ തന്നെ പ്രശസ്തരാണ് ഓണ്‍ലൈന്‍ ആക്റ്റിവിസ്റ്റുകളും. ഒറ്റയ്ക്ക് നിന്ന് ആരേയും വെല്ലുവിളിക്കുന്ന ഇത്തരം വ്യക്തികളുടെ രംഗപ്രവേശത്തോടെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ ആകാതെ തരമില്ലെന്നായി.

ഒരു വിഷയത്തെ പക്ഷം ചേരലിലൂടെ അവതരിപ്പിച്ചാല്‍ മാത്രമേ പ്രതിബദ്ധത സംശയിക്കപ്പെടാതിരിക്കൂ എന്ന നില വന്നു. അവതരണ രീതി നാടകീയതയായി.ശരീരഭാഷ ആക്രമണോത്സുകതയായി. എല്ലാ അതിഥികളെയും ഒറ്റയ്ക്ക് ഇടിച്ച് നിലം പരിശാക്കാന്‍ ബാധ്യതപ്പെട്ട ഒരു അതികായന്റെ റോളാണ് അവതാരകന്‍ എടുത്തണിയേണ്ടത്. വിമര്‍ശിക്കുക എന്നതിനെക്കാള്‍ അധിക്ഷേപിക്കുക എന്നതായി കൈയില്‍ കരുതേണ്ട ആയുധമെന്നും വേണു പറയുന്നു.

തികച്ചും കാലികമായ ഒരു മാറ്റമാണ് ചാനല്‍ ചര്‍ച്ചകളിലെ അവതാരകന്റെ ദൗത്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ പറയുന്നു. പഴയപോലെ നിക്ഷ്പക്ഷമായ ഒരു നിലപാടില്‍ നിന്നുകൊണ്ട് ചര്‍ച്ചകളെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ന് സാധ്യമല്ല. ഒരു സംഭവത്തെക്കുറിച്ചുളള വ്യത്യസ്ത്യ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമൊരുക്കുന്ന ഒരു മോഡറേറ്ററുടെ റോളില്‍ ഒതുങ്ങിനിന്നാല്‍ അവതാരകന്‍ പരിഹാസ്യനാകും.

ഇന്നത്തെ പ്രേക്ഷകര്‍ അവതാരകനില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതല്ല. അധികാരവും അഴിമതിയും, അധികാര ദുര്‍വിനിയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നത്. ഇത്തരം വിഷയങ്ങളില്‍ എങ്ങനെയാണ് അവതാരകന് നിഷ്പക്ഷനാകാന്‍ കഴിയുക. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പലപ്പോഴും പ്രേക്ഷകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് വരാം. അതുകൊണ്ട് നീതിയുടെ പക്ഷം പിടിക്കാനും ഒരു ആക്ടിവിസ്റ്റിനെ പോലെ വാദിക്കാനും അവതാരകന്‍ തയ്യാറാകേണ്ടി വരും.

നമ്മുടെ ജനാധിപത്യം ഇന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുളള ഒരു ഒത്തുകളിയായി മാറിയിട്ടുണ്ട്. മന്ത്രി തോമസ് ചാണ്ടിയും അന്‍വര്‍എംഎല്‍എയും ഉള്‍പ്പെട്ട പ്രശ്‌നങ്ങളില്‍ നാം അത് കണ്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ തെറ്റായ നടപടികളെയും സമീപനങ്ങളെയും എതിര്‍ക്കുകയും ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് പ്രതിപക്ഷമാണ്. ഇവിടെ പ്രതിപക്ഷം ആ റോള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിപക്ഷം ചാനല്‍ അവതാരകരാണ് എന്ന് പറയേണ്ട അവസ്ഥയാണുളളതെന്നും വിനു വി ജോണ്‍ പറയുന്നു.

അവതാരകന്‍ ഒരു ആക്റ്റിവിസ്റ്റാകുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് മനോരമ ന്യൂസിലെ വാര്‍ത്താ അവതാരകനായ പ്രമോദ് രാമന്റെ അഭിപ്രായം. ആക്റ്റിവിസ്റ്റാകുന്നത് അയാള്‍ക്കും ചാനലിനും സമൂഹത്തിനും നല്ലതുമാണ്. അവതാരകന് എന്തെങ്കിലും വീഴ്ച പറ്റിയാല്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കും. വസ്തുതകള്‍ സത്യസന്ധമായി അവതരിപ്പിക്കാന്‍ അവതാരകന്‍ ബാധ്യസ്ഥനാണെന്ന് ജനം കരുതുന്നു. ചര്‍ച്ചകളില്‍ അവതാരകന്റെ ഇടപെടല്‍ നിഷ്പക്ഷവും സുതാര്യവുമായിരിക്കണം. തെറ്റായ സന്ദേശം നല്‍കാനോ ഒരു ഹിഡന്‍ അജണ്ട നടപ്പാക്കാനോ അവതാരകന്‍ ചര്‍ച്ചാവേദി ഉപയോഗിച്ചാല്‍ അയാള്‍ തൊണ്ടിയോടെ പിടിക്കപ്പെടും. കാരണം ജനങ്ങള്‍ സൂക്ഷ്മതയോടും ജാഗ്രതയോടുമാണ് ഇത്തരം ചര്‍ച്ചകള്‍ കാണുന്നതെന്നും പ്രമോദ് രാമന്‍ വിശദമാക്കുന്നു.