രണ്ടും ഗൂഢാലോചന കേസുകള്‍: ദിലീപിനും ഉദയഭാനുവിനും രണ്ടുനീതിയെന്ന് ആക്ഷേപംരണ്ടും ഗൂഢാലോചന കേസുകള്‍: ദിലീപിനും ഉദയഭാനുവിനും രണ്ടുനീതിയെന്ന് ആക്ഷേപം


രണ്ടും ഗൂഢാലോചന കേസുകള്‍: ദിലീപിനും ഉദയഭാനുവിനും രണ്ടുനീതിയെന്ന് ആക്ഷേപം

രണ്ടും ഗൂഢാലോചന കേസുകള്‍: ദിലീപിനും ഉദയഭാനുവിനും രണ്ടുനീതിയെന്ന് ആക്ഷേപം

കൊച്ചി: ചാലക്കുടിയില്‍ ഭൂമിയിടപാടുകാരന്‍ രാജീവിന്റെ കൊല്ലപ്പെട്ട കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനും യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനും പോലീസില്‍നിന്ന് രണ്ടു നീതിയെന്ന് ആക്ഷേപം. ക്വട്ടേഷന് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് രണ്ടു പേരും അഭിമുഖീകരിച്ചിരുന്നത്.

മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ്, ഉദയഭാനുവിന്റെ കാര്യത്തില്‍ അറച്ചുനില്‍ക്കുന്നെന്നാണ് ആരോപണം. രാജീവ് കൊലക്കേസില്‍ അറസ്റ്റിലായവരില്‍ പലരും ഉദയഭാനുവിന് എതിരേ മൊഴി നല്‍കിയിരുന്നു. രാജീവിന്റെ മകന്‍ അഖിലിന്റെ മൊഴിയും ഉദയഭാനുവിന് എതിരാണ്. ഉദയഭാനുവില്‍നിന്നു വധഭീഷണിയുണ്ടെന്ന് രാജീവ് നേരത്തേ നല്‍കിയ പരാതിപോലും കാണാത്ത മട്ടിലുള്ള പോലീസിന്റെ നിലപാടാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. കൊല്ലപ്പെട്ട രാജീവുമായുള്ള ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും മുതിര്‍ന്ന അഭിഭാഷകനായ അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.ആരോപണങ്ങള്‍ ശക്തമായതോടെ സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അദ്ദേഹത്തിനെതിരേ തെളിവുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി, 16 വരെ അറസ്റ്റ് ചെയ്യുന്നതു വിലക്കിയിരിക്കുകയാണ്.

ജനപ്രിയനും കുടുംബസദസുകളുടെ ഇഷ്ടതാരവുമായിരുന്ന പ്രമുഖ നടന്‍ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. വിവരങ്ങള്‍ ചോദിച്ചറിയാനെന്ന മട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു ദിലീപിന്റെ അറസ്റ്റ്. വ്യവസായി നിഷാം പ്രതിയായ ചന്ദ്രബാബു കൊലക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച് പ്രശംസ നേടിയ അഭിഭാഷകനായ ഉദയഭാനുവും ദിലീപിനെപ്പോലെ ഗൂഢാലോചന ആരോപണത്തിലാണു വെട്ടിലായത്.

തന്റെ അച്ഛന്റെ കൊലപാതകത്തില്‍ ഉദയഭാനുവിനു പങ്കുണ്ടെന്ന് രാജീവിന്റെ മകന്‍ അഖില്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. മൂന്ന് പ്രധാന രേഖകളും അഖില്‍ പോലീസിനു കൈമാറി. എന്നിട്ടും അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ പോലും പോലീസ് തയാറായില്ല. കേസ് അട്ടിമറിക്കാന്‍ ഒരു മുന്‍ എസ്.പിയുടെ നേതൃത്വത്തില്‍ അണിയറനീക്കം നടക്കുന്നതായി സൂചനകളുണ്ട്.

ഭൂമി ഇടപാടിനായി നല്‍കിയ പണം രാജീവ് തിരികെ തരാത്തതുമായി ബന്ധപ്പെട്ട് കേസുകളുണ്ടെന്ന് അഡ്വ. ഉദയഭാനു വ്യക്തമാക്കിയിരുന്നു. ഉദയഭാനു കൂടി ആവശ്യപ്പെട്ടിട്ടാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് കൊലക്കേസില്‍ അറസ്റ്റിലായ ചക്കര ജോണിയും രഞ്ജിത്തും വെളിപ്പെടുത്തിയിട്ടുണ്ട്. കൂട്ടുപ്രതികളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസ് നില്‍നില്‍ക്കില്ലെങ്കിലും രണ്ടു സംഭവങ്ങളില്‍ പോലീസിന്റെ രണ്ടു നിലപാടുകളാണ് കുറ്റപ്പെടുത്തലുകള്‍ക്കു കാരണമാകുന്നത്.