ജേക്കബ് തോമസിന്റെ പുസ്തകം അഞ്ചംഗ സമിതിയുടെ വായനയില്‍ജേക്കബ് തോമസിന്റെ പുസ്തകം അഞ്ചംഗ സമിതിയുടെ വായനയില്‍


ജേക്കബ് തോമസിന്റെ പുസ്തകം അഞ്ചംഗ സമിതിയുടെ വായനയില്‍

ജേക്കബ് തോമസിന്റെ പുസ്തകം അഞ്ചംഗ സമിതിയുടെ വായനയില്‍

തിരുവനന്തപുരം ‘സ്രാവുകള്‍ക്കൊപ്പം നീന്തിയ’ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് വിവാദച്ചുഴിയില്‍ തന്നെ. അദ്ദേഹത്തിന്റെ പുസ്തകം സാഹിത്യപരമാണോയെന്നു കണ്ടെത്താന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി നിയോഗിച്ച അഞ്ചംഗ സമിതി ഇന്നലെ ആദ്യയോഗം ചേര്‍ന്നെങ്കിലും സൃഷ്ടിയുടെ ‘കാതല്‍’ കണ്ടെത്താനായില്ല. പുസ്തകം മുഴുവന്‍ വായിക്കാന്‍ ആര്‍ക്കും പറ്റിയില്ലെന്നാണ് ഒരംഗം പറഞ്ഞത്. ഓള്‍ ഇന്ത്യ സര്‍വീസസ് (കോണ്ടക്ട്) റൂള്‍സ് ലംഘിച്ചോയെന്നു പരിശോധിക്കാന്‍ സമിതിയോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ 2016 നവംബറിലാണു ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതി തേടിയത്. എന്നാല്‍ രണ്ടുവട്ടം അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ കത്തു നല്‍കിയിട്ടും പുസ്തകം പ്രകാശനം ചെയ്യുന്നതുവരെ അതിന്റെ പകര്‍പ്പ് അദ്ദേഹം ഹാജരാക്കിയില്ല. വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടപ്പോഴാണു കഴിഞ്ഞ മേയില്‍ പുസ്തകപ്രകാശനം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുമെന്നായിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറി.

അനുമതിയില്ലാതെയാണു രചനയെന്നു നളിനി നെറ്റോ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. പുസ്തകത്തില്‍ പതിന്നാലിടത്തു സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും ഉള്ളടക്കത്തില്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്നും നളിനി നെറ്റോ ചൂണ്ടിക്കാട്ടി. ഔദ്യോഗിക രേഖകള്‍ വ്യക്തി ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു.

വിവാദ കേസുകളിലും രാഷ്ട്രീയ നേതാക്കള്‍ക്കെതിരായും അഭിപ്രായ പ്രകടനം നടത്തി. അതിനാല്‍ വിശദ പരിശോധനയ്ക്കു പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അവര്‍ ശുപാശ ചെയ്തിരുന്നു. പുസ്തക രചന ചട്ടപ്രകാരമല്ലെന്നു നിയമ സെക്രട്ടറിയും ഇന്റലിജന്‍സ് മേധാവിയും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് എന്നിവര്‍ അംഗങ്ങളായും സമിതി രൂപീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വിവാദ വിഷയങ്ങള്‍ പുസ്തകത്തിലുണ്ടെന്നു കണ്ടെത്തിയെന്നും രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ജൂണില്‍ രൂപീകരിച്ച സമിതി ഇപ്പോഴാണ് ആദ്യ യോഗം ചേര്‍ന്നത്.